Jump to content

അഗ്നി ഇൻഷുറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Property insurance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൊർനാഡോ നാശം വിതച്ച ഒരു വീട് ഇൻഷുറൻസിനു വേണ്ടി

അഗ്നിബാധ മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം ലഘൂകരിക്കാനോ പരിഹരിക്കാനോ വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. ബിസിനസ് സംരംഭങ്ങളുടെ ഭദ്രവും ശാസ്ത്രീയവുമായ നടത്തിപ്പിന് അഗ്നി ഇൻഷുറൻസ് അത്യന്താപേക്ഷിതമാണ്. അഗ്നിബാധയിൽ നിന്നുള്ള നഷ്ടബാദ്ധ്യത ഒഴിവാക്കുന്നതിന് പല സമ്പ്രദായങ്ങൾ നിലവിലുണ്ട്.

  1. അഗ്നിബാധ ഉണ്ടാകുന്നതും പടർന്നുപിടിക്കുന്നതും തടയുക.
  2. അഗ്നിബാധയിൽനിന്നുള്ള നഷ്ടം സഹിക്കത്തക്കവണ്ണം സ്വത്തുടമ സ്വയം ഇൻഷുറൻസ് (self insurance) ഏർപ്പെടുത്തുക.
  3. അഗ്നിബാധകൊണ്ടുനേരിടുന്ന നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പു നല്കുന്ന ഒരാളിന്റെയോ കമ്പനിയുടെയോ ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷുറർ (Insurer) പ്രീമിയം അടച്ച് ഏർപ്പെടുക.

വലിയ കമ്പനികൾക്കോ അനേകം സ്ഥാപനങ്ങൾ സ്വന്തമായുള്ള ഒരു വ്യക്തിക്കോ മാത്രമേ സ്വയം ഇൻഷുറൻസ് ഏർപ്പെടുത്താൻ കഴിയൂ. അനേകം സ്ഥാപനങ്ങളുള്ളതുകൊണ്ട്, അഗ്നിബാധമൂലം ഒരു സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം മറ്റുള്ളവയിലെ ലാഭംകൊണ്ടു നികത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രീമിയം അടച്ചുകൊണ്ടുള്ള ഇൻഷുറൻസാണ് ഇന്ന് പ്രചാരത്തിലുള്ളത്.

ചരിത്രം

[തിരുത്തുക]

1666 സെപ്. 2-ന് ലണ്ടൻ നഗരത്തിലുണ്ടായ ഭീമമായ അഗ്നിബാധ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. അതോടുകൂടിയാണ് അഗ്നിമൂലമുണ്ടാകുന്ന നഷ്ടം സംഘടിതമായ രീതിയിൽ പരിഹരിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് ജനങ്ങൾ ചിന്തിക്കുവാൻ തുടങ്ങിയത്. 1667-ൽ ഡോ. നിക്കോളാസ് ബാർബൺ എന്നയാൾ അഗ്നി ഇൻഷുറൻസ് ആദ്യം നടപ്പിൽ വരുത്തി. അതിനു മുൻപ് ഒരിടത്ത് അഗ്നിബാധകൊണ്ടു നഷ്ടമുണ്ടായാൽ ആ നഷ്ടം നികത്തുന്നതിന് ആ പ്രദേശത്തെ മറ്റു ജനങ്ങളെ ആശ്രയിക്കുകയായിരുന്നു പതിവ്. 1680-ലാണ് ഇംഗ്ളണ്ടിൽ കൂട്ടുടമക്കമ്പനി വ്യവസ്ഥയിൽ ആദ്യത്തെ അഗ്നി ഇൻഷുറൻസ് സ്ഥാപനമുണ്ടായത്. ചുടുകട്ടകൊണ്ടുകെട്ടിയ വീടുകൾക്ക് വാർഷിക വാടകയുടെ 2.5 ശ.മാ.വും മരംകൊണ്ടു നിർമിച്ച വീടുകൾക്ക് വാർഷിക വാടകയുടെ 5 ശ.മാ.വും പ്രീമിയം കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇന്നത്തെ രീതിയിലുള്ള അഗ്നി ഇൻഷുറൻസിന്റെ തുടക്കം കുറിച്ചത് ചാൾസ് പോവിയാണ്. 1706-ൽ ഇദ്ദേഹം തന്റെ എക്സ്ചേഞ്ച് ഹൌസ് ഫയർ ഓഫീസ് തുടങ്ങി. ഈ സ്ഥാപനത്തിലെ ഇൻഷുറർ ഒരു വ്യക്തിയാണ്. അഗ്നിബാധകൊണ്ടുണ്ടാകുന്ന നഷ്ടത്തിന് സാമ്പത്തിക പരിഹാരം നല്കുക ഒരു വ്യക്തിയുടെ കഴിവിനതീതമാണെന്ന് മനസ്സിലാക്കിയ പോവി 1710-ൽ തന്റെ ബിസിനസ് വിപുലീകരിച്ച് സൺ ഫയർ ഓഫീസ് സ്ഥാപിച്ചു. 1710-26 വരെ ഈ സ്ഥാപനം പങ്കാളിത്ത വ്യവസ്ഥയിൽ തുടർന്നു; 1726-ൽ കൂട്ടുടമാസ്ഥാപനമായി. ആദ്യകാലങ്ങളിൽ അഗ്നി ഇൻഷുറൻസിന് നിയമപരമായ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. 1909 വരെ പ്രീമിയത്തെക്കാൾ കൂടുതലായ ഒരു തുക സ്റ്റാമ്പ് ഡ്യൂട്ടിയായി ഇൻഷുറർ അടയ്ക്കേണ്ടിയിരുന്നു. 1909-ൽ അഗ്നി ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ടായി. ഇംഗ്ളണ്ടിൽ അഗ്നി ഇൻഷുറൻസ് കമ്പനികളുടെ വകയായി ഫയർ ബ്രിഗേഡുകൾ ഏർപ്പെടുത്തിയിരുന്നു. 19-ം ശ.-ത്തിന്റെ ആരംഭത്തിലുണ്ടായിരുന്ന ഇത്തരം ഫയർ ബ്രിഗേഡുകളാണ് മെട്രോപൊളിറ്റൻ ഫയർ ബ്രിഗേഡിന് നാന്ദി കുറിച്ചത്.

അമേരിക്കയിലെ അഗ്നി ഇൻഷുറൻസ് പ്രസ്ഥാനത്തിന്റെ വളർച്ചയെ നാലുഘട്ടങ്ങളായി തിരിക്കാം.

  1. ന്യൂയോർക്കിലുണ്ടായ അഗ്നിബാധവരെ (1835),
  2. 1835 മുതൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ അവസാനം വരെ,
  3. 1866-80 വരെ,
  4. 1880-നുശേഷം.

ആദ്യഘട്ടത്തിൽ അഗ്നിബാധയിൽനിന്നുണ്ടാകുന്ന നഷ്ടത്തിന് സാമ്പത്തികസഹായം നല്കിയിരുന്നത് വ്യക്തിഗത സ്ഥാപനങ്ങളോ പങ്കാളിത്തമുള്ള സ്ഥാപനങ്ങളോ ആയിരുന്നു. ഇംഗ്ളണ്ടിലെ അമിക്കബിൾ കോൺട്രിബ്യൂട്ടർഷിപ്പിന്റെ മാതൃകയിൽ ബഞ്ചമിൻ ഫ്രാങ്ക്ളിൻ 1752 ഏപ്രിൽ 13-ന് ദ ഫിലാഡൽഫിയാ കോൺട്രിബ്യൂട്ടർഷിപ്പ് എന്ന കമ്പനി സ്ഥാപിച്ചു. അഗ്നി ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്.

1784-ൽ മ്യൂച്വൽ ഇൻഷുറൻസ് കമ്പനിയും 1787-ൽ നിക്കർ ബ്രോക്കർ ഫയർ എന്ന കമ്പനിയും 1794-ൽ ബാൾട്ടിമോർ ഇക്വിറ്റബിൾ സൊസൈറ്റിയും ഇൻഷുറൻസ് കമ്പനി ഒഫ് നോർത്ത് അമേരിക്കയും സ്ഥാപിതമായി. മറൈൻ ഇൻഷുറൻസിനുവേണ്ടിയാണ് ഇൻഷുറൻസ് കമ്പനി ഒഫ് നോർത്ത് അമേരിക്ക തുടങ്ങിയതെങ്കിലും പിന്നീട് അതിന്റെ പ്രവർത്തനങ്ങൾ അഗ്നി ഇൻഷുറൻസിലേക്കു കൂടി വ്യാപിപ്പിച്ചു.

1835-ൽ ന്യൂയോർക്കിലുണ്ടായ അഗ്നിബാധ അഗ്നി ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനങ്ങൾ അപര്യാപ്തമെന്ന് തെളിയിച്ചു. അഗ്നി ഇൻഷുറൻസിന്റെ വിവിധവശങ്ങളെ പരാമർശിച്ചുകൊണ്ട് മാസ്സാച്ചുസെറ്റ്സ് 1837-ലും ന്യൂയോർക്ക് 1853-ലും നിയമങ്ങൾ പാസ്സാക്കി. 1860-ൽ അഗ്നി ഇൻഷുറൻസ് കമ്പനികൾ ചേർന്ന് നാഷനൽ ബോർഡ് ഒഫ് ഫയർ അണ്ടർറൈറ്റേഴ്സ് സംഘടിപ്പിച്ചു.

1871-ൽ ഷിക്കാഗോയിലും 1872-ൽ ബോസ്റ്റണിലും ഉണ്ടായ അഗ്നിബാധകൾ അഗ്നി ഇൻഷുറൻസ് വിപുലീകരിക്കാൻ അവസരമുണ്ടാക്കി. ഇക്കാലത്ത് നിലവിലിരുന്ന പല കമ്പനികളും പ്രവർത്തനരഹിതമായി. 1880-ഓടുകൂടി സഹകരണാടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികൾ ഉണ്ടായി.

  • വെസ്റ്റേൺ യൂണിയൻ (1879),
  • അണ്ടർറൈറ്റേഴ്സ് അസോസിയേഷൻ ഒഫ് ദ മിഡിൽ ഡിപ്പാർട്ടുമെന്റ് (1881),
  • സൌത്ത് ഈസ്റ്റേൺ താരിഫ് അസോസിയേഷൻ (1882),
  • ഇല്ലിനോയ് സ്റ്റേറ്റ് ബോർഡ് ഒഫ് ഫയർ അണ്ടർറൈറ്റേഴ്സ് (1882),
  • "'അണ്ടർറൈറ്റേഴ്സ് അസോസിയേഷൻ ഒഫ് ന്യൂയോർക്ക് സ്റ്റേറ്റ്'" (1883),
  • "'ന്യൂ ഇംഗ്ളണ്ട് ഇൻഷുറൻസ് എക്സ്ചേഞ്ച്' (1883) എന്നിവ ഇങ്ങനെ സ്ഥാപിച്ചവയാണ്. അഗ്നി ഇൻഷുറൻസ് ബിസിനസ് നിയന്ത്രിക്കുന്നതിനുള്ള നിയമം ന്യൂയോർക്കും (1851) മസ്സാച്ചുസെറ്റ്സും (1852) പാസ്സാക്കി.

1950 ആയതോടെ എല്ലാ സ്റ്റേറ്റുകളും അഗ്നി ഇൻഷുറൻസ് നിയമങ്ങളുണ്ടാക്കി. എല്ലാ അഗ്നി ഇൻഷുറൻസ് കമ്പനികളുടെയും പ്രവർത്തനങ്ങൾക്ക് ഐകരൂപ്യമുണ്ടായിരിക്കണമെന്ന് നിയമങ്ങൾ അനുശാസിക്കുന്നു. കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ടുമെന്റിന്റെ ഉദ്യോഗസ്ഥന്മാരുണ്ട്.

ഇന്ത്യയിൽ

[തിരുത്തുക]

18-ം ശതകം മുതൽ ഇന്ത്യയിൽ ഇൻഷുറൻസ് പ്രാബല്യത്തിലുണ്ടായിരുന്നു. 18-ഉം 19-ഉം ശതകങ്ങളിൽ ഇൻഷുറൻസ് വ്യവസായം വിദേശിയരുടെ കുത്തകയായിരുന്നു. 20-ം ശതകത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. ഈ കമ്പനികൾ മറ്റു ബിസിനസ്സുകളോടൊപ്പം അഗ്നി ഇൻഷുറൻസും നടത്തിവരുന്നു. 1947-നുശേഷം അഗ്നി ഇൻഷുറൻസ് ഇന്ത്യയിൽ വളരെ വികസിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ സാമ്പത്തികനയവും പഞ്ചവത്സരപദ്ധതികളും വൻപിച്ച തോതിലുള്ള വ്യവസായവത്കരണവും അഗ്നി ഇൻഷുറൻസിന് കൂടുതൽ വികസനസാധ്യതകളുണ്ടാക്കി.

മൌലികതത്ത്വങ്ങൾ

[തിരുത്തുക]

കരാർനിയമങ്ങളാണ് അഗ്നി ഇൻഷുറൻസിന് ബാധകമാകുന്നത്. അഗ്നി ഇൻഷുറൻസ് വളരെ നേരത്തേ പ്രചരിച്ചതുകൊണ്ട് ഇൻഷുറൻസ് നിയമത്തിൽ നല്ലൊരു പങ്ക് അഗ്നി ഇൻഷുറൻസിനെ സംബന്ധിച്ചുള്ളതാണ്. ഇൻഷുർ ചെയ്യുന്ന വ്യക്തിക്ക് ഇൻഷുർ ചെയ്യുന്ന വസ്തുവിൽ ഇൻഷുർ ചെയ്യാൻ അവകാശം (insurable interest) ഉണ്ടായിരിക്കേണ്ടതുണ്ട്. പോളിസി തുടങ്ങുമ്പോഴും നഷ്ടം സംഭവിക്കുമ്പോഴും ഇൻഷുർ ചെയ്യുന്നയാളിന് ഇൻഷുറൻസ് അവകാശം ഉണ്ടായിരിക്കണമെന്ന് ചില പോളിസികളിൽ വ്യവസ്ഥയുണ്ട്. ചില പോളിസികളിൽ ഇൻഷുറൻസ് അവകാശം നഷ്ടം സംഭവിക്കുമ്പോൾ മാത്രമുണ്ടായിരുന്നാൽ മതി.

നഷ്ടോത്തരവാദം (Indemnity) ഇൻഷുറൻസിന്റെ മറ്റൊരു തത്ത്വമാണ്. അഗ്നി ഇൻഷുറൻസ് പോളിസി ഒരു നഷ്ടോത്തരവാദ-ഉടമ്പടി മാത്രമാണ്. അതു നഷ്ടം പരിഹരിക്കാനല്ലാതെ ലാഭമുണ്ടാക്കാനുള്ളതല്ല. പോളിസിയിലെ വ്യവസ്ഥകൾ അനുസരിച്ച് പണം നല്കിയോ പുനഃസ്ഥാപനം നടത്തിയോ ഇൻഷുർ ചെയ്ത ആളിനുണ്ടായ നഷ്ടം നികത്താമെന്ന് കമ്പനി സമ്മതിക്കുന്നു. ഭൌതികമായ നഷ്ടങ്ങൾക്കു മാത്രമേ കമ്പനി ഉത്തരവാദിയാകൂ.

പരമമായ ഉത്തമവിശ്വാസം (utmost good faith) ഇൻഷുറൻസ് കരാറിന്റെ മറ്റൊരു സവിശേഷതയാണ്. ഇൻഷുറൻസ് കമ്പനിക്ക് നഷ്ടം വിലയിരുത്തുന്നതിനും മറ്റും പല വിവരങ്ങളും വസ്തുതകളും ആവശ്യമായിവരും. പരമമായ ഉത്തമവിശ്വാസത്തിൽ അധിഷ്ഠിതമായ കരാറായതുകൊണ്ട് എല്ലാ വസ്തുതകളും തുറന്നുപറയണമെന്നുണ്ട്. അല്ലാത്തപക്ഷം കരാർ ദുർബലപ്പെടുന്നു. അഗ്നി ഇൻഷുറൻസ് ഒരു വ്യക്തിഗത-ഉടമ്പടിയാണ്. കമ്പനിയുടെ അനുവാദംകൂടാതെ ഈ ഉടമ്പടി കൈമാറ്റം ചെയ്യാവുന്നതല്ല.

അഗ്നിബാധ, ഇടിമിന്നൽ, വിദ്യുച്ഛക്തിപ്രവാഹം എന്നിവയാലുണ്ടാകുന്ന നഷ്ടങ്ങളാണ് അഗ്നി ഇൻഷുറൻസിന്റെ പരിധിയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. അഗ്നിബാധയുണ്ടാകുമ്പോഴുള്ള മോഷണം, സർക്കാരിന്റെ ആജ്ഞപ്രകാരമുള്ള സ്വത്ത് നശിപ്പിക്കൽ, ഭൂമികുലുക്കം, കാട്ടുതീ, യുദ്ധം, പട്ടാളനിയമം എന്നിവകൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾ എന്നിവ അഗ്നി ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരുന്നില്ല.

സ്റ്റാൻഡേർഡ് ഫയർ ആൻഡ് മൾട്ടി പെറിൽ പോളിസി

[തിരുത്തുക]

എന്നാൽ 2000 മേയിൽ പ്രാബല്യത്തിൽ വന്ന സ്റ്റാൻഡേർഡ് ഫയർ ആൻഡ് മൾട്ടി പെറിൽ പോളിസി, ഫയർ ഇൻഷുറൻസിൽ സമഗ്രമായി പരിവർത്തനം വരുത്തി. താരിഫ് അഡ്വൈസറി കമ്മിറ്റി നിർദ്ദേശിച്ച ഈ നൂതന ഫയർ താരിഫ് പ്രകാരം എല്ലാത്തരം അത്യാഹിതങ്ങൾക്കും ഒരു അടിസ്ഥാന പോളിസി-സ്റ്റാൻഡേർഡ് ഫയർ ആൻഡ് മൾട്ടി പെറിൽ പോളിസി മാത്രമേ ഉള്ളൂ. ഇതു പ്രകാരം ഇൻഷുർ ചെയ്യേണ്ട വസ്തുവിന്റെ സ്വഭാവമനുസരിച്ച് ചില അധിക കവറുകൾ കൂട്ടിച്ചേർക്കുകയോ ചിലവ ഒഴിവാക്കുകയോ ചെയ്യാം. തീപിടിത്തം, ഇടിമിന്നൽ, സ്ഫോടനം, ആകാശ വാഹനങ്ങൾ കൊണ്ടുള്ള നാശനഷ്ടങ്ങൾ, കലാപം, സമരം, കുത്സിത പ്രവൃത്തി, ഭീകരവാദികളുടെ ആക്രമണം, റെയിൽ/റോഡ് വാഹനങ്ങൾ, മൃഗങ്ങൾ എന്നിവ കൊണ്ടുള്ള ആഘാതം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളടാങ്ക്, പൈപ്പ് തുടങ്ങിയവ പൊട്ടുകയോ, നിറഞ്ഞൊഴുകുകയോ ചെയ്യൽ, മിസൈൽ പരീക്ഷണ പ്രവർത്തനങ്ങൾ, ഓട്ടോമാറ്റിക്സ് സ്പ്രിംഗ്ളറിൽ നിന്നുള്ള ചോർച്ച, (കാട്ടുതീ ഒഴിച്ചുള്ള) ബുഷ്ഫയർ എന്നിവയാണ് പുതിയ സ്റ്റാൻഡേർഡ് ഫയർ ആൻഡ് മൾട്ടി പെറിൽ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇൻഷുർ ചെയ്യപ്പെടുന്ന കെട്ടിടങ്ങളുടെയും സാധന സാമഗ്രികളുടെയും പ്രത്യേകതയനുസരിച്ച് അവയെ 5 വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചാണ് ഇൻഷുർ ചെയ്യുന്നത്.

സ്റ്റാൻഡാർഡ് ഫയർ ഇൻഷ്വറൻസ് പോളിസി

[തിരുത്തുക]

അഗ്നി ഇൻഷുറൻസിന് വിവിധരീതികളിലുള്ള പോളിസികളുണ്ട്. സ്റ്റാൻഡാർഡ് ഫയർ ഇൻഷ്വറൻസ് പോളിസി ഇവയിൽ പ്രധാനപ്പെട്ടതാണ്. തീപ്പിടുത്തം മൂലം ഇൻഷുർ ചെയ്യപ്പെട്ട വസ്തുവകകൾ നശിച്ചുനഷ്ടമുണ്ടായാൽ നിർദിഷ്ടതുക നല്കാമെന്ന് ഈ പോളിസി വാഗ്ദാനം ചെയ്യുന്നു. ഈ പോളിസിയിൽ ഓരോ ഇനത്തിനും പ്രത്യേക തുക നിശ്ചയിച്ചിരിക്കും. കമ്പോളവില കണക്കാക്കിയാണ് നഷ്ടപരിഹാരം നല്കുന്നത്. ചില്ലറ വില്പന നടത്തുന്ന കടയിലെ സ്റ്റോക്കു നശിച്ചാൽ അഗ്നിബാധകൊണ്ടു നശിച്ച സാധനങ്ങളുടെ യഥാർഥവില മാത്രമേ പരിഹാരമായി നല്കുകയുള്ളു. ഒരു കെട്ടിടം നശിച്ചാൽ അത്തരം ഒരു കെട്ടിടം പണിയാനുള്ള തുക നഷ്ടപരിഹാരമായി നല്കും. മുൻപുണ്ടായിരുന്ന കെട്ടിടത്തിന്റെ തേയ്മാനവും കണക്കിലെടുക്കാറുണ്ട്.

പകരം വയ്ക്കൽ പോളിസി

[തിരുത്തുക]

ചില പ്രത്യേക സാഹചര്യത്തിൽ 'പകരം വയ്ക്കൽ (replacement) പോളിസി നല്കാറുണ്ട്. ഇങ്ങനെയുള്ള പോളിസികളിൽ, പകരംവയ്ക്കുന്നതിനുവേണ്ട തുകയാണ് നഷ്ടപരിഹാരമായി നല്കുക. സ്റ്റോക്കുകൾ മാറിക്കൊണ്ടിരിക്കുകയാണെങ്കിൽ അതിന് പ്രത്യേക വ്യവസ്ഥകൾ ചെയ്യുന്നതാണ് ഫ്ളോട്ടിങ് പോളിസി.

ഡിക്ളറേഷൻ പോളിസി വ്യവസ്ഥകളനുസരിച്ച് നഷ്ടസാധ്യതയുടെ ഏറ്റവും വലിയ തുക പോളിസികാലത്തേക്ക് ഇൻഷുർ ചെയ്യുന്നു. വാർഷികപ്രീമിയത്തിന്റെ 75 ശ.മാ. ഉടൻ തന്നെ അടയ്ക്കുന്നു. നിർദിഷ്ടതീയതികളിൽ കക്ഷി കമ്പനികൾക്ക് വിശദീകരണം നല്കേണ്ടതുണ്ട്. ഇൻഷുർ ചെയ്തിട്ടുള്ള ശരാശരി തുക കണക്കിലെടുത്താണ് വർഷാന്ത്യത്തിൽ പ്രീമിയം കണക്കാക്കുന്നത്. അറ്റലാഭത്തിലുതകുന്ന കുറവു നികത്തുന്നതിനുവേണ്ടി ലാഭക്കുറവുപോളിസിയും ഉണ്ട്.

അഗ്നി ഇൻഷുറൻസ് പോളിസികളിൽ പ്രീമിയത്തിന്റെ നിരക്കുകളിൽ അല്പം വർധനവു വരുത്തി ഭൂമികുലുക്കം, സ്ഫോടനം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവമൂലം ഉണ്ടാകുന്ന നഷ്ടത്തിനും പരിഹാരം നേടാവുന്നതാണ്. കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തെയും കെട്ടിടത്തിന്റെ നിർമ്മാണത്തെയും ആശ്രയിച്ചാണ് പ്രീമിയം കണക്കാക്കപ്പെടുന്നത്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നി ഇൻഷുറൻസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നി_ഇൻഷുറൻസ്&oldid=3775441" എന്ന താളിൽനിന്ന് ശേഖരിച്ചത്