സബാൾട്ടൻ (പോസ്റ്റ്കൊളോണിയലിസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subaltern (postcolonialism) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അധികാരഘടനക്ക് പുറത്തുള്ള വിഭാഗത്തിലോ മേഖലയിലോ പെടുന്ന വ്യക്തികളുടെ കാഴചപ്പാടിനെ പൊതുവായി പരാമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ്‌ സബാൾട്ടൻ(ഇംഗ്ലീഷ്:Subaltern) അല്ലെങ്കിൽ കീഴാളപക്ഷം. തെക്കെനേഷ്യൻ ഉപഭൂഖണ്ഡത്തിലെ കോളനിവത്കരിക്കപ്പെട്ട ജനവിഭാഗത്തെ പരാമർശിക്കുന്നതിനായി 1970 കളിൽ ഈ സംജ്ഞ ഉപയോഗിച്ചു തുടങ്ങി. കോളനിവൽകൃതപ്രദേശങ്ങളുടെ ചരിത്രത്തെ കൊളോണിയൽ ശക്തികളുടെ കാഴചപ്പാടിൽ നിന്ന് വ്യത്യസ്തമായി കോളനീകരിക്കപ്പെട്ടവരുടെ കാഴചപ്പാടിൽ നിന്ന്കൊണ്ട് കാണാൻ ശ്രമിക്കുന്നതാണ്‌ കീഴാളപക്ഷനിലപാടിന്റെ സവിശേഷത.

മാർക്സിസ്റ്റ് ചരിത്രകാരന്മാർ ആദ്യമേ കൊളോണിയൽ ചരിത്രത്തെ തൊഴിലാളിപക്ഷ നിലപാടിൽ നിന്നുകൊണ്ടാണ്‌ വിലയിരുത്തിവന്നിരുന്നത്. എന്നാൽ ഇതും ലോകത്തെകുറിച്ചുള്ള ഒരു യൂറോകേന്ദ്രിത(Eurocentric)നിലപാടെന്ന നിലയിൽ തൃപ്തികരമായ ഒന്നല്ലായിരുന്നു. തെക്കനേഷ്യൻ ചരിത്രരചനയിൽ ഒരു ഇടപെടലെന്നമട്ടിൽ 1980 കളുടെ തുടക്കത്തിലാണ്‌ "കീഴാളപക്ഷ പഠനങ്ങൾ"(Subaltern Studies) ആരംഭിക്കുന്നത്. ഉപഭൂഖണ്ഡത്തിന്‌ ഇതൊരു മാതൃകയായാണ്‌ ആരംഭിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ അതൊരു ചടുലമായ പോസ്റ്റ്കൊളോണിയൽ വിമർശനമായി വളർന്നു. എന്നാൽ ഇന്ന് ചരിത്രം,നരവംശശാസ്ത്രം,സാമുഹ്യശാസ്ത്രം,സാഹിത്യം എന്നിവയിൽ പലപ്പോഴും കടന്നുവരുന്ന ഒരു സംജ്ഞയായി മാറിയിരിക്കുന്ന സബാൾട്ടൺ[1]. പോസ്റ്റ്കൊളോണിയൽ സിദ്ധാന്തത്തിലാണ്‌ സബാൾട്ടൻ എന്ന പദം ഉപയോഗിക്കപ്പെടുന്നത്. നിലവിലുള്ള തത്ത്വശാസ്ത്രപരവും നിരൂപണാത്മകവുമായ ശൈലീക്രമത്തിൽ സബാൾട്ടൻ എന്നതിന്റെ ശരിയായ വിവക്ഷയെ കുറിച്ച് ഭിന്നാഭിപ്രാമുണ്ട് . പ്രാന്തവൽകരിക്കപ്പെട്ടവരേയും(marginalized) അധോവർഗ്ഗത്തിലുള്ളവരേയും(lower classes) പരാമർശിക്കുന്നതിനായുള്ള ഒരു പൊതുവായ പദമായിട്ടാണ്‌ ചില ചിന്തകർ സബാൾട്ടനെ ഉപയോഗിക്കുന്നത്. ഗായത്രി ചക്രവർത്തി സ്പിവക്കിനെ പോലുള്ള മറ്റുചിലർ കൂടുതൽ സവിശേഷമായ ബോധമണ്ഡലത്തിൽ നിന്നുകൊണ്ടാണ്‌ ഈ പദത്തെ കാണുന്നത്[2]. സൈനികേതര അർത്ഥത്തിൽ ‍ സബാൾട്ടൻ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് മാർക്സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷിയാണ്‌. എന്നാൽ തൊഴിലാളിവർഗ്ഗം എന്നതിന്റെ ഒരു സമാനപദമായാണ്‌ അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചതെന്നും അതു സെൻസറിങ്ങിൽ നിന്ന് മുക്തിനേടുന്നതിനായി ഉപയോഗിച്ച കോഡായിരുന്നു എന്നും വിശ്വസിക്കുന്നവരുണ്ട്[3]. പോസ്റ്റ്കോളോണിയൽ ചിന്തകരിൽ പ്രമുഖനായ ഹോമി ബാബ തന്റെ നിരവധി പ്രബന്ധങ്ങളിൽ സബാൾട്ടനെ ഊന്നുന്നത് ഭൂരിപക്ഷവിഭാത്തിന്റെ സ്വയം നിർണ്ണയത്തിന്‌ അനിവാര്യസാന്നിദ്ധ്യമായ അടിച്ചമർത്തപ്പെട്ടവരുടേയും ന്യൂനപക്ഷ വിഭാഗങ്ങളുടേയും കൂട്ടമായിട്ടാണ്‌ .ഏകാധിപതികളെ പിഴുതെറിയാൻ കഴിവുള്ള സാമൂഹിക വിഭാഗമായും സബാൾട്ടനെ അദ്ദേഹം കാണുന്നു.

അവലംബം[തിരുത്തുക]

  1. Gyan Prakash, "Subaltern Studies as Postcolonial Criticism," The American Historical Review, December, 1994, Vol. 99, No. 5, 1475-1490, 1476.
  2. See Young, Robert J. C. Postcolonialism: A Very Short Introduction. New York: Oxford University Press, 2003.
  3. See Morton, Stephen. "The subaltern: Genealogy of a concept," in Gayatri Spivak: Ethics, Subalternity and the Critique of Postcolonial Reason. Malden, MA: Polity, 2007: pp. 96-97 and Hoare, Quintin, and Geoffrey Nowell-Smith. “Terminology”, in Selections from the Prison Notebooks. New York: International Publishers, pp. xiii-xiv

പുറം കണ്ണികൾ[തിരുത്തുക]