സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sachchidananda Hirananda Vatsyayan Ajneya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ 'അജ്ഞേയ്'
सच्‍चिदानन्‍द हीरानन्‍द वात्‍स्‍यायन 'अज्ञेय'
സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ
ജനനം(1911-03-07)7 മാർച്ച് 1911
മരണം4 ഏപ്രിൽ 1987(1987-04-04) (പ്രായം 76)
ദേശീയത ഇന്ത്യ
തൊഴിൽവിപ്ലവകാരി, എഴുത്തുകാരൻ, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, സഞ്ചാരി
ജീവിത പങ്കാളി(കൾ)കപില വാത്യായൻ
പുരസ്കാരങ്ങൾ1964: സാഹിത്യ അക്കാദമി അവാർഡ്
1978: ജ്ഞാനപീഠം അവാർഡ്
1983: ഗോൾഡൻ റീത്ത് അവാർഡ്
തൂലികാനാമംഅജ്ഞേയ്

ജ്ഞാനപീഠം നേടിയ ഒരു ഹിന്ദി സാഹിത്യകാരനായിരുന്നു സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായൻ (सच्‍चिदानन्‍द हीरानन्‍द वात्‍स्‍यायन) (മാർച്ച് 7, 1911ഏപ്രിൽ 4, 1987). അജ്ഞേയ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെട്ടിരുന്നത്. ഹിന്ദി കവിതയിലും സാഹിത്യത്തിലും നിരൂപണത്തിലും പത്രപ്രവർത്തനത്തിലും ഇദ്ദേഹം ആധുനിക ശൈലിക്ക് തുടക്കമിട്ടു. ആധുനിക ഹിന്ദി സാഹിത്യത്തിലെ നയി കവിതയുടെയും (പുതിയ കവിത) പ്രയോഗവാദത്തിന്റെയും പ്രധാന വക്താക്കളിലൊരാളായിരുന്നു ഇദ്ദേഹം. 1964-ൽ സാഹിത്യ അക്കാദമി പുരസ്കാരവും 1978-ൽ ജ്ഞാനപീഠവും നേടി. ആംഗൻ കെ പർ ദ്വാർ (കവിത), കിത്നി നാവോം മെ കിത്നി ബാർ (കവിതാസമാഹാരം), അപ്നെ അപ്നെ അജ്ഞാബി (നോവൽ) തുടങ്ങിയവ പ്രധാന കൃതികളിൽ ചിലതാണ്.

കവി, നാടകകൃത്ത്, നോവലിസ്റ്റ്, കാഥികൻ, സഞ്ചാരസാഹിത്യകാരൻ, വിമർശകൻ എന്നീ നിലകളിലെല്ലാം ഇദ്ദേഹം പ്രസിദ്ധി നേടിയിട്ടുണ്ട്. അജ്ഞേയുടെ യഥാർഥവ്യക്തിത്വവും പ്രതിഭയും പ്രകടമായിക്കാണുന്നത് ഇദ്ദേഹത്തിന്റെ നോവലുകളിലും കവിതകളിലുമാണ്.

വിദ്യാഭ്യാസം[തിരുത്തുക]

1911 മാണ്ടിൽ ഇദ്ദേഹം ഉത്തർപ്രദേശിലെ കസിയാ എന്ന സ്ഥലത്തു ജനിച്ചു. വിദ്യാഭ്യാസം ചെന്നൈയിലും ലാഹോറിലും നടത്തി. ബാല്യകാലത്ത് ലക്നൗ, കാശ്മീർ, ബിഹാർ, ചെന്നൈ എന്നീ സ്ഥലങ്ങളിൽ താമസിക്കുവാനും വൈവിധ്യം നിറഞ്ഞ ജീവിതാനുഭവങ്ങൾ നേടുവാനും ഇദ്ദേഹത്തിനു സാധിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ ഭാരതീയ സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊള്ളുകയും നാലുവർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. സ്വാതന്ത്യലബ്ധിക്കുശേഷം കുറേക്കാലം കർഷകതൊഴിലാളി പ്രസ്ഥാനങ്ങളുമായി ഇടപെട്ടുകൊണ്ടിരുന്നു. പിന്നീടു പത്രപ്രവർത്തനത്തിലേർപ്പെട്ടു. സൈനിക്, വിശാലഭാരത്, ബിജ്ലീ, പ്രതീക് എന്നീ ഹിന്ദി പത്രങ്ങളുടെയും വാക് (Vak) എന്ന ഇംഗ്ലീഷ് മാസികയുടെയും പത്രാധിപരായി സേവനം അനുഷ്ഠിച്ചു. മൂന്നു വർഷത്തോളം ആകാശവാണിയിൽ പ്രൊഡ്യൂസറായി പ്രവർത്തിച്ചു. യൂറോപ്യൻ രാജ്യങ്ങളിലും പൂർവേഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും പര്യടനം നടത്തിയിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

അജ്ഞേയ് അന്തർമുഖനായ ഒരു കലാകാരനാണ്. ഇദ്ദേഹത്തിന്റെ ജീവിതദർശനത്തിന്റെ നിദർശനമാണ് ശേഖർ ഏക് ജീവനീ (ശേഖർ-ഒരു ജീവചരിത്രം) എന്ന ഉത്കൃഷ്ടനോവൽ.

 • 1948-ൽ ഹരീ ഘാസ്പർ ക്ഷണ് ഭർ (ഹരിത തൃണത്തിൽ ക്ഷണനേരം) എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു. ആധുനിക ഹിന്ദി കവിതയുടെ വഴിത്തിരിവിനെക്കുറിക്കുന്നതാണ് ഈ കൃതി.
 • ചിന്താ
 • ഇത്യലം
 • ബാവ് രാഅഹേറീ
 • അരീ ഓ കരുണാ പ്രഭാമയ്
 • ഇന്ദ്ര ധനുഷ് രൌന്ദേ ഹുയേ ഥേ
 • ആംഗൻ കേ പാർദ്വാൻ
 • കിത്‌നീ നാവോം മെം കിത്‌നീ ബാർ
 • ക്യോം കി മേം ഉസേ ജാൻതാ ഹും
 • സാഗർമുദ്ര
 • പഹലേ മേം സന്നാട്ടാ ബനാത്താ ഹും
 • മഹാവൃക്ഷ് കേ നീച്ചേ
 • നദീ കേ ബാംക് പർച്ഛായ
 • സദാനീര

എന്നീ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെ കാവ്യകലയുടെ ഉത്കൃഷ്ടമാതൃകകളാണ്. ഭാഷാശൈലി, പ്രതീകനിർമിതി, ശബ്ദരചന, ബിംബപ്രയോഗം, വിചാരരീതി എന്നീ അംശങ്ങളിലെല്ലാം തികച്ചും നൂതനത്വം വരുത്താൻ ഈ കൃതികളിലൂടെ അജ്ഞേയ്ക്കു സാധിച്ചിട്ടുണ്ട്.

അജ്ഞേയ് ഹിന്ദിയിലെ പരീക്ഷണകവിതാപ്രസ്ഥാനത്തിന്റെ ഉദ്ഘാടകനായി അറിയപ്പെടുന്നു. ഇദ്ദേഹം സമ്പാദനം ചെയ്ത താരസപ്തക് എന്ന കവിതാസമാഹാരം ഈ പ്രസ്ഥാനത്തിന്റെ ഉദയത്തെ കുറിക്കുന്നു.

ഹിന്ദിനോവൽ രംഗത്ത് അജ്ഞേയ്ക്കു സമുന്നതമായ സ്ഥാനമാണുള്ളത്. പ്രേംചന്ദിന്റെ ആദർശാത്മക നോവലുകളിൽനിന്നും ഭിന്നമായ ഒരു നൂതനസരണി അജ്ഞേയ് സ്വീകരിച്ചു. ആത്മകഥാകഥനരൂപത്തിലുള്ള നോവലുകൾ രചിച്ച് പുതിയ ഭാവരൂപങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചു. ബോധധാരാസമ്പ്രദായവും ഹിന്ദി നോവലുകളിൽ ഇദ്ദേഹം പ്രയോഗിച്ച് പ്രചരിപ്പിച്ചു. ശേഖർ ഏക് ജീവനീ, നദീ കേ ദ്വീപ് എന്നീ നോവലുകൾ ഈ പ്രസ്ഥാനത്തിലുൾപ്പെടുന്നു. ത്രിശങ്കു, ആത്മനേപദ് എന്നീ നിരൂപണഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു. 1987 ഏപ്രിൽ 4-ന് അജ്ഞേയ് അന്തരിച്ചു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജ്ഞേയ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.