രാവണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ravana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാവണൻ
ലങ്കയുടെ രാജാവ്
രാവണന്റെ പ്രതിമ, ബ്രിട്ടീഷ് മ്യൂസിയത്തിലേത്
ജന്മസ്ഥലംബിസ്രാഖ്
അടക്കം ചെയ്തത്ലങ്ക
മുൻ‌ഗാമികുബേരൻ
പിൻ‌ഗാമിവിഭീഷണൻ
ജീവിതപങ്കാളിമണ്ഡോദരി
അനന്തരവകാശികൾ[meghanadha| മേഘനാദൻ]
Yohmoththa
അതികായ
അക്ഷയകുമാരൻ
ദേവാന്തക
നരാന്തക
ത്രിശ്ശിരസ്സ്
മന്ഥ
പിതാവ്വിശ്രവസ്സ്
മാതാവ്കൈകസി
മതവിശ്വാസംശൈവ - ഹിന്ദു

രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ്‌ രാവണൻ. ഐതിഹ്യപ്രകാരം രാവണൻ പുരാതനകാലത്ത് ലങ്ക ഭരിച്ചിരുന്ന അസുര ചക്രവർത്തി ആയിരുന്നു. രാമായണത്തിലെ പ്രതി നായകൻ രാവണനാണ്.

രാവണൻ ഒരു പിച്ചള രഥത്തിൽ, സിയേഴ്‌സോൾ രാജ്ബാരി, പശ്ചിമ ബംഗാൾ, ഇന്ത്യ.


ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനത്കുമാരന്മാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ ഭഗവാൻ മഹാവിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജന്മം കംസനും ശിശുപാലനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു. വാല്മീകിയുടെ രാമായണത്തിനു മുമ്പ് അഫ്ഗാൻ പ്രദേശത്തെ ഇടയരുടെ നാടോടിക്കഥയാണ് രാമായണത്തിന്റെ മൂല കഥ എന്നൊരു കിംവദന്തി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ജൈന രാമായണവും, ബൗദ്ധരുടെ ദശരഥ ജാതകവും ഉണ്ടായത് ആദികാവ്യമായ വാല്മീകി രാമായണത്തിന് ശേഷം ആണ്. രാവണനെ വിശേഷപ്പെട്ട സന്യാസി യുടെ സ്ഥാനത്താണ് ജൈനർ കാണുന്നത്. ദശരഥ ജാതകത്തിൽ രാവണനെ കുറിച്ച് പരാമർശമില്ല. ഇതിൽ നിന്നും അറിയാവുന്നത് ധർമ്മത്തിന് വേണ്ടി വാദിക്കുന്നവർ രാവണനെ തെറ്റിന്റെയും തിന്മയുടെയും പ്രതീകമായാണ് കണക്കാക്കുന്നത് എന്നതാണ്. സീതാദേവിയെ ആക്രമിച്ച ശൂർപ്പണകയുടെ മൂക്കും മുലയും രാമ- ലക്ഷ്മണന്മാർ മുറിച്ചു കളഞ്ഞതിന്റെ അരിശത്തിലാണ് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത്. കുലം മുടിക്കാൻ തക്ക വിധമുള്ള രാവണന്റെ ദുഷ്പ്രവൃത്തികൾ മൂലം വീഭീഷണൻ എന്ന സഹോദരൻ ധർമ്മപക്ഷമായ ശ്രീരാമ പക്ഷത്തേക്ക് മാറിയിരുന്നു.ധർമ്മപക്ഷത്തു നിന്ന് സദുപദേശങ്ങൾ നൽകിയ വിഭീഷണനെ രാവണൻ സ്വരാജ്യത്തു നിന്നും ആട്ടിടിയോടിക്കുുകയാണ് ചെയ്തത്. പിതാവ് ബ്രാഹ്മണനായിട്ടും ഉത്തമ ഭക്തനായി വളർന്നിട്ടും തന്റെ മോശം ചെയ്തികൾ മാത്രമാണ് രാവണനെ ഒറ്റപ്പെടുത്തിയത് എന്ന് പ്രത്യേകം ഓർക്കണം. രാവണനെ വധിച്ചതിന്റെ പ്രായശ്ചിത്തമായി ബ്രഹ്മഹത്യാ പാപം നീക്കുന്ന ചടങ്ങുകൾ ശ്രീരാമൻ നിർവ്വഹിച്ചിരുന്നു. തിന്മയുടെ പ്രതീകമായി രാവണനെ നിർത്തുന്നത് ധർമ്മ വിരുദ്ധമായ കർമ്മങ്ങൾ അനുഷ്ഠിച്ചതുകൊണ്ടു മാത്രമാണ് എന്ന വാദഗതി ഉയർത്തുന്നവരും ഉണ്ട്.

ഉത്ഭവം[തിരുത്തുക]

രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകൾ രാവണന് "ദശമുഖൻ" (दशमुख, പത്തു മുഖങ്ങൾ ഉള്ളയാൾ), "ദശഗ്രീവൻ" (दशग्रीव, പത്തു കഴുത്തുകൾ ഉള്ളയാൾ), "ദശകണ്ഠൻ" (दशकण्ठ, പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ) എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് - ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

വിശ്രവസ്സ്‌ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വിശ്രവസ്സിനെ ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണൻ ഭാഗികമായി അസുരനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.

രാവണൻ വിശ്രവസ്സിന്റെ മക്കളിൽ ഏറ്റവും മൂത്തയാൾ ആയിരുന്നു. ജനനസമയത്ത് രാവണന് ദശാനനൻ/ദശഗ്രീവൻ എന്നീ‍ പേരുകൾ നൽകപ്പെട്ടു - പത്തു തലകളുമായി ആണ് രാവണൻ ജനിച്ചത് (ചില കഥകൾ അനുസരിച്ച് ജനനസമയത്ത് പിതാവ് നൽകിയ ഒരു പളുങ്കുമാലയിൽ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകൾ വന്നത്. മറ്റു ചില കഥകളിൽ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്).

രാവണന്റെ സഹോദരർ വിഭീഷണനും കുംഭകർണ്ണനും ആയിരുന്നു. തായ്‌വഴിയായി രാവണൻ മാരീചന്റെയും സുബാഹുവിന്റെയും ബന്ധക്കാരൻ ആയിരുന്നു. കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു (മീൻപോലെയുള്ള കണ്ണുകൾ ഉള്ളവൾ) പിൽക്കാലത്ത് ശൂർപ്പണഖ (കൂർത്ത നഖങ്ങൾ ഉള്ളവൾ) എന്നപേരിൽ കുപ്രസിദ്ധയായത് മീനാക്ഷിയാണ്

രാവണൻ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വൈശ്രവൻ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവന്റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച വീണാ വാദകനും ആയിരുന്നു രാവണൻ. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്. രാവണൻ ദൈത്യരുടെ സദ്ഗുണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു.

ലങ്കയുടെ രാജാവ്[തിരുത്തുക]

ലങ്കാധിപനായ രാവണന്റെ ഒരു ഭാവനാചിത്രം

രാവണൻ തന്റെ മുത്തച്ഛനായ സുമാലിയെ പുറത്താക്കി സൈന്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു സ്വയം രാജാവായി പിന്നെ ലങ്ക പിടിച്ചടക്കി. ലങ്ക എന്ന ദ്വീപ് വിശ്വകർമാവ് കുബേരന് വേണ്ടി നിർമിച്ചതാണ്.രാവണൻ കുബേരനോട് ലങ്ക മൊത്തത്തിൽ വേണമെന്ന്‌ പറഞ്ഞു. രാവണനെ തോല്പിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ കുബേരൻ അതിനു സമ്മതിക്കുകയെ വഴിയുണ്ടാരുന്നുള്ളു. രാവണൻ നല്ലൊരു ഭരണകർത്താവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലങ്കയിൽ പട്ടിണി എന്തെന്ന് പ്രജകൾ അറിഞ്ഞിട്ടില്ല. ലങ്കയിലെ രാജാവ് ആയത് കൊണ്ട് തന്നെ രാവണൻ ലങ്കയിൽ ജനിച്ച വ്യക്തി ആണെന്ന് ഒരുപാട് ആളുകൾ തെറ്റിദ്ധരിച്ചിട്ടുണ്ട്. വാസ്തവത്തിൽ രാവണൻ ജനിച്ചത് ഉത്തർപ്രദേശിലെ ബിസ്രാഖ് എന്ന ഗ്രാമത്തിൽ ആണ്.

ബ്രഹ്മതപസ്യ[തിരുത്തുക]

വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ.എ സമയത്ത് അദ്ദേഹംതന്റെ ശിരസ് 10തവണ ബ്രഹ്മാവിന് സമർപിച്ചു ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അർപിക്കാൻ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാൻ പറയുകയും ചെയ്തു.രാവണൻ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാൽ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത വരമായി നൽകി അത് അദ്ദേഹത്തിന്റെ പൊക്കിൾ കോടിക്ക് താഴെ സൂക്ഷിച്ചു അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആർക്കും വധിക്കാൻ കഴിയില്ല എന്ന വരം നൽകി. തന്നെ ഈശ്വരൻമാരായ ആർക്കം കൊല്ലാൻ കഴിയരുത് എന്ന് വരം കൂടി രാവണൻ അവശ്യ പെട്ടു .എന്നാൽ മനുഷ്യനെ അതിൽ ഉൾപെടുത്താൻ രാവണൻ മറന്നു പോയി,വിഷ്ണുവിന്റെ മനുഷ്യജന്മമാണ് (രാമൻ) രാവണനെ വധിച്ചത്. പത്തു തലയുടെ ശക്തിയും നൽകി രാവണനെ ബ്രഹ്മാവ് അനുഗ്രഹിച്ചു.

രാവണൻ്റെ പത്തു തലകൾ[തിരുത്തുക]

ഏറ്റവും വലിയ നായകനായി പത്തു തലയും ഇരുപതു കൈകളുമുള്ള രാവണന്റെ രൂപം ഓരോ ഭാരതീയനും ഭാരതീയ പുരാണപണ്ഡിതന്മാർക്കും സുപരിചിതമാണ്‌. അതേസമയം അദ്ദേഹം ഇപ്രകാരം ചിത്രീകരിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം വളരെ കുറച്ചുപേർക്കേ അറിവുള്ളൂ. ഭാരതത്തിന്റെ പരമ്പരാഗത വിജ്ഞാനം വികാരങ്ങളെ നിയന്ത്രിക്കുകയും പരമോന്നതമായി മേധാശക്തിയെ മാത്രം എടുത്തുകാട്ടുകയും ചെയ്യുന്നതിന്‌ പ്രാധാന്യം നല്കുന്നു. കോപം, അഹങ്കാരം, അസൂയ, സന്തോഷം, ദുഃഖം, ഭീതി, സ്വാർഥത, ആസക്തി, അഭിലാഷം എന്നീ അടിസ്ഥാനവികാരങ്ങൾ ത്യജിക്കാൻ മഹാബലി ചക്രവർത്തി രാവണനെ ഉപദേശിക്കുന്നു. മേധാശക്തിയെ മാത്രമാണ്‌ ആദരിക്കേണ്ടത്‌. അഹത്തെ അതിജീവിക്കേണ്ടതിന്റെ ആവശ്യം ജംബുദ്വീപത്തിലെ ആത്മീയഗുരുക്കന്മാർ സദാ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. ആത്മോത്കർഷത്തിന്‌ ഈ വികാരങ്ങൾ ദോഷഹേതുകമായി അവർ പരിഗണിക്കുകയും ചെയ്തു.പത്തുമുഖങ്ങൾ തന്നെ ഒരു പൂർണമനുഷ്യനാക്കുന്നു എന്നതിനാൽ, മഹാബലിയോടുള്ള മറുപടിയായി രാവണൻ അവ സ്വന്തമായുള്ളതിനെ ന്യായീകരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നു. പുരാണം രാവണനെ ദശമുഖനായി ചിത്രീകരിക്കുന്നു. അതേസമയം രാവണന്റെ ഇരുപതു കൈകൾ ബാഹുവീര്യത്തെയും അധികാരത്തെയും സൂചിപ്പിക്കുന്നു. പരിശുദ്ധിയുടെ ബാഹ്യാഡംബരമില്ലാത്ത, സാമൂഹികവും മതപരവുമായ തോതുകളാൽ നിയന്ത്രിക്കപ്പെട്ടിട്ടി്ലാത്ത, പരിപൂർണനായ മനുഷ്യന്റെ ബീജരുപമായാണ്‌ രാവണൻ സ്വയം കാണുന്നത്‌. ഏതൊരു മനുഷ്യനെയുംപോലെ നന്മനിറഞ്ഞവനോ തിന്മനിറഞ്ഞവനോ ആണ്‌. മനുഷ്യനെ സൃഷ്ടിച്ച പ്രകൃതി ഉദ്ദേശിച്ചതുപോലെതന്നെ. ഏകമാനമുള്ള രാമനെ നിയന്ത്രിച്ചതുപോലെ അനേകമാനമുള്ള രാവണനെ നിയന്ത്രിക്കാൻ സമൂഹത്തിനു ശേഷിയില്ല. അതുകൊണ്ട്‌ രാമനെ ഈശ്വരനായി കാണാൻ കഴിഞ്ഞേക്കും. പക്ഷേ, രാവണൻ കൂടുതൽ സമ്പൂർണനായ മനുഷ്യനാണ്‌. ജീവിതത്തെ അശ്ലേഷിച്ച്‌ അധീനമാക്കാനും രുചിയോടെ നുകരാനും വ്യഗ്രനായ ഒരു മനുഷ്യനെ,ആസക്തികൾക്കുമേൽ നിയ്ന്തണമില്ലാത്ത മനുഷ്യനെ സൂചിപ്പിക്കാനാണ്‌ നമ്മുടെ മഹാകാവ്യങ്ങൾ രാവണന്റെ പത്തു ശിരസ്സുകളെ ഉപയോഗിച്ചിട്ടുളളത്‌.

ചന്ദ്രഹാസം[തിരുത്തുക]

രാവണന്റെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശ്രീപരമശിവൻ ഇഷ്ടവരദാനമായി അദ്ദേഹത്തിന് ചന്ദ്രഹാസം സമ്മാനിച്ചു. എന്നാൽ ഒരു നിബന്ധന വെച്ചിരുന്നു: ഈ ആയുധം നിരപരാധികൾക്കു നേരെ പ്രയോഗിക്കരുത്. അങ്ങനെ ചെയ്താൽ ആ നിമിഷം ഇത് എന്നിൽ തിരികെ വന്നുചേരും. പക്ഷേ ഗർവിഷ്ഠനായ രാവണൻ ശ്രീമഹേശ്വരന്റെ നിബന്ധന തെറ്റിച്ചു. അതോടെ ആ ദിവ്യായുധം നഷ്ടമായി. ഈ സംഭവത്തിന് ഒരു കാരണമുണ്ട്. രാവണൻ മായയാൽ രാമലക്ഷ്മണന്മാരെ സൃഷ്ടിച്ചു. അവരെയും കൂട്ടി അശോകവനികയിലേക്കു പുറപ്പെട്ടു. സീതാദേവി രാവണനെ അനുസരിക്കണമെന്ന് ദേവിയെ ഉപദേശിക്കുവാൻ മായാ രാമലക്ഷ്മണന്മാരെ രാവണൻ ചട്ടംകെട്ടി. രാവണന്റെ ദുരുദ്ദേശം മനസ്സിലാക്കിയ ഹനുമാൻ ഒരു പൂച്ചയുടെ രൂപത്തിൽ മണ്ഡോദരിയുടെ മണിയറയിലെത്തി. പൂച്ചകളെ ഏറെ ഇഷ്ടമുളള രാവണപത്നി ഓമനത്തം തുളുമ്പുന്ന പൂച്ചയെ വാരിയെടുത്തു മാറോടുചേർത്തു. പൂച്ച ഒന്നു പിടഞ്ഞതും മണ്ഡോദരിയുടെ മാറിൽ അത് നേരിയ മുറിവേല്പിച്ചു. ആ നിമിഷം മണ്ഡോദരിയുടെ കഴുത്തിൽ കിടന്ന രത്നമാലയിലെ തങ്കപ്പതക്കം പൂച്ച കടിച്ചെടുത്തു. കയ്യിലിരുന്നുപിടഞ്ഞ പൂച്ചയെ രാജ്ഞി തിടുക്കത്തിൽ താഴെയിറക്കി. പുറത്തിറങ്ങിയ പൂച്ച ഒരു ഗന്ധർവകുമാരന്റെ വേഷംപൂണ്ട് അശോകവനികയിലെത്തി. രാവണന്റെ മായാസൃഷ്ടിയായ രാമലക്ഷ്മണന്മാർ സീതയെ അനുനയിപ്പിക്കുന്ന കാഴ്ച ഗന്ധർവൻ ദൂരെ നിന്നുതന്നെ കണ്ടു. അന്നേരം മറ്റുള്ളവരുടെയെല്ലാം ശ്രദ്ധ ആകർഷിക്കുമാറ്, മണ്ഡോദരിയുടെ കഴുത്തിൽ നിന്നെടുത്ത തങ്കപ്പതക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് ഗന്ധർവൻ ഉറക്കെ വിളിച്ചുപറഞ്ഞു: ഈ പതക്കം കണ്ടോ? രാവണപത്നി എനിക്കു സമ്മാനിച്ചതാണ്. ഞാനിപ്പോൾ വരുന്നത് മണ്ഡോദരിയുടെ അടുത്തുനിന്നാണ്. ഇതുകേട്ട് രാവണൻ അസ്തപ്രജ്ഞനായി നിന്നുപോയി. അപ്പോൾ ഗന്ധർവ്വൻ തുടർന്നു: ഞാനേല്പിച്ച നഖക്ഷതങ്ങൾ രാവണപത്നിയുടെ ദേഹത്തു കാണാം. രാവണൻ ആർത്തട്ടഹസിച്ചു: നീ പറഞ്ഞത് സത്യമെങ്കിൽ അവൾ എന്റെ ചന്ദ്രഹാസത്തിനിരയാകും. അസത്യമെങ്കിൽ ചന്ദ്രഹാസത്തിനിരയാകുന്നത് നീയായിരിക്കും. രാവണൻ തിരക്കിട്ട് അന്തഃപുരത്തിലെത്തി. മണ്ഡോദരിയുടെ ദേഹത്തെ മുറിവുകണ്ട് അലറിയ രാവണൻ കോപാന്ധതയോടെ ചന്ദ്രഹാസമെടുത്തു വീശി. തൽക്ഷണം അത് എങ്ങോ പോയ്മറഞ്ഞു. കോപാന്ധനായ രാവണന്റെ കാതിൽ എങ്ങുനിന്നോ ദേവവചനം മുഴങ്ങി:നിരപരാധികളുടെ നേർക്ക് ചന്ദ്രഹാസം പ്രയോഗിച്ചാൽ അത് ആ നിമിഷം എന്നിൽ വന്നുചേരുമെന്നു ഞാൻ നേരത്തെ മുന്നറിയിപ്പു തന്നിരുന്നുവല്ലോ? രാവണാ! നിന്റെ പത്നി നിരപരാധിയാണെന്ന് നീ അറിയുക. തത്സമയം ശുക്രാചാര്യർ അവിടേക്കുവന്നു. ജ്ഞാനദൃഷ്ടിയാൽ എല്ലാമറിഞ്ഞ ആചാര്യർ, നടന്ന സംഭവങ്ങളെല്ലാം രാവണനെ ധരിപ്പിച്ചു. ശുക്രാചാര്യർ രാവണനെ ഉപദേശിക്കാനും മറന്നില്ല. ശ്രീരാമപത്നിയോടുള്ള അങ്ങയുടെ സമീപനത്തിന് പകരം ശ്രീരാമദാസൻ അങ്ങയുടെ പത്നിയോട് കുറുമ്പുകാട്ടി. അങ്ങയുടെ അതിക്രമത്തിനു ശിക്ഷയായി ഇപ്പോൾ ചന്ദ്രഹാസം നഷ്ടമായി. ഇനിയും ഇതു തുടർന്നാൽ ഏറെ നഷ്ടങ്ങൾ വന്നുഭവിക്കും. ശുക്രാചാര്യരുടെ വാക്ക് രാവണൻ അനുസരിച്ചില്ലെന്ന് രാമരാവണയുദ്ധം വ്യക്തമാക്കുന്നു.[1]

  1. Daily, Keralakaumudi. "രാമായണത്തിലെ രാവണൻ" (in ഇംഗ്ലീഷ്). Retrieved 2023-03-02.
"https://ml.wikipedia.org/w/index.php?title=രാവണൻ&oldid=3898333" എന്ന താളിൽനിന്ന് ശേഖരിച്ചത്