റോസ് വാട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rose water എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


റോസാപ്പൂവിന്റെ ഇതളുകൾ ഏറെനേരം വെള്ളത്തിലിട്ട് നിർമ്മിക്കുന്ന പാനീയമാണ് റോസ് വാട്ടർ. സുഗന്ധലേപന നിർമ്മാണത്തിനായി റോസ് ഇതളുകൾ ഡിസ്റ്റിൽ ചെയ്യുമ്പോൾ ലഭിക്കുന്ന ഉപഉൽപ്പന്നമാണിത്. ഇത് ഭക്ഷണപദാർഥങ്ങൾക്ക് രുചി നൽകാനും, മതപരമായ ആഘോഷങ്ങൾക്കും, സൗന്ദര്യവർധക പദാർത്ഥങ്ങളിലും ഉപയോഗിക്കുന്നു. റോസ് വാട്ടറിൽ പഞ്ചസാര ചേർത്താണ് റോസ് സിറപ്പ് നിർമ്മിക്കുന്നത്.യൂറോപ്പിലും ഏഷ്യയിലുമാണ് റോസ് വാട്ടർ പ്രധാനമായും ഉപയോഗത്തിലുള്ളത്.

ഉദ്ഭവം[തിരുത്തുക]

പൂവിതളുകളിൽ നിന്നും സുഗന്ധലേപനങ്ങൾ നിർമ്മിക്കുന്ന വിദ്യ പുരാതന ഗ്രീക്കുകാർക്കും, പേർഷ്യക്കാർക്കും അറിയാമായിരുന്നു. റോസ് വാട്ടർ 'ഗൊലാബ്' എന്ന പേരിൽ പേർഷ്യയിൽ പ്രസിദ്ധമായിരുന്നു. ഡിസ്റ്റിലറികളിൽ വ്യാവസായിക അടിസ്ഥാനത്തിൽ റോസ് വാട്ടർ നിർമ്മിക്കുന്ന സങ്കേതം വികസിപ്പിച്ചെടുത്തത് പേർഷ്യൻ രസതന്ത്രജ്ഞനായ അവിസീനിയയാണ്. അത്തർ നിർമ്മാണത്തിനു ശേഷം ബാക്കിയാവുന്ന ദ്രാവകം റോസ് വാട്ടറിനായി ചിലയിടങ്ങളിൽ ഉപയോഗിക്കുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

അറേബ്യൻ വിഭവങ്ങളിൽ പലതിലും റോസ് വാട്ടർ ധാരാളമായി ഉപയോഗിക്കുന്നു. ഇറാനിൽ റോസ് വാട്ടർ ചായ, ഐസ്ക്രീം, മധുര പലഹാരങ്ങൾ എന്നിവയിൽ ചേർക്കുന്നു. ഇന്ത്യയിലും പാകിസ്താനിലും പാലുൽപ്പന്നങ്ങൾക്ക് നിറവും ഗന്ധവും നൽകാൻ റോസ് വാട്ടർ ഉപയോഗിക്കുന്നു. ചുവന്ന വീഞ്ഞിനു പകരമുള്ള ഹലാൽ ചേരുവയായും റോസ് വാട്ടർ ഉപയോഗത്തിലുണ്ട്. ഗുലാബ് ജാമുൻ നിർമ്മിക്കുന്നത് റോസ് വാട്ടർ പാനീയത്തിലാണ്. ആയുർവേദത്തിൽ കണ്ണിന് കുളിർമ നൽകാൻ റോസ് വാട്ടർ ചേർത്ത ദ്രാവകങ്ങൾ ഉപയോഗിക്കുന്നു. മുസ്ലീം തീർഥാടനകേന്ദ്രമായ കഅബ വൃത്തിയാക്കുന്നത് സംസം വെള്ളത്തിൽ റോസ് വാട്ടർ ചേർത്ത മിശ്രിതം കൊണ്ടാണ്.

"https://ml.wikipedia.org/w/index.php?title=റോസ്_വാട്ടർ&oldid=2287152" എന്ന താളിൽനിന്ന് ശേഖരിച്ചത്