സ്ട്രൈക്ക് റേറ്റ് (ക്രിക്കറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Strike rate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റിൽ പ്രഹരശേഷി എന്നത് രണ്ട് രീതിയിൽ വിവക്ഷിക്കാം.

  • ബാറ്റിങ് പ്രഹരശേഷി
  • ബോളിങ് പ്രഹരശേഷി

ബാറ്റിങ് പ്രഹരശേഷി[തിരുത്തുക]

അന്താരാഷ്ട്ര ബാറ്റിങ് പ്രഹരശേഷി സൂചിപ്പിക്കുന്ന ഹിസ്റ്റോഗ്രാം (ജനുവരി 2004)

ഒരു ബാറ്റ്സ്മാൻ നേടിയ റൺസും കളിച്ച ബോളുകളും തമ്മിലുള്ള അനുപാതത്തിന്റെ ശതമാനമാണ് ബാറ്റിങ്' പ്രഹരശേഷി അഥവാ ബാറ്റിങ് സ്ട്രൈക്ക് റേറ്റ്.

പ്രഹരശേഷി = (നേടിയ റൺസ്)/(കളിച്ച ബോളുകൾ) * 100

മറ്റൊരു രീതിയിൽ പറഞ്ഞാൽ, 100 ബോളുകളിൽ നിന്നും ഒരു ബാറ്റ്സ്മാൻ എത്ര റൺസ് നേടുന്നു എന്നതിനെ കുറിക്കുന്നതാ​ണ് ബാറ്റിങ് പ്രഹരശേഷി. പ്രഹരശേഷി എന്ന സാംഖ്യിക ഉപയോഗരീതി ക്രിക്കറ്റിൽ എത്തിയത് 1970കളിൽ ഏകദിന ക്രിക്കറ്റിന്റെ ആവിർഭാവത്തോടെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റിങ് സ്ഥിരതയ്ക്കാണ് പ്രാധാന്യം, അതിനാൽ ബാറ്റിംഗ് ശരാശരിയാണ് ബാറ്റ്സ്മാന്റെ നിലവാരം സൂചിപ്പിക്കുന്നത്. എന്നാൽ പരിമിത ഓവർ ക്രിക്കറ്റിൽ, സ്കോറിങ് വേഗതയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഈ സാഹചര്യത്തിൽ പ്രഹരശേഷി പരിമിത ഓവർ ക്രിക്കറ്റിലെ ബാറ്റ്സ്മാന്റെ നിലവാരം നിർണയിക്കാൻ വളരെയധികം സഹായിക്കുന്നു. ട്വന്റി-ട്വന്റി ക്രിക്കറ്റിൽ ബാറ്റ്സ്മാന്റെ പ്രഹരശേഷിക്ക് വലിയ സ്ഥാനമുണ്ട്.

ബോളിങ് പ്രഹരശേഷി[തിരുത്തുക]

ഒരു ബോളർ ഒരു വിക്കറ്റ് വീഴ്ത്തുന്നതിനെടുത്ത ശരാശരി ബോളുകളുടെ എണ്ണമാണ് ബോളിങ് പ്രഹരശേഷി അഥവാ ബോളിങ് സ്ട്രൈക്ക് റേറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലാണ് ബോളിങ് പ്രഹരശേഷിക്ക് പ്രാധാന്യം കൂടുതലുള്ളത്.