Jump to content

ആർ. ബാലകൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(R. Balakrishna Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർ. ബാലകൃഷ്ണപിള്ള
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
ഓഫീസിൽ
മാർച്ച് 10 2003 – ഓഗസ്റ്റ് 29 2004
മുൻഗാമികെ.ബി. ഗണേഷ് കുമാർ
പിൻഗാമിഎൻ. ശക്തൻ
ഓഫീസിൽ
ജൂൺ 24 1991 – ജൂലൈ 28 1995
മുൻഗാമികെ. ശങ്കരനാരായണ പിള്ള
പിൻഗാമിപി.ആർ. കുറുപ്പ്
ഓഫീസിൽ
ഡിസംബർ 26 1975 – ജൂൺ 25 1976
മുൻഗാമിഎം.എൻ. ഗോവിന്ദൻ നായർ
പിൻഗാമികെ.എം. ജോർജ്ജ്
കേരളത്തിലെ വൈദ്യുത വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 25 1986 – മാർച്ച് 25 1987
മുൻഗാമിആർ. ബാലകൃഷ്ണപിള്ള
പിൻഗാമിടി. ശിവദാസമേനോൻ
ഓഫീസിൽ
മേയ് 24 1982 – ജൂൺ 5 1985
മുൻഗാമിആർ. ബാലകൃഷ്ണപിള്ള
ഓഫീസിൽ
ജനുവരി 25 1980 – ഒക്ടോബർ 20 1981
ലോകസഭാംഗം
ഓഫീസിൽ
മാർച്ച് 15 1971 – ജനുവരി 18 1977
മുൻഗാമിജി.പി. മംഗലത്തുമഠം
പിൻഗാമിബി.കെ. നായർ
മണ്ഡലംമാവേലിക്കര
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 22 1977 – മേയ് 12 2006
മുൻഗാമികൊട്ടറ ഗോപാലകൃഷ്ണൻ
പിൻഗാമിപി. അയിഷ പോറ്റി
മണ്ഡലംകൊട്ടാരക്കര
ഓഫീസിൽ
ഫെബ്രുവരി 22 1960 – സെപ്റ്റംബർ 10 1964
മുൻഗാമിഎൻ. രാജഗോപാലൻ നായർ
പിൻഗാമിപി.കെ. രാഘവൻ
മണ്ഡലംപത്തനാപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1935-03-08)മാർച്ച് 8, 1935
മരണംമേയ് 3, 2021(2021-05-03) (പ്രായം 86)
കൊട്ടാരക്കര
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ്സ് (ബി)
പങ്കാളിവത്സല
കുട്ടികൾഉഷ, ബിന്ദു, കെ.ബി. ഗണേഷ് കുമാർ
വസതികൊട്ടാരക്കര
As of മേയ് 3, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായിരുന്നു ആർ. ബാലകൃഷ്ണപിള്ള (ജനനം: മാർച്ച് 8, 1935 - 03 മേയ് 2021). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ബി) ചെയർമാനായിരുന്നു.[1] സ്വദേശം കൊല്ലം ജില്ലയിലെ വാളകം. 2021 മേയ് 3 ന് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[2]

'പഞ്ചാബ് മോഡൽ പ്രസംഗം' എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ ഒരു സന്ദർഭത്തിൽ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിട്ടുണ്ട്.[3] കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. ഇടമലയാർ കേസിൽ സുപ്രീം കോടതി ഒരു വർഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് ആർ. ബാലകൃഷ്ണപ്പിള്ള.[4] എന്നാൽ, ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ഇദ്ദേഹത്തെ വിട്ടയച്ചു. 69 ദിവസത്തെ ജയിൽ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയിൽ ശിക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായതിനെത്തുടർന്ന് ശിക്ഷാ ഇളവിൽ നാല് ദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു.[5][6]. 2017 മുതൽ 2021 വരെ സംസ്ഥാന മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചു. [7]

2011 ൽ അഴിമതി കേസിൽ ജയിലിൽ പോയ കേരളത്തിലെ ആദ്യ മന്ത്രിയും ഇദ്ദേഹമാണ്.

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ വാളകത്ത് കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായി 1934 ഏപ്രിൽ 7ന് മീന മാസത്തിലെ പൂരാടം നക്ഷത്രത്തിൽ ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് പൊതുരംഗത്ത് എത്തി. തിരുവിതാംകൂർ സ്റ്റുഡൻറ്സ് യൂണിയനിലും പ്രവർത്തിച്ചു. പിന്നീട് കോൺഗ്രസിൽ ചേർന്ന് കെ.പി.സി.സി, എ.ഐ.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി.

1964-ൽ കോൺഗ്രസ് വിട്ട് കെ.എം. ജോർജിനൊപ്പം ചേർന്ന് കേരള കോൺഗ്രസിന് ജന്മം നൽകി. 1964-ൽ കോൺഗ്രസ് വിട്ട 15 നിയമസഭാംഗങ്ങളിൽ ഒരാളും കേരള കോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിൽ അവശേഷിക്കുന്നവരിൽ ഒരാളുമായിരുന്നു ബാലകൃഷ്ണപിള്ള. 1976-ൽ കെ.എം. ജോർജ്ജിൻ്റെ മരണത്തിന് പിന്നാലെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്ന് കേരള കോൺഗ്രസ് പിളരുകയും 1977-ൽ കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. 1960-ൽ പത്തനാപുരത്ത് നിന്ന് ആദ്യമായി നിയമസഭാംഗമായി. 1965-ൽ കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചെങ്കിലും 1967-ലും 1970-ലും പരാജയപ്പെട്ടു. 1971-ൽ മാവേലിക്കരയിൽ നിന്ന് ലോക്സഭാംഗമായി. 1977, 1980, 1982, 1987, 1991, 1996, 2001 വരെ തുടർച്ചയായി 7 തവണ കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലേക്ക് വീണ്ടും മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ആയിഷാ പോറ്റിയോട് പരാജയപ്പെട്ടു. 1975-ൽ സി.അച്യുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. പിന്നീട് ഇ.കെ.നായനാർ, കെ.കരുണാകരൻ, എ.കെ.ആൻറണി മന്ത്രിസഭകളിലായി ആകെ അഞ്ച് തവണ മന്ത്രിയായി.

കേരള രാഷ്ട്രീയത്തിൽ ഒരേപോലെ ആരാധിക്കപ്പെടുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത നേതാവാണ്. ഒരേസമയം സംസ്ഥാന മന്ത്രിയും, ലോക്സഭാംഗവും, പഞ്ചായത്ത് പ്രസിഡൻറുമായിരുന്നയാളാണ് ബാലകൃഷ്ണപിള്ള. എക്സൈസ്, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത പിള്ള ഗതാഗത വകുപ്പ് മന്ത്രി എന്ന നിലയിലാണ് പ്രശസ്തനായത്. കേരളത്തിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ഏക നിയമസഭാംഗമാണ് ആർ.ബാലകൃഷ്ണപിള്ള. 1964 മുതൽ 1987 വരെ ഇടമുളക്കൽ പഞ്ചായത്തിൻ്റെയും 1987 മുതൽ 1995 വരെ കൊട്ടാരക്കര പഞ്ചായത്തിൻ്റേയും പ്രസിഡൻറായിരുന്നു. സംസ്ഥാന മന്ത്രിയായിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡൻ്റായി തുടർന്നു. 1977-ൽ ഇടതുപക്ഷത്തേക്ക് ചേർന്നെങ്കിലും 1982-ൽ യു.ഡി.എഫിൽ തിരിച്ചെത്തി. പിന്നീട് 33 വർഷം യു.ഡി.എഫ് ഘടകകക്ഷിയായിരുന്നു. കെ.എം. മാണി, ഉമ്മൻചാണ്ടി എന്നിവരുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് 2015-ൽ യു.ഡി.എഫ്. വിട്ട് ഇടതുപക്ഷത്ത് ചേർന്നു. 2018 മുതൽ ഇടതുമുന്നണിയിൽ അംഗമായി തുടരുന്നു.

മലയാള ചലച്ചിത്ര അഭിനേതാവായിരുന്ന മകൻ കെ.ബി. ഗണേഷ് കുമാറിനെ 2001- മുതൽ രാഷ്ട്രീയത്തിലിറക്കി മന്ത്രിയാക്കിയ പിള്ള പിന്നീട് പല തവണ മകനുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പോരടിച്ചു. 1970-ൽ യു.ഡി.എഫ് രൂപീകരിച്ചപ്പോൾ സ്ഥാപക നേതാവായിരുന്ന ബാലകൃഷ്ണ പിള്ളയെ പിന്നീട് കെ.എം. മാണിയോടും ഉമ്മൻ ചാണ്ടിയോടും വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് 2014-ൽ യു.ഡി.എഫിൽ നിന്ന് ഒഴിവാക്കി.

1977 മുതൽ കേരള കോൺഗ്രസ് (ബി)യുടെ ചെയർമാനായും 2017 മുതൽ 2021 വരെ സംസ്ഥാന മുന്നോക്ക കോർപ്പറേഷൻ ചെയർമാനായും എൻ.എസ്.എസ്. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായും പ്രവർത്തിച്ചു[8]. 2021 മേയ് 03 ന് അന്തരിച്ചു[9]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

ആർ.ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായിട്ടാണ്. വാളകം എം.ടി. സ്കൂളിൽ ഫോർത്ത് ഫോറമിൽ പഠിക്കുമ്പോഴാണ് തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയനിൽ അംഗത്വമെടുക്കുന്നത്. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയനാണ് പിന്നീട് കേരള സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ആയത്. 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും എത്തിയപ്പോഴേക്കും പിള്ള കെ.എസ്.എഫ് നേതാവായി മാറിക്കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.എഫിനെ വളർത്തിയതിൽ പിള്ളയുടെ വാക്ചാതുരിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. പിന്നീട് എറണാകുളം ലോ കോളേജിൽ ചേർന്നെങ്കിലും നിയമ പഠനം പൂർത്തിയാക്കാതെ തിരുവനന്തപുരത്തേക്ക് സംഘടനാ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തി. 1958-ൽ തിരുവനന്തപുരത്ത് സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ലോഡ്ജിൽ താമസിച്ചിരുന്ന അയൽവാസികളായ പ്രതിപക്ഷ നേതാവ് പി.ടി.ചാക്കോയുമായും കോൺഗ്രസ് നേതാവ് സി.എം.സ്റ്റീഫനുമായും അടുത്തത്. 1957-ൽ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ പ്രതീക്ഷക്കൊത്തുയരാത്തത് പിള്ളയുടെ മനസിൽ കമ്മ്യൂണിസത്തോട് അകൽച്ചയുണ്ടാക്കി[10]

പിന്നീട് അടിമുടി കമ്മ്യൂണിസ്റ്റായിരുന്ന പിള്ള പതുക്കെ കോൺഗ്രസ് ആശയങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങി. സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭൻ്റെ ഉപദേശം കൂടി ലഭിച്ചതോടെ 1958-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്തു. വിമോചന സമരകാലത്ത് മന്നത്തിനൊപ്പം അണി ചേർന്നു. ഏറ്റവും പ്രായം കുറഞ്ഞ എ.ഐ.സി.സി അംഗമെന്ന നിലയിലും പിള്ള പ്രശസ്തനായി. ആർ.ശങ്കർ കെ.പി.സി.സി. പ്രസിഡൻ്റായിരുന്നപ്പോൾ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗമായിരുന്ന പിള്ള 1964-ൽ കേരള കോൺഗ്രസ് രൂപീകരിക്കുന്നത് വരെ ഈ സ്ഥാനത്ത് തുടർന്നു.

1960-ൽ പത്തനാപുരത്ത് നിന്ന് ഇരുപത്തിയഞ്ചാം വയസിൽ രണ്ടാം കേരള നിയമസഭയിൽ അംഗമായി. അന്ന് ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമെന്ന ബഹുമതി പിള്ളയ്ക്ക് ലഭിച്ചു. 1964-ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ കെ.എം.ജോർജ് പാർട്ടി ചെയർമാനും പിള്ള സ്ഥാപക ജനറൽ സെക്രട്ടറിയുമായി. എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു ആർ.ബാലകൃഷ്ണ പിള്ളയുടെ യാത്ര. സ്വേഛാധിപതിയായ ഭരണാധികാരിയെ പോലെ ആഢ്യത്വം അടിയറ വെക്കാതെ പലപ്പോഴും ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് വഴിപിരിയേണ്ടി വന്ന അദ്ദേഹം 2000 ആണ്ടിൻ്റെ തുടക്കത്തിൽ നിലനിൽപ്പിനായി പല കളങ്ങളും മാറ്റിച്ചവിട്ടിയും കരുനീക്കങ്ങൾ നടത്തുകയും ചെയ്തു. 1982-ലെ കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായ പിള്ളക്ക് സഭയിൽ നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തെ തുടർന്ന് 1985 ജൂൺ 5 ന് രാജി വക്കേണ്ടി വന്നു.

1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ലയിച്ച് കൊട്ടാരക്കരയിൽ നിന്ന് ജയിച്ച പിള്ള 1989-ൽ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് (ബി) ജോസഫ് ഗ്രൂപ്പിൽ നിന്ന് പിളർന്ന് മാറിയതോടെ കൂറു മാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനായി തീർന്നു. ഇതിനിടയിൽ ഗ്രാഫെറ്റ് കേസും ഇടമലയാർ കേസും പിള്ളയെ വിവാദനായകനാക്കി. 2001-2004ലെ യു.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രി പദം കിട്ടാഞ്ഞതിനെ തുടർന്ന് യു.ഡി.എഫുമായി സ്വരചേർച്ചയിലല്ലായിരുന്നു. ഒടുവിൽ 2003-ൽ മന്ത്രിയായിരുന്ന മകൻ കെ.ബി.ഗണേഷ് കുമാറിനെ രാജിവപ്പിച്ച് 2004 വരെ പിള്ള ഗതാഗത വകുപ്പ് മന്ത്രിയായി തുടർന്നു.

കോൺഗ്രസിൻ്റെ ലോക്സഭാംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷുമായി ഇടഞ്ഞതിനെ തുടർന്ന് 2005-ൽ യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിൽ ചേരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പിള്ള യു.ഡി.എഫിൽ തന്നെ തിരിച്ചെത്തി. യു.ഡി.എഫിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിലെ കടുപ്പമേറിയ കാലഘട്ടമായിരുന്നു 2000 ആണ്ടിൻ്റെ തുടക്ക ദിനങ്ങൾ. മകൻ്റെ മന്ത്രിപദവും വിവാദങ്ങളും പിള്ളയുടെ രാഷ്ട്രീയ മൂല്യമിടിച്ചു. 2015-ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോടും ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ.എം.മാണിയോടും ബാർക്കോഴ കേസിൽ വിയോജിച്ചതിനെ തുടർന്ന് യു.ഡി.എഫിൽ നിന്ന് പുറത്താക്കപ്പെട്ടു. ഒടുവിൽ 2018-ൽ ഇടതുമുന്നണിയുടെ ഭാഗമായതോടെ രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്ന ചൊല്ല് അന്വർത്ഥമായി.[11]

വഹിച്ച പദവികൾ

[തിരുത്തുക]
  • 1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു.
  • 1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തി.
  • 1980-82, 1982-1985, 1986-1987 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്.
  • 1991-1995, 2003-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.[1]
  • കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം.
  • എ.ഐ.സി.സി. അംഗം.
  • 1963-64 കാലഘട്ടത്തിൽ കേരള നിയമസഭയിൽ ഭവനസമിതിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1964-ൽ കേരളാ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായി. പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു.
  • 1971-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]
  • 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി കൊട്ടാരക്കരയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.[12]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ[13]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 കൊട്ടാരക്കര നിയമസഭാമണ്ഡലം പി. ഐഷ പോറ്റി സി.പി.ഐ.എം., എൽ.ഡി.എഫ്. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.
2001 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. വി. രവീന്ദ്രൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. ജോർജ് മാത്യു സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. ജോർജ് മാത്യു സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്. ഇ. രാജേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.
1982 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്. ഇ. ചന്ദ്രശേഖരൻ നായർ സി.പി.ഐ., എൽ.ഡി.എഫ്.
1970 കൊട്ടാരക്കര നിയമസഭാമണ്ഡലം കൊട്ടറ ഗോപാലകൃഷ്ണൻ കോൺഗ്രസ് (ഐ.) ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ്
1967 കൊട്ടാരക്കര നിയമസഭാമണ്ഡലം ഇ. ചന്ദ്രശേഖരൻ നായർ സി.പി.ഐ. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ്

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ : ആർ.വത്സല
  • മക്കൾ : ഉഷ, കെ.ബി.ഗണേഷ് കുമാർ, ബിന്ദു
  • മരുമക്കൾ : കെ.മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്), ടി.ബാലകൃഷ്ണൻ (മുൻ അഡീഷണൽ ചീഫ് സെക്രട്ടറി)

ആത്മകഥ

[തിരുത്തുക]
ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥയുടെ പുറംചട്ട

മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച ബാലകൃഷ്ണപിള്ളയുടെ ആത്മകഥാക്കുറിപ്പുകൾ ഡി.സി. ബുക്സ് പുസ്തകരൂപത്തിൽ പുനഃക്രമീകരിച്ചു. എന്നാൽ പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന ഘട്ടത്തിൽ ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെൻട്രൽ ജയിലിലെ 5990-ആം തടവുപുള്ളിയാകേണ്ടി വന്നു. ഇതാണ് തന്റെ ആത്മകഥക്ക് അദ്ദേഹം 'പ്രിസണർ 5990' തലക്കെട്ട് നൽകുവാൻ കാരണമായത്.[14] 2011 മാർച്ചിലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "R. Balakrishna Pillai". UDF Kerala. Archived from the original on 2009-01-06. Retrieved ഒക്ടോബർ 2, 2008.
  2. മരണവാർത്ത
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2003-07-02. Retrieved 2011-05-25.
  4. "മാതൃഭൂമി വാർത്ത (ശേഖരിച്ചത് 2011 ഫെബ്രുവരി 10)". Archived from the original on 2011-02-13. Retrieved 2011-02-10.
  5. "മാതൃഭൂമി വാർത്ത (ശേഖരിച്ചത് 2011 നവംബർ 1)". Archived from the original on 2011-11-01. Retrieved 2011-11-01.
  6. "റിപ്പോർട്ട്" (PDF). മലയാളം വാരിക. 2013 മാർച്ച് 08. Archived from the original (PDF) on 2016-03-06. Retrieved 2013 ജൂൺ 09. {{cite news}}: Check date values in: |accessdate= and |date= (help)
  7. Balakrishna Pillai
  8. https://www.mathrubhumi.com/mobile/specials/politics/r-balakrishna-pillai[പ്രവർത്തിക്കാത്ത കണ്ണി]
  9. https://www.manoramaonline.com/news/latest-news/2021/05/03/kerala-congress-b-leader-r-balakrishna-pillai-passed-away.html
  10. https://www.mathrubhumi.com/mobile/news/kerala/r-balakrishna-pillai--1.5639517
  11. https://www.mathrubhumi.com/mobile/news/kerala/r-balakrishna-pillai-1.5639523
  12. "KERALA LEGISLATURE - MEMBERS - Shri Balakrishna Pillai R". Niyamasabha.org. Retrieved ഒക്ടോബർ 2, 2008.
  13. http://www.keralaassembly.org/1982/1982117.html
  14. ആമുഖം, ആർ. ബാലകൃഷ്ണപിള്ള, പ്രിസണർ 5990, ഡി.സി.ബുക്സ്, 2011 മാർച്ച്
"https://ml.wikipedia.org/w/index.php?title=ആർ._ബാലകൃഷ്ണപിള്ള&oldid=4080067" എന്ന താളിൽനിന്ന് ശേഖരിച്ചത്