സ്പാനിഷ് തിയേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spanish Theatre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തുവർഷം ആദ്യശതകങ്ങൾ മുതൽക്കുതന്നെ സ്പെയിനിൽ നാടകീയ കലാരൂപങ്ങൾക്ക് പ്രചാരമുണ്ടായിരുന്നു. പള്ളികളിലെ ആഘോഷങ്ങളോടനുബന്ധിച്ച് നടന്നിരുന്ന കലാപരിപാടികളിൽ പലതിനും നാടകസ്വഭാവമുണ്ടായിരുന്നു. പള്ളികളിലെ കലാപരിപാടികൾക്കെതിരെ വിലക്ക് വന്നതോടെ, അവ ജനം ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എങ്കിലും മൂറുകളുടെ അധിനിവേശത്തോടെ, തെക്കൻ സ്പെയിനിൽനിന്നും ജനകീയകലകൾ തുടച്ചുമാറ്റപ്പെട്ടു. വടക്കു-കിഴക്കൻ സ്പെയിനിൽ പൌരോഹിത്യം അധികാരം ആർജിച്ചതോടെ, പാരമ്പര്യകലകളുടെ ചൈതന്യവും ശക്തിയും ഇല്ലാതാവുകയും കർശനമായ മതനിഷ്ഠകൾ നടപ്പാക്കപ്പെടുകയും ചെയ്തു.

മദ്ധ്യകാലഘട്ടം[തിരുത്തുക]

മധ്യകാലഘട്ടത്തിലാണ് ആരാധനാധിഷ്ഠിതമായ നാടകം ആദ്യമായി പെനിൻസുലയിൽ അരങ്ങേറിയത്. ആരാധനാപുസ്തകത്തിൽനിന്ന് ആശയങ്ങൾ സ്വീകരിച്ച് അവതരിപ്പിച്ചിരുന്ന 'ട്രോപ്സ്' (Tropes) എന്ന കലാരൂപത്തിൽനിന്നാണ് സ്പെയിനിൽ നാടകം ഉടലെടുത്തത്. പ്രത്യേകം തയ്യാറാക്കിയ വേദികളിലാണ് ഇത്തരം ആരാധനാ നാടകങ്ങൾ അരങ്ങേറിയത്. ഒൻപതാം ശതകം മുതൽ പതിനൊന്നാം ശതകം വരെയുള്ള മൂറിഷ് ആധിപത്യം നാടകത്തിന്റെ വളർച്ചക്ക് മങ്ങലേൽപ്പിച്ചു.

സാധാരണ സമൂഹത്തിന്റെയും പുരോഹിതവിഭാഗത്തിന്റെയും കലാസങ്കല്പങ്ങൾ തമ്മിലുള്ള സംഘർഷം അക്കാലയളവിൽ പ്രകടമായിരുന്നു. പതിനാലാം ശതകത്തിന്റെ ആദ്യപകുതിയിൽ കോർപ്പസ് ക്രിസ്റ്റി പ്രൊഡക്ഷൻ സംഘടിപ്പിക്കപ്പെട്ടതോടെ, പള്ളിക്കും സാധാരണ ജനസമൂഹത്തിനും അവരുടേതായ നാടകാസ്വാദത്തിനും പ്രചരണത്തിനും വഴി തുറന്നുകിട്ടി. എങ്കിലും മതാത്മകമായ ആരാധനാ സമ്പ്രദായത്തിന് തന്നെയായിരുന്നു മുൻതൂക്കം. പതിനഞ്ചാം ശതകത്തോടെ, ഘോഷയാത്രയുടെ മതാത്മക പരിവേഷം ഇല്ലാതാവുകയും ജനകീയകലാരൂപങ്ങൾ ശക്തിയാർജിക്കുകയും ചെയ്തു.

രാജസഭയുടെ തീരുമാനങ്ങൾ, പിന്നീട് നാടകവികാസത്തിന് പുതിയ വഴി തെളിച്ചു. രാജകീയ പരിപാടികളിലും മറ്റും നാടകരൂപങ്ങൾ അവതരിക്കപ്പെട്ടു. ക്ളാസ്സിക്കൽ കലയുടെയും സാഹിത്യത്തിന്റെയും നവോത്ഥാനത്തിനൊപ്പം വളരാൻ സ്പെയിനിലെ ജനങ്ങൾക്ക് അവസരം ലഭിച്ചു. പതിനേഴാം ശതകം, കലയുടെ പുനരുജ്ജീവനത്തിന്റെ ആശയങ്ങളാണ് പകർന്നു കൊടുത്തത്.

നവോത്ഥാനം[തിരുത്തുക]

പതിനഞ്ചാം ശതകത്തിൽ പ്രത്യക്ഷപ്പെട്ട 'കോർട്ട് തിയേറ്റർ' പ്രസ്ഥാനം മതാത്മകദൃശ്യങ്ങളും നവോത്ഥാനത്തിന്റെ മതേതര സ്വഭാവങ്ങളും സമന്വയിപ്പിക്കുകയുണ്ടായി.

യുവാൻ ഡെൽ ഇൻസിനയുടെ (1468-1528) (Iuan del Encina) മതേതര നാടകങ്ങൾ നവോത്ഥാനത്തെ സ്വാധീനിച്ചു. ലൂക്കാസ് ഫെർണാണ്ടസ് (1474-1542), ഗിൽ വിസന്റ് (Gil Vicente 14651537), ബർത്തലോമാ ഡി ടൊറസ് നഹാരോ തുടങ്ങിയവരും നവോത്ഥാനകാലത്തിന് മാറ്റു കൂട്ടിയ പ്രതിഭകളാണ്. മതപരമായ ഉത്സവാഘോഷങ്ങളെ നാടകത്തിന്റെ വളർച്ചയിൽ ഫലപ്രദമായി ഉപയോഗിച്ച ലോപ് ഡി റൂഡാ (Lope de Rueda 150565)യും പ്രധാനിയാണ്. നിയോ-ക്ലാസ്സിക്കൽ നാടകകലാകാരന്മാരുടെ പ്രഭാവവും ശ്രദ്ധേയമായിരുന്നു. ഹെർനൻ പെരസ്ഡി ഒലിവാ (1494-1533), പെട്രോ സൈമൺ അബ്റിൽ (1530-95), ലിയനാഡോ ഡി അർജൻസോളാ (1559-1613), തിമോനെദാ, ആർട്രൈഡാ, ക്രിസ്റ്റബൽ ഡി വൈറൂസ്, സെർവാന്റ്സ് സാവെദ്രാ തുടങ്ങിയവരും സ്പാനിഷ് നാടകവേദിയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയവരിൽ പ്രധാനികളാണ്.

കോമഡിനാടകങ്ങളുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയൻ ഓപ്പറെകൾ അരങ്ങേറുന്ന കാഴ്ചയാണ് പതിനെട്ടാം ശതകത്തിന്റെ തുടക്കത്തിൽ കണ്ടത്. ബോർബോൺ മൊണാർക്കിന്റെ സ്ഥാനപതിയായിരുന്ന ഫാറിനെല്ലിയുടെ ഉത്തരവുപ്രകാരം തിയേറ്ററുകളും നാടകസങ്കേതങ്ങളുമെല്ലാം പുനരുദ്ധരിക്കപ്പെട്ടു. നവീന നാടകചിന്തകളും സങ്കേതങ്ങളുമായി അന്റോണിയോ ഡി സമോറ (1664-1728), കാനി സറസ് (1676-1750), ഇഗ്നേഷ്യോ ലുസാൻ (1702-54), നിക്കോളാസ് ഫെർണാണ്ടസ് ഡി മൊറാറ്റിൻ (1737-80) തുടങ്ങിയവർ രംഗപ്രവേശം ചെയ്തു.

കാല്പനികത്വം, യഥാതഥ്യപ്രസ്ഥാനം, ആധുനികത[തിരുത്തുക]

റൊമാന്റിസിസത്തിന്റെയും റിയലിസത്തിന്റെയും പ്രയാണമാണ് പതിനെട്ടാം ശതകത്തിന്റെ അവസാനത്തിലും പത്തൊൻപതാം ശതകത്തിന്റെ ആരംഭത്തിലും കണ്ടത്. ബ്രെന്റൺ ഡി ഹെറെറോസ്, ലോപസ് ഡി അയാളാ, തമായോ ബോസ് തുടങ്ങിയവർ റൊമാന്റിക് നാടകത്തിന്റെ സൂത്രധാരകരായിനിന്നു. പത്തൊൻപതാം ശതകത്തിന്റെ അവസാനത്തിലാണ്, പാശ്ചാത്യാശയങ്ങളുടെ സ്വാധീനത്തിൽ പരീക്ഷണനാടകങ്ങൾ രംഗത്തെത്താൻ തുടങ്ങിയത്. ആൻട്രിയാ ഗുവാളിന്റെ (1872-1943) നാടകദർശനങ്ങളാണ് സ്പെയിനിൽ മോഡേണിസത്തിന് പ്രതിഷ്ഠയേകിയത്. ജാസിന്റോ ഗ്രാപ് (1877-1958), മാർട്ടിനസ് സീറാ (1881-1947), മരിയാ ഡി വാലെ ഇൻക്ളാൻ (1866-1936) എന്നിവർ ആധുനിക നാടകവേദിയെയും കുട്ടികളുടെ നാടകചിന്തകളെയും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1917-25 കാലഘട്ടത്തിലാണ് 'ന്യൂ' തിയേറ്റർ പ്രസ്ഥാനം കടന്നുവന്നത്.

നിരവധി തിയേറ്റർ ക്ലബ്ബുകളും ലിറ്റിൽ തിയേറ്ററുകളും സ്പാനിഷ് നാടകവേദിയെ ഇപ്പോൾ സമ്പന്നമാക്കുന്നു. ക്ലാസ്സിക് നാടകങ്ങളുടെ അവതരണവും വിജയം നേടിയ പാശ്ചാത്യ നാടകങ്ങളുടെ അരങ്ങേറ്റങ്ങളും സ്പെയിനിൽ ജനകീയാംഗീകാരത്തോടെ നടത്തിവരുന്നു. ഒരുപാട് വൈദേശിക സ്വാധീനം സ്പാനിഷ് നാടകവേദിയിൽ പ്രകടമാണെങ്കിലും, സ്പാനിഷ് സംസ്കാരത്തിന്റെയും കലയുടെയും തനതു ഗന്ധമാണ് സ്പാനിഷ് നാടകവേദിയെ വ്യതിരിക്തമാക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടകകല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സ്പാനിഷ്_തിയേറ്റർ&oldid=3739317" എന്ന താളിൽനിന്ന് ശേഖരിച്ചത്