സാബ്രിയേ ടെൻബെർക്കെൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sabriye Tenberken എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാബ്രിയേ ടെൻബെർക്കെർ

പ്രശസ്തയായ സാമൂഹ്യപ്രവർത്തകയും ബ്രെയിലി വിത്തൗട്ട് ബോർഡേർസ്, കാന്താരി ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങളുടെ സഹസ്ഥാപകയുമാണു് നന്നേ ചെറുപ്പത്തിൽ കാഴ്ച്ചശക്തി നഷ്ടപ്പെട്ട സാബ്രിയേ ടെൻബെർക്കെർ(ജനനം : സെപ്റ്റംബർ 19, 1970). ടിബറ്റൻ ബ്രെയിലി ആവിഷ്കരിച്ച സാബ്രിയേ അറിയപ്പെടുന്ന അന്ധവിദ്യാഭ്യാസപരിഷ്കർത്താവും പ്രകൃതിസംരക്ഷണത്തിന്റെ ശക്തയായ വക്താവുമാണു്.

ജീവചരിത്രം[തിരുത്തുക]

ജർമ്മനിയിലെ കൊളോൺ നഗരത്തിൽ 1970 സെപ്റ്റംബർ 19നാണു് സാബ്രിയേ ജനിച്ചതു്. നേത്രപടലത്തിൽ ബാധിച്ച അസുഖം മൂലം ക്രമേണയായി അവരുടെ കാഴ്ചശക്തി നശിച്ചുകൊണ്ടിരുന്നു. 13 വയസ്സിൽ കാഴ്ച്ചശക്തി പൂർണ്ണമായും ഇല്ലാതായി. അപ്പോഴേക്കും, തുടർജീവിതത്തിൽ അവളുടെ ദൃശ്യപ്രപഞ്ചസ്മരണകളിൽ കഴിയുന്നത്ര പ്രതിച്ഛായകൾ സംഭരിക്കുന്നതിനുവേണ്ടി മാതാപിതാക്കൾ അവളേയും കൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങൾ സന്ദർശിച്ചുകഴിഞ്ഞിരുന്നു. തുടർന്നു് ബോൺ സർവ്വകലാശാലയിൽനിന്നും മദ്ധ്യേഷ്യൻ പഠനങ്ങളിൽ ബിരുദമെടുത്തു. മംഗോളിയൻ, ആധുനിക ചൈനീസ് എന്നീ ഭാഷകൾക്കു പുറമേ സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം, പൗരാണികവും ആധുനികവുമായ ടിബറ്റൻ ഭാഷകൾ എന്നിവയും പഠിച്ചെടുത്തു.

ബ്രെയിലി ടിബറ്റൻ ഭാഷയിൽ[തിരുത്തുക]

ടിബറ്റൻ ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി സാബ്രിയേയ്ക്കു് ബ്രെയിലി ഉപയോഗിക്കണമായിരുന്നു. പക്ഷേ, ബ്രെയിലിയിൽ അതുവരെ ടിബറ്റൻ ഭാഷയ്ക്കു് അനുയോജ്യമായിരുന്ന അക്ഷരങ്ങളോ പ്രത്യേക ശബ്ദങ്ങളോ ലഭ്യമായിരുന്നില്ല. ഇത്തരം ഒരു ആവശ്യം അതുവരെ ആരും നേരിടാതിരുന്നതുകൊണ്ടു് ഈ രംഗത്തു് പിന്തുടരാൻ തക്ക പഠനസാമഗ്രികളോ അവലംബങ്ങളോ ഉണ്ടായിരുന്നില്ല. തന്മൂലം സാബ്രിയേ 1992-ൽ ടിബറ്റൻ ഭാഷയ്ക്കു ചേരുന്ന വിധത്തിൽ സ്വന്തം ബ്രെയിലി സമ്പ്രദായങ്ങൾ ആവിഷ്കരിച്ചു. പിന്നീട് ഇതു് അന്ധരായ ആളുകൾക്കു് ടിബറ്റൻ ഭാഷ എഴുതുവാനുള്ള അംഗീകരിക്കപ്പെട്ട സമ്പ്രദായമായി മാറി.

ടിബറ്റൻ അക്ഷരങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച അന്താരാഷ്ട്ര ബ്രെയിലിയുടെ ഒരു വകഭേദമാണു് ടിബറ്റൻ ബ്രെയിലി. (ഉദാഹരണത്തിനു് ക, ഖ, ഗ, ങ എന്നീ അക്ഷരങ്ങൾക്കു് അന്താരാഷ്ട്ര ബ്രെയിലിയിലെ K,C,G,g സമാനമാണു്). സാബ്രിയേ ആവിഷ്കരിച്ച ലിപ്യന്തരണം പിന്നീട് ഒരു ടിബറ്റൻ പണ്ഡിതൻ പരിശോധിക്കുകയും അവ ലളിതവും യുക്തവും പെട്ടെന്നുതന്നെ മനസ്സിലാക്കത്തക്കതും ആണെന്നു തിരിച്ചറിയുകയും ചെയ്തു.

അതിരുകളില്ലാതെ ബ്രെയിലി[തിരുത്തുക]

സാബ്രിയേ ടെൻബെർക്കെർ പോൾ ക്രോണെർബെർഗിനോടൊപ്പം

1997-ൽ സാബ്രിയേ ടിബറ്റിലേക്കു് ഒറ്റയ്ക്കു് യാത്ര തിരിച്ചു. അവിടത്തെ അന്ധരുടെ സ്ഥിതിവിശേഷങ്ങൾ തിരിച്ചറിയാനായിരുന്നു ഈ ഉദ്യമം. ഒരു വർഷത്തിനു ശേഷം വീണ്ടും ലാസയിൽ തിരിച്ചെത്തി അവർ അവിടെ ടിബറ്റിലെ ആദ്യത്തെ അന്ധവിദ്യാലയം സ്ഥാപിച്ചു. അഞ്ചുവിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം അനേകം പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും ഏതാനും വർഷങ്ങൾക്കിടയിൽ പ്രശസ്തമായിത്തീർന്നു. ഇതിനിടെ, പോൾ ക്രോണെൻബെർഗ് എന്ന റെഡ് ക്രോസ്സ് പ്രവർത്തകൻ സ്ഥാപനത്തിന്റെ നടത്തിപ്പിൽ സാബ്രിയെയെ സഹായിക്കാൻ എത്തിച്ചേർന്നു.

2002-ൽ ഈ സ്ഥാപനത്തിന്റെ പേർ 'അതിരുകളില്ലാതെ ബ്രെയിലി' (Braille Without Borders) എന്നാക്കി മാറ്റി. അന്ധവിദ്യാഭ്യാസത്തിനു പുറമേ, ഷിഗാറ്റ്സേ എന്ന സ്ഥലത്തു് ഈ സ്ഥാപനം തൊഴിൽ പരിശീലനത്തിനായി ഒരു കന്നുകാലി ഫാമും പാൽക്കട്ടി ഫാൿടറിയും നടത്തിവരുന്നു.

കാന്താരി ഇന്റർനാഷണൽ[തിരുത്തുക]

അന്ധത, ബധിരത തുടങ്ങിയ ഘടകങ്ങളാലോ ലിംഗവർഗാദി അസമത്വത്തിനാലോ സമൂഹത്തിൽ അവഗണിക്കപ്പെട്ടുകൊണ്ടു ജീവിക്കേണ്ടിവരുന്ന വ്യക്തികളെ കണ്ടെടുത്തു് അവരിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ വികസിപ്പിച്ച് സമൂഹത്തിന്റെ നേതൃസ്ഥാനത്തേക്കു് ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2009-ൽ സാബ്രിയേ പോൾ ക്രോണെൻബെർഗിനോടൊപ്പം ചേർന്നു സ്ഥാപിച്ചതാണു് തിരുവനന്തപുരം നഗരത്തിനു സമീപം വെള്ളായണിയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 'കാന്താരി ഇന്റർനാഷണൽ' (kanthari international)(ഇംഗ്ലീഷിലെ പേരിലെ ആദ്യാക്ഷരങ്ങളും ചെറിയക്ഷരങ്ങളിൽ തന്നെ). വ്യക്തിവികാസം, നേതൃത്വപരിശീലനം, പരിസ്ഥിതി സംരക്ഷണം, സ്വയംപര്യാപ്തത തുടങ്ങിയവയിൽ ഊന്നൽ നൽകി പ്രത്യേകം വികസിപ്പിച്ചെടുത്ത പഠനപദ്ധതിയിൽ അംഗമായി ലോകത്തിന്റെ വിവിധരാജ്യങ്ങളിൽ നിന്നായി അനവധി വിദ്യാർത്ഥികൾ ഇവിടെ പരിശീലനം നേടുന്നു.

അംഗീകാരവും പുരസ്കാരങ്ങളും[തിരുത്തുക]

ചലച്ചിത്രങ്ങളിലും ടെലിവിഷനിലും[തിരുത്തുക]

  • 2000-ൽ "അതിരുകളില്ലാതെ ബ്രെയിലി" എന്ന സ്ഥാപനത്തെക്കുറിച്ച് ജർമ്മൻ ഭാഷയിൽ നിർമ്മിക്കപ്പെട്ട "മറ്റേ കണ്ണുകൾ കൊണ്ട്" (German - Mit anderen Augen)എന്ന ഡോക്യുമെന്ററി ചിത്രത്തിലെ സാന്നിദ്ധ്യം സാബ്രിയേയ്ക്കു് ബാംബി പുരസ്കാരം നേടിക്കൊടുത്തു.
  • ചൈനയിലെ CCTV9യുടെ 2005-ലെ ആഗസ്റ്റ് 15 പരിപാടിയിൽ സാബ്രിയേ ആയിരുന്നു അതിഥിഭാഷക.
  • 2005 ഒക്ടോബർ 17നു് ഓപ്രാ വിൻഫ്രേയുടെ 'നിങ്ങൾ അറിയാൻ ഓപ്ര ആഗ്രഹിക്കുന്ന എട്ടു സ്ത്രീകൾ' എന്ന പരിപാടിയിൽ അതിഥി
  • 2006-l അന്ധദൃഷ്ടി(Blindsight) എന്ന ഡോക്യുമെന്ററി ചിത്രം. Climbing Blinds എന്ന പ്രൊജക്ടിനെക്കുറിച്ചുള്ള ഈ ചിത്രത്തിൽ ലാസയിലെ അന്ധവിദ്യാർത്ഥികളും സാബ്രിയേയോടൊപ്പം പങ്കെടുത്തു.

ഗ്രന്ഥരചന[തിരുത്തുക]

സാബ്രിയേ ഇതിനകം എഴുതിയ മൂന്നു പുസ്തകങ്ങൾ ലോകനിലവാരത്തിൽ ശ്രദ്ധേയമായിക്കഴിഞ്ഞിട്ടുണ്ടു്. എന്റെ വഴി ടിബറ്റിലേക്കു നീളുന്നു (My path leads to Tibet)[1], Tashis neue Welt[2], ടിബറ്റിൽ നിന്നും ഇന്ത്യയിലേക്കു്[3] എന്നിവയാണു് ഈ പുസ്തകങ്ങൾ.

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sabriye Tenberken (2000) My Path Leads to Tibet, Arcade Publishing. ISBN 1-55970-658-9
  2. Sabriye Tenberken and Olaf Schubert (2000) Tashis neue Welt, Dressler. ISBN 3-7915-1998-0
  3. Sabriye Tenberken - The Seventh Year - From Tibet to India
"https://ml.wikipedia.org/w/index.php?title=സാബ്രിയേ_ടെൻബെർക്കെൺ&oldid=3647063" എന്ന താളിൽനിന്ന് ശേഖരിച്ചത്