Jump to content

റോബർട്ടോ ഡി നോബിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Roberto de Nobili എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബർട്ടോ ഡി നോബിലി

പതിനേഴാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ പ്രവർത്തിച്ച ഇറ്റലിക്കാരനായ വേദപ്രചാരകനും ഈശോസഭാ വൈദികനും ആയിരുന്നു റോബർട്ടോ ഡി നോബിലി (ജനനം:1577; മരണം 16 ജനുവരി 1656). ദേശീയസംസ്കാരത്തിൽ ക്രിസ്തുമതവിശ്വാസത്തിനു വിരുദ്ധമല്ലെന്നു തോന്നിയ അംശങ്ങളെയെല്ലാം അംഗീകരിച്ചും ആശ്രയിച്ചുമുള്ള വേദപ്രചാരശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്.[1]

തുടക്കം

[തിരുത്തുക]

വടക്കൻ ഇറ്റലിയിൽ ടസ്കനിയിലെ മോണ്ടെപ്പുൾസിയാനോയിലെ പ്രഭുകുടുംബത്തിൽ ജനിച്ച നോബിലി ഈശോസഭാസന്യാസിയും കർദ്ദിനാളും ദൈവശാസ്ത്രജ്ഞനും കത്തോലിക്കാ പ്രതിനവീകരണത്തിന്റെ നേതാക്കളിൽ ഒരാളുമായിരുന്ന ബെല്ലാർമൈന്റെ ഭാഗിനേയനും ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയുടെ ബന്ധുവുമായിരുന്നു. 1605 മേയ് മാസം 20-ന് ഗോവയിൽ കപ്പലിറങ്ങിയ അദ്ദേഹം കൊച്ചിയിൽ അല്പകാലം ചെലവഴിച്ച ശേഷം, 1606 നവംബർ മാസത്തിൽ മധുരയിൽ താമസമാക്കി.

'തത്ത്വബോധകൻ'

[തിരുത്തുക]

കത്തോലിക്കർ സാമൂഹത്തിലെ താഴേക്കിടയിൽ മാത്രമായിരിക്കുന്നതും അവജ്ഞാപൂർവം 'പറങ്കികൾ' എന്നു വിളിക്കപ്പെടുന്നതും നോബിലി ശ്രദ്ധിച്ചു. ഈ അവസ്ഥ പരിഹരിക്കാൻ ഒരു പുതിയ സമീപനം ആവശ്യമാണെന്നു കരുതിയ അദ്ദേഹം സമൂഹത്തിൽ ഉന്നതശ്രേണിയിൽ പെടുന്ന ബ്രാഹ്മണരെ ആകർഷിക്കാനായാൽ ക്രിസ്തുമതത്തിനു ബഹുമാന്യത ലഭിക്കുമെന്നു തീരുമാനിച്ചു.[2] തുടർന്ന് ബ്രാഹ്മണരുടെ കുടികൾക്കിടയിൽ ഒരു വീടു നിർമ്മിച്ചു പ്രാഭാതസ്നാനവും സസ്യാഹാരവും ശീലമാക്കിയ ബ്രാഹ്മണനായി നോബിലി താമസിക്കാൻ തുടങ്ങി.[3] "തത്ത്വബോധകൻ"(தத்துவ போதகர்) എന്നു സ്വയം വിശേഷിപ്പിച്ച അദ്ദേഹം, ഭാരതീയസന്യാസിമാരുടെ വേഷവിധികൾ സ്വീകരിച്ചു. തല മുണ്ഡനം ചെയ്ത് കുടുമ മാത്രം നിലനിർത്തിയ നോബിലി, വെള്ളമുണ്ടും മെതിയടിയും നെറ്റിയിലെ ഭസ്മവും മൂന്നു ചരടുകൾ ചേർന്ന പൂണൂലും വേഷത്തിന്റെ ഭാഗമാക്കി. മൂന്നിഴകളുള്ള പൂനൂലിനെ അദ്ദേഹം, പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന ദൈവിക ത്രിത്വത്തിന്റെ പ്രതീകമായി വിശദീകരിച്ചു. തന്നെ പറങ്കിയെന്നു വിളിച്ചവർക്ക്, താൻ ഒരു റോമൻ രാജകുടുംബത്തിലെ അംഗമാണെന്ന മറുപടിയാണ് നോബിലി നൽകിയത്.[2]

സംസ്കൃതവും തമിഴും പഠിച്ച നോബിലി ശിവധർമ്മൻ എന്നു പേരുള്ള ഒരു ഗുരുവിന്റെ സഹായത്തോടെ ഇരുഭാഷകളിലേയും സാഹിത്യങ്ങളിൽ അവഗാഹം നേടി. ക്രിസ്തീയവിശ്വാസത്തെ തമിഴ്ഭാഷയിൽ വിശദീകരിക്കാനുള്ള ശ്രമത്തിൽ ഹൈന്ദവപശ്ചാത്തലമുള്ള ഒട്ടേറെ പദങ്ങളെ അദ്ദേഹം ക്രൈസ്തവീകരിച്ചു. ആരാധനാസ്ഥലത്തെ കോവിൽ എന്നും കൃപയെ അരുൾ, പ്രസാദം എന്നൊക്കെയും പുരോഹിതനേയും അദ്ധ്യാപകനേയും ഗുരു എന്നും ബൈബിളിനെ വേദം എന്നും കുർബ്ബാനയെ പൂജ എന്നും എല്ലാം അദ്ദേഹം വിളിച്ചു.

ഹിന്ദു പണ്ഡിതന്മാരുമായി ക്രിസ്തീയസിദ്ധാന്തങ്ങളുടെ പരമാർത്ഥതയെക്കുറിച്ച് അദ്ദേഹം സംവദിച്ചു. സംസ്കൃതത്തിലും തമിഴിലും അവഹാഹം നേടിയ ആദ്യത്തെ യൂറോപ്യന്മാരിൽ ഒരാളായി നോബിലി കണക്കാക്കപ്പെടുന്നു. തമിഴിൽ അദ്ദേഹം പല വേദപാഠങ്ങളും, പക്ഷസ്ഥാപനരചനകളും, തത്ത്വദർശനങ്ങളും രചിച്ചു. തമിഴ് ഗദ്യസാഹിത്യത്തിന്റെ വികാസത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമായി.

വിമർശനം

[തിരുത്തുക]

താൻ നിർമ്മിച്ച പള്ളിയിൽ ബ്രാഹ്മണർക്ക് അവരുടെ പരമ്പരാഗതവേഷത്തിൽ പ്രവേശനം അനുവദിച്ച നോബിലി, പറവർ ഉൾപ്പെടെയുള്ള താഴ്ന്ന ജാതികളിൽ പെട്ടവർക്ക് അവിടെ പ്രവേശനം നിഷേധിയ്ക്കുക പോലും ചെയ്തു.[അവലംബം ആവശ്യമാണ്] ബ്രാഹ്മണർക്ക് പ്രത്യേകപരിഗണന നൽകുകയും ജാതിവ്യവസ്ഥയുമായി പൊരുത്തപ്പെടുകയും ചെയ്ത നോബിലി, അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും അംഗീകരിച്ചതിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. 1623-ൽ ഗ്രിഗോരിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ നോബിലിയുടെ പദ്ധതിയെ പിന്തുണച്ചിരുന്നു.[3] എന്നാൽ 1744-ലെ ഒരുത്തരവിൽ ബെനഡിക്ട് പതിനാലാമൻ മാർപ്പാപ്പ, "മലബാർ റീത്ത്" എന്ന പേരിൽ അറിയപ്പെട്ട നോബിലിയുടെ പരിഷ്കാരത്തിലെ പല ഘടങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി.[4]

അവലംബം

[തിരുത്തുക]
  1. വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്‌ട്യാനിറ്റി (പുറങ്ങൾ 181-82)
  2. 2.0 2.1 A History of Christianity, Kenneth Scott Latourette (പുറങ്ങൾ 931-32)
  3. 3.0 3.1 പാലാ രൂപതയുടെ ടെക്സ്റ്റ് ബുക്ക് സമിതിക്കുവേണ്ടി പാലായിലെ സെയ്ന്റ് തോമസ് മുദ്രണാലയം പ്രസിദ്ധീകരിച്ച "തിരുസഭാചരിത്രം"(1966) (പുറങ്ങൾ 129-30)
  4. Malabar rite, "A conventional term for certain customs or practices of the natives of South India, which the Jesuit missionaries allowed their neophytes to retain after conversion, but which were afterwards prohibited by the Holy See" കത്തോലിക്കാ വിജ്ഞാനകോശം
"https://ml.wikipedia.org/w/index.php?title=റോബർട്ടോ_ഡി_നോബിലി&oldid=2991512" എന്ന താളിൽനിന്ന് ശേഖരിച്ചത്