ശ്രീനഗർ ബിനാലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sreenagar binalle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊച്ചി-മുസിരിസ് ബിനാലെ 2018 ൽ മറ്റ് ബിനാലെകളുടെ ക്യൂറേറ്റർമാരെ ഉൾപ്പെടുത്തി കലാപ്രതിഷ്ഠാപനങ്ങൾ തയ്യാറാക്കിയ ഇൻഫ്രാ പ്രൊജക്ടുകളിൽ ഒന്നാണ് ശ്രീനഗർ ബിനാലെ. കലാപ്രകടനം, ചിത്രരചന, ഫോട്ടോഗ്രഫി, കടലാസ് കലാസൃഷ്ടികൾ, വീഡിയോ പ്രതിഷ്ഠാപനം തുടങ്ങിയ സൃഷ്ടികളാണ് ശ്രീനഗർ ബിനാലെയിലുള്ളത്.

നാല് ഇൻഫ്രാ പ്രൊജക്ടുകളാണ് 108 ദിവസം നീണ്ടു നിൽക്കുന്ന കൊച്ചി ബിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിജ്ഞാന പരീക്ഷണശാല എന്നാണ് ഇതിന് ക്യൂറേറ്റർ അനിത ദുബെ നൽകിയിരിക്കുന്ന പേര്. എഡിബിൾ ആർകൈവ്സ്, സിസ്റ്റർ ലൈബ്രറി, ശ്രീനഗർ ബിനാലെ, വ്യാംസ് പ്രൊജക്ട് എന്നിവയാണ് ഇൻഫ്രാ പ്രൊജക്ടുകൾ. [1]

ജമ്മു-കശ്മീർ സ്വദേശിയായ വീർ മുൻഷി നയിക്കുന്ന സംഘമാണ് ശ്രീനഗർ ബിനാലെയുടെ ഇൻഫ്രാ പ്രൊജക്ട്സിനു പിന്നിൽ.[2] കശ്മീരിൽ നിന്ന് പലായനം ചെയ്ത് അഭയാർത്ഥികളായി കഴിയുന്നവരുടെ യാതനകളുടെയും ദുർഗതിയുടെയും കഥയാണ് വീർ മുൻഷി ഒരുക്കിയ ശ്രീനഗർ ബിനാലെ പറയുന്നത്. കശ്മീരിലെ രണ്ട് സമുദായങ്ങൾ അനുഭവിച്ചു വരുന്ന യാതനകൾ ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടിയാണീ പ്രമേയം തെരഞ്ഞെടുത്തതെന്ന് വീർ മുൻഷി പറയുന്നു. രണ്ട് മതവിഭാഗങ്ങളിൽ നിന്നുമുള്ള 14 കലാകാരന്മാരാണ് കൊച്ചി-മുസിരിസ് ബിനാലെയിൽ ശ്രീനഗർ ബിനാലെയുടെ ഭാഗമായി പങ്കെടുക്കുന്നത്.

സൂഫി ദർഗയുടെ മാതൃകയിലാണ് പ്രധാന പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത്. ഈ ദർഗയ്ക്കുള്ളിൽ ചെറിയ ശവപ്പെട്ടികൾ ഒരുക്കിയിരിക്കുന്നു. അതിലെല്ലാം എല്ലും തലയോട്ടിയുമുണ്ട്. കൊല്ലപ്പെട്ട കശ്മീരിയുടേയോ, പണ്ഡിറ്റിൻറെയോ, പട്ടാളക്കാരൻറെയോ, തീവ്രവാദിയുടെയോ അവശിഷ്ടമാണോ ഇതെന്ന ചോദ്യവും അദ്ദേഹം സന്ദർശകരോട് ഉന്നയിക്കുന്നുണ്ട്. മരണത്തിനപ്പുറം വിദ്വേഷങ്ങൾക്കും താൻപോരിമയ്ക്കും പ്രസക്തിയില്ലെന്ന സന്ദേശമാണ് വീർമുൻഷി ഇതിലൂടെ നൽകുന്നത്. കശ്മീർ വാസ്തുകലയുടെയും മതേതരത്വത്തിൻറെയും പ്രതീകമായാണ് അദ്ദേഹം ഈ നിർമ്മിതി രൂപകൽപന ചെയ്തത്. മതേതരവും സൂഫിസത്തിൽ ഊന്നിയതുമായ പാരമ്പര്യത്തെ വിളിച്ചോതുന്ന വാസ്തുശിൽപകലയെ അടിസ്ഥാനമാക്കിയുള്ള പ്രതിഷ്ഠാപനമാണിത്.

മട്ടാഞ്ചേരി ടികെഎം വെയർഹൗസിൽ ഡിസംബർ 13ന് ശ്രീനഗർ ബിനാലെയുടെ പ്രകടനമുണ്ടായിരുന്നു. 1990 ലെ വംശീയ കലാപത്തെ തുടർന്ന നാടു വിടേണ്ടി വന്നവരുടെ ജീവിതമാണ് ഇതിൽ പ്രതിപാദിക്കുന്നത്. പ്രദർശനത്തിൻറെ ആദ്യ ദിനത്തിൽ ഷൗക്കിബും ഹീനയും ചേർന്ന് 12 മണിക്കൂർ നീണ്ടു നിൽക്കുന്ന കലാപ്രകടനം നടത്തിയിരുന്നു. ഈ പ്രദർശനത്തിന് എത്തുന്നവരുടെ ദേഹപരിശോധന നടത്തുകയാണ് ഇരുവരും ചെയ്യുന്നത്. വരുന്നത് ആരായാലും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദേഹപരിശോധന നടത്തും. പലർക്കും ഇത് അസഹനീയമായും തങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായും തോന്നാം. പക്ഷെ കശ്മീരികൾ എല്ലാദിവസവും പല പ്രാവിശ്യം അനുഭവിക്കുന്ന യാഥാർത്ഥ്യമാണിതെന്ന് പരിശോധന കഴിഞ്ഞ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സിലാകും.

മറ്റ് കലാകാരന്മാർ[തിരുത്തുക]

വീർ മുൻഷിയെക്കൂടാതെ അൽത്വാഫ് കാദരി, എഹ്തിഷാം അസർ, ഗാർഗി റെയ്ന, ഹീന ആരിഫ്, ഇന്ദർ സലീം, ഖൈതുൽ അബ്യാദ്, മൗമൂൻ അഹമ്മദ്, മുജ്താബ റിസ്വി, നീരജ് ബക്ഷി, രാജേന്ദർ ടികു, സന്ന ഇർഷാദ് മാട്ടൂ, ഷൗക്കിബ് ഭട്ട്, ഷൗക്കത്ത് നന്ദ എന്നിവരാണ് മറ്റ് കലാകാരന്മാർ. വംശീയ കലാപത്തെത്തുടർന്നുണ്ടായ പലായന സമയത്ത് കശ്മീരിൽ ഉണ്ടായിരുന്നവരാണ് കലാകാരന്മാരിൽ പലരും.[3]

കാക്കകളെ സന്ദേശവാഹകരായി അവതരിപ്പിച്ചു കൊണ്ടാണ് ഗാർഗി റെയ്നയുടെ കലാസൃഷ്ടി. കലാപങ്ങളും അക്രമങ്ങളും എങ്ങനെയാണ് ഓർമ്മകളായി മാറുന്നതെന്നും പിന്നെ ആ ഓർമ്മകൾ എങ്ങനെയാണ് അത്യാഹിതങ്ങളായി മാറുന്നതെന്നുമുള്ളതാണ് ഷൗക്കിബ് ഭട്ടിൻറെ പ്രമേയം. കശ്മീരിൽ നിന്നും അപ്രത്യക്ഷരായ വ്യക്തികളുടെ ഫോട്ടോ കോർത്തിണക്കിയാണ് മുജ്താബ റിസ്വിയുടെ പ്രതിഷ്ഠാപനം. അദ്ദേഹം തന്നെയെടുത്ത ഫോട്ടോകളുടെ പ്രദർശനത്തിന് ചുംബനം നൽകാൻ ഒരു മകനുണ്ടായിരുന്നെങ്കിൽ (ഇഫ് ദെയർ ഇസ് എ സൺ ദാറ്റ് ഷീ കുഡ് കിസ്) എന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന പേര്. സുരക്ഷ ഭടډാർ പിടിച്ചു കൊണ്ടു പോയ ജാവേദ് അഹങ്കാർ എന്ന ചെറുപ്പക്കാരനെയാണ് ഇതിൽ പ്രമേയമാക്കിയിരിക്കുന്നത്. സന്ദർശകർ ഈ ഫോട്ടോ കണ്ട് ഇതിലുള്ളവരെ കുറിച്ച് അന്വേഷിക്കാൻ ശ്രമിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. കശ്മീരിലെ ശ്മശാനത്തിലെ കുഴിവെട്ടുകാരൻറെ മാനസിക വേദനയാണ് സന്ന ഇർഷാദ് മാട്ടൂ വിൻറെ പ്രമേയം. കശ്മീരിലെ വർത്തമാനകാല സാഹചര്യം വിവരിക്കുന്ന പ്രമോണിഷൻസ് എന്ന വരകളാണ് നീരജ് ബക്ഷിയുടെ സൃഷ്ടി.[4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-27. Retrieved 2018-12-13.
  2. https://malayalam.news18.com/news/kerala/kashmir-biennale-in-kochin-biennale-70885.html
  3. http://www.deshabhimani.com/news/kerala/news-kerala-27-12-2018/772369
  4. http://blivenews.com/srinagar-biennale-instillations-at-kmb-exposes-real-life-stories-of-kashmiris/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശ്രീനഗർ_ബിനാലെ&oldid=3646175" എന്ന താളിൽനിന്ന് ശേഖരിച്ചത്