Jump to content

രാജാകേശവദാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Raja Kesavadas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജാ കേശവദാസൻ
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിനരുകിൽ സ്ഥിതി ചെയ്യുന്ന കേശവദാസന്റെ പ്രതിമ
തിരുവിതാംകൂറിന്റെ ദിവാൻ
Monarchകാർത്തിക തിരുനാൾ രാമവർമ്മ
വ്യക്തിഗത വിവരങ്ങൾ
ജനനം1745
മരണം1799[1]
ജോലിസിവിൽ സർവന്റ്, ഭരണകർത്താവ്

തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനായിരുന്നു രാജാ കേശവദാസ് (1745-1799).[2] തിരിവിതാംകൂറിലെ മഹാരാജാക്കന്മാരായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മയുടെയും അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് ഇദ്ദേഹം ദിവാനായിരുന്നു. സി.വി. രാമൻപിള്ളയുടെ രണ്ടു ചരിത്രാഖ്യായികകളായ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നിവ രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്.ഇദ്ദേഹത്തിന് മുൻപുള്ളവരൊക്കെയും ദളവ എന്ന നാമത്തിൽ ആയിരുന്നു വിശേഷണം ചെയ്യപ്പെട്ടത്.

ബാല്യകാലം

[തിരുത്തുക]

കുന്നത്തൂരുള്ള കീർത്തിമംഗലം വീട്ടിൽ 1745 മാർച്ച് 17-ന് രാമൻ പിള്ളയുടെ മരുമകനായിട്ടാണ് കേശവപ്പിള്ളയുടെ ജനനം. [3] രാമൻ കേശവപ്പിള്ള എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. [4]മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടമായിരുന്നതുകൊണ്ട് അച്ഛന്റെ സന്യാസവും കൊണ്ടും കേശവന് വളർത്തി നോക്കിരുന്നത് അമ്മാവൻ തന്റെ പേർ അദ്ദേഹത്തിന്റെ പേരിനോട് ചേർത്തിരുന്നു. അച്ഛൻ മാർത്താണ്ഡൻ തമ്പി തിരുവിതാംകൂർ സൈന്യത്തിൽ ആയിരുന്നു.[5] മാർത്താണ്ഡൻ തമ്പിയെ 'വലിയ യജമാനൻ' എന്നും വിളിച്ചിരുന്നു. അമ്മയുടെ പേര് കാളിയമ്മപ്പിള്ള എന്നായിരുന്നു. കൊട്ടാരം പടത്തലവന്റെ പദവി ഉപേക്ഷിച്ച ശേഷം സന്യാസം സ്വീകരിച്ച് പിതാവ് കാശിക്ക് തിരിച്ചതോടെ കുടുംബഭാരം മുഴുവനും കേശവപ്പിള്ളയുടെ തലയിലായി. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് പ്രദേശത്തെ കച്ചവടപ്രമാണിയായിരുന്ന പൂവാറ്റ് പോക്കുമൂസ മരയ്ക്കാർ തന്റെ കടയിൽ കണക്കുകൾ നോക്കുന്നതിനായി കേശവപ്പിള്ളയെ നിയമിച്ചു. നന്നേ ചെറുപ്പത്തിലേ കണക്കിൽ പ്രത്യേകപാടവം കേശവപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. കേശവപിള്ള വഴി മരയ്ക്കാരുടെ കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. തന്റെ കപ്പൽക്കച്ചവടത്തിന്റെ ചുമതലകളെല്ലാം മരയ്ക്കാർ അദ്ദേഹത്തെ ഏല്പിച്ചു. കൂടുതൽ സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഹിന്ദുസ്ഥാനി, പേർഷ്യൻ, ഡച്ച് തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കുന്നതിനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യമാർ: പറവൂർ വടക്കേക്കര ഒതുമ്പൻകാട്ടു വീട്ടിൽ മാധവി പിള്ള, വിളവങ്കോട് നങ്കക്കോയിക്കൽ വീട്ടിൽ അരത്തമപിള്ള തങ്കച്ചി, പള്ളിച്ചൽ മണയലത്തറ വീട്ടിൽ ലക്ഷ്മിപിള്ള. [6]

രാജകീയ ഭരണത്തിൽ

[തിരുത്തുക]
കാർത്തികതിരുനാൾ ധർമ്മരാജ

അന്ന് തിരുവിതാംകൂർ വാണിരുന്ന കാർത്തികതിരുനാൾ മഹാരാജാവിന്റെ(ഭരണകാലം: 1758-1798) ആശ്രിതനായിരുന്ന മരയ്ക്കാർ ഇടയ്ക്ക് രാജാവിനെ സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു അവസരത്തിൽ കേശവപിള്ള തന്റെ കഴിവുകളാൽ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. തുടർന്ന്, രാജാവ് ഇദ്ദേഹത്തിന് തന്റെ കൊട്ടാരത്തിൽ നീട്ടെഴുത്തുദ്യോഗം നൽകി.[7] തനിക്കു കിട്ടിയ ഈ സുവർണ്ണാവസരത്തെ കേശവപിള്ള അങ്ങേയറ്റം പ്രയോജനപ്പെടുത്തി. കുളച്ചൽ യുദ്ധത്തിനു ശേഷം മാർത്താണ്ഡവർമ്മയുമായി രമ്യതയിലായി തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായിത്തീർന്ന ഡച്ച് ക്യാപ്റ്റൻ ഡെലെനോയ് തുടങ്ങിയ ഉദ്യോഗസ്ഥന്മാരുമായി പരിചയപ്പെട്ട് യുദ്ധതന്ത്രങ്ങൾ വശമാക്കുകയും പോർത്തുഗീസ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ പഠിക്കുകയും ചെയ്തു.[8] കേശവപിള്ളയുടെ ബുദ്ധിവൈഭവം, രാജ്യസ്നേഹം, അതിരറ്റ സ്വാമിഭക്തി തുടങ്ങിയ സ്വഭാവ വൈശിഷ്ട്യങ്ങളിൽ ആകൃഷ്ടനായ മഹാരാജാവ് 1765-ൽ അദ്ദേഹത്തിന്‌ രായസം ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നൽകി. പുറക്കാട്, കുളച്ചൽ മുതലായ സ്ഥലങ്ങളിൽ താമസിച്ചിരുന്ന ഡച്ച് കമ്പനിക്കാരുമായും അഞ്ചുതെങ്ങിലും മറ്റും താമസിച്ചിരുന്ന ഇംഗ്ലീഷ് കമ്പനിക്കാരുമായും നിരന്തരം കത്തിടപാടുകൾ നടത്തി വാണിജ്യത്തെ ഉയർത്തുന്നതിന് കേശവപിള്ള പ്രധാന പങ്ക് വഹിച്ചു. വനം വകുപ്പിന് തുടക്കമിട്ടതും കേശവപിള്ളയാണ്‌. [9]

ദിവാൻ പദവിയിൽ

[തിരുത്തുക]

സമ്പ്രതി(1768), സർവ്വാധികാര്യക്കാരൻ(1788) എന്നിങ്ങനെ പടിപടിയായി ഉയർന്ന് 1789 സെപ്റ്റംബർ 22-ന്‌ ഇദ്ദേഹം തിരുവിതാംകൂറിന്റെ ദിവാൻ ആയി. ദിവാൻ ചെമ്പകരാമൻപിള്ള വാർദ്ധക്യസഹജമായ അവശതയെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ്‌ ഈ സ്ഥാനാരോഹണം.[10]

മാർത്താണ്ഡവർമ്മ മഹാരാജാവിന്‌ രാമയ്യൻ ദളവ എങ്ങനെ വലംകയ്യായിരുന്നുവോ അതേപോലെ രാജ്യക്ഷേമപ്രവർത്തനങ്ങളിൽ രാമവർമ്മ മഹാരാജാവിന്റെ വിശ്വസ്തനായ സഹായിയായിരുന്നു ദിവാൻ കേശവപിള്ള. രാമയ്യൻ ദളവ സ്ഥാപിച്ച ഉദ്യോഗസ്ഥ ഭരണക്രമത്തിന്റെ താഴേതട്ടിൽ നിന്ന് ഉയർന്നുവന്ന ആളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവർണ്ണറായ മോർണിങ്ങ്‌ടൺ ഇദേഹത്തിനു രാജാ എന്ന പദവി നൽകി ആദരിച്ചു.[11][12] തന്റെ പേരിനോട് ദാസൻ എന്നും കൂടി ചേർത്ത് രാജ ദാസൻ എന്നാക്കാനായിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്. എന്നാൽ രാജാ കേശവദാസൻ എന്ന പേരാണ് കാലക്രമേണ അദ്ദേഹത്തിന്റെ പേരായി മാറിയത്. ജനങ്ങൾ ആദരപൂർവ്വം ഇദ്ദേഹത്തിനെ വലിയദിവാൻജി എന്നും വിളിച്ചുപോന്നു.

രാജ്യരക്ഷ

[തിരുത്തുക]
ടിപ്പു നെടുങ്കോട്ട യുദ്ധത്തിനിടക്ക്. ചിത്രം (c 1896) ൽ വരച്ചത്

സൈന്യാധിപൻ ഡെ ലെനോയിയുടെ മരണശേഷം കേശവപിള്ള തിരുവിതാംകൂർ പട്ടാളത്തിന്റെ സൈന്യാധിപനായും പ്രവർത്തിച്ചിട്ടുണ്ട്. 1789-ലെ ടിപ്പു സുൽത്താന്റെ പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാംകൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു. കേശവദാസന്റെ യുദ്ധതന്ത്രത്തെക്കുറിച്ച് സർദാർ കെ.എം. പണിക്കർ കേരളസ്വാതന്ത്ര്യസമരത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു[13]

തിരുവിതാംകൂർ തന്നെ നാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദർഭത്തിലാണ്‌ കേശവദാസ് ദിവാനാകുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരുടെ കയ്യിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നുവെന്ന് വളരെ നേരത്തേതന്നെ സൂക്ഷ്മബുദ്ധിയായ അദ്ദേഹം മനസ്സിലാക്കി. ആർക്കാട്ടു നവാബ് വെറുമൊരു പാവയാണെന്നും മൈസൂരിന്റെ സൈനികശക്തി തിരുവിതാംകൂറിന്‌ കൊടിയ വിപത്തായിത്തീരുമെന്നും കേശവദാസ് കണ്ടു. ആ നിമിഷം മുതൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി സ്വതന്ത്രമായ ഒരു സഖ്യമുണ്ടാക്കുന്നതിനുവേണ്ടി തന്റെ അസാമാന്യമായ നയതന്ത്രകുശലത അദ്ദേഹം പ്രയോഗിക്കാൻ തുടങ്ങി. മംഗലാപുരം ഉടമ്പടി(1784)യുടെ ഒന്നാം വകുപ്പിൽ തിരുവിതാംകൂർ മഹാരാജാവ് ഇംഗ്ലീഷുകാരുടെ സുഹൃത്തും ബന്ധുവുമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്, കേശവദാസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രവിജയമായിരുന്നു.[14] മംഗലാപുരം ഉടമ്പടിയിലെ വ്യവസ്ഥമൂലം കേശവദാസ് രണ്ടു പ്രധാനകാര്യങ്ങൾ നേടി: തിരുവിതാംകൂറിന്റെ പരിപൂർണ്ണസ്വാതന്ത്ര്യം കമ്പനിയെക്കൊണ്ട് അംഗീകരിപ്പിക്കുകയും പരോക്ഷമായി കർണ്ണാടിൿ നവാബിന്റെ അധികാരം തള്ളിക്കളയുകയും ചെയ്തുവെന്നതാണ്‌ അതിൽ ഒന്ന്. രണ്ടാമതായി കമ്പനിയുമായി അദ്ദേഹം നേരിട്ട് ഒരു സഖ്യമുണ്ടാക്കി. കമ്പനിയുമായി ഉണ്ടാക്കിയ ഈ സഖ്യമാണ്‌ കേശവദാസന്റെ നയത്തിലെ മർമ്മപ്രധാനമായ ഭാഗം. മൈസൂരുമായി യുദ്ധം ഒഴിവാക്കുക സാദ്ധ്യമല്ലെന്ന് അദ്ദേഹത്തിന്‌ ബോദ്ധ്യമായിരുന്നു. പിന്നെയുള്ള ഏക ആശ ബ്രിട്ടീഷുകാരുടെ പരിപൂർണ്ണ പിന്തുണയാണ്‌.
നശിപ്പിക്കപ്പെട്ട നെടുങ്കോട്ടയുടേ അവശിഷ്ടങ്ങൾ ചാലക്കുടിയിലെ മേലൂരിൽ

എന്നാൽ 1790-ൽ തന്റെ പരാജയത്തിന്‌ പ്രതികാരം വീട്ടാൻ ടിപ്പു നെടുംകോട്ട ആക്രമിച്ചപ്പോൾ എതിർക്കാൻവേണ്ടി തിരുവിതാംകൂറിന്റെ ചെലവിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം ടിപ്പുവിന്റെ പടയുടെ നശീകരണങ്ങൾ കണ്ടുനിൽക്കുകയാണുണ്ടായത്. ഈ കൊടുംചതിയിലും മനം പതറാതെ കേശവപിള്ള അതിനു കാരണക്കാരനായ മദ്രാസ് ഗവർണ്ണർ ഹാളണ്ടിനെയും സഹോദരനെയും ഗവർണ്ണർ ജനറലിനെക്കൊണ്ട് സ്ഥാനഭ്രഷ്ടരാക്കി. ടിപ്പുവിന്റെ പട ആലുവയിൽ താവളമുറപ്പിച്ച് നശീകരണം നടത്തിവരെയാണ്‌ ഈസ്റ്റ് ഇന്ത്യാക്കമ്പനി ശ്രീരംഗപട്ടണം ആക്രമിക്കുന്നതും ടിപ്പു സൈന്യസമേതം അങ്ങോട്ടു നീങ്ങുന്നതും. മൈസൂർ യുദ്ധത്തിൽ ഇംഗ്ലീഷുകാർ പലയിടങ്ങളിൽ വെച്ച് നടത്തിയ യുദ്ധങ്ങളിൽ കേശവദാസനും തിരുവിതാംകൂർ സൈന്യവും സഹായിക്കുകയുണ്ടായി. മൈസൂർ രാജ്യത്തിന്റെ നേർപകുതി ഇംഗ്ലീഷുകാർക്ക് നൽകിക്കൊണ്ടുള്ള ടിപ്പുവിന്റെ ശ്രീരംഗപട്ടണസന്ധിക്കുശേഷം കമ്പനി തിരുവിതാംകൂറിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ അന്യായമായി അധീനപ്പെടുത്താൻ ശ്രമിക്കുകയും തങ്ങളുടെ യുദ്ധച്ചെലവ് നൽകാൻ ആവശ്യപ്പെടുകയുമുണ്ടായി.

ഭരണപരിഷ്കാരങ്ങൾ

[തിരുത്തുക]

മൂന്നാം മൈസൂർ യുദ്ധത്തോടെ ശത്രുഭയം നീങ്ങിയ തിരുവിതാംകൂറിന്റെ സർവ്വതോമുഖമായ അഭിവൃദ്ധിയിൽ രാജാകേശവദാസന്റെ ശ്രദ്ധ പതിഞ്ഞു. ടിപ്പുവിന്റെ പടയോട്ടത്തിൽ തിരുവിതാംകൂറിൽ അഭയംപ്രാപിച്ച രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അവകാശങ്ങളോടെ പുനർവിന്യസിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമചുമതല.[15]

ആലപ്പുഴയുടെ വികസനം

[തിരുത്തുക]
ആലപ്പുഴ പട്ടണത്തിൻ്റെ ശില്പിയായാണ് കേശവദാസനെ കരുതിപ്പോരുന്നത്. ആലപ്പുഴയിലെ കല്ലുപാലം. 1900 കളിൽ

ആലപ്പുഴ പട്ടണത്തിന്റെ ചീഫ് ആർക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്. ഇന്നത്തെ ആലപ്പുഴ പട്ടണം ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് കണ്ട് ഇദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. തുറമുഖത്തേയ്ക്ക് ചരക്കുകൾ കൊണ്ടുവരുന്നതിനായി ഇദ്ദേഹം രണ്ട് കനാലുകളും നിർമ്മിച്ചു. ചാലക്കമ്പോളം നിർമ്മിച്ചതും ഇദ്ദേഹമാണ്. സൂറത്ത്, മുംബൈ, കച്ച് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് വ്യാപാരം നടത്താൻ എല്ലാ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തു നൽകി. ഇക്കാലത്ത് തിരുവിതാങ്കൂറിന്റെ വാണിജ്യനഗരമായി ആലപ്പുഴ മാറി.[16][17] [18]

തിരുവനന്തപുരം മുതൽ അങ്കമാലിക്കടുത്തുള്ള കറുകുറ്റി വരെ അദ്ദേഹം ഒരു പാത നിർമ്മിക്കുകയുണ്ടായി. ഇതാണ് ഇന്നത്തെ സംസ്ഥാനപാത 1. പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ പാത തുടങ്ങുന്ന സ്ഥലത്തിന് കേശവദാസപുരം എന്ന് നാമകരണം ചെയ്തു.

അവസാന നാളുകൾ

[തിരുത്തുക]

ടിപ്പു സുൽത്താനിൽ നിന്നുള്ള ഭീഷണി കൂടിക്കൂടി വന്നപ്പോൾ ബ്രിട്ടീഷുകാരുടെ സഹായം തേടാൻ ദിവാൻ രാജാവിനോട് ആവശ്യപ്പെട്ടതും സഹായിക്കാൻ വന്ന ബ്രിട്ടീഷുകാർ പിന്നീട് ഭരണത്തിൽ ഇടപെടാൻ തുടങ്ങിയതും കേശവപിള്ളയ്ക്കെതിരെ അപവാദങ്ങൾ പരത്താൻ ചിലർക്ക് അവസരമൊരുക്കിയിരുന്നു. 1798-ൽ ധർമ്മരാജയുടെ മരണത്തിനു ശേഷം രാജാവായി വന്ന ബലരാമവർമ്മയ്ക്ക് പതിനാല് വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. ജയന്തൻ ശങ്കരൻ നമ്പൂതിരിയായിരുന്നു രാജാവിന്റെ പിന്നിൽ നിന്ന് ഭരണം നിർവ്വഹിച്ചിരുന്നത്. ഒരു ചാരനായി മുദ്ര കുത്തി ജയന്തൻ നമ്പൂതിരി കേശവദാസിനെ വീട്ടുതടങ്കലിലാക്കി.[19] അദ്ദേഹത്തിന്റെ പദവികളും തിരിച്ചെടുത്ത് സ്വത്തുക്കളും കണ്ടുകെട്ടി. 1799 ഏപ്രിൽ 21-ന് ഇദ്ദേഹത്തിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു.

കേശവദാസിന്റെ മരണത്തെത്തുടർന്നുണ്ടായ കലാപത്തിൽ ജയന്തൻ ശങ്കരൻ നമ്പൂതിരി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടുകയും വേലുത്തമ്പി ദളവ ദിവാനായി നിയമിക്കപ്പെടുകയും ചെയ്തു.

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • പരമേശ്വരൻപിള്ള, വി.ആർ (1973). രാജാകേശവദാസ്. എൻ.ബി.എസ്.
  • ശങ്കുണ്ണിമേനോൻ, പി‍ (1988) [ആദ്യപതിപ്പ്1973]. തിരുവിതാംകൂർ ചരിത്രം. എൻ.ബി.എസ്.
  1. http://www.hindu.com/2010/05/01/stories/2010050153461000.htm[പ്രവർത്തിക്കാത്ത കണ്ണി]
  2. Menon, A. Sreedhara (1967). A Survey of Kerala History (in ഇംഗ്ലീഷ്). D C Books. pp. 235–236. ISBN 978-81-264-1578-6.
  3. Abraham, M.V., A Concise History of Travancore, Tiruvalla, 1941, p. 28. South Travancore was a part of the erstwhile State of Travancore-cochin. It was formed out of the four Tamil speaking taluks of Agasteeswaram, Thovalai, Kalkulam and Vilavancode.
  4. Shungoonny Menon, P., A History of Travancore, Cochin, 1983, p.146
  5. Rajeev, Sharat Sunder (2018-03-30). "Kravilakathu Putten Veedu, a famed abode of a former Dewan". The Hindu (in Indian English). ISSN 0971-751X. Retrieved 2021-07-18.
  6. https://archive.org/details/rajakesavadas1938reswarapilla/page/n3/mode/1up
  7. "Government Museum, Trivandrum, Travancore". Nature. 159 (4028): 57–57. doi:10.1038/159057b0. ISSN 0028-0836.
  8. https://shodhganga.inflibnet.ac.in/bitstream/10603/70621/10/10_chapter%203.pdf
  9. "Raja Kesavadas". prabook.com (in ഇംഗ്ലീഷ്). Retrieved 2021-07-18.
  10. Shungoonny Menon, P., A History of Travancore, Trivandrum, 1983, p.1.
  11. Velu Pillai, T.K., The Travancore State Manual, Vol.II, Trivandrum, 1996, p.156.
  12. "Statue of Raja Kesavadas to be erected in city". The Hindu. 2007-11-05. Retrieved 22 October 2014.
  13. പണിക്കർ, കെ.എം. കേരളസ്വാതന്ത്ര്യസമരം. p. 337.
  14. Velu Pillai, T. K., The Travancore State Manual, Vol. II, Trivandrum, 1945, p.44.
  15. Velu Pillai, T. K., The Travancore State Manual, Vol. II, Trivandrum, 1945, p.44.
  16. "Alappuzha: A detailed Study for PSC | PSC Arivukal". www.pscarivukal.com. Retrieved 2021-07-20.
  17. "History | District Alappuzha, Government of Kerala | India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-20.
  18. Deepa, T. (July 2013). "Raja kesava das and his reforms in travancore 1789 1799". University (in English).{{cite journal}}: CS1 maint: unrecognized language (link)
  19. Kerala (India); Menon, A. Sreedhara (1962). Kerala District Gazetteers: Kottayam (in ഇംഗ്ലീഷ്). Superintendent of Government Presses. p. 210.



"https://ml.wikipedia.org/w/index.php?title=രാജാകേശവദാസൻ&oldid=3813349" എന്ന താളിൽനിന്ന് ശേഖരിച്ചത്