ഇന്ത്യൻ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 377

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Section 377 of the Indian Penal Code എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നത് 1867-ലാണ്. അന്നത്തെ ചില വകുപ്പുകൾ യാതൊരു മാറ്റവും ഇല്ലാതെ ഇന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗമായി തുടരുന്നു. ഇതിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിട്ട ഒന്നാണ് 377-ാം വകുപ്പ്. ഇത് ബ്രിട്ടീഷ് നിർമിതവും (കൊളോണിയൽ കാലത്ത്) മെക്കാളെ സായിപ്പിന്റെ കാലത്ത് പ്രാബല്യത്തിൽ വന്നതുമായ ഒരു നിയമം ആണ്. ഇത് പ്രകാരം ഗര്ഭധാരണത്തിന് വേണ്ടി അല്ലാതെയുള്ള ലൈംഗികബന്ധം, ലിംഗലൈംഗിക ന്യൂനപക്ഷങ്ങളുടെ ലൈംഗികത തുടങ്ങിയവ കുറ്റകരമാണ് എന്ന് വിലയിരുത്തുന്നു.

പത്തുവർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ഇത് പ്രകാരം വിധിക്കാൻ ഇത് പ്രകാരം കോടതിയ്ക്ക് കഴിയും. അതിനാൽ കുട്ടികളെ ജനിപ്പിക്കാൻ വേണ്ടി അല്ലാതെയുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾ, ട്രാൻസ്ജെൻഡറുകൾ, സ്വവർഗാനുരാഗികൾ ഉൾപ്പെടെയുള്ളവർ ക്രിമിനൽ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നു. 2018 സെപ്റ്റംബർ ആറിന് ഈ നിയമത്തിൽ ആവശ്യമായ ഭേദഗതി സുപ്രീംകോടതി വിധിയോടെ നിലവിൽ വന്നു.

രാഷ്ട്രീയപാർട്ടികളുടെ നിലപാട്[തിരുത്തുക]

സ്വവർഗാനുരാഗികളുടെയും ട്രാൻസ് ജെൻഡറുകളുടെയും കാര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന, ബ്രിട്ടീഷുകാരാൽ നിർമ്മിക്കപ്പെട്ട ഏറ്റവും പ്രാകൃത നിയമമായ ഈ വകുപ്പ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശ സംഘടനകളും ഇടത് കക്ഷികൾ അടക്കമുള്ള ചില രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വന്നിട്ടുണ്ട്.[1]

സെക്ഷൻ 377 നീക്കം ചെയ്യുക എന്ന ആവശ്യം പരസ്യമായി ഉന്നയിച്ച രാഷ്ട്രീയ കക്ഷികൾ വിരളമാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ പൊതുവേ ഈ വിഷയത്തിൽ സ്വീകരിച്ചു വരുന്ന മാനുഷിക സമീപനത്തിന് ഉദാഹരണമാണ് ഈ വിഷയത്തിൽ സി.പി.ഐ.എംൻറെ സമീപനം. സെക്ഷൻ 377 നീക്കം ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് അവർ 2014 മാർച്ച് 19ന് ഒരു തീരുമാനം പുറത്തിറക്കുകയുണ്ടായി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ (LGBTIA ) അവകാശങ്ങളെ ന്യായമായ മനുഷ്യാവകാശങ്ങളുടെ പട്ടികയിൽ പെടുത്തിക്കൊണ്ട് പരിഗണിക്കുക എന്നത് അവരുടെ അംഗീകൃത നയമാണ്.[2]

2013-ലെ വിധി[തിരുത്തുക]

2012 മാർച്ച് മാസത്തിൽ ഈ നിയമത്തെ തള്ളിക്കൊണ്ട് പരസ്പര സമ്മതത്തോടെയുള്ള സ്വവർഗലൈംഗികത കുറ്റകരമല്ല എന്ന് ഡൽഹി ഹൈക്കോടതി വിധി പ്രഖ്യാപിയ്ക്കുകയുണ്ടായി. പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റമല്ല എന്ന ഡൽഹി ഹൈക്കോടതിയുടെ വിധിയ്ക്ക് കേന്ദ്രസർക്കാർ നൽകിയ സത്യവാങ്ങ്മൂലത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു.[3] എന്നാൽ ഈ വിധി പുനപ്പരിശോധിക്കാൻ അഖിലേന്ത്യാ മുസ്ലിം നിയമ ബോർഡ്, ഉത്കൽ ക്രിസ്ത്യൻ കൌൺസിൽ എന്നിവരടക്കമുള്ള വിവിധ മത സംഘടനകൾ ചേർന്ന് നൽകിയ പരാതിയെ തുടർന്ന് 2013 ഡിസംബറിൽ സ്വവർഗ രതി ക്രിമിനൽ കുറ്റമാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിയ്ക്കുകയുണ്ടായി. ഭരണഘടനയിലെ വകുപ്പുകൾ തിരുത്തുക എന്നത് പാർലമെന്റിന്റെ ചുമതലയാണ് എന്നും പാർലമെന്റിന് ഇക്കാര്യത്തിൽ സ്വവർഗ ലൈംഗികതയ്ക്ക് അനുകൂലമായ നിയമ നിർമ്മാണം നടത്താവുന്നതാണ് എന്നും കോടതി നിർദ്ദേശിച്ചു.[4]

പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കാൻ ലക്ഷ്യമിടുന്ന പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.[1]

2018 -ലെ വിധി[തിരുത്തുക]

2018 ൽ ഈ ആർട്ടിക്കിൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വാദം കേൾക്കുകയും തുടർന്ന് 2018 സെപ്തംബർ 6ന് സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ച് പ്രായപൂർത്തി ആയവർ ഉഭയസമ്മതതോടെ നടത്തുന്ന സ്വവർഗരതി കുറ്റകരമല്ല എന്ന വിധി പുറപ്പെടുവിപ്പിച്ചു. [5] ലൈംഗിക താല്പര്യം വ്യക്തികേന്ദ്രീകൃതമാണ്, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ഭാഗമാണ്, സ്വകാര്യമാണ്, സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമല്ല, അതിൽ ഭരണകൂടം തലയിടേണ്ടതില്ല എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാരായ ആർ. എഫ്. നരിമാൻ, എ. എം ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു നാല് അംഗങ്ങൾ.

അവലംബങ്ങൾ[തിരുത്തുക]

  1. http://www.kractivist.org/india-elections-cpi-m-asks-for-decriminalisation-of-homosexuality-uid/
  2. http://www.gaylaxymag.com/latest-news/cpim-speaks-in-favour-of-gay-rights-in-election-manifesto-for-2014/
  3. http://www.janmabhumidaily.com/news46244[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.indiavisiontv.com/2013/12/11/286316.html[പ്രവർത്തിക്കാത്ത കണ്ണി]
  5. "gay-sex-is-not-a-crime-says-supreme-court-in-historic-judgement". Retrieved 6 September 2018.