അന്തർവാഹിനിയുദ്ധമുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Submarine warfare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജപ്പാന്റെ അന്തർവാഹിനി 2006

ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുങ്ങിക്കപ്പലുകൾ ഉപയോഗിച്ച് സഖ്യകക്ഷികളുടെ കപ്പലുകൾക്ക് വൻതോതിൽ നാശനഷ്ടങ്ങൾ വരുത്തി.[1] അതോടുകൂടിയാണ് അന്തർവാഹിനികൾക്ക് നാവികസേനയിൽ സമരതന്ത്രപ്രധാനമായ ഒരു സ്ഥാനം ലഭിച്ചത്. യുദ്ധാവശ്യങ്ങൾക്കുള്ളതും അല്ലാത്തതുമായ ചരക്കുകൾ വഹിച്ചുകൊണ്ടുപോകുന്ന കപ്പലുകൾക്ക് നാശനഷ്ടങ്ങൾ വരുത്തിയും സഖ്യകക്ഷികളുടെ കപ്പൽഗതാഗതം താറുമാറാക്കിയും കടലിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു ജർമനിയുടെ ഉദ്ദേശ്യം. ഇത് പൂർണമായും സാധിക്കാൻ ജർമനിക്കു കഴിഞ്ഞില്ല. രണ്ടാംലോകയുദ്ധകാലത്ത് ജപ്പാന്റെ ബഹുഭൂരിപക്ഷം കപ്പലുകളേയും നശിപ്പിക്കുന്നതിന് അമേരിക്കൻ അന്തർവാഹിനികൾക്ക് കഴിഞ്ഞു.[2]

ആക്രമണേതര-ഉപയോഗങ്ങൾ[തിരുത്തുക]

ആക്രമണേതരമായ ആവശ്യങ്ങൾക്കും അന്തർവാഹിനി ഉപയോഗിക്കാവുന്നതാണ്. ചാരൻമാരേയും അട്ടിമറിക്കാരേയും ശത്രുരാജ്യങ്ങളിൽ ഇറക്കുന്നതിനും, ഭക്ഷണസാധനങ്ങളും ആയുധസാമഗ്രികളും ഒറ്റപ്പെട്ടയിടങ്ങളിൽ എത്തിക്കുന്നതിനും, തുറമുഖങ്ങളും മറ്റും ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനും, മറ്റു കപ്പലുകൾക്ക് അകമ്പടി സേവിക്കുന്നതിനും മുങ്ങിക്കപ്പൽ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. വളരെ പരിമിതമായ തോതിൽ ആണെങ്കിലും മറ്റു മാർഗങ്ങളൊന്നും ഉപയോഗിക്കാൻ പറ്റാത്തയിടങ്ങളിൽ സൈന്യങ്ങളെ എത്തിക്കുന്നതിനും അന്തർവാഹിനി വളരെ സഹായകമാണ്.

റഡാർ[തിരുത്തുക]

മറൈൻ റഡാർ

റഡാറുകളുടെ കണ്ടുപിടിത്തം അന്തർവാഹിനികളുടെ ഉപയോഗത്തിൽ സമൂലമായ പരിവർത്തനം വരുത്തി.[3] രാത്രികാലങ്ങളിൽ ആക്രമണം നടത്തുന്നതിന് റഡാറുകൾ വളരെ സഹായകമാണ്. എന്തെന്നാൽ, റഡാർ ഘടിപ്പിച്ചിട്ടുള്ള വിമാനങ്ങൾക്ക് ജലപ്പരപ്പിലുളള അന്തർവാഹിനികളെ എളുപ്പം കണ്ടുപിടിക്കാം. ഇതിൽനിന്നും രക്ഷനേടുന്നതിന് സ്നോർക്കൽ കുറച്ചൊക്കെ സഹായകമാണെങ്കിലും അതിൽ നിന്നും പുറപ്പെട്ടിരുന്ന ശബ്ദം ശത്രുക്കളെ ക്ഷണിച്ചു വരുത്തുന്ന തരത്തിലുള്ളതായിരുന്നു. ഇതിനെ അതിജീവിക്കുന്നതിനുള്ള പരീക്ഷണങ്ങളെന്ന നിലയ്ക്കാണ് ജർമനി, ജാരണ വസ്തുക്കൾ ഉപയോഗിച്ചുള്ള സംവൃതചക്രയന്ത്ര(closed cycle engines)ങ്ങൾ[4] ഘടിപ്പിച്ച അന്തർവാഹിനികൾ നിർമിച്ചുതുടങ്ങിയത്. ഈ അവസരത്തിൽ പ്രാഥമിക ബാറ്ററി (primary cell)[5] ഉപയോഗിച്ചുകൊണ്ടുള്ള ഊർജ്ജോത്പാദന സംരംഭങ്ങൾ പരീക്ഷണവിധേയമാക്കിയെങ്കിലും ഫലപ്രദമാക്കാൻ കഴിഞ്ഞില്ല. ഈ സന്ദർഭത്തിലാണ് അണുശക്തിയുടെ ഉപയോഗം നിലവിൽവന്നത്.

അണുശക്തി അന്തർവാഹിനികൾ[തിരുത്തുക]

ടൈഫൂൺ ക്ലാസ് അണുശക്തി അന്തർവാഹിനി

വളരെ കുറച്ച് ഇന്ധനത്തിൽനിന്നും വളരെ കൂടുതൽ ഊർജ്ജം ജാരണ വസ്തുക്കളുടെ സഹായമില്ലാതെതന്നെ ലഭിക്കും എന്നുള്ളതാണ് അണുശക്തിയുടെ മേൻമ. തൻമൂലം അണുശക്തികൊണ്ടു പ്രവർത്തിക്കുന്ന അന്തർവാഹിനികൾക്ക് വളരെയധികം സമയം അന്തരീക്ഷവായുവുമായി സമ്പർക്കമില്ലാതെ തന്നെ സമുദ്രാന്തർഭാഗത്തു കഴിയാം. അതുകൊണ്ട് ഏറ്റവും കൂടിയ വേഗം കിട്ടത്തക്കവിധത്തിൽ അതു രൂപകല്പന ചെയ്യുന്നതിനും സാധിക്കും. മാത്രമല്ല, വലിപ്പവും വർധിപ്പിക്കാം. ഈ പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടാണ് അവയിൽ ആയുധസജ്ജീകരണം നടത്തിയിരിക്കുന്നത്. മറ്റൊരു പ്രത്യേകത അവയുടെ സമുദ്രാന്ത്രർഭാഗത്തെ നില എവിടെ വേണമെങ്കിലും ആകാമെന്നതിനാൽ ശത്രുക്കൾക്ക് അവയെ കണ്ടുപിടിക്കുക ക്ഷിപ്രസാധ്യമല്ലന്നതാണ്.[6]

അണുശക്തികൊണ്ടോടുന്ന അന്തർവാഹിനികളെ കാലാവസ്ഥയും മറ്റും ബാധിക്കുകയില്ലെങ്കിലും ഇവയ്ക്കും ചില പരിമിതികൾ ഉണ്ട്. വലിയ ആഴത്തിൽ മുങ്ങിക്കിടക്കുമ്പോൾ, ഉപരിതലത്തിനോടടുത്തു മാത്രമുപയോഗിക്കാൻ കഴിയുന്ന പെരിസ്ക്കോപ്പ്, റഡാർ‍, റേഡിയൊ മുതലായവ പ്രയോജനപ്പെടുത്താൻ കഴിയുന്നതല്ല. അതിനാൽ ഗതാഗതം നടത്തുന്നതിനും ശത്രുക്കളെ ആക്രമിക്കുന്നതിനും ആക്രമത്തിൽനിന്നും രക്ഷ നേടുന്നതിനും മററും പൂർണമായും ജലാന്തർഭാഗത്തെ ശബ്ദങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി അവയിൽ ശക്തിയേറിയ സോണാർ ഉപകരണങ്ങൾ സജ്ജീകരിക്കേണ്ടതാവശ്യമാണ്. ജലാന്തർഭാഗത്തുള്ള ശബ്ദങ്ങളെ ശ്രവിച്ച് തിരിച്ചറിയുന്നതിനായി കപ്പലുകൾക്ക് പലപ്പോഴും വിവിധ ആഴങ്ങളിൽ സഞ്ചരിക്കേണ്ടതായി വരുന്നു. നശീകരണ മുങ്ങിക്കപ്പലുകൾക്ക് വളരെ ദൂരത്തിൽവച്ചുതന്നെ ഇതര അന്തർവാഹിനികളെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.[7]

അന്തർവാഹിനികളിൽ സജ്ജീകരിച്ചിട്ടുള്ള ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ടോർപിഡൊ ആണ്. ഇന്നത്തെ അന്തർവാഹിനികളിലെല്ലാം സ്വയം ലക്ഷ്യപ്രാപ്തിയുള്ള ടോർപിഡോകളാണ് ഘടിപ്പിക്കാറുള്ളത്.

മിസൈലുകൾ[തിരുത്തുക]

1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ തകർന്ന പക്ക് അന്തർവാഹിനി
ക്രൂസ് മിസൈൽ

അന്തർവാഹിനികളെ അവയുടെ നിർമ്മാണോദ്ദേശ്യത്തെ ആസ്പദമാക്കി പലതായി തിരിച്ചിട്ടുണ്ട്. അവയിൽ, റഡാർ പിക്കറ്റ് ക്ലാസ് നിരീക്ഷണങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്നു. 1971 ഡിസംബറിലെ ഇന്ത്യ-പാക് യുദ്ധത്തിൽ നശിക്കപ്പെട്ട പാകിസ്താന്റെ ഖാസി അന്തർവാഹിനി- ജലനിരപ്പിനു മുകളിൽ ഏറ്റവും കൂടുതൽ ആയുധം സജ്ജീകരിച്ചിട്ടുള്ളത് ഇടത്തരം മിസൈലുകൾ ഉള്ളവയിലാണ്. ഇവ മിക്കവാറും അണുശക്തികൊണ്ട് പ്രവർത്തിക്കുന്നു.[8] ബ്രിട്ടൻ നിർമിച്ച ഒരു മാതൃകയിൽ, 2,760 കി.മീ. സഞ്ചരിക്കാൻ കഴിയുന്ന 16 മിസൈലുകൾ ആണുള്ളത്. അണുശക്തികൊണ്ടോടുന്നവയ്ക്ക് സമുദ്രത്തിൽ ഏതു തട്ടിലും സഞ്ചരിക്കാമെന്നതിനാൽ ഏതു ലക്ഷ്യത്തിലേക്കും മിസൈലുകൾ വിക്ഷേപിക്കാകുന്നതാണ്. മാത്രമല്ല മുങ്ങിക്കപ്പലുകൾക്ക് മിസൈലുകൾ വിക്ഷേപിക്കുന്നതിന് ജലപ്പരപ്പിൽ വരേണ്ടതുമില്ല. കൂടാതെ അവയ്ക്ക് അണുവായുധങ്ങൾ വഹിക്കുന്നതിനും കഴിവുണ്ട്. സമുദ്രാന്തർഭാഗത്തുനിന്നും മിസൈൽ വിക്ഷേപിക്കുന്നതിനുള്ള ഏറ്റവും വലിയ സൌകര്യം അവ എവിടെനിന്നു വിക്ഷേപിക്കുന്നുവെന്ന് ശത്രുക്കൾക്കു കണ്ടുപിടിക്കാൻ സാധിക്കില്ല എന്നുള്ളതാണ്.[9]

അണുശക്തികൊണ്ടോടുന്ന അന്തർവാഹിനികളുടെ ആവിർഭാവം നാവിക യുദ്ധതന്ത്രത്തെ വളരെയധികം സങ്കീർണമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ അവയ്ക്ക് എത്രകണ്ട് ഫലപ്രദമായി പ്രവർത്തിക്കാമെന്നത് ഇനിയും തെളിയിക്കേണ്ടിയിരിക്കുകയാണ്. ശീതയുദ്ധക്കാലത്ത് യു.എസ്സിന്റേയും സോവിയറ്റ് യൂണിയന്റേയും അന്തർവാഹിനിപ്പടകൾ നിരന്തരമായി പരസ്പരം മത്സരിച്ചിരുന്നു. 1971 ലെ ഇന്തോ-പാക് യുദ്ധത്തിൽ പി.എൻ.എസ്., ഖാസി(PNS ghazi)യ്ക്ക് സംഭവിച്ച അപകടം ദക്ഷിണേഷ്യൻ പ്രദേശത്തെ ഒരു അന്തർവാഹിനി ദുരന്തമാണ്. 1982-ലെ ഫാൽക്ലൻഡ്സ് യുദ്ധത്തിൽ ബ്രിട്ടിഷ് നാവികസേന ആർജന്റീനൻ നാവികസേനയ്ക്കെതിരായി ആണവ അന്തർവാഹിനികൾ വിന്യസിക്കുകയുണ്ടായി.

ഇതുകൂടികാണുക[തിരുത്തുക]

അന്തർവാഹിനി

അവലംബം[തിരുത്തുക]

  1. http://www.cityofart.net/bship/u_boat.html
  2. http://www.historylearningsite.co.uk/unrestricted_submarine_warfare.htm
  3. http://www.radartutorial.eu/index.en.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-16. Retrieved 2011-07-31.
  5. http://www.nuncbrand.com/us/page.aspx?ID=358
  6. http://www.navy.com/careers/nuclear-energy/submarine-warfare-nuclear.html
  7. http://www.world-nuclear.org/info/inf34.html
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-28. Retrieved 2011-07-31.
  9. http://www.howstuffworks.com/cruise-missile.htm

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തർവാഹിനി യുദ്ധമുറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തർവാഹിനിയുദ്ധമുറ&oldid=3801003" എന്ന താളിൽനിന്ന് ശേഖരിച്ചത്