സെയ്ദ്പൂർ, ഇസ്ലാമബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saidpur, Islamabad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെയ്ദ്പൂർ
سیدپور
ഇസ്ലാമബാദിനു സമീപം സ്ഥിതിചെയ്യുന്ന ഗ്രാമമാണ് സെയ്ദ്പൂർ
ഇസ്ലാമബാദിനു സമീപം സ്ഥിതിചെയ്യുന്ന ഗ്രാമമാണ് സെയ്ദ്പൂർ
രാജ്യം പാകിസ്താൻ
ഭരണ മേഖലഇസ്ലാമബാദ് തലസ്ഥാന പ്രദേശം
ഉയരം
620 മീ(2,030 അടി)
സമയമേഖലUTC+5 (PST)

പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള മാർഗല്ല കുന്നിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു പുരാതന ഗ്രാമമാണ് സെയ്ദ്പൂർ. ഇസ്ലാമാബാദിലെ ദാമൻ-ഇ-കോഹ് എന്ന കുന്നിൽ നിന്നു നോക്കിയാൽ ഈ ഗ്രാമം കാണാൻ സാധിക്കും. ഇവിടെ ഒരുകാലത്തു നശിച്ചുപോയ പുരാതന ഹിന്ദു ആരാധനാലയങ്ങളെയും സിഖ് മതക്കാരുടെ ഗുരുദ്വാരയെയും 2006-ൽ വീണ്ടെടുത്തു. ഇപ്പോൾ ഈ ഗ്രാമത്തിൽ ധാരാളം ഭക്ഷണശാലകൾ ഉണ്ട്.ഇത് ഇസ്ലാമബാദിലെ ജനങ്ങളെയും വിനോദസഞ്ചാരികളെയും വളരെയേറെ ആകർഷിക്കുന്നു.

പദോൽപ്പത്തി[തിരുത്തുക]

മുഗൾ ചക്രവർത്തി ബാബറിന്റെ ഭരണകാലത്ത് പോഠോഹാർ മേഖലയുടെ ഭരണാധികാരിയായിരുന്ന സുൽത്താൻ സാരംഗ് ഖാന്റെ മകനായ സുൽത്താൻ സെയ്ദ് ഖാന്റെ സ്മരണാർത്ഥമാണ് സെയ്ദ്പൂരിന് ആ പേര് നൽകിയിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് മുതൽക്കേ സെയ്ദ്പൂർ ഗ്രാമം അതിന്റെ പൈതൃകം കൊണ്ടും ചരിത്രം കൊണ്ടും പ്രസിദ്ധമായിരുന്നു. വളരെ പണ്ടുകാലം മുതൽക്കേ ഇവിടുത്തെ ഗ്രാമവാസികൾക്കും വിനോദസഞ്ചാരികൾക്കും സെയ്ദ്പൂർ ഒരു വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും മാർഗല്ല കുന്നുകൾ സെയ്ദ്പൂരിന്റെ മനോഹരമായ ദൃശ്യം സമ്മാനിക്കുന്നു. മുസ്ലിങ്ങളും ഹിന്ദുക്കളും സിക്കുകാരും ഒരുമിച്ച് ജീവിച്ചിരുന്നതിന്റെ തെളിവുകൾ ഈ ഗ്രാമത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

മുഗൾ ചക്രവർത്തി അക്ബറിന്റെ മകനായ ജഹാംഗീറിന് വിവാഹം ചെയ്തുകൊടുത്ത തന്റെ മകൾക്ക് ഈ ഗ്രാമം സെയ്ദ് ഖാൻ സമ്മാനമായി നൽകി.

ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പായ തുസുക്-ഇ-ജഹാംഗീരിയിൽ തന്റെ കാബൂളിലേക്കുള്ള യാത്രാ മധ്യേ റാവൽപിണ്ടിക്കു മുമ്പായി അദ്ദേഹം അധിവസിച്ചു എന്ന് പറയുന്ന സ്ഥലം സെയ്ദ്പൂരാണെന്നു വിശ്വസിക്കുന്നു. മുഗൾ ഭരണകാലത്ത് പൂന്തോട്ടങ്ങൾക്കു വെള്ളം നനയ്ക്കുന്നതിനും കുടിവെള്ളത്തിന് ആവശ്യമായ വെള്ളം എടുക്കുന്നതിനും ഈ ഗ്രാമത്തെ ആശ്രയിച്ചിരുന്നു. ശാശ്വതമായ ഒരു വസന്ത ഗ്രാമം അഥവാ ഒരു പൂന്തോട്ടനഗരം ആയിരുന്നു സയ്ദ്പൂർ എന്നു കരുതപ്പെടുന്നു.

ഹിന്ദു സൈന്യാധിപനായിരുന്ന രാജാ മാൻസിങ്ങ് ഈ ഗ്രാമത്തെ ഒരു ഹിന്ദു ആരാധനാലയ കേന്ദ്രമാക്കി മാറ്റി. രാമ കുണ്ഡ്, സീതാ കുണ്ഡ്, ലക്ഷമണൻ കുണ്ഡ്, ഹനുമാൻ കുണ്ഡ് എന്നിങ്ങനെ ധാരാളം ചെറിയ തടാകങ്ങൾ അദ്ദേഹം നിർമ്മിച്ചു.

ഹിന്ദു നാഗരികതയുടെ ചരിത്രം സൂചിപ്പിക്കുന്ന ഒരുപാട് ആരാധനാലയങ്ങൾ പണികഴിക്കപ്പെടുകയും അതെല്ലാം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

പുനർ നവീകരണം[തിരുത്തുക]

സെയ്ദ്പൂരിലെ പുനർനിർമ്മിച്ച ഗുരുദ്വാര

സെയ്ദ്പൂരിന്റെ പൈതൃകം സംരക്ഷിക്കുന്നതിനു വേണ്ടിയും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും 2006-ൽ കമ്രാൻ ലഷാറിയുടെ നേതൃത്വത്തിൽ സെയ്ദ്പൂരിനെ പുനർനവീകരിക്കാൻ തീരുമാനിച്ചു.

ഫ്രഞ്ച് ഗവൺമെന്റിന്റെ പ്രതിനിധികൾ ഇതിന് ശാസ്ത്രീയമായ സഹായങ്ങൾ ചെയ്തു കൊടുത്തു. ഫ്രഞ്ച് അംബാസഡറിന് പാകിസ്താനിൽ നിന്നു ലഭിച്ച സ്വീകരണത്തിന്റെ ഭാഗമായിട്ട് ഫ്രഞ്ച് വാസ്തുശിൽപി മാക്സ് ബോയ്സ്രോബെർട്ട് സയിദ്പൂർ സന്ദർശിച്ചു. പുനർ നവീകരണ പദ്ധതിയുടെ തുടക്കത്തിലുള്ള ചെലവ് 40 കോടി രൂപയായി നിർണ്ണയിച്ചു.[1]

സെയ്ദ്പൂരിലെ ചരിത്ര അവശേഷിപ്പുകൾ പാകിസ്താനിലെ മൊത്തം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

സാമ്പത്തികം[തിരുത്തുക]

വിനോദസഞ്ചാരം[തിരുത്തുക]

2008-ൽ ക്യാപ്പിറ്റൽ ഡെവലപ്മെന്റ് അതോറിറ്റി സെയ്ദ്പൂരിനെ പുനർനവീകരിച്ച് വിനോദസഞ്ചാരികളെയൊക്കെ ആകർഷിക്കുന്ന ഒരു വിചിത്രമായ ഗ്രാമമാക്കി മാറ്റി.

മൺവീടുകൾക്ക് പുതുമ കൂട്ടിയും ഗ്രാമത്തിൽ കൂടി ഒഴുകുന്ന അരുവികൾ വൃത്തിയാക്കിയും ഹിന്ദു ആരാധനാലയങ്ങൾ നവീകരിച്ചുമാണ് സെയ്ദ്പൂരിനെ പുനർനിർമ്മിച്ചത്. വൈക്കോൽക്കൂനകൾ, ചുവരുകളിൽ ഉപയോഗിച്ചിരുന്ന കല്ലുകൾ, കുതിരവണ്ടികൾ തുടങ്ങി പോഠോഹാറിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന എല്ലാം തന്നെ ഈ ഗ്രാമത്തിന്റെ പാരമ്പര്യ പശ്ചാത്തലം പ്രതിഫലിപ്പിക്കുന്നു. ഡെസ് പാർഡെസ്, ദ പോളോ ലോങ് മുതലായവ ഇവിടുത്തെ പ്രസിദ്ധമായ ഭക്ഷണശാലകളാണ്. ധാരാളം വിനോദസഞ്ചാരികൾ ഒഴിവു സമയങ്ങൾ ചിലവഴിക്കാൻ വേണ്ടി ഈ ഗ്രാമത്തിൽ എത്താറുണ്ട്. ഇവിടെ ചിത്രങ്ങളോട് കൂടിയ ചെറിയ മ്യൂസിയങ്ങളും കാണാൻ സാധിക്കും.

സെയ്ദ്പൂരിലെ ഭക്ഷണശാലകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

മറ്റു കാഴ്ചകൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-02. Retrieved 2017-11-24.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെയ്ദ്പൂർ,_ഇസ്ലാമബാദ്&oldid=3648217" എന്ന താളിൽനിന്ന് ശേഖരിച്ചത്