കൊട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saussurea costus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൊട്ടം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
S. costus
Binomial name
Saussurea costus
(Falc.) Lipsch.
Synonyms
  • Aplotaxis lappa Decne.
  • Aucklandia costus Falc.
  • Aucklandia lappa Decne.
  • Saussurea lappa (Decne.) Sch.Bip.
  • Theodorea costus Kuntze

വംശനാശഭീഷണി നേരിടുന്ന ഒരു ഔഷധസസ്യമാണ് കൊട്ടം. (ശാസ്ത്രീയ നാമം: സൊസ്സൂറിയ ലാപ്പ, Saussurea lappa) കാശ്മീരിൽ കൂടുതലുണ്ടാകുന്നത് എന്ന അർത്ഥത്തിൽ കാശ്മീരജം, പുഷ്കരമൂലത്തോട് സാദൃശ്യമുള്ള സസ്യം എന്ന അർത്ഥത്തിൽ പുഷ്കര എന്നിങ്ങനെയുള്ള പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ചർമ്മരോഗങ്ങൾ, ശ്വാസം, കാസം (ചുമ) ഇവയെ ശമിപ്പിക്കാൻ സവിശേഷ ശക്തിയുള്ള ഒരൗഷധമാണിത്.[1]

പേരിനു പിന്നിൽ[തിരുത്തുക]

ഗ്രീക്കുകാർ കേരളത്തിൽ നിന്നും കൊട്ടം വാണിജ്യം ചെയ്തിരുന്നു. ഗ്രീക്കു ഭാഷയിൽ കിഴക്കുനിന്നു വരുന്ന (ഹിമാലയത്തിൽ) എന്നർത്ഥമുള്ള കോസ്റ്റുസ് എന്ന പദത്തിൽ നിന്നാണ് മലയാളപദമായ കൊട്ടം ഉത്ഭവിച്ചത്

ഇതര ഭാഷാസംജ്ഞകൾ[തിരുത്തുക]

സംസ്കൃതം : കുഷ്ഠം, കാശ്മീരജം, പുഷ്കര, വാപ്യം, രോഗം, അഗദഃ, വ്യാധി, ഉല്പലം, പാകലം, രുചാ, വിഷ
ഹിന്ദി : കുഠ്
ബംഗാളി : കുട്
തെലുഗു : കുഷ്ടം
തമിഴ് : കൊട്ടം
ഇംഗ്ലീഷ് : കോസ്റ്റസ്

വിതരണം[തിരുത്തുക]

ഇന്ത്യയിൽ കാശ്മീരിലും മറ്റ് ഹിമാലയപ്രാന്തങ്ങളിലും, ഉത്തർ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പാകിസ്താനിലും നേപ്പാളിലും ടിബറ്റിലും കണ്ടുവരുന്നു.

രൂപ വിവരണം[തിരുത്തുക]

കൊട്ടം സുഗന്ധമുള്ള ഒരു ചെടിയാണ്. വേരിനും കാണ്ഡത്തിനും സുഗന്ധമുണ്ട്. ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായി ഔഷധി. കാണ്ഡം വിരലിന്റെ വണ്ണമുള്ളതും ബലിഷ്ഠവുമാണ്. ഇലകൾ വലുതും പരന്നു വിരിഞ്ഞതുമാണ്. ഇലകളുടെ അറ്റം ക്രമരഹിതമായ പല്ലുകൾ പോലെയുള്ളതാണ്. ഇലകളുടെ ചുവടറ്റം കാണ്ഡത്തെ പൊതിഞ്ഞിരിക്കും. പൂങ്കുല മുണ്ഡമഞ്ജരി (തല പോലെയുള്ള പൂങ്കുല). പുഷ്പങ്ങൾക്ക് നീല കലർന്ന വയലറ്റ് നിറമാണ്. ഫലങ്ങളിൽ രോമാവരണമുണ്ട്. വിത്ത് ചെറുതും പതുങ്ങിപ്പരന്നതുമാണ്. വേര് തടിച്ചതും സുഗന്ധമുള്ളതും എളുപ്പം ഒടിയുന്നതുമാണ്. അവ വർഷങ്ങളോളം മണ്ണിൽ നശിക്കാതെ കിടക്കുകയും അനുകൂല പരിതഃസ്ഥിതിയിൽ മുളയ്കുകയും ചെയ്യും. വേരാണ് കൊട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. വെള്ള കൊട്ടം എന്ന പേരിലും അത് അറിയപ്പെടുന്നു.

രാസ ഘടകങ്ങൾ[തിരുത്തുക]

വേരിൽ തീക്ഷ്ണഗുണമുള്ള ഒരു തൈലം അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്ലൂക്കോസൈഡ്, സോസ്സൂരിൻ എന്ന ആൽക്കലോയ്ഡ്, തിക്തപദാർത്ഥം, ടാനിൻ, ഒരു സ്ഥിരതൈലം ഇവയും അടങ്ങിയിട്ടുണ്ട്.

രസാദി ഗുണങ്ങൾ ആയുർവേദത്തിൽ[തിരുത്തുക]

രസം : തിക്തം, കടു, മധുരം
ഗുണം : ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം : ഉഷ്ണം
വിപാകം : കടു

ഔഷധഗുണം[തിരുത്തുക]

" കുഷ്ഠം കടൂഷ്ണം തിക്തം സ്യാത് കഫമാരുത രക്തജിത്
ത്രിദോഷവിഷകണ്ഡൂംശ്ച കുഷ്ടരോഗാംശ്ച നാശയേത് "

കൊട്ടത്തിന്റെ കടു തിക്ത രസങ്ങളും ഉഷ്ണവീര്യവും കൊണ്ട് കഫവും മധുര രസവും ഉഷ്ണവീര്യവും കൊണ്ട് വാതവും ശമിക്കുന്നു. അഗ്നിദീപ്തി ഉണ്ടാക്കുന്നു. ശ്വാസരോഗങ്ങൾ, കാസം (ചുമ), ചർമ്മ രോഗങ്ങൾ, അലർജി ഇവ ശമിപ്പിക്കുന്നു. ശുക്ലാർത്തവങ്ങളെ ശുദ്ധീകരിക്കുകയും ഗർഭാശയവൈകല്യങ്ങൾ അകറ്റുകയും ചെയ്യുന്നു.

ഔഷധ യോഗ്യഭാഗം[തിരുത്തുക]

വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. കൊട്ടവും ഇന്തുപ്പും നല്ലതുപോലെ പൊടിച്ച് ചുത്തപ്പുളിനീരിൽ (വിനാഗിരി) കുഴച്ച് ദേഹത്ത് തിരുമ്മിയാൽ എല്ലാത്തരം വേദനകളും ശമിക്കും എന്ന് യോഗരത്നസമുച്ചയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തമകശ്വാസത്തിൽ(ആസ്ത്മ) കൊട്ടം പൊടിച്ച പൊടി ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ എടുത്ത് തേനിലോ ചൂടുവെള്ളത്തിലോ കലക്കിക്കുടിച്ചാൽ ശമനം കിട്ടും. ഈ ചികിത്സ രാവിലെയും വൈകിട്ടും എന്ന കണക്കിൽ പതിനഞ്ചു ദിവസം ചെയ്യേണ്ടതാണ്. കൊട്ടം, ദേവതാരം, രാമച്ചം, ചുക്ക് ഇവ അരച്ച് എണ്ണയിൽ കുഴച്ച് തലയിൽ പൊത്തിയാൽ തലവേദന, തലയിൽ ഉണ്ടാകുന്ന ചൊറി എന്നിവ മാറിക്കിട്ടും. കൊട്ടം, വയമ്പ്, കടുക്കാത്തോട്, ബ്രഹ്മി, താമരയല്ലി ഇവ സമമെടുത്തു പൊടിച്ച് അര ഗ്രാം മുതൽ ഒരുഗ്രാം വരെയെടുത്ത് തേനും നെയ്യും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ നിറം, കാന്തി, ആയുസ് ഇവ വർദ്ധിക്കും എന്ന്യോഗരത്നാകരം എന്ന ഗ്രന്ഥത്തിൽ കാണുന്നു.

കൊട്ടം, ചുക്ക്, വയമ്പ്, മുരിങ്ങയുടെ വേരിലെ തൊലി, വെള്ളുള്ളി, കാർത്തോട്ടി (ഗിടോരൻ) വേര്, ദേവതാരം, കടുക്, ചിറ്റരത്ത ഇവ കൽക്കമായി പുളിയില നീരിൽ അരച്ചു കലക്കി തൈരും ചേർത്ത് എണ്ണകാച്ചി അരിച്ചെടുക്കുന്നതാണ് (കൊട്ടം ചുക്കാദി തൈലം വാതഹാരിയാണിതെന്ന് സഹസ്രയോഗം പ്രതിപാദിക്കുന്നു.

ത്രായന്ത്യാദികഷായം, സിംഹ്യാദികഷായം, ശൃംഗ്യാദികഷായം, ശുണ്ഠ്യാദി തൈലം എന്നിവയെല്ലാം കൊട്ടം ചേർത്ത് ഉണ്ടാക്കുന്ന ഔഷധയോഗങ്ങളാണ്.

സംരക്ഷണം[തിരുത്തുക]

കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേഞ്ചേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫോണ ആൻഡ് ഫ്ലോറ (en:CITES) ഇന്ത്യയിൽ നിന്നും ഒന്നാം പട്ടികയിൽ പെടുത്തി സംരക്ഷിച്ചിട്ടുള്ള ഏക സസ്യമാണ് കൊട്ടം. 01.07.1975 മുതൽ രണ്ടാം പട്ടികയിൽ [2] പെട്ടിരുന്ന കൊട്ടം, 1985 ഏപ്രിൽ 22 മുതൽ മേയ് 2 വരെ അർജന്റീനയിൽ നടന്ന സൈറ്റ്സ് അഞ്ചാം സമ്മേളനത്തിൽ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന ഡോ. പി. കെ. ഹസ്രയുടെ അഭ്യർത്ഥന പ്രകാരം ഒന്നാം പട്ടികയിലേക്ക് ഉയർത്തി. [3]

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം 1994 മാർച്ച് മുപ്പതിലെ നമ്പർ 47 (PN)/92–97 ഉത്തരവ് പ്രകാരം കൊട്ടം അടക്കമുള്ള 56 ഇനം ഔഷധസസ്യങ്ങളുടെ കയറ്റുമതിയും വ്യാപാരവും കേന്ദ്ര വാണിജ്യ മന്ത്രാലയം നിരോധിച്ചു. [4]

1999 മേയ് 31ലെ No. 1999/39 ഉത്തരവ് അനുസരിച്ച് 130 രാജ്യങ്ങളിൽ കൃഷി ചെയ്തതോ അല്ലാത്തതോ ആയ എല്ലാ കൊട്ടം സസ്യഭാഗങ്ങളുടേയും സംഭരണവും വിപണനവും നിരോധിച്ചു. കൊട്ടം ഉൾപ്പെട്ട ഔഷധങ്ങൾ ഈ രാജ്യങ്ങളിൽ പിടിച്ചെടുക്കുന്നുണ്ട്. [5]

അവലംബം[തിരുത്തുക]

  1. ഡോ. എസ്. നേശമണിയുടെ ഔഷധ സസ്യങ്ങൾ - 2, പേജ് 173-175, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
  2. http://www.cites.org/eng/cop/03/E03-Appendices.pdf Archived 2013-04-30 at the Wayback Machine. പേജ് 30
  3. http://www.cites.org/eng/cop/05/prop/index.php & http://www.cites.org/eng/cop/05/doc/E05-45-A1.pdf Archived 2013-09-10 at the Wayback Machine.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-11-14.
  5. http://www.cites.org/common/com/pc/19/E19i-07.pdf Archived 2012-12-02 at the Wayback Machine. പേജ് 10
"https://ml.wikipedia.org/w/index.php?title=കൊട്ടം&oldid=3991432" എന്ന താളിൽനിന്ന് ശേഖരിച്ചത്