സതീഷ്ബാബു പയ്യന്നൂർ
പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സതീഷ്ബാബു പയ്യന്നൂർ(ജനനം : 1963 മരണം - 2022). 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്.[1]
ജീവിതരേഖ[തിരുത്തുക]
ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ്ബാബു പയ്യന്നൂർ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ 1963ലാണ് ജനിച്ചത്. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്ത് തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ 'ക്യാമ്പസ് ടൈംസി'ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർഡുകൾക്കും അർഹനായി. ബാങ്കിൽ ജോലികിട്ടിയെങ്കിലും അക്കങ്ങൾ നൽകുന്ന സമ്മർദത്തിൽനിന്നു പുറത്തുചാടണമെന്ന ആഗ്രഹമാണ് ബാങ്കിന്റെതന്നെ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് ഇരിപ്പിടവും ജോലിയും മാറ്റിവാങ്ങിയത്. കഥാസമാഹാരങ്ങളും നോവലും നോവലൈറ്റുകളുമൊക്കെ അങ്ങനെ സതീഷ് ബാബു പയ്യന്നൂരിന്റേതായി പിറന്നുകൊണ്ടിരുന്നു. [2]
മലയാളത്തിൽ ടെലിവിഷൻ ചാനലുകളുടെ തുടക്കത്തിൽ പനോരമ തയ്യാറാക്കിയ പ്രഭാതപരിപാടികൾ ശ്രദ്ധിക്കപ്പെട്ടതോടെ എഴുത്തിന് പുറത്തേക്കും സതീഷ് വളർന്നു. ചെറുപ്പംതൊട്ടേ കഥകളുടെ ലോകത്തായ സതീഷ് ബാബുവിനെ പ്രമുഖ എഴുത്തുകാരുടെ പട്ടികയിലേക്ക് ഉയർത്തിക്കാട്ടിയത് 'മഞ്ഞസൂര്യന്റെ നാളുകളിൽ' എന്ന നോവലാണ്.[3]
കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിൻറെ കീഴിലുള്ള ഭാരത് ഭവൻറെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.[4]
മരണം[തിരുത്തുക]
അവസാനം പുറത്തിറങ്ങിയ നോവല്ലെകൾ ചേർന്ന പുസ്തകം ഏറ്റുവാങ്ങിയ ദിവസമാണ് കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂർ അന്ത്യയാത്രയായത്. [5]2022 നവംബർ 24 ഉച്ചയ്ക്ക് ശേഷമാണ് സതീഷ് ബാബു പയ്യന്നൂരിനെ താമസിക്കുന്ന ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യ ഫോൺ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് അടുത്ത് താമസിക്കുന്ന ബന്ധു എത്തിയപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. [6]
കൃതികൾ[തിരുത്തുക]
- പേരമരം
- കുടമണികൾ കിലുങ്ങിയ രാവിൽ
- കലികാൽ
- വൃശ്ചികം വന്നു വിളിച്ചു
പുരസ്കാരങ്ങൾ[തിരുത്തുക]
- കാരൂർ പുരസ്കാരം (1985)
- ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം (2012)
കുടുംബം[തിരുത്തുക]
അച്ഛൻ: വാസുദേവൻ നമ്പൂതിരി, അമ്മ: പാർവതി. ഭാര്യ: ഗിരിജ, മകൾ: വർഷ(ബിസിനസ് കൺസൾട്ടന്റ്, പൂനെ), മരുമകൻ: ശ്രീരാജ് (എൻജിനിയർ, പൂനെ) https://keralakaumudi.com/news/news.php?id=952729&u=satheesh-babu-952729
അവലംബം[തിരുത്തുക]
- ↑ "സതീഷ് ബാബു പയ്യന്നൂരിന് കേരള സാഹിത്യ അക്കാഡമി അവാർഡ്". കേരള കൗമുദി. 2013 ജൂലൈ 12. ശേഖരിച്ചത് 2013 ജൂലൈ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ https://www.manoramanews.com/news/breaking-news/2022/11/24/satheesh-babu-payyannoor-passes-away.html
- ↑ https://www.manoramanews.com/news/breaking-news/2022/11/24/satheesh-babu-payyannoor-passes-away.html
- ↑ https://www.manoramanews.com/news/breaking-news/2022/11/24/satheesh-babu-payyannoor-passes-away.html
- ↑ https://www.mathrubhumi.com/literature/news/satheeshbabu-payyannur-last-book-autobiographical-notes-channam-pinnam-1.8078181
- ↑ https://www.manoramanews.com/news/breaking-news/2022/11/24/satheesh-babu-payyannoor-passes-away.html