സെപ്ത്വജിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Septuagint എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെപ്ത്വജിന്റ് - വത്തിക്കാൻ കോഡക്സിലെ എസ്ദ്രസിന്റെ ഒന്നാം പുസ്തകത്തിന്റെ ഒരു പുറം

പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ഹെബ്രായ ബൈബിളിലെ (Hebrew Bible) ഗ്രന്ഥങ്ങളുടെ ഗ്രീക്ക് പരിഭാഷയാണ് പ്രധാനമായും സെപ്ത്വജിന്റ്. ഹെബ്രായ ബൈബിളിൽ ഉൾപ്പെടാത്തവയെങ്കിലും, പല ക്രിസ്തീയ വിഭാഗങ്ങളും പഴയനിയമത്തിന്റെ ഭാഗമായി കരുതുന്ന ചില ഗ്രന്ഥങ്ങളും ഈ സമുച്ചയത്തിലുണ്ട്. ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ തുടങ്ങി ഘട്ടം ഘട്ടമായി നിർവഹിക്കപ്പെട്ട ഈ പരിഭാഷ ക്രി.മു. ഒന്നാം നൂറ്റാണ്ടിൽ പൂർത്തിയായിരിക്കണം.

പേരിനു പിന്നിൽ[തിരുത്തുക]

സെപ്ത്വജിന്ത് എന്ന പേരു്‌ ലത്തീൻ ഭാഷയിലെ സെപ്തുവഗിന്ത ഇന്തെർപ്രേതും വേർസിയോ (septuaginta interpretum versio) എന്നതിൽ നിന്നാണ്‌ ഉണ്ടായത് അർത്ഥം 70 ദ്വിഭാഷികളുടെ പരിഭാഷ എന്നാണ്‌. (ഗ്രീക്ക്: η μετάφραση των εβδομήκοντα) ഈജിപ്റ്റിലെ ടോളമി രണ്ടാമൻ രാജാവിന്റെ(ക്രി.മു.285-246) അഭ്യര്ത്‍ഥനയനുസരിച്ച് ഇസ്രായേയിൽ നിന്നു അലക്സാണ്ഡ്രിയയിലേക്ക് അയക്കപ്പെട്ട 72 പണ്ഡിതശ്രേഷ്ഠർ 72 ദിവസം കൊണ്ടാണ് പരിഭാഷ നടത്തിയത് എന്നു അരിസ്റ്റീസിന്റെ കത്ത് എന്ന പൗരാണിക ഗ്രീക്ക് രേഖയിൽ പറയുന്നു.[1] ഈ കഥയിൽ നിന്നാണ് 72-ന് ഏറ്റവും അടുത്ത പതിറ്റു സംഖ്യയായ എഴുപതുമായി ബന്ധപ്പെട്ട സെപ്ത്വജിന്റ് എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു. പണ്ഡിതന്മാർ ഓരോരുത്തരും മുഴുവൻ ബൈബിളും പരസ്പരം ചർച്ച ചെയ്യാതെ പരിഭാഷപ്പെടുത്തിയെന്നും, ഒടുവിൽ ഒത്തു നോക്കിയപ്പോൾ, എല്ലാ പരിഭാഷകളും വാക്കോടു വാക്ക് ഒന്നു പോലെയിരുന്നു എന്നും ഒരു കഥയുണ്ട്.[2]


പശ്ചാത്തലം[തിരുത്തുക]

ക്രി. മു. നാലാം നൂറ്റാണ്ടിൽ നടന്ന അലക്സാണ്ഡ്റുടെ പടയോട്ടങ്ങളെത്തുടർന്ന്, പലസ്തീനയും ഈജിപ്റ്റും അടക്കം മധ്യധരണിക്കടലിന്റെ കിഴക്കൻ തീരത്താകെ ഗ്രീക്ക് ഭാഷയുടേയും സംസ്കാരത്തിന്റേയും സ്വാധീനം പരന്നിരുന്നു. എത്രയേറെ ചെറുത്തു നിന്നിട്ടും, യഹൂദ മതവും സംസ്കൃതിയും വലിയൊരളവിൽ ഗ്രീക്ക് ഭാഷയുടേയും സംസ്കാരത്തിന്റേയും പ്രഭാവത്തിലായി. കൂടാതെ, പലസ്തീനക്കു പുറത്ത് പലയിടങ്ങളിലും, ഗ്രീക്ക് സംസാരിക്കുന്ന യഹൂദ സമൂഹങ്ങളും ഉടലെടുത്തു. കിഴക്കൻ മധ്യധരണി പ്രദേശത്തെ ഗ്രീക്ക് സ്വാധീനത്തിന്റെ കേന്ദ്രസ്ഥാനം തന്നെയായിരുന്ന അലക്സാൻഡ്രിയയിലും ഗ്രീക്ക് സംസാരിക്കുന്ന വലിയൊരു യഹൂദ സമൂഹം ഉണ്ടായിരുന്നു. ഇത്തരം സമൂഹങ്ങളിലെ അംഗങ്ങൾക്ക് അവരുടെ സ്വന്തം ഭാഷയിൽ വിശുദ്ധ ലിഖിതങ്ങൾ വായിക്കാൻ അവസരം ഉണ്ടാകാൻ വേണ്ടിയാണ് ഗ്രീക്ക് ഭാഷയിലേക്കുള്ള ഈ പരിഭാഷ നടത്തിയത്.

സെപ്ത്വജിന്റിന്റെ സ്വാധീനം, സ്വീകാര്യത[തിരുത്തുക]

ക്രിസ്തുവിന് തൊട്ടുമുൻപുള്ള നൂറ്റാണ്ടിലും ക്രിസ്തുവിന്റെ ജീവിതകാലത്തും, സെപ്ത്വജിന്റിന്, യഹൂദചിന്തയിന്മേൽ വലിയ സ്വാധീനം ഉണ്ടായിരുന്നു. പുതിയ നിയമത്തിന്റെ രൂപവത്കരണം നടന്നത് സെപ്ത്വജിന്റിനെ പശ്ചാത്ഭൂമിയാക്കിയാണ്. പഴയനിയമത്തിൽ നിന്നു പുതിയനിയമത്തിലുള്ള ഉദ്ധരണികൾ എല്ലാം തന്നെ സെപ്ത്വജിന്റിൽ നിന്നാണ്. സെപ്ത്വജിന്റിന്റെ ഭാഷയായ ഗ്രീക്കിലാണ് പുതിയ നിയമം മുഴുവൻ എഴുതപ്പെട്ടത് എന്നും ഓർക്കേണ്ടതുണ്ട്.

യഹൂദരുടെ നിലപാട്[തിരുത്തുക]

എന്നാൽ പൊതുവേ സ്വീകരിക്കപ്പെട്ട, പഴയ നിയമത്തിന്റെ ഹെബ്രായ മൂലവുമായി സെപ്ത്വജിന്റ് എപ്പോഴും ഒത്തുപോകുന്നില്ല എന്നതു പ്രശ്നമായിട്ടുണ്ട്. പരിഭാഷയിൽ പലയിടങ്ങളിലും കാണുന്ന പാഠഭേദങ്ങൾക്കു പുറമേ, ഹെബ്രായ മൂലത്തിലേ ഇല്ലാത്ത ചില പുസ്തകങ്ങൾ കൂടി സെപ്ത്വജിന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് പിൽക്കാലത്തു ചിന്താക്കുഴപ്പങ്ങളും അഭിപ്രായ ഭിന്നതകളും ഉളവാക്കി. ഇക്കാരണങ്ങളാലും, അന്ന് വളർന്നു വന്നുകൊണ്ടിരുന്ന ക്രൈസ്തവ സമൂഹങ്ങൾക്ക് സെപ്ത്വജിന്റിനോടുള്ള പ്രത്യേക ബന്ധത്തിന്റെ പശ്ചാത്തലത്തിലും, ക്രി.പി. ഒന്നാം നൂറ്റാണ്ടിൽ തന്നെ യഹൂദർ ഈ സമാഹാരത്തോട്, പ്രത്യേകിച്ച്, അതിലുൾപ്പെടുത്തിയിട്ടുള്ള ഗ്രന്ഥങ്ങളിൽ ഹെബ്രായ ബൈബിളിൽ ഇല്ലാത്തവയോട്, അകൽച്ച പ്രകടിപ്പിക്കാൻ തുടങ്ങി. ബൈബിളിലെ പ്രാമാണിക ഗ്രന്ഥങ്ങൾ നിശ്ചയിക്കാനായി ക്രി.പി. 90-ൽ ഫിലിസ്തിയായിലെ ജാംനിയയിൽ ചേർന്ന യഹൂദ വിദ്വാന്മാരുടെ സമ്മേളനത്തിലാണ്, സെപ്ത്വജിന്റിനേയും, പ്രത്യേകിച്ച് ഹെബ്രായ ബൈബിളിനു പുറമേ നിന്ന് അതിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രന്ഥങ്ങളേയും തിരസ്കരിക്കാൻ തീരുമാനിച്ചത് എന്നു പറയുന്നവരുണ്ട്. [3]

ക്രൈസ്തവരുടെ നിലപാട്[തിരുത്തുക]

പിൽക്കാലത്ത് ക്രൈസ്തവരിൽതന്നെ പലരും സെപ്ത്വജിന്റിനോടുള്ള നിലപാട് പുനപരിശോധിച്ചു. ഹെബ്രായ ബൈബിളിൽ നിന്നല്ലാത്ത ഗ്രന്ഥങ്ങളെ അപ്പോക്രിഫ എന്ന പേരിൽ ഒരു പ്രത്യേക വിഭാഗമാക്കിയത്, വി. ജെറോമിന്റെ വുൾഗാത്തെ എന്ന ലത്തീൻ ബൈബിളിലാണ്. മാർട്ടിൻ ലൂഥറിനെ പിന്തുടരുന്ന പ്രൊട്ടസ്റ്റന്റ് സഭകൾ അപ്പോക്രിഫയിലെ പുസ്തകങ്ങളെ ദൈവനിവേശിത ഗ്രന്ഥങ്ങളായി അംഗീകരിക്കുന്നില്ല. കത്തോലിക്കരും ഒർത്തഡോക്സ് സഭകളും അവയെ അംഗീകരിക്കുന്നു.

മറ്റൊരു സമീപനം[തിരുത്തുക]

സെപ്ത്വജിന്റ് പൂർണ്ണമായും മൂലത്തെ പിന്തുടരുന്ന പരിഭാഷ അല്ലെന്നതു ആകസ്മികമല്ലെന്നും അത് അങ്ങനെയായിരിക്കേണ്ടതല്ലെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. ഒരളവു വരെ അതിന്റെ സാക്‌‌ഷ്യം സ്വതന്ത്രമാണെന്നും ദൈവവെളിപാടിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണതെന്നും ആണ് ഇങ്ങനെ വാദിക്കുന്നവരുടെ നിലപാട്. 2006 സെപ്തംബറിൽ ജർമ്മനിയിലെ റീഗൻസ്ബർഗ് യൂണിവേഴ്‍സിറ്റിയൽ നടത്തിയ ഒരു പ്രഭാഷണത്തിൽ [4]ബനഡിക്ട് പതിനാറാമൻ മാർ‍പ്പാപ്പ ഈ വാദം പിന്തുടരുന്നുണ്ട്. ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിനും വളർച്ചക്കും നിർണായകമായ ഒരു നാഴികക്കല്ലായിരുന്നു സെപ്ത്വജിന്റ് എന്നു കൂടി അദ്ദേഹം ആ പ്രഭാഷണത്തിൽ പറഞ്ഞു.

അവലംബം[തിരുത്തുക]

  1. http://www.ccel.org/c/charles/otpseudepig/aristeas.htm
  2. Macro History: Jews, the Septuagint and Tradition. http://www.ccel.org/c/charles/otpseudepig/aristeas.htm - Judaic doctrine would hold that seventy-two translators had worked independently of each other on the translation and had produced exactly the same result, word for word - a miracle in keeping with the belief that the books were the works of divine intervention.
  3. Charles Merrill smith & James W. Bennett, How the Bible was Built
  4. http://www.cwnews.com/news/viewstory.cfm?recnum=46474

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെപ്ത്വജിന്റ്&oldid=3993089" എന്ന താളിൽനിന്ന് ശേഖരിച്ചത്