തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sreevallabha Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീവല്ലഭ ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതിരുവല്ല
മതവിഭാഗംഹിന്ദുയിസം
ജില്ലപത്തനംതിട്ട
സംസ്ഥാനംകേരളം
രാജ്യംഭാരതം
വെബ്സൈറ്റ്www.srivallabhatemple.org
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംകേരള-ദ്രാവിഢ രീതി
സ്ഥാപകൻശ്രീദേവി അന്തർജനം
ചേരരാജ വീരകേരള ചക്രവർത്തി

പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള ക്ഷേത്രമാണ് ശ്രീവല്ലഭമഹാക്ഷേത്രം. ക്രി.മു. 59-ആം ആണ്ടിൽ[1] നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌. മഹാവിഷ്ണുവും സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാവിഷ്ണു ഇവിടെ "ശ്രീവല്ലഭൻ"(ആദിവിരാട പുരുഷൻ) എന്ന പേരിലും അറിയപ്പെടുന്നു. ഈ പേരിൽ നിന്നാണ് 'തിരുവല്ല' എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ഭക്തകവികളായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം.

ഐതിഹ്യങ്ങൾ[തിരുത്തുക]

സുദർശനമൂർത്തി[തിരുത്തുക]

പ്രാചീനകാലത്ത് തിരുവല്ല 'മല്ലികാവനം' എന്നറിയപ്പെടുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു.[അവലംബം ആവശ്യമാണ്] മണിമലയാറിന്റെ തീരത്തുള്ള അതിമനോഹരമായ ആ ഗ്രാമത്തിലെ ജനങ്ങൾ തികഞ്ഞ ഈശ്വരഭക്തരും ധർമ്മിഷ്ഠരുമായിരുന്നു. അവിടെ അന്ന് മൂവായിരത്തിലധികം ബ്രാഹ്മണഗൃഹങ്ങൾ ഉണ്ടായിരുന്നു. അവയിലൊന്നായിരുന്നു ശങ്കരമംഗലത്ത് മന. അക്കാലത്ത്, മല്ലികാവനം ഭരിച്ചിരുന്നത് ദുഷ്ടനും ക്രൂരനുമായ തുകലൻ എന്ന അസുരനായിരുന്നു. തികഞ്ഞ ശിവഭക്തനായിരുന്ന തുകലൻ വിഷ്ണുഭക്തരെ പലതരത്തിലും ഉപദ്രവിച്ചുപോന്നു. ക്ഷേത്രത്തിനടുത്തുള്ള 'തുകലശ്ശേരി' എന്ന സ്ഥലത്തിന് ആ പേരുവരാൻ തന്നെ കാരണം അവിടെ സ്ഥിതിചെയ്തിരുന്ന തുകലന്റെ കൊട്ടാരമായിരുന്നു. അയാളുടെ ക്രൂരതകൾ കാരണം പല ബ്രാഹ്മണരും സ്ഥലം വിട്ടുപോകുക തന്നെ ചെയ്തു. എന്നാൽ, ശങ്കരമംഗലത്ത് മനക്കാർ ഇവിടെത്തന്നെ തുടർന്നു. ഈ മനയിലെ കാരണവരായിരുന്ന നാരായണൻ ഭട്ടതിരിപ്പാടും പത്നി ശ്രീദേവി അന്തർജനവും തികഞ്ഞ ഈശ്വരഭക്തരായിരുന്നു. മക്കളില്ലാതിരുന്ന ഇരുവരും നാമജപത്തിൽ മുഴുകി സമയം നീക്കി. സന്താനഭാഗ്യത്തിനായി ഇരുവരും ഏകാദശീവ്രതം അനുഷ്ഠിച്ചിരുന്നു. ദശമിനാളിൽ ഒരിയ്ക്കലുണ്ട് ഏകാദശിനാളിൽ തുളസീതീർത്ഥം മാത്രം സേവിച്ച് ദ്വാദശിനാളിൽ ബ്രഹ്മചാരികളെ ഊട്ടിയാണ് ഇരുവരും വ്രതം അനുഷ്ഠിച്ചത്. എന്നാൽ കടുത്ത നിഷ്ഠയോടുകൂടി വ്രതമനുഷ്ഠിച്ചിട്ടും അവർക്ക് സന്താനഭാഗ്യമുണ്ടായില്ല. കാലം പോകെ, നാരായണൻ ഭട്ടതിരിപ്പാട് ഇഹലോകവാസം വെടിഞ്ഞു. ശ്രീദേവി അന്തർജനം അതോടെ ഒറ്റയ്ക്കായി. അവരെ എല്ലാവരും 'ചംക്രോത്തമ്മ' (ശങ്കരമംഗലത്തമ്മ എന്നത് ലോപിച്ചുണ്ടായത്) എന്നാണ് വിളിച്ചിരുന്നത്. ഭർത്താവിന്റെ മരണത്തിനുശേഷവും അവർ വ്രതം തുടർന്നു. നിരക്ഷരയായിരുന്ന ചംക്രോത്തമ്മ മറ്റുള്ളവരോട് ചോദിച്ചാണ് ഏകാദശിദിവസം അറിഞ്ഞിരുന്നത്. നിഷ്ഠയോടെത്തന്നെ അവർ വ്രതമനുഷ്ഠിച്ചുപോന്നു. അങ്ങനെയിരിയ്ക്കേ ഒരു ദ്വാദശിനാളിൽ കാലുകഴിച്ചൂട്ടാൻ ബ്രഹ്മചാരികളാരും വന്നില്ല. ചംക്രോത്തമ്മ അതീവദുഃഖിതയായി. അങ്ങനെയിരിയ്ക്കേ പെട്ടെന്ന് 'അമ്മേ' എന്നൊരു വിളി അവർ കേൾക്കാനിടയായി. നോക്കുമ്പോൾ അതീവതേജസ്വിയായ ഒരു ബ്രഹ്മചാരി ശ്രീലകത്ത് നിൽക്കുന്നു! ബ്രഹ്മചാരിയെക്കണ്ട ചംക്രോത്തമ്മ ഭക്ഷണത്തിനുമുമ്പ് അവനോട് പോയി അടുത്തുള്ള കുളത്തിൽ കുളിച്ചുവരാൻ പറഞ്ഞു. എന്നാൽ, ഒഴുക്കുള്ള പുഴയിൽ കുളിയ്ക്കാനായിരുന്നു അവന്റെ ആവശ്യം. പുഴയിൽ കുളിയ്ക്കരുതെന്ന് അമ്മ പറഞ്ഞെങ്കിലും ബ്രഹ്മചാരി കേട്ടില്ല. ബ്രഹ്മചാരിയായി വന്നിരിയ്ക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാൻ തന്നെയാണെന്ന് ചംക്രോത്തമ്മയ്ക്ക് മനസ്സിലായി. ഭഗവാൻ അനുചരന്മാരോടൊപ്പം തുകലശ്ശേരിയിൽ പോയി തുകലനെ സുദർശനചക്രം പ്രയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയും തുടർന്ന് മണിമലയാറ്റിൽ കുളിച്ച് ചക്രം കഴുകുകയും ചെയ്തു. ഭഗവാൻ ചക്രം കഴുകിയ കടവ് അന്നുമുതൽ 'ചക്രഷാളനക്കടവ്' എന്നറിയപ്പെടാൻ തുടങ്ങി. തുടർന്ന്, തുകലൻ പൂജിച്ചിരുന്ന ശിവലിംഗം അടുത്തുള്ള ഒരു കുന്നിൽ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. ഇതാണ് 'തുകലശ്ശേരി മഹാദേവക്ഷേത്രം'. തിരിച്ച് ശങ്കരമംഗലത്തെത്തിയ ഭഗവാനെക്കണ്ട ചംക്രോത്തമ്മ ഭക്ത്യാശ്രുക്കളോടെ കാൽക്കൽ വീണ് നമസ്കരിച്ചു. തുടർന്ന്, വിഭവസമൃദ്ധമായ ഒരു സദ്യതന്നെ അവർ തന്റെ ഇഷ്ടദേവന് നൽകി. പാളയിലയിൽ വിളമ്പിഴ സദ്യയിൽ പടറ്റിപ്പഴവും അമ്പ്ലവുമുണ്ടായിരുന്നു. ഇന്നും തിരുവല്ല ക്ഷേത്രത്തിൽ പാളനമസ്കാരവും പടറ്റിപ്പഴവും അമ്പ്ലനിവേദ്യവുമുണ്ട്. ഭഗവാൻ ചംക്രോത്തമ്മയുടെ പുത്രനായി ജീവിച്ച് മനയുടെ കിഴക്കിനിയിൽ പടിഞ്ഞാട്ട് ദർശനമായി സുദർശനചക്രത്തെ പ്രതിഷ്ഠിച്ചു. ഇതാണ് പടിഞ്ഞാറുഭാഗത്തെ ശ്രീസുദർശനമൂർത്തിപ്രതിഷ്ഠ. കാലാന്തരത്തിൽ, ശ്രീദേവി അന്തർജനം തന്റെ സകലസ്വത്തുക്കളും സുദർശനമൂർത്തിയ്ക്ക് ദാനം ചെയ്ത് മുക്തിയടഞ്ഞു. സുദർശനമൂർത്തിപ്രതിഷ്ഠ മൂലം മല്ലികാവനം 'ചക്രപുരം' എന്നറിയപ്പെടാൻ തുടങ്ങി.

ശ്രീവല്ലഭൻ[തിരുത്തുക]

സുദർശനമൂർത്തി പ്രതിഷ്ഠ നടത്തി ഏറെക്കാലം കഴിഞ്ഞാണ് ശ്രീവല്ലഭ പ്രതിഷ്ഠ നടത്തിയത്.[അവലംബം ആവശ്യമാണ്] ചേരരാജാക്കന്മാരുടെ കാലത്തായിരുന്നു ഈ പ്രതിഷ്ഠ. ചേരരാജാവായിരുന്ന ചേരമാൻ പെരുമാളിന്റെ പത്നി തികഞ്ഞ വിഷ്ണുഭക്തയായിരുന്നു. ഒരു രാത്രിയിൽ അവർക്ക് ഭഗവദ്വാഹനമായ ഗരുഡന്റെ സ്വപ്നദർശനമുണ്ടായി. അതിൽ ഗരുഡന്റെ അരുളപ്പാട് ഇങ്ങനെയായിരുന്നു: 'ചക്രപുരത്തെ സുദർശനമൂർത്തി ക്ഷേത്രത്തിൽ ഒരു മഹാവിഷ്ണു പ്രതിഷ്ഠ കൂടി വേണം. അതിന് ഏറ്റവും അനുയോജ്യമായ ബിംബം ഇന്ന് മംഗലാപുരത്ത് നേത്രാവതി നദിയിൽ ജലാധിവാസമേറ്റ് കിടപ്പുണ്ട്. പണ്ട് ദേവശില്പിയായ വിശ്വകർമ്മാവ് നിർമ്മിച്ചതും ഭഗവാന്റെ അവതാരമായ ശ്രീകൃഷ്ണഭഗവാൻ പൂജിച്ചിരുന്നതുമായ, ദർഭയും മണലും കൊണ്ടുതീർത്ത അതിദിവ്യമായ വിഷ്ണു വിഗ്രഹമാണിത്. ഇതേ സമയത്ത് നേത്രാവതി നദിയുടെ മറുകരയിലെ തുളു ബ്രാഹ്മണർക്കും ചക്രപുരത്ത് താമസിച്ചിരുന്ന പത്തില്ലത്തിൽ പോറ്റിമാർക്കും ഗരുഡന്റെ അരുളപ്പാടുണ്ടായി. വിവരമറിഞ്ഞ ചേരമാൻ പെരുമാൾ ഉടനെത്തന്നെ രാജ്ഞിയ്ക്കും പത്തിലത്തിൽ പോറ്റിമാർക്കും രാജഭടന്മാർക്കുമൊപ്പം മംഗലാപുരത്തേയ്ക്ക് പുറപ്പെട്ടു. തുടർന്ന്, വിഗ്രഹം അന്വേഷിച്ചുതുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും ആർക്കും വിഗ്രഹം കണ്ടുകിട്ടിയില്ല. അങ്ങനെയിരിയ്ക്കേ സാക്ഷാൽ ഗരുഡൻ തന്നെ ഒരു തുളു ബ്രാഹ്മണന്റെ രൂപത്തിൽ വന്ന് മഹാരാജാവിനോട് അപേക്ഷിച്ച് വിഗ്രഹം മുങ്ങിയെടുത്തു. തുടർന്ന്, ആ തുളു ബ്രാഹ്മണനോട് നന്ദി പറയാൻ പോലും നിൽക്കാതെ പെരുമാളും സംഘവും കൂടി യാത്ര തിരിച്ചു. എന്നാൽ, യാത്രയ്ക്കിടയിൽ ഒരു സ്ഥലത്തുവച്ച് തോണി മറിയുകയും വിഗ്രഹം നഷ്ടപ്പെടുകയും ചെയ്തു. അപ്പോൾ, അവിടെ കുളിച്ചുകൊണ്ടിരിയ്ക്കുകയായിരുന്ന മണ്ണിലത്ത് നമ്പൂതിരി എന്ന വൈദികശ്രേഷ്ഠൻ വിഗ്രഹം മുങ്ങിയെടുത്ത് പെരുമാൾക്ക് സമ്മാനിച്ചു. തുളു ബ്രാഹ്മണന്റെ കോപം മൂലമാണ് ഇതുണ്ടായതെന്ന് മനസ്സിലാക്കിയ ഭക്തർ ഉടനെത്തന്നെ മംഗലാപുരത്തേയ്ക്ക് തിരിച്ചുപോയി അദ്ദേഹത്തോട് മാപ്പുപറഞ്ഞ് അദ്ദേഹത്തിന് പൂജാവകാശം നൽകി ചക്രപുരത്തേയ്ക്ക് കൂടെക്കൂട്ടി. ഈ യാത്രയിൽ കൂടെയുണ്ടായിരുന്ന സ്വദേശികളായ ഭക്തർക്കെല്ലാം പെരുമാൾ ഓരോ അവകാശം നൽകി. തുടർന്ന് വിഗ്രഹഘോഷയാത്ര തിരുവല്ലയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവർ ഭഗവാനെ നിറപറയും നിലവിളക്കും നൽകി സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിഗ്രഹം ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളിച്ചു. പക്ഷേ, വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ശ്രമിച്ചപ്പോൾ ചില ദുർനിമിത്തങ്ങളുണ്ടായി. വിഗ്രഹത്തിന്റെ നാളം എത്ര ശ്രമിച്ചിട്ടും പീഠനാളത്തിലുറയ്ക്കാതെ വരുന്നത് ഭക്തരും കർമ്മികളും അന്ധാളിപ്പോടെ നോക്കിനിന്നു. അതേ സമയത്ത്, ക്ഷേത്രത്തിലെ മുഖ്യതന്ത്രിയ്ക്ക് പെട്ടെന്ന് മൂത്രശങ്കയുണ്ടായി. അദ്ദേഹം ക്ഷേത്രശ്രീകോവിലിന്റെ വാതിലുകളടച്ച് നേരെ അടുത്തുള്ള പറമ്പിലേയ്ക്ക് പോയി മൂത്രമൊഴിയ്ക്കുകയും തുടർന്ന് അശുദ്ധി ഒഴിവാക്കാൻ ക്ഷേത്രക്കുളത്തിലിറങ്ങി കുളിയ്ക്കുകയും ചെയ്തു. കുളികഴിഞ്ഞ് വസ്ത്രം മാറി മറ്റ് കർമ്മങ്ങളും കഴിച്ച് പുറപ്പെടാനൊരുങ്ങിയപ്പോൾ പെട്ടെന്ന് ക്ഷേത്രനാലമ്പലത്തിനകത്തുനിന്ന് വാദ്യമേളങ്ങൾ മുഴങ്ങുന്ന ശബ്ദം തന്ത്രി കേൾക്കുകയുണ്ടായി. തിടുക്കപ്പെട്ട് ഓടി ശ്രീലകവാതിൽ തുറന്നുനോക്കുമ്പോൾ അദ്ദേഹം കണ്ടത് കോടിസൂര്യന്മാരുടെ കാന്തിയോടെ തിളങ്ങിനിൽക്കുന്ന ഭഗവദ്വിഗ്രഹം ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നതാണ്! തന്ത്രി ഉടനെത്തന്നെ ഭഗവാന് പാളയിലയിൽ പടറ്റിപ്പഴം നേദിച്ചു. ആ സമയത്ത് ശ്രീലകത്തുനിന്ന് ഒരു വൃദ്ധബ്രാഹ്മണൻ നാലമ്പലത്തിൽ നിന്ന് പുറത്തിറങ്ങി വടക്കോട്ട് നടന്ന് അപ്രത്യക്ഷനായി. ആ ബ്രാഹ്മണൻ ദുർവാസാവ് മഹർഷിയാണെന്നും ദിവസവും രാത്രി നടയടച്ച ശേഷം അദ്ദേഹം ഭഗവദ്പൂജയ്ക്ക് എത്തുന്നുവെന്നും ഭക്തർ വിശ്വസിച്ചുവരുന്നു. [അവലംബം ആവശ്യമാണ്]

ചരിത്രം[തിരുത്തുക]

പഴയ കേരളത്തിലെ 64 ഗ്രാമങ്ങളിലൊന്നായിരുന്നു തിരുവല്ല. അന്ന് അതിന്റെ പടിഞ്ഞാറുഭാഗം മുഴുവൻ കടലായിരുന്നു. ഈ കടലിലാണ് 'വല്ലയാർ' എന്ന് അന്നറിയപ്പെട്ടിരുന്ന മണിമലയാർ പതിച്ചിരുന്നത്. അങ്ങനെ, വല്ലയാറിന്റെ വായയിൽ (നദീമുഖത്ത്) സ്ഥിതിചെയ്യുന്ന സ്ഥലം 'വല്ലവായ്' എന്നറിയപ്പെട്ടുപോന്നു. വല്ലവായിൽ ദേവസാന്നിദ്ധ്യമുണ്ടായപ്പോൾ 'തിരുവല്ലവായ്' എന്നും പിന്നീട് അത് ലോപിച്ച് 'തിരുവല്ല' എന്നുമായിമാറി. ഇതല്ല, 'ശ്രീവല്ലഭപുരം' എന്ന പേരാണ് കാലാന്തരത്തിൽ ലോപിച്ച് തിരുവല്ലയായതെന്നും വിശ്വസിച്ചുവരുന്നു. ചരിത്രസൂചനകൾ അനുസരിച്ച് ബി.സി. 3000-ന് മുമ്പുതന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു.ചരിത്രകാരന്മാരുടെ നിഗമനപ്രകാരം ബി.സി. 2998-ലാണ് സുദർശനമൂർത്തിപ്രതിഷ്ഠ നടത്തിയത്. [അവലംബം ആവശ്യമാണ്] ബി.സി. 59-ൽ ശ്രീവല്ലഭപ്രതിഷ്ഠയും നടത്തി. ക്ഷേത്രത്തിൽ വൻ തോതിൽ നവീകരണം നടത്തിയ ശേഷമാണ് ശ്രീവല്ലഭപ്രതിഷ്ഠ നടത്തിയത്. അപ്പോൾ തന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരിങ്കൽക്കൊടിമരത്തിന്റെ നിർമ്മാണവും നടന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചനാണ് കരിങ്കൽക്കൊടിമരം നിർമ്മിച്ചത്. ഇതിന്റെ മുകളിൽ പഞ്ചലോഹനിർമ്മിതമായ മൂന്നടി ഉയരമുള്ള ഗരുഡപ്രതിമയുമുണ്ട്. ചിറകുകളോടുകൂടിയ മനുഷ്യന്റെ രൂപത്തിലാണ് ഇവിടെ ഗരുഡന്റെ പ്രതിഷ്ഠ. പിൽക്കാലത്ത് ഈ കൊടിമരം ചരിഞ്ഞുവീഴാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത അത്ഭുതരൂപമായ ഗരുഡമാടത്തറ പണികഴിപ്പിച്ചത്. മൂന്നുനിലകളോടുകൂടിയ ദീർഘചതുരാകൃതിയിലുള്ള ഈ അത്ഭുതശില്പരൂപം ധാരാളം ഭക്തരെ ആകർഷിയ്ക്കുന്നുണ്ട്.

എ.ഡി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവഭക്തകവികളായിരുന്ന ആഴ്വാർമാരിൽ പ്രധാനപ്പെട്ട രണ്ടുപേരായിരുന്ന നമ്മാഴ്വാരും തിരുമങ്കൈ ആഴ്വാരും ശ്രീവല്ലഭസ്വാമിയെക്കുറിച്ച് സ്തുതിഗീതങ്ങൾ എഴുതിയിട്ടുണ്ട്. പന്ത്രണ്ട് ആഴ്വാർമാരുടെയും സ്തുതിഗീതങ്ങൾ ഉൾപ്പെടുത്തിയ 'നാലായിര ദിവ്യപ്രബന്ധം' എന്ന പുസ്തകത്തിൽ 1806 മുതൽ 1817 വരെയുള്ള പാസുരങ്ങൾ (സ്തുതിഗീതങ്ങൾ) തിരുമങ്കൈ ആഴ്വാരും 2612 മുതൽ 2622 വരെയുള്ള പാസുരങ്ങൾ നമ്മാഴ്വാരും എഴുതിയവയാണ്. അതായത്, തിരുമങ്കൈ ആഴ്വാർ പന്ത്രണ്ടും, നമ്മാഴ്വാർ പതിനൊന്നും സ്തുതിഗീതങ്ങൾ ശ്രീവല്ലഭസ്വാമിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. കോലാപിരൻ, തിരുമാഴ്വാരൻ, സുന്ദരൻ എന്നീ പേരുകളിലാണ് അവർ ഭഗവാനെ വിശേഷിപ്പിയ്ക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ സംസ്കൃത കവിയായിരുന്ന ദണ്ഡിയുടെ കൃതികളിലും ശ്രീവല്ലഭക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്. എ.ഡി. പതിമൂന്നാം നൂറ്റാണ്ടിലെഴുതിയ ഉണ്ണുനീലി സന്ദേശത്തിൽ ക്ഷേത്രത്തെ വിശദമായി വർണ്ണിച്ചിട്ടുണ്ട്. പത്താം നൂറ്റാണ്ടിലെഴുതിയ ശ്രീവല്ലഭക്ഷേത്രമാഹാത്മ്യം, ശ്രീവല്ലഭചരിത്രം കാവ്യം, ശ്രീവല്ലഭ സുപ്രഭാതം, ശ്രീവല്ലഭകർണ്ണാമൃതം തുടങ്ങിയവ ഇത്തരത്തിലുള്ള മറ്റ് കൃതികളാണ്. ഗദ്യരൂപത്തിലുള്ള ഏറ്റവും പഴയ രണ്ടാമത്തെ കൃതി തിരുവല്ല ക്ഷേത്രശാസനമാണ്. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതിയ ഈ ശാസനം കണ്ടെടുത്തത് 1915-ലാണ്.

കേരളത്തിന്റെ തനതുകലാരൂപമായ കഥകളി ഇവിടെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. കഥകളിയുടെ ഉദ്ഭവകാലം തൊട്ടുതന്നെ ഇവിടെ പ്രധാനപ്പെട്ട ഒരു വഴിപാടായി നടത്തിവരുന്നു.വർഷത്തിൽ എല്ലാ ദിവസവും വൈകീട്ട് ക്ഷേത്രത്തിലെ കിഴക്കേ നടയിലെ മണ്ഡപത്തിൽ കഥകളി നടത്തിവരുന്നു. മറ്റ് ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും മാത്രമേ കഥകളിയുള്ളൂ. ഒരിയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുവന്ന വില്വമംഗലം സ്വാമിയാർ ശ്രീലകത്ത് ഭഗവാനെ കണ്ടില്ലെന്നും തുടർന്ന് അന്വേഷിച്ചപ്പോൾ കഥകളിപ്പന്തലിൽ ബ്രാഹ്മണവേഷത്തിൽ കണ്ടുവെന്നും കഥ വരെയുണ്ട്. തുകലാസുരവധം, ശ്രീവല്ലഭചരിതം, ശ്രീവല്ലഭവിജയം തുടങ്ങിയവയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ആട്ടക്കഥകൾ. ക്ഷേത്രത്തോടനുബന്ധിച്ച് കഥകളി വിദ്യാപീഠവുമുണ്ട്.

ആദ്യകാലത്ത് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പത്തില്ലത്തിൽ പോറ്റിമാർക്കായിരുന്നു. എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ തിരുവല്ല ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇതുകൂടാതെ മികച്ച ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയായിരുന്നു തിരുവല്ല. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെ ക്ഷേത്രത്തോടനുബന്ധിച്ച് 'തിരുവല്ല ശാല' എന്ന പേരിൽ ഒരു വിദ്യാഭ്യാസസ്ഥാപനം നടന്നുവന്നിരുന്നു. വേദങ്ങൾ, വേദാന്തങ്ങൾ, തർക്കം, വ്യാകരണം, മീമാംസ, ജ്യോതിഷം, ആയുർവേദം, കളരിപ്പയറ്റ് തുടങ്ങിയവ ഇവിടെ പഠിപ്പിച്ചിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ആയുർവേദശാലയും ഇവിടെയുണ്ടായിരുന്നു. പത്തിലത്തിൽ പോറ്റിമാരുടെ കാലത്ത് ക്ഷേത്രത്തിൽ 15 മേൽശാന്തിമാരും 180 കീഴ്ശാന്തിമാരും സ്ഥിരമായും 108 ശാന്തിക്കാർ താത്കാലികമായും ഇവിടെയുണ്ടായിരുന്നു. ഭക്തർക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങൾ അന്ന് ക്ഷേത്രത്തിലുണ്ടായിരുന്നു. ദരിദ്രർക്ക് അന്നദാനവും ദിവസവും നടത്തിവന്നിരുന്നു. അക്കാലത്ത് 45 പറ അരി കൊണ്ടാണ് ഭഗവാന് നിവേദ്യമൊരുക്കിയിരുന്നതുപോലും. 1752-ൽ തിരുവല്ല ആക്രമിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ക്ഷേത്രം പത്തിലത്തിൽ പോറ്റിമാരിൽ നിന്ന് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി രാമയ്യൻ ദളവ ഇവിടത്തെ സ്വത്തുക്കൾ മുഴുവൻ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. അതോടെ തിരുവല്ല ക്ഷേത്രത്തിന്റെ പ്രാധാന്യം അസ്തമിയ്ക്കുകയും ചെയ്തു. പിന്നീട്, 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നപ്പോൾ ക്ഷേത്രം അതിന്റെ കീഴിലുള്ള പ്രത്യേക ദേവസ്വമായി മാറി. ഇന്ന് തിരുവല്ല ക്ഷേത്രത്തിൽ മികച്ച നടവരവുണ്ട്. ഇതുകൊണ്ട് ക്ഷേത്രക്കമ്മിറ്റി ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നുമുണ്ട്.

1968 വരെ ക്ഷേത്രത്തിൽ ധനുമാസത്തിൽ തിരുവാതിരനാളിലും മേടമാസത്തിൽ വിഷുനാളിലും മാത്രമേ സ്ത്രീകളെ അനുവദിച്ചിരുന്നുള്ളൂ. ശബരിമലയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഇതിന് പ്രായപരിധി നിർദ്ദേശിച്ചിരുന്നതുമില്ല. മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഭഗവാനെ കാട്ടാളനായാണ് ഒരുക്കിയിരുന്നത്. ഇതിന് പ്രചരിക്കുന്ന കഥയെന്തെന്നാൽ പണ്ട് ക്ഷേത്രദർശനം നടത്തിയ ഒരു സ്ത്രീ അതിസുന്ദരനായി ഒരുക്കി വച്ചിരുന്ന ഭഗവദ് രൂപം കണ്ട് മോഹിച്ച് പോവുകയും ഇതുപോലൊരു ഭർത്താവിനെ കിട്ടണെ എന്ന് പറയുകയും ചെയ്തത്രേ. അതിന് പ്രകാരം ഭഗവാന് കടുത്ത ദൃഷ്ടിദോഷം ഏൽകുകയും വിഗ്രഹത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തത്രേ!തൻമൂലം സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ചു. മറ്റൊരു കഥ എന്തെന്നാൽ ഒരു നായർ സ്ത്രീ ഭഗവാന്റെ സുന്ദരരൂപം കണ്ട് മയങ്ങിപ്പോയി സർവ്വവും ഉപേക്ഷിച്ച് ഇറങ്ങിപ്പോകുകയും ഒടുവിൽ ഭ്രാന്ത് പിടിപെട്ട് മരിയ്ക്കുകയും ചെയ്തുവെന്നതാണ് ഇതിന് പിന്നിൽ പ്രചരിച്ചിരുന്ന കഥ.[അവലംബം ആവശ്യമാണ്] ഇതെത്തുടർന്ന്, ചേറും ചളിയും പുരട്ടി, കരിവാരിത്തേച്ച് മുഖത്ത് അങ്ങിങ്ങായി പലനിറത്തിലുള്ള ചായങ്ങൾ പൂശി കയ്യിൽ അമ്പും വില്ലും പിടിച്ച കാട്ടാളന്റെ രൂപത്തിൽ ഈ ദിവസങ്ങളിൽ ഭഗവാനെ അലങ്കരിച്ചുപോന്നു. എന്നാൽ, 1968-ൽ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയതോടെ കാട്ടാളവേഷം ഓർമ്മയായി. എന്നാൽ ദൃഷ്ടി ദോഷമേറ്റ സംഭവത്തിന് ശേഷം ഭഗവാന്റെ ബിംബത്തിൽ മുഴുക്കാപ്പോ, ചന്ദനം ചാർത്തുന്നതോ നടത്താറില്ല.ഗോളക ചാർത്തിയ രൂപത്തിൽ ആണ് ഇന്ന് ദർശനം പതിവ്. പണ്ട്കൊമ്പനാനകൾക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നില്ല. ശ്രീകൃഷ്ണഭഗവാൻ കുവലയാപീഡം എന്നൊരു ആനയെ കൊന്നതാണ് ഇതിന് പിന്നിൽ പ്രചരിച്ചിരുന്ന കഥ. വളരെ കുറച്ച് കാലമേ ആയിട്ടുള്ളൂ കൊമ്പനാനകൾക്കുള്ള നിരോധനം നീക്കിയിട്ട്.

ക്ഷേത്ര നിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

തിരുവല്ല പട്ടണത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ല മാർക്കറ്റ് ജംക്ഷനിൽനിന്ന് പടിഞ്ഞാട്ടുള്ള വഴിയിൽ ക്ഷേത്രത്തിന്റെ പേരെഴുതിവച്ച കവാടം കാണാം. ഇതിലൂടെ അല്പദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്താം. ശ്രീവല്ലഭസ്വാമിയുടെ രൂപം കൊത്തിവച്ച മനോഹരമായ പന്തലാണ് ആദ്യം കാണുക. ഇതിന് നേരെ മുന്നിൽ തെക്കുഭാഗത്ത് ദേവസ്വം വക സത്രവും വടക്കുഭാഗത്ത് ക്ഷേത്രക്കുളവും സ്ഥിതിചെയ്യുന്നു. അതിവിശാലമായ ഇവിടത്തെ ക്ഷേത്രക്കുളത്തിന് ഏകദേശം രണ്ടരയേക്കർ വലിപ്പമുണ്ട്. 'ഇലവന്തി തീർത്ഥം' എന്നാണ് ഈ കുളത്തിന്റെ പേര്. ഇതിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രകവാടത്തിനപ്പുറം കിഴക്കേ ഗോപുരം സ്ഥിതിചെയ്യുന്നു. രണ്ടുനിലകളോടുകൂടിയ സാമാന്യം വലിപ്പമുള്ള ഗോപുരമാണിത്. ഗോപുരത്തിന് വടക്കുവശത്ത് ദേവസ്വം ഓഫീസും മറ്റ് സ്ഥാപനങ്ങളുമാണ്. കുളത്തിന്റെ നേരെ മുന്നിൽ ഒരു പടുകൂറ്റൻ പഞ്ചലോഹക്കൊടിമരം കാണാം, ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്നതായി. ഇത് താരതമ്യേന അടുത്ത കാലത്ത് പ്രതിഷ്ഠിച്ചതാണ്.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് മനോഹരമായ ആനക്കൊട്ടിലാണ്. ഏകദേശം അഞ്ചാനകളെ എഴുന്നള്ളിയ്ക്കാൻ സൗകര്യമുള്ള ഈ ആനക്കൊട്ടിലിൽ അനന്തശായിയായ ഭഗവാന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ഈ പന്തൽ കഴിഞ്ഞാൽ കാണുന്നത് മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത ഒരു പ്രത്യേകതയാണ്. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു കൊടിമരവും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു മൂന്നുനിലമണ്ഡപവും അടങ്ങുന്ന ഒരു ശില്പരൂപമാണ്. 'ഗരുഡമാടത്തറ' എന്നറിയപ്പെടുന്ന ഈ ശില്പരൂപം പറയിപെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചൻ നിർമ്മിച്ചതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. 65 അടി ഉയരവും രണ്ടടി വ്യാസവുമുള്ള ഒറ്റക്കല്ലിൽ തീർത്ത കൊടിമരമാണ് ഇവിടെയുള്ളത്. ഇതിന് മുകളിലുള്ള ഗരുഡരൂപം പഞ്ചലോഹനിർമ്മിതമാണ്. ഐതിഹ്യപ്രകാരം ഇത് നിർമ്മിച്ചുകഴിഞ്ഞപ്പോൾ ഗരുഡന് പെട്ടെന്ന് ജീവൻ വയ്ക്കുകയും അതിനെ പെരുന്തച്ചൻ മന്ത്രവിദ്യ കൊണ്ട് ബന്ധിയ്ക്കുകയും ചെയ്തുവത്രേ! ചിറകുകളോടുകൂടിയ, കൈകൂപ്പിനിൽക്കുന്ന ഒരു മനുഷ്യന്റെ രൂപത്തിലാണ് ഗരുഡനെ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇവിടെയുള്ള കൊടിമരത്തിന്റെ ഒരറ്റം ഭൂഗർഭജലനിരപ്പിൽ സ്പർശിയ്ക്കുന്നതായി വിശ്വസിച്ചുവരുന്നു. ഗരുഡമാടത്തറയുടെ താഴെയാണ് ക്ഷേത്രത്തെക്കുറിച്ച് നമ്മാഴ്വാർ എഴുതിയ സ്തുതിഗീതവും, ശ്രീവല്ലഭേശ്വരസുപ്രഭാതവും, ഭഗവാന്റെ ആയുധമായ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപവും കൊത്തിവച്ചിട്ടുള്ളത്. ഗരുഡമാടത്തറയ്ക്ക് തെക്കുഭാഗത്ത് മറ്റൊരു പന്തൽ കാണാം. ഇത് ക്ഷേത്രത്തിലെ ഊട്ടുപുരയിലേയ്ക്കുള്ള വഴിയാണ്. ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിലാണ് ഊട്ടുപുര. സാധാരണയായി വടക്കുഭാഗത്ത് വരാറുള്ള ഊട്ടുപുര ഇവിടെ വന്നത് ഒരു അത്ഭുതമാണ്. പണ്ട്, ക്ഷേത്രത്തിൽ തെക്കുകിഴക്കുഭാഗത്ത് വളരെ വലിപ്പമുള്ള ഒരു കൂത്തമ്പലമുണ്ടായിരുന്നു. പണ്ടെന്നോ ഉണ്ടായ തീപ്പിടുത്തത്തിൽ ഇത് പൂർണ്ണമായും നശിച്ചുപോയി. ഗരുഡമാടത്തറയ്ക്ക് പടിഞ്ഞാറുഭാഗത്ത് ഗരുഡാരൂഢമായ മറ്റൊരു കൊടിമരം കാണാം. ഇത് സ്വർണ്ണക്കൊടിമരമാണ്. നൂറടിയോളം ഉയരം വരുന്ന ഈ കൊടിമരം 1970-ലാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ഇതിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പത്തടിയോളം വലിപ്പമുള്ള ഈ ബലിക്കല്ല് ശില്പകലാസിദ്ധിവൈഭവങ്ങളോടെ നിറഞ്ഞുനിൽക്കുന്നു. ശീവേലിയുടെ അവസാനം ഇവിടെയാണ് ബലിതൂകുന്നത്. ഏണിചാരിനിന്നാണ് ബലിക്കല്ലിൽ ബലിതൂകുന്നത്. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം.

ഏതാണ്ട് എട്ടേക്കറിലധികം വിസ്തീർണ്ണമുണ്ട് ശ്രീവല്ലഭക്ഷേത്രത്തിലെ മതിലകത്തിന്. ചെങ്കല്ലിൽ തീർത്ത, പന്ത്രണ്ടടി ഉയരവും നാലടി വണ്ണവും 562 അടി നീളവുമുള്ള ഭീമാകാരമായ ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റിപ്പറ്റി പണിതിരിയ്ക്കുന്നു. നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. അവയിൽ വടക്കേ ഗോപുരം വർഷത്തിലൊരിയ്ക്കൽ മാത്രമേ തുറക്കൂ. നിരവധി മരങ്ങളും പൂക്കളും ഭക്തർക്ക് തണലേകിയും ദൃശ്യവിരുന്ന് സമ്മാനിച്ചും മതിലകത്ത് നിറഞ്ഞുനിൽക്കുന്നു. ക്ഷേത്രത്തിലേയ്ക്ക് പൂജയ്ക്കെടുക്കുന്നത് ഇവിടെയുള്ള പൂക്കളാണ്. തെക്കുപടിഞ്ഞാറുഭാഗത്ത് അടുത്തടുത്തുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി ഗണപതിയും അയ്യപ്പനും കുടികൊള്ളുന്നു. ഇരുവരുടെയും ശ്രീകോവിലുകൾക്ക് മുഖപ്പുണ്ട്. ക്ഷേത്രമൂലസ്ഥാനമായ ശങ്കരമംഗലത്ത് മന ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സ്ഥിതിചെയ്യുന്നു. വടക്കുപടിഞ്ഞാറുഭാഗത്ത് ആൽമരച്ചുവട്ടിൽ നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും പരിവാരങ്ങളായ ഉത്തമമദ്ധ്യമാധമസർപ്പങ്ങളുമടങ്ങിയതാണ് ഇവിടെ നാഗദൈവപ്രതിഷ്ഠ. തൊട്ടടുത്ത് രണ്ട് യക്ഷിപ്രതിഷ്ഠകളുണ്ട്. അയയക്ഷിയും മായയക്ഷിയുമാണ് ഇവിടെ പ്രതിഷ്ഠകൾ. ഇവിടെ നിന്നൊരല്പം മാറി കതിനക്കുറ്റികളുടെ ആകൃതിയിൽ രണ്ട് പ്രതിഷ്ഠകൾ കാണാം. ഋഷീശ്വരന്മാരായ ദുർവ്വാസാവും വേദവ്യാസനുമാണ് ഈ പ്രതിഷ്ഠകൾ. വടക്കുഭാഗത്ത് മേൽക്കൂരയില്ലാത്ത ഒരു തറയിൽ ക്ഷേത്രത്തിലെ ഉത്സവമൂർത്തിയായ കുരയപ്പസ്വാമിയുടെ പ്രതിഷ്ഠ കാണാം. ബലിക്കൽപ്പുരയുടെ വടക്കുഭാഗത്ത് ക്ഷേത്രത്തിലെ മണിക്കിണർ സ്ഥിതിചെയ്യുന്നു. പൊതുവേ നാലമ്പലത്തിനകത്ത് കാണാറുള്ള കിണർ പുറത്തുവന്നത് ഒരു പ്രത്യേകതയാണ്.

ശ്രീകോവിൽ[തിരുത്തുക]

കരിങ്കല്ലിൽ തീർത്ത അതിഭീമാകാരമായ ഒരു വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. 160 അടി ചുറ്റളവുള്ള ഈ ശ്രീകോവിലിന് ഒരു നിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിരിയ്ക്കുന്നു. ശ്രീകോവിലിന്റെ മുകളിൽ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. ഇതിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ള മുറിയായ ഗർഭഗൃഹം രണ്ടാക്കി പകുത്തിരിയ്ക്കുന്നു. മുന്നിലെ ഗർഭഗൃഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീവല്ലഭസ്വാമിയുടെ ചതുർബാഹുവിഗ്രഹവും, പിന്നിലെ ഗർഭഗൃഹത്തിൽ പടിഞ്ഞാട്ട് ദർശനമായി ശ്രീസുദർശനമൂർത്തിയുടെ അഷ്ടബാഹുവിഗ്രഹവുമാണുള്ളത്. വല്ലഭസ്വാമിയുടെ വിഗ്രഹത്തിന് ഏകദേശം ഏഴടി ഉയരം വരും. മറ്റ് വിഷ്ണുവിഗ്രഹങ്ങളെപ്പോലെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ വലതുകയ്യിൽ താമരയും കാണാമെങ്കിലും മുന്നിലെ ഇടതുകയ്യിൽ ഗദയില്ല. പകരം ആ കൈ അരയിൽ കുത്തിനിൽക്കുകയാണ്. വിരാട്പുരുഷനായാണ് സങ്കല്പം. സുദർശനമൂർത്തിയുടെ വിഗ്രഹത്തിന് ഏകദേശം ആറടി ഉയരം വരും. ഒരു അഗ്നിജ്വാലയുടെ നടുവിൽ ഉയർന്നുനിൽക്കുന്ന ഭഗവദ്വിഗ്രഹം വലതുകൈകളിൽ ചക്രം, വാൾ, വില്ല്, ഉലക്ക എന്നിവയും ഇടതുകൈകളിൽ ശംഖ്, പരിച, അമ്പ്, ഗദ എന്നിവയും ധരിച്ചിരിയ്ക്കുന്നു. അതീവശാന്തസ്വരൂപനായ ശ്രീവല്ലഭസ്വാമിയും അത്യുഗ്രമൂർത്തിയായ ശ്രീസുദർശനമൂർത്തിയും ഭക്തലക്ഷങ്ങൾക്ക് ഐശ്വര്യം പ്രദാനം ചെയ്തുകൊണ്ട് തിരുവല്ലയിൽ വസിയ്ക്കുന്നു.

ശ്രീകോവിലിന്റെ പുറംചുവരുകളിൽ വിശേഷിച്ച് അലങ്കാരങ്ങളൊന്നും തന്നെ കാണാനില്ല. മഞ്ഞനിറത്തിലുള്ള ചായമാണ് ശ്രീകോവിലിലടിച്ചിരിയ്ക്കുന്നത്. എങ്കിലും സ്വതേയുള്ള മനോഹാരിതയ്ക്ക് കോട്ടം തട്ടിയിട്ടില്ല. ശ്രീകോവിലിനകത്തേയ്ക്ക് കയറാൻ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കരിങ്കല്ലിൽ തന്നെ തീർത്ത സോപാനപ്പടികളുണ്ട്. കിഴക്കേ സോപാനത്തിൽ നേരിട്ട് കയറുന്ന രീതിയിലും, പടിഞ്ഞാറേ സോപാനത്തിൽ ഇരുവശത്തുനിന്നും കയറുന്ന രീതിയിലുമാണ് സോപാനപ്പടികൾ. കരിങ്കല്ലിൽ തീർത്ത പടികൾ ഇപ്പോൾ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. ശ്രീകോവിലിന്റെ തെക്കേ നടയിൽ ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയെയും ഗണപതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവ് കാണാം. ഓവിലൂടെ ഒഴുകുന്ന ജലം ഭക്തർ പ്രസാദമായി കരുതി കുടിയ്ക്കുന്നു.

നാലമ്പലം[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണ് ഇവിടത്തേത്. ചെമ്പുമേഞ്ഞ നാലമ്പലത്തിനകത്തെ പ്രദക്ഷിണവഴി മുഴുവൻ കരിങ്കല്ല് പാകിയിരിയ്ക്കുന്നു. ശ്രീകോവിലിനെ ചുറ്റി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടം ഹോമങ്ങൾക്കും വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കും മറ്റും ഉപയോഗിയ്ക്കുന്നു. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി കാണാം. പല മഹാക്ഷേത്രങ്ങളിലേതുംപോലെ ഇവിടെയും രഹസ്യ അറയുണ്ട്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിലാണ് ഇതിലേയ്ക്കുള്ള വാതിൽ. ഒരു ടെന്നീസ് കോർട്ടിനോളം വലിപ്പമുള്ള ഈ ഭൂഗർഭ അറയിൽ വിലപിടിപ്പുള്ള പല വസ്തുക്കളുമുള്ളതായി വിശ്വസിച്ചുവരുന്നു. പടിഞ്ഞാറുഭാഗത്ത് ഗുരുവായൂരിലേതുപോലെ കരിങ്കൽത്തൂണുകളും അവയിൽ കൊത്തിവച്ച ദേവരൂപങ്ങളുമാണ്. വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി വരാഹമൂർത്തിയുടെ പ്രതിഷ്ഠയുണ്ട്. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തിയുടെ പ്രതിഷ്ഠ താരതമ്യേന അടുത്തകാലത്ത് നടത്തിയതാണ്. 'വടക്കുംതേവർ' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. വരാഹമൂർത്തിയ്ക്കൊപ്പം ഇവിടെ ശിവകുടുംബവും (ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ) കുടികൊള്ളുന്നു. വടക്കുകിഴക്കുഭാഗത്ത് തെക്കോട്ട് ദർശനമായി ഭഗവാന്റെ നിർമ്മാല്യധാരിയായ വിഷ്വക്സേനന്റെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ വിഷ്വക്സേനൻ പ്രത്യേകം തീർത്ത കൊച്ചുശ്രീകോവിലിൽ കുടികൊള്ളുന്നു. ഇതിനടുത്ത് മറ്റൊരു ക്ഷേത്രക്കിണർ കാണാം. ഇതാണ് പ്രധാനപ്പെട്ട മണിക്കിണർ.

നമസ്കാരമണ്ഡപങ്ങൾ[തിരുത്തുക]

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീകോവിലിന്റെ ഇരുപുറങ്ങളിലും നമസ്കാരമണ്ഡപങ്ങൾ പണിതിട്ടുണ്ട്. ഒന്ന് കിഴക്കേ നടയിൽ ശ്രീവല്ലഭസ്വാമിയുടെ തിരുമുമ്പിലും മറ്റേത് പടിഞ്ഞാറേ നടയിൽ ശ്രീസുദർശനമൂർത്തിയുടെ തിരുമുമ്പിലുമാണ് ഈ നമസ്കാരമണ്ഡപങ്ങൾ. രണ്ടും ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. കിഴക്കേ നടയിലെ നമസ്കാരമണ്ഡപത്തിനാണ് വലിപ്പം കൂടുതൽ. ഇവിടെ ആയിരത്തൊന്ന് കലശം വരെ വച്ചുപൂജിയ്ക്കാൻ സൗകര്യമുണ്ടെന്നാണ് പറയപ്പെടുന്നത്. പതിനാറുകാലുകളുള്ള ഈ മണ്ഡപത്തെ ദാരുശില്പങ്ങൾ ഒന്നുകൂടി മനോഹരമാക്കുന്നു. രാമായണം, ഭാഗവതം തുടങ്ങിയ പുരാണേതിഹാസങ്ങളിൽ നിന്നുള്ള രംഗങ്ങളാണ് ദാരുശില്പങ്ങളായി ആവിഷ്കരിയ്ക്കപ്പെട്ടിട്ടുള്ളത്. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ ഒരു സ്വർണ്ണപ്രതിമയുണ്ട്. ഭഗവാനെ നോക്കിത്തൊഴുതുനിൽക്കുന്ന ഭാവത്തിലാണ് ഈ പ്രതിമ. എന്നാൽ, പടിഞ്ഞാറേ നടയിലെ മണ്ഡപം താരതമ്യേന വളരെ ചെറുതും ശില്പകലാവൈദഗ്ദ്ധ്യം കുറഞ്ഞതുമാകുന്നു. നാലുകാലുകളുള്ള മണ്ഡപമാണിവിടെ. രണ്ട് മണ്ഡപങ്ങളുടെയും മുകളിൽ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങൾ കാണാം.

പ്രതിഷ്ഠകൾ[തിരുത്തുക]

ശ്രീവല്ലഭസ്വാമി (മഹാവിഷ്ണു)[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടെ ശ്രീവല്ലഭനായി കുടികൊള്ളുന്നത്. 'ശ്രീ' മഹാലക്ഷ്മീദേവിയുടെ പര്യായനാമങ്ങളിലൊന്നാണ്. 'വല്ലഭൻ' എന്നാൽ ഭർത്താവും. തന്മൂലം ശ്രീവല്ലഭൻ മഹാവിഷ്ണുവിന്റെ പര്യായനാമമാകുന്നു. വിരാട്പുരുഷനായാണ് ഇവിടെ പ്രതിഷ്ഠാസങ്കല്പം. ഏഴടിയോളം ഉയരം വരുന്ന നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയക്കപ്പെട്ടിരിയ്ക്കുന്നു. അതീവശാന്തഭാവത്തിലുള്ള ഭഗവാനാണ് ഇവിടെ. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ വലതുകയ്യിൽ താമരയും ധരിച്ച ഭഗവാൻ മുന്നിലെ ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. പാൽപ്പായസം, പുരുഷസൂക്താർച്ചന, വിഷ്ണുസഹസ്രനാമാർച്ചന, അപ്പം, അട, കളഭാഭിഷേകം, ഉദയാസ്തമനപൂജ തുടങ്ങിയവ ശ്രീവല്ലഭസ്വാമിയുടെ പ്രധാന വഴിപാടുകളാണ്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകൾ പാളയിലയിലെ ചോറും പടറ്റിപ്പഴ നിവേദ്യവുമാണ്. ഉച്ചപ്പൂജയ്ക്കാണ് ഭഗവാന് പാളയിലയിൽ ചോറ് നേദിയ്ക്കുന്നത്. ചോറിനൊപ്പം തൃപ്പുളി, എരിശ്ശേരി, പരിപ്പ്, ഉപ്പേരി, ഉപ്പുമാങ്ങ തുടങ്ങിയവയും വേണ്ടതുണ്ട്. പടറ്റിപ്പഴക്കുലകളുമായി ഭക്തർ ക്ഷേത്രത്തിൽ നിത്യേന നിറഞ്ഞുനിൽക്കുന്നത് കാണാം. ഉത്സവക്കാലത്ത് നിത്യേന പന്തീരായിരം പടറ്റിപ്പഴങ്ങൾ നേദിച്ചുവരുന്നുണ്ട്. ക്ഷേത്രത്തിലെ കഥകളി വഴിപാടും പ്രധാനമാണ്. നിത്യേന കഥകളി നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. കിഴക്കേ ഗോപുരത്തിന് മുന്നിലുള്ള മണ്ഡപത്തിൽ വൈകീട്ടാണ് കഥകളി നടത്തുന്നത്. തുകലാസുരവധം, ശ്രീവല്ലഭചരിതം, ശ്രീവല്ലഭവിജയം തുടങ്ങിയ ആട്ടക്കഥകളാണ് കഥകളിയിൽ ഉപയോഗിച്ചുവരുന്നത്.

ശ്രീസുദർശനമൂർത്തി (ചക്രത്താഴ്വാർ)[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. മഹാവിഷ്ണുവിന്റെ ആയുധമായ സുദർശനചക്രത്തെ സ്വയം ഒരു മൂർത്തിയായി സങ്കല്പിച്ച് ആരാധിയ്ക്കാറുണ്ട്. എന്നാൽ, കേരളത്തിൽ സുദർശനമൂർത്തിയ്ക്ക് പ്രതിഷ്ഠകൾ വളരെക്കുറവാണ്. അവയിൽ തിരുവല്ലയും തുറവൂരുമാണ് ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ. സാധാരണയായി സുദർശനമൂർത്തിയെ പതിനാറുകൈകളോടെയാണ് ചിത്രീകരിയ്ക്കാറുള്ളത്. എന്നാൽ, ഇവിടെ എട്ടുകൈകളോട് കൂടിയുള്ള പ്രതിഷ്ഠയാണ് പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. . രഹസ്യ സ്വഭാവമുള്ള പ്രതിഷ്ഠയായതിനാൽ അളവുകളോ പ്രതിഷ്ഠയുടെ ഭാവമോ ലഭ്യമല്ല .എട്ടുകൈകളിൽ ശംഖ്, ചക്രം, അമ്പ്, വില്ല്, വാൾ, പരിച, ഉലക്ക, ഗദ എന്നിവ ധരിച്ച സുദർശനമൂർത്തി വൈഷ്ണവാംശമായതുകൊണ്ടുതന്നെ വൈഷ്ണവപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താവുന്നതാണ്. എന്നാൽ, ഉഗ്രമൂർത്തിയായതുകൊണ്ട് കടുമ്പായസം, അരവണ, രക്തപുഷ്പാഞ്ജലി, ശത്രുസംഹാരപുഷ്പാഞ്ജലി എന്നിവയും നടത്തിവരുന്നുണ്ട്.

ക്ഷേത്രത്തിൽ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമായതിനാൽ ഇരുവർക്കും പ്രത്യേകം തന്ത്രിമാരും മേൽശാന്തിമാരുമുണ്ട്.

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

സർവ്വവിഘ്നനിവാരകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാൻ ക്ഷേത്രനാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഒന്നരയടി ഉയരമുള്ള ചതുർബാഹുവിഗ്രഹമാണ് ഇവിടെ ഗണപതിഭഗവാന്. പുറകിലെ വലതുകയ്യിൽ മഴുവും, പുറകിലെ ഇടതുകയ്യിൽ കയറും, മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഭഗവാൻ മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഗണപതിയുടെ ശ്രീകോവിലിന് മുന്നിൽ ഒരു മുഖപ്പുണ്ട്. അതിൽ നിത്യവും ചില പരിപാടികൾ നടന്നുവരുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ ദിവസവും ഗണപതിഹോമം നടന്നുവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയും ഗണപതിയ്ക്ക് പ്രധാന വഴിപാടുകളാണ്.

അയ്യപ്പൻ[തിരുത്തുക]

ഗണപതിശ്രീകോവിലിൽ നിന്ന് ഏതാനും വാര തെക്കുമാറിയാണ് ഹരിഹരപുത്രനായ അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ. ശബരിമലയിലെ വിഗ്രഹവുമായി വളരെയധികം സാദൃശ്യമുള്ള വിഗ്രഹമാണെങ്കിലും ശിലാവിഗ്രഹമാണിവിടെയുള്ളത്. ഏകദേശം ഒന്നരയടി ഉയരം വരുന്ന വിഗ്രഹത്തിന്റെ വലതുകൈ ചിന്മുദ്രയിലും ഇടതുകൈ യോഗമുദ്രയിലുമാണ്. നീരാജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, എള്ളുപായസം തുടങ്ങിയവയാണ് അയ്യപ്പന് പ്രധാന വഴിപാടുകൾ.

ദക്ഷിണാമൂർത്തി[തിരുത്തുക]

ക്ഷേത്രനാലമ്പലത്തിനകത്ത് പ്രധാനശ്രീകോവിലിന്റെ തെക്കേ നടയിൽ തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠ. ശിവസ്വരൂപമായ ദക്ഷിണാമൂർത്തി ജ്ഞാനത്തിന്റെ ദേവനായി ആരാധിയ്ക്കപ്പെടുന്നു. വിദ്യാരംഭം കുറിയ്ക്കുമ്പോൾ സരസ്വതിയ്ക്കും ഗണപതിയ്ക്കുമൊപ്പം ദക്ഷിണാമൂർത്തിയെയും പൂജിയ്ക്കാറുണ്ട്. ഒന്നരയടി ഉയരമുള്ള ശിവലിംഗമാണ് ഇവിടെ ദക്ഷിണാമൂർത്തിസങ്കല്പത്തിൽ പൂജിച്ചുവരുന്നത്. വിഷ്ണുക്ഷേത്രത്തിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠ വളരെ അപൂർവ്വമാണ്. വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിശക്തിയ്ക്കും ഓർമ്മശക്തിയ്ക്കും ദക്ഷിണാമൂർത്തീഭജനം ഉത്തമമായി കണക്കാക്കപ്പെടുന്നു. ശിവസ്വരൂപമായതിനാൽ ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്കും പ്രധാനമാണ്.

വരാഹമൂർത്തി[തിരുത്തുക]

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് വരാഹമൂർത്തിയുടെ പ്രതിഷ്ഠ. താരതമ്യേന പുതിയ പ്രതിഷ്ഠയാണിത്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ മൂന്നാമത്തേതായ വരാഹമൂർത്തി ഭൂമി സംബന്ധമായ പ്രശ്നങ്ങളുടെ പരിഹാര മൂർത്തിയായി ആരാധിയ്ക്കപ്പെടുന്നു. മൂന്നടിയോളം ഉയരം വരുന്ന വിഗ്രഹം ഭൂമീദേവിയെ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന രൂപത്തിലാണ്. വരാഹമൂർത്തിയ്ക്കൊപ്പം ശിവകുടുംബവും ഇവിടെ ആരാധിയ്ക്കപ്പെടുന്നു. അപ്പമാണ് പ്രധാന വഴിപാട്.

വിഷ്വക്സേനൻ[തിരുത്തുക]

നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്ത് ക്ഷേത്രക്കിണറിനടുത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് ഭഗവാന്റെ കാവൽക്കാരനായ വിഷ്വക്സേനന്റെ പ്രതിഷ്ഠ. തെക്കോട്ട് ദർശനമായി ഇരിയ്ക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹമാണ്. നാലടിയോളം ഉയരം വരും. സാധാരണയായി വിഷ്ണുക്ഷേത്രങ്ങളിൽ നിർമ്മാല്യധാരിയെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലായി മാത്രമാണ് വിഷ്വക്സേനന്റെ പ്രതിഷ്ഠ. വിഷ്വക്സേനന് നിത്യവും വിളക്കുവയ്പും നിവേദ്യവുമുണ്ടെന്നല്ലാതെ വിശേഷാൽ പൂജകളൊന്നുമില്ല.

ഗരുഡൻ[തിരുത്തുക]

ഭഗവദ്വാഹനമായ ഗരുഡന് ഇവിടെ രണ്ട് പ്രത്യേക പ്രതിഷ്ഠകളുണ്ട്. ഒന്ന്, ക്ഷേത്രത്തിൽ മാത്രം കണ്ടുവരുന്ന ഗരുഡമാടത്തറയിലും, മറ്റേത് ശ്രീവല്ലഭസ്വാമിയുടെ പ്രതിഷ്ഠയ്ക്ക് മുന്നിലുള്ള മണ്ഡപത്തിലും. ഗരുഡമാടത്തറയിലെ വിഗ്രഹം ഒരു കൊടിമരത്തിന്റെ മുകളിലായതിനാൽ മുകളിലേയ്ക്ക് നോക്കിത്തൊഴേണ്ടതുണ്ട്. മൂന്നടിയോളം ഉയരം ഈ വിഗ്രഹത്തിനുണ്ടാകും. മണ്ഡപത്തിലെ വിഗ്രഹം വളരെ ചെറുതാണ്. അരയടി ഉയരമേയുള്ളൂ അതിന്. രണ്ടും ഭഗവാനെ തൊഴുന്ന രൂപത്തിലാണ്. ഗരുഡമാടത്തറയിൽ നാളികേരമുടയ്ക്കുന്നത് പ്രധാന വഴിപാടാണ്. കൂടാതെ രണ്ടുനേരവും വിളക്കുവയ്പുമുണ്ട്. അല്ലാതെ മറ്റ് വിശേഷങ്ങളൊന്നുമില്ല.

അയയക്ഷി[തിരുത്തുക]

ക്ഷേത്രനാലമ്പലത്തിന് പുറത്ത് പ്രത്യേകം തീർത്ത യക്ഷിത്തറയിലാണ് അയയക്ഷിയുടെ പ്രതിഷ്ഠ. സൗന്ദര്യം, കുടുംബം, സ്നേഹം തുടങ്ങിയവയുടെ മൂർത്തിയായി അയയക്ഷിയെ കണ്ടുവരുന്നു. അത്യുഗ്രദേവതയായ അയയക്ഷിയ്ക്ക് കരിവളയും ചാന്തും നൽകുന്നതാണ് പ്രധാന വഴിപാട്. ഇളനീർ-വറപൊടി നിവേദ്യവും സമർപ്പിച്ചുവരുന്നുണ്ട്.

മായയക്ഷി[തിരുത്തുക]

അയയക്ഷിയ്ക്കൊപ്പം തന്നെയാണ് മായയക്ഷിയുടെയും പ്രതിഷ്ഠ. അയയക്ഷിയുടേതുപോലെത്തന്നെയാണ് വഴിപാടുകളും മറ്റും നടത്തിവരുന്നതും.

നാഗദൈവങ്ങൾ[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് ആൽമരച്ചുവട്ടിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും പരിവാരങ്ങളുമടുങ്ങന്നതാണ് ഈ പ്രതിഷ്ഠ. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയുമുണ്ടാകും. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും, പാൽപ്പായസം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ.

ദുർവ്വാസാവ്[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് വടക്കുഭാഗത്ത് പ്രത്യേകം സ്ഥലത്താണ് ദുർവ്വാസാവ് മഹർഷിയുടെ പ്രതിഷ്ഠ. ഒരു കതിനക്കുറ്റിയുടെ ആകൃതിയിലാണ് ഈ പ്രതിഷ്ഠ. മഹർഷിയെ ക്ഷേത്രാചാര്യനായി കണക്കാക്കിവരുന്നു. അതിനാൽ ചില പ്രത്യേക പൂജകൾ അദ്ദേഹത്തിന് നടത്തിവരാറുണ്ട്. എന്നാൽ, നിവേദ്യങ്ങളോ വഴിപാടുകളോ ഒന്നും അദ്ദേഹത്തിനില്ല.

വേദവ്യാസൻ[തിരുത്തുക]

ദുർവ്വാസാവ് മഹർഷിയ്ക്കൊപ്പം തന്നെയാണ് വേദവ്യാസമഹർഷിയുടെയും പ്രതിഷ്ഠ. ഒരു കതിനക്കുറ്റിയുടെ ആകൃതിയിലാണ് ഈ പ്രതിഷ്ഠയും. വേദവ്യാസമഹർഷിയ്ക്ക് വിശേഷാൽ പൂജകളോ നിവേദ്യങ്ങളോ ഒന്നും തന്നെയില്ല.

കുരയപ്പൻ[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് വടക്കുഭാഗത്ത് പ്രദക്ഷിണവഴിയ്ക്കത്താണ് ക്ഷേത്രത്തിലെ ഉത്സവമൂർത്തിയായ കുരയപ്പസ്വാമിയുടെ പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ഒരു തറയിൽ രൂപമില്ലാത്ത ഒരു വിഗ്രഹമാണ് സ്വാമിയ്ക്ക്. കണ്ണൻപഴമാണ് സ്വാമിയ്ക്ക് പ്രധാന വഴിപാട്.

നിത്യപൂജകളും വഴിപാടുകളും[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകവും മലർ നിവേദ്യവും നടക്കുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും തുടർന്ന് ഉഷഃശീവേലിയും എട്ടുമണിയ്ക്ക് പന്തീരടിപൂജയും നടത്തുന്നു. ക്ഷേത്രമൂലസ്ഥാനമായ ശങ്കരമംഗലത്ത് മനയിലാണ് പന്തീരടിപൂജ നടക്കുന്നത്. അതിനാൽ ഇത് 'ശങ്കരമംഗലത്ത് പൂജ' എന്നും അറിയപ്പെടുന്നു. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് ഏഴുമണിയ്ക്ക് നാലാം പൂജയും ഏഴരയ്ക്ക് അഞ്ചാം പൂജയും നടത്തുന്നു. തുടർന്ന് അത്താഴശീവേലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പഞ്ചരാത്ര സംഹിതയിലെ ദുർവ്വാസാസംഹിതയനുസരിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്. തന്ത്രസമുച്ചയം ഇവിടെ ബാധകമല്ല. പുരുഷനാരായണപൂജയാണ് ഇവിടെയുള്ളത്. അതനുസരിച്ച്, മറ്റ് വിഷ്ണുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭഗവാനെ മഞ്ഞവസ്ത്രം ധരിപ്പിയ്ക്കാറില്ല. ആദ്യപൂജയിൽ ബാലനും; രണ്ടാമത്തെ പൂജയിൽ ബ്രഹ്മചാരിയും മൂന്നാമത്തെ പൂജയിൽ ഗൃഹസ്ഥനും നാലാമത്തെ പൂജയിൽ വാനപ്രസ്ഥിയും അവസാന പൂജയിൽ സന്ന്യാസിയുമായി ഭഗവാനെ സങ്കല്പിയ്ക്കുന്നു. വെള്ളയും കാവിയും വസ്ത്രങ്ങളാണ് ഈയവസരങ്ങളിൽ ഭഗവാനെ ധരിപ്പിയ്ക്കുന്നത്. സുദർശനമൂർത്തിയ്ക്ക് അഹിർബുധ്ന്യസംഹിതയനുസരിച്ചാണ് പൂജകൾ നടക്കുന്നത്. നടയടയ്ക്കുന്നതിന് തൊട്ടുമുമ്പായി നിത്യേന ഭഗവാന് പള്ളിക്കുറുപ്പുമുണ്ട്. ലക്ഷ്മിദേവീസമേതനായാണ് ഭഗവാനെ പള്ളിയുറക്കുന്നത്. ഭഗവാനെ പള്ളിയുണർത്തിയ ശേഷമാണ് നടതുറക്കുന്നത്. അതിനായി ക്ഷേത്രത്തിൽ പള്ളിയറയുമുണ്ട്. ഇവിടെയും തിരുവഞ്ചിക്കുളത്തും മാത്രമാണ് പള്ളിയറകളുള്ളത്.

ക്ഷേത്രത്തിലെ തന്ത്രാധികാരം തിരുവല്ല കുഴിക്കാട്ട് ഇല്ലക്കാർക്കാണ്. ഇവർ രണ്ടുശാഖകളായി പിരിഞ്ഞാണ് തന്ത്രാധികാരം നിർവ്വഹിയ്ക്കുന്നത്. ആമ്പള്ളി, അന്നങ്കല, കാരക്കാട്, ശ്രീവല്ലി, നെടുമ്പുറത്ത് എന്നീ അഞ്ച് ഇല്ലക്കാരാണ് മേൽശാന്തിമാർ. 50 വയസ്സ് കഴിഞ്ഞ ഗൃഹസ്ഥരായ നമ്പൂതിരിമാരാണ് ഇവിടെ മേൽശാന്തിമാരാകുക. അത് നിർബ്ബന്ധവുമാണ്. പ്രമുഖ കവിയും അദ്ധ്യാപകനുമായ പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരി 1997-ൽ ഇവിടെ മേൽശാന്തിപദം അലങ്കരിച്ചിരുന്നു. ശ്രീവല്ലി കുടുംബത്തിലെ അംഗമായ അദ്ദേഹം മേൽശാന്തിയായിരിയ്ക്കേ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലേയ്ക്ക് പോയത് വൻ വിവാദമായിരുന്നു. ഇതെത്തുടർന്ന് അദ്ദേഹത്തിന്റെ മേൽശാന്തിസ്ഥാനം തെറിച്ചു. എന്നാൽ, മൂന്നുമാസങ്ങൾക്കുശേഷം തന്ത്രി തന്നെ അദ്ദേഹത്തെ വീണ്ടും മേൽശാന്തിയാക്കി. തുളു ബ്രാഹ്മണരും പത്തിലത്തിൽ പോറ്റിമാരുമാണ് ഇവിടെ കീഴ്ശാന്തിപ്പണി ചെയ്യുന്നത്.

ക്ഷേത്രം[തിരുത്തുക]

ഈ ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ ക്രി മു 59 ൽ ചേര ചക്രവർത്തിമാരാലാണ്‌‍‍ എന്ന് അനുമാനിക്കാം[അവലംബം ആവശ്യമാണ്]. 1915-ൽ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന അവസരത്തിൽ ലഭിച്ച വട്ടെഴുത്തുലിപിയിലെഴുതിയ ശാസനത്തിൽ ഇതിനെക്കുറിച്ച് പരാമര്ശം ഉണ്ട്. [1]

ക്ഷേത്ര മതിലിനുള്ളിലെ വിസ്‌തൃതി എട്ട്‌ ഏക്കർ മുപ്പത്‌ സെന്റ്‌ ആണ്‌. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളത്തിന്‌ രണ്ട്‌ ഏക്കറോളം വിസ്താരമുണ്ട്‌. ചെങ്കല്ലിൽ തീർത്ത ഭീമാകാരമായ ഒരു കോട്ടയാണ്‌ ഈ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ. ഇതിന്റെ ഒരു വശത്തിന്‌ 562 അടി നീളവും, പന്ത്രണ്ട്‌ അടി ഉയരവും ഉണ്ട്. തറ നിരപ്പിൽ നാലടി ഒരിഞ്ച്‌ വണ്ണമുള്ള ഈ മതിലിന്റെ അസ്ഥിവാരം രണ്ടേകാൽ അടി താഴ്ച്ചയിൽ ഏഴ്‌ അടി മൂന്ന് ഇഞ്ച്‌ വണ്ണമുണ്ട്‌. മതിലിന്റെ മദ്ധ്യഭാഗത്തായി നാലു വശത്തും ദാരുവിൽ നിർമ്മിച്ച ഇരുനില ഗോപുരങ്ങളുണ്ട്‌.

ക്ഷേത്രത്തിനുള്ളിൽ കിഴക്കു വശത്താണ്‌ ക്രി മു 57-ൽ [1] നിർമ്മിച്ച ഗരുഡമാടത്തറ. ഇത്‌ അറുപത്തിയഞ്ച്‌ അടി നീളവും രണ്ടടി വ്യാസവുമുള്ള ഒറ്റക്കൽ തൂണാണ്‌. (ഇതിന്റെ ഒരറ്റം ഭൂഗർഭ ജലവിതാനത്തിൽ മുട്ടി നിൽക്കുന്നു എന്ന് വിശ്വാസികൾ കരുതുന്നു) ഈ ധ്വജാഗ്രത്തിൽ വിടർത്തിപ്പിടിച്ച പക്ഷങ്ങളും, മനുഷ്യ രൂപവും, മൂന്നടിയോളം ഉയരവുമുള്ള ഗരുഡന്റെ പഞ്ചലോഹവിഗ്രഹവുമുണ്ട് (ഇത് പെരുന്തച്ചൻ നിർമ്മിച്ച‌താണെന്നാണ്‌ ഐതിഹ്യം).

കരിങ്കല്ലു കൊണ്ട്‌ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം നൂറ്റൻപത്‌ അടി സമചതുരമാണ്‌. ഇതിന്‌ പതിനൊന്ന് അടി വീതിയുണ്ട്‌. നലമ്പലത്തിന്റെ കിഴക്കുവശം ഇരുനിലകളോടു കൂടിയ ഗോപുരമാണ്‌. ഇത്‌ പഴയ കാലത്ത്‌ ഗ്രന്ഥപ്പുരകളായിരുന്നു. തെക്കു കിഴക്കായുണ്ടായിരുന്ന കൂത്തു പുരയുടെ അവശിഷ്ടങ്ങൾ 1915 ൽ നീക്കം ചെയ്യപ്പെട്ടു. നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറുള്ള മുറിയിലൂടെയാണ്‌ ഒരു ടെന്നീസ്‌ കോർട്ടിനോളം വലിപ്പമുള്ള ഇവിടുത്തെ ഭൂഗർഭ ഭണ്ഡാരത്തിലേക്കുള്ള വഴി. ഇത്‌ ആയിരം വർഷത്തോളമായി തുറന്നീട്ടില്ല.( രാമയ്യൻ ദളവ ഇത്‌ തുറന്ന്‌ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും തിരുവനന്തപുരത്തേക്കു കൊണ്ടു പോയി എന്നും പറയപ്പെടുന്നു.) നാലമ്പലത്തിന്റെ പടിഞ്ഞാറെ ഭിത്തിൽ ഉൾവശത്തായി ഏതാനും ചുവർചിത്രങ്ങൾ ഉണ്ട്‌.

ഇവിടുത്തെ വൃത്താകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്‌ 160 അടി ചുറ്റളവുണ്ട്‌. മൂന്ന് ഭിത്തികൾക്കുള്ളിലാണ്‌ ഗർഭഗൃഹം കിഴക്കോട്ട്‌ വിഷ്ണു പ്രതിഷ്ഠയും പടിഞ്ഞാറേയ്ക്ക്‌ സുദർശന പ്രതിഷ്ഠയുമാണ്‌. ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല.

ഉത്സവം[തിരുത്തുക]

കൊടിയേറ്റുത്സവം[തിരുത്തുക]

കുംഭമാസത്തിൽ ഉത്രട്ടാതിയ്ക്ക് കൊടികയറി പൂയത്തിന് ആറാട്ടുവരുന്ന വിധത്തിലുള്ള പത്തുദിവസത്തെ ഉത്സവമാണ് ശ്രീവല്ലഭക്ഷേത്രത്തിലുള്ളത്. പത്തുദിവസവും വിശേഷാൽ പൂജകളും കലാപരിപാടികളും ക്ഷേത്രത്തിലുണ്ടാകും.

ഉത്ര ശ്രീബലി[തിരുത്തുക]

സമീപ പ്രദേശത്തുള്ള ആലംതുരുത്തി,കരുനാട്ടുകാവ്, പടപ്പാട്ട് എന്നീ ക്ഷേത്രങ്ങളിലെ ദേവിമാർ മീനമാസത്തിലെ ഉത്രം നാളിൽ ശ്രീ വല്ലഭ ക്ഷേത്രത്തിലെക്കു എഴുന്നളുന്ന ചടങ്ങാണ് ഉത്രശ്രീബലി.ഈ ക്ഷേത്രങ്ങളിലെ ഉത്സവത്തിന്റെ എട്ടാം ദിവസം ആറാട്ട് എഴുന്നളത്തിനു മധ്യേ ശ്രീ വല്ലഭ ക്ഷേത്രത്തിൽ ഈ ദേവിമാർ എത്തുമ്പോൾ അതുവരെ അടഞ്ഞ് കിടക്കുന്ന ക്ഷേത്രത്തിന്റെ വടക്കേ ഗോപുര നട തുറന്ന് ദേവിമാരെ സ്വീകരിക്കുന്നു0. തുടർന്നു ഈ മൂന്നു ദേവിമാരും ഗരുഡവാഹനത്തിൽ എത്തുന്ന ശ്രീവല്ലഭനും, മഹാസുദർശന മൂർത്തിയും കൂടി ചെർന്നു അഞ്ചീശസംഗമം നടക്കുന്നു.അതിനു ശേഷം ആലംതുരുത്തി ഭഗവതിയെ ശ്രീ വല്ലഭനോടൊപ്പം ശ്രീ കോവിലിലേക്ക് എഴുന്നളിച്ചിരുത്തുന്നു. പിന്നീട് കിഴക്കേ ഗോപുരം വഴി ദേവിമാർ തുകലശ്ശേരി ചക്രക്ഷാളനക്കടവിലേക്ക് ആറാട്ടിനായ് പോകുന്നു.ആറാടി തിരിച്ചെത്തുന്ന പടപ്പാട്, കാവിൽ ഭഗവതിമാർ വടക്കേ ഗോപുരം വഴി തന്നെ തിരിച്ചു പോകുന്നു. അതിനു ശേഷം ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നളുന്ന ആലംതുരുത്തി ഭഗവതി ഉച്ചശ്രീബലിക്ക് എഴുന്നള്ളിയിരിക്കുന്ന ശ്രീവല്ലഭ, സുദർശ്ശനമൂർത്തികളെ ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ ഭാഗത്തു വച്ച് കണ്ട് മുട്ടുന്നു. ശ്രീ വല്ലഭ വാഹകനായ കീഴ്ശാന്തി തലയിൽ എഴുന്നളിച്ചിരിക്കുന്ന ബിംബത്തിൽ നിന്നും കൈവിട്ട് ഭക്തരിൽ നിന്നും സ്വീകരിക്കുന്ന കാണിക്ക ഭഗവതിക്കു നൽകി യാത്രയയക്കുന്നതോടെ ഉത്രശ്രീബലി മഹോത്സവം അവസാനിക്കുന്നു.[2][3] [4]

കഥകളിയുടെ ആരംഭ കാലം മുതൽ തന്നെ ഈ ക്ഷേത്രത്തിൽ കഥകളി പ്രദർശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പിൽക്കാലത്ത്‌ സവിശേഷപ്രാധാന്യം ലഭിച്ചു. ഇപ്പോൾ പ്രധാന വഴിപാടാണ് കഥകളി.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

തിരുവല്ല നിന്നും മാവേലിക്കര റോഡിൽ 2 കിമി പോയാൽ ശ്രീവല്ലഭക്ഷേത്രം കവല ആയി. അവിടെ നിന്ന് സുമാർ 500 മീറ്റർ പോയാൽ അമ്പലമായി.

ദർശന സമയം[തിരുത്തുക]

*അതിരാവിലെ 4 am മുതൽ ഉച്ചക്ക് 12 pm വരെ.

*വൈകുന്നേരം 5 pm മുതൽ 8 pm വരെ.

കുറിപ്പുകൾ[തിരുത്തുക]

  • ^ ചേരമാൻ പടകടകലിഃ ചക്രഭൂല്പൂജ്യ
    രവിഃഹിമാംശൂപൂജ്യെയം ചന്ദ്രഃയോഗീനമ്യ
    'കുജഃധരണി പ്രിയ ബുധഃ സാനന്ത കാന്ത ഗുരുഃ

ക്ഷമം ധരിത്രി ശുക്രഃ സമർത്ഥരുദ്രമന്ദഃ
മുനിധി രൊനമ്യ സർപ്പഃധനുർധരവാൻ കേതുഃ</r>


ഈ ശ്ലോകത്തിലെ കലിദിന സൂചനയ്ക്ക് ച=6,ര=2,മ=5,പ=1,ട=1,ക=1,ട=1 = 6251111 = 1111526 ആം ദിവസമെന്ന് സൂചന. ഇത് കലി വർഷം 3043 ഇടവമാസം 15ആം തീയതിയാണ്. തുല്യമായ ക്രിസ്ത്വബ്ദം ക്രി മു 59ആം ആണ്ട് ആണ്.

ഈ ശ്ലോകത്തിലെ താല്പര്യം അനുസരിച്ച് ആ സമയത്തെ ഗ്രഹനില ഇപ്രകാരമാണ്.

ചക്രഭൂല്പൂജ്യ എന്ന ആദിത്യസ്ഫുടം ഇടവമാസം 15ആം തീയതിയെ സൂചിപ്പിക്കുന്നു.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ശ്രീവല്ലഭ മഹാക്ഷേത്രചരിത്രം. പി.ഉണ്ണികൃഷ്ണൻ നായർ
  2. തിരുവല്ലാ ഗ്രന്ഥവരി.പി.ഉണ്ണികൃഷ്ണൻ നായർ.
  3. ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി.
  1. 1.0 1.1 ശ്രീവല്ലഭ മഹാക്ഷേത്രചരിത്രം. പി.ഉണ്ണികൃഷ്ണൻ നായർ. (താളുകൾ യഥാക്രമം 215,194,145,215)
  2. http://www.mathrubhumi.com/pathanamthitta/news/890568-local_news-Thiruvalla-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B2%E0%B5%8D%E0%B4%B2.html[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.mathrubhumi.com/online/malayalam/news/story/1544426/2012-04-08/kerala[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?district=Pathanamthitta&contentId=13734330&programId=1079897613&tabId=16&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]