സുകുമാരക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sukumara kurup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സുകുമാരക്കുറുപ്പ്

കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം.[1]

സംഭവവിവരണം[തിരുത്തുക]

ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ, കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്.

സുകുമാരക്കുറുപ്പിന്റെ കഥ ജസ്റ്റിസ് കെ.ടി. തോമസ് ഇങ്ങനെ എഴുതുന്നു:[2]

പുലർച്ചെ, കത്തിക്കൊണ്ടിരിക്കുന്ന കാർ കണ്ട്, സമീപവാസികൾ അതിനടുത്തേക്ക് ഓടി. കത്തുന്ന കാറിനു സമീപം ഒരു ഗ്ലൗസ് കിടക്കുന്നത് കണ്ടപ്പോൾത്തന്നെ സംഭവം ഒരു കൊലപാതകമാകാമെന്ന് ആളുകൾ സംശയിച്ചു. അങ്ങനെ അവരിലൊരാൾ മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തി FIR (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) നല്കി.

രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് ഒരു പൂർണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂൺ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്‌സാക്ഷിയായി തെളിവ് നല്കുകയും ചെയ്തു. സംഭവങ്ങളെല്ലാംതന്നെ നടന്നതുപോലെ അയാൾ വിശദീകരിച്ചു. മറ്റു പല സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അയാൾ നല്കിയ തെളിവ് ഞങ്ങൾ വിശ്വസിച്ചു.

പ്രധാനമായും രണ്ടു വാദഗതികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്—ഒന്നാമത്, “മൃതദേഹം സുകുമാരക്കുറുപ്പിന്റേതുതന്നെ ആണെങ്കിൽ പ്രതികളെ ശിക്ഷിക്കാൻ കഴിയില്ല’ എന്നതായിരുന്നു. ഈ വാദഗതിയെ നേരിടാൻ, കൊലപാതകം നടന്നതിന്റെ പിറ്റേദിവസംതന്നെ സുകുമാരക്കുറുപ്പിനെ ജീവനോടെ കണ്ടവരുണ്ട് എന്നത് മതിയാകുമായിരുന്നു. നിരവധി സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച്, സംഭവത്തിനുശേഷവും സുകുമാരക്കുറുപ്പിനെ ജീവനോടെ രണ്ടുപേർ (സാക്ഷികൾ) കണ്ടിരുന്നു എന്ന് സ്ഥാപിക്കാൻ ഞങ്ങൾക്ക് സാധിച്ചു. “പ്രതികളെ ശിക്ഷിക്കണമെങ്കിൽ, കൊല്ലപ്പെട്ടത് തിരിച്ചറിയാൻ കഴിയുന്ന ഒരാളായിരിക്കണം എന്ന് നിയമം അനുശാസിക്കുന്നില്ല. കൊല്ലപ്പെട്ടത് ഒരു മനുഷ്യനാണ് എന്നതുതന്നെ അധികമാണ്’–ഇങ്ങനെ ഒരു പ്രമാണവാക്യം (dictum)കൊണ്ടാണ് രണ്ടാമത്തെ വാദഗതിയെ (കൊല്ലപ്പെട്ടത് ചാക്കോയാണ് എന്ന് ആ സമയത്ത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല) ഞങ്ങൾ നേരിട്ടത്.

എല്ലാ കൊലപാതകക്കേസുകളിലും കൊല്ലപ്പെട്ടയാൾ ആരാണെന്ന് പ്രോസിക്യൂഷൻ തെളിയിക്കണം എന്നത് അഭേദ്യമായ ഒരു നിയമമല്ല. മൃതശരീരം തിരിച്ചറിയപ്പെടണം എന്നതിന് നീതിയുക്തമായ ഒഴിവുകൾ വന്നേക്കാം. നരഹത്യയ്ക്ക് പീനൽകോഡിൽ പറയുന്നത്, “”സ്വന്തം പ്രവൃത്തിയുടെ ഫലമായി ഒരു കൊലപാതകത്തിന് ഉത്തരവാദിയാകുന്ന ആരും” (Who ever causes death by doing an act) എന്നാണ്. ഇതേകാര്യംതന്നെ കൊലക്കുറ്റത്തിനും അവിഭാജ്യഘടകമാണ്. പീനൽകോഡിന്റെ സെക്ഷൻ 46 ഇപ്രകാരം പറയുന്നു: “മരണം എന്നതു സൂചിപ്പിക്കുന്നത് ഒരു മനുഷ്യജീവിയുടെ മരണമാണ്” (death denotes death of a human being). നരഹത്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ, അത് കൊലപാതകത്തിലേക്ക് എത്തുന്നതായാലും ഇല്ലെങ്കിലും (amounting to murder or not) ഒരു മനുഷ്യന്റെ മരണം അനിവാര്യമാണ്. പക്ഷേ, അത് ആരെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു മനുഷ്യജീവിതന്നെയാകണം എന്ന് പീനൽകോഡ് പറയുന്നില്ല. ഒരു കേസിൽ “അ’ ഒരു മനുഷ്യനെ കൊന്നു എന്നതിന് വ്യക്തമായ തെളിവ് ഉണ്ടെങ്കിൽ, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽപോലും “അ’ ശിക്ഷാർഹനാണ്.

പ്രതിക്കു നല്കിയിരിക്കുന്ന ശിക്ഷ ഞങ്ങൾ ശരിവച്ചു. പക്ഷേ, സുകുമാരക്കുറുപ്പിനെ അപ്പോഴും പിടിക്കാൻ കഴിഞ്ഞിരുന്നില്ല. പോലീസ്‌വകുപ്പ് നിരന്തരമായി പരിശ്രമിക്കുകയും പല പദ്ധതികളും പരീക്ഷിക്കുകയും ചെയ്‌തെങ്കിലും തുടർന്നും രക്ഷപ്പെട്ടു നടക്കാൻ സുകുമാരക്കുറുപ്പിന് സാധിച്ചു. സുകുമാരക്കുറുപ്പ് മരിച്ചുപോയി എന്ന് വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയല്ല, അയാൾ വേഷപ്രച്ഛന്നനായി പല സ്ഥലങ്ങളിൽ മാറിമാറി നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഈ കേസിൽ പ്രതിയായതിനുശേഷം ഇന്നോളം ആരും അയാളെ കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. ഇന്നും ഒരു കടങ്കഥയായി തുടരുന്ന അയാളെക്കുറിച്ച് പത്രങ്ങൾ ഇടയ്‌ക്കൊക്കെ എഴുതാറുണ്ട്. അങ്ങനെ, കേരളത്തിലെ പോലീസ് അന്വേഷണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ ഈ ക്രൈംത്രില്ലർ കഥ ജനമനസ്സുകളിൽ മായാതെ നില്ക്കുന്നു

ചാക്കോയുടെ ഭാര്യ ശാന്തമ്മയ്ക്ക് സർക്കാർ താൽക്കാലിക ജോലി നൽകി. (ചാക്കോയുടെ മരണസമയത്ത് ഇവർ 6 മാസം ഗർഭിണിയായിരുന്നു)

ഈ കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ പിന്നീട് പോലീസ് പിടികൂടി.[3] ഇവർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു.

കുറുപ്പ് - സിനിമ[തിരുത്തുക]

സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കുറുപ്പ്'. ചിത്രത്തിൽ ദുൽഖർ സൽമാനാണ് സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നത്. യുവനടൻ ടോവിനോ തോമസും ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രം 2021 പ്രദർശനം ആരംഭിക്കും.[4]

അവലംബം[തിരുത്തുക]

  1. R Gopakumar (Nov 13, 2010), Fugitive fails to turn up at son's wedding, ശേഖരിച്ചത് May 27, 2012 CS1 maint: discouraged parameter (link)
  2. http://www.dcbooks.com/solamante-theneechakal-sukumarakurup.html
  3. The Hindu (May 6, 2006). Hunt for Sukumara Kurup hots up. Press release. ശേഖരിച്ച തീയതി: September 26, 2010.
  4. https://malayalam.news18.com/photogallery/film/movies-relatives-of-chacko-sent-legal-notice-to-dulquer-salman-ss-269949.html


"https://ml.wikipedia.org/w/index.php?title=സുകുമാരക്കുറുപ്പ്&oldid=3518474" എന്ന താളിൽനിന്ന് ശേഖരിച്ചത്