പട്ടാമ്പി

Coordinates: 10°45′22″N 76°34′23″E / 10.7560325°N 76.5731047°E / 10.7560325; 76.5731047
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pattambi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പട്ടാമ്പി
Map of India showing location of Kerala
Location of പട്ടാമ്പി
പട്ടാമ്പി
Location of പട്ടാമ്പി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട് ജില്ല
സമയമേഖല IST (UTC+5:30)
കോഡുകൾ

10°45′22″N 76°34′23″E / 10.7560325°N 76.5731047°E / 10.7560325; 76.5731047

ഇതേ പേരിലുള്ള നഗരസഭയെക്കുറിച്ച് അറിയാൻ, പട്ടാമ്പി നഗരസഭ എന്ന താൾ സന്ദർശിക്കുക.

കേരളത്തിലെ പാലക്കാട് ജില്ലയിലെ പഴയ നെടുങ്ങനാട് നാട്ടുരാജ്യത്തിൽ ഉൾപെട്ടതും പിന്നീട് വള്ളുവനാട് നാട്ടു രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്ത ഒരു പ്രധാന നഗരമാണ് പട്ടാമ്പി. പട്ടാമ്പി താലൂക്കിൻറെ ആസ്ഥാനം. പട്ടാമ്പി ഒരു ദേശപ്പേരല്ല. നേതിരിമംഗലം എന്നായിരുന്നു പഴയ പേര്. പട്ടാമ്പി ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

കല്ലടിക്കോടൻ മലനിരകൾ തൊട്ട് പൊന്നാനി-പുറങ്ങ് കടൽത്തീരം വരെയുള്ള പ്രദേശമായിരുന്നു പ്രാചീന നെടുങ്ങനാട്.[1] നെടുങ്ങേതിരിപ്പാടായിരുന്നു ഭരണാധികാരി. ചെമ്പുലങ്ങാട് കൊടിക്കുന്നായിരുന്നു ഭരണ തലസ്ഥാനം. പട്ടാമ്പി-പള്ളിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം മാക്കോവിലകമായിരുന്നു ആസ്ഥാനം. ആദ്യകാലത്ത് നെടുങ്ങാടിമാരിൽ നിന്നായിരുന്നു നെടുങ്ങേതിരി എന്നും പിന്നീട് തിരുമുൽപ്പാടന്മാർ ഭരണമേററെടുത്തു എന്നും പറഞ്ഞുവരുന്നു. ഇവരിൽനിന്നും പിരിഞ്ഞുപോന്ന ഒരുകൂട്ടർ ചെർപ്പുളശ്ശേരി കേന്ദ്രമാക്കി കർത്താക്കന്മാർ എന്ന പേരിൽ ഭരിച്ചുവന്നു. കവളപ്പാറ, തൃക്കടീരി, വീട്ടിക്കാട്-കണ്ണമ്പ്ര, വട്ടക്കാവിൽ പെരുമ്പടനായന്മാരായിരുന്നു നെടുങ്ങേതിരിയുടെ കീഴിൽ നെടുങ്ങനാട് ഭരിച്ചിരുന്ന പ്രഭുക്കൾ. ഇതിൽ വട്ടക്കാവിൽ പെരുമ്പട നായരുടെ ആസ്ഥാനമാണ് നേതിരിമംഗലം. ഇട്ടിനെതിരി എന്ന നെടുങ്ങനാട്ടു പടനായർ എന്നാണ് വട്ടക്കാവിൽ പെരുമ്പടനായരുടെ സ്ഥാനം. ഇതിൽനിന്നാണ് നേതിരിമംഗലം എന്ന ദേശപ്പേർ ഉരുത്തിരിയുന്നത്.

എ.ഡി.1487 -നടുത്ത് സാമൂതിരി[2] നെടുങ്ങനാട് കീഴടക്കി. അങ്ങനെ പട്ടാമ്പി സാമൂതിരി ഭരണത്തിൻ കീഴിലായി. 1766-ൽ ഹൈദരലി മൈസൂർ പടയുമായി വന്നു.[3] ടിപ്പു പട്ടാമ്പിക്കടുത്തു പൂവ്വക്കോട് രാമഗിരിയിൽ ഒരു കോട്ടകെട്ടി. 1792-ൽ കമ്പനി ഭരണം ആരംഭിച്ചു.[4] ബ്രിട്ടീഷുകാർ കൂറ്റനാട്ട് നെടുങ്ങനാട് തുക്കിടി മുൻസിഫ് കോടതി ആരംഭിച്ചു. ഇത് പിന്നീട് പട്ടാമ്പിക്കു മാററുകയുണ്ടായി.

പട്ടനമ്പി എന്ന വാക്കായിരിക്കാം പട്ടാമ്പി എന്നു മാറുന്നത്. പിന്നീട് റെയിൽവേ വന്ന് സ്റ്റേഷന് പട്ടാമ്പി എന്നു നാമകരണം ചെയ്തതോടെ ആ നാമം സാർവ്വത്രികമായി ഉപയോഗിക്കുകയും നെതിരിമംഗലം എന്ന നാമം ആധാരങ്ങളിൽ മാത്രം എഴുതിവരികയും ചെയ്തു.(പട്ടാമ്പി എന്ന പേര് 'പട്ടമ്മാരുടെ അമ്പി' എന്ന വാക്കിൽനിന്നുമാണ് രൂപം കൊണ്ടിട്ടുള്ളത് എന്നും മറ്റൊരു അഭിപ്രായമുണ്ട്).

ചില വസ്തുതകൾ[തിരുത്തുക]

തൃശൂർ ജില്ലയിലെ കുന്നംകുളം, ഗുരുവായൂർ, ദേശമംഗലം, പെരുമ്പിലാവ്, മലപ്പുറം ജില്ലയിലെ എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം, വളാഞ്ചേരി, പുലാമന്തോൾ, പെരിന്തൽമണ്ണ, പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ, ചെർ‌പ്പുളശ്ശേരി ഒറ്റപ്പാലം എന്നി നഗരങ്ങൾ പട്ടാമ്പിയുടെ സമീപ പ്രദേശങ്ങളാണ്. ഈ കാരണം കൊണ്ടു തന്നെ പട്ടാമ്പി ഒരു പ്രധാന വാണിജ്യനഗരമാണ്. പാലക്കാട്‌ മലപ്പുറം തൃശ്ശൂർ തുടങ്ങി മൂന്ന് ജില്ലകൾ കൂടി ചേരുന്ന ഭാഗത്തായാണ് പട്ടാമ്പി സ്ഥിതി ചെയ്യുന്നത്. പാലക്കാട്‌ ജില്ലയിൽ ആണെങ്കിലും 40 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന തൃശ്ശൂരും മലപ്പുറവുമാണ് അടുത്തുള്ള ജില്ല ആസ്ഥാനങ്ങൾ. പാലക്കാട്ടേക്ക് ഇവിടെ നിന്ന് 60 കിലോമീറ്റർ ദൂരം ഉണ്ട്. പാലക്കാട്‌ ജില്ലയിൽ ജില്ല ആസ്ഥാനമായ പാലക്കാട്‌ കഴിഞ്ഞാൽ വളരെ വേഗത്തിൽ വളരുന്നതും ഏറ്റവും നീളം കൂടിയതുമായ നഗരങ്ങൾ മണ്ണാർക്കാടും പട്ടാമ്പിയുമാണ്.

നഗരം രണ്ടായി തരം തിരിച്ചിട്ടുണ്ട് - മേലേ പട്ടാമ്പിയും താഴേ പട്ടാമ്പിയും. കേരള കാർഷിക സർവകലാശാലയുടെ നെൽ കൃഷി ഗവേഷണവിഭാഗവും വിത്തു‍ദ്പാദനകേന്ദ്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ പഴക്കം ചെന്ന കോളജുകളിലൊന്നായ ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളജ് പട്ടാമ്പിയിലാണ്. പ്രശസ്ത സംസ്‌കൃതാചാര്യൻ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മയുടെ നാമധേയത്തിലാണു കോളജ്. പുന്നശേരി നമ്പി സ്ഥാപിച്ച സംസ്‌കൃത വിദ്യാലയമാണ് പിൽക്കാലത്ത് സംസ്‌കൃത കോളജായത്. ഇപ്പോൾ കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള കോളേജ് മികവിന്റെ കേന്ദ്രം കൂടിയാണ്. സാഹിത്യ-സാംസ്‌കാരിക രംഗത്തുള്ള നിരവധി പ്രമുഖർ പട്ടാമ്പിക്കോളേജിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പട്ടാമ്പി എന്ന പേര് 'പട്ടമ്മാരുടെ അമ്പി' എന്ന വാക്കിൽനിന്നുമാണ് രൂപം കൊണ്ടിട്ടുള്ളത്. കൽപ്പാത്തിയിലെ വൈഷ്ണവ ബ്രാഹ്മണരെ പൊതുവെ പട്ടമ്മാർ എന്നാണ് വിളിച്ച് കാണുന്നത്. പട്ടാമ്പിയിലെ വിഷ്ണു ക്ഷേത്രത്തെ ആണ് പട്ടാമ്പി എന്നു വിശേഷിപ്പിക്കുന്നത്. വളരെ പ്രസിദ്ധമായ ക്ഷേത്രം 'പട്ടാമ്പി ഗുരുവായൂർ' എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രം ഗുരുവായൂർ റോഡിൽ ഭാരതപുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. പട്ടാമ്പിയിലെ ഉത്സവങ്ങൾ വളരെ പ്രസിദ്ധമാണ് അതിലൊന്നാണ് പട്ടാമ്പി നേർച്ച. പട്ടാമ്പി നേർച്ചക്ക് നൂറിലധികം ആനകൾ പങ്കെടുക്കാറുണ്ട് പട്ടാമ്പി നേർച്ചക്ക് പട്ടാമ്പി ദേശീയോത്സവം എന്നും പറഞ്ഞു വരുന്നു.

അവലംബം[തിരുത്തുക]

  1. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം. പെരിന്തൽമണ്ണ.
  2. K.V. Krishna Ayyar (1938). The Zamorins of Calicut. Calicut.
  3. എസ് രാജേന്ദു (2016). മൈസൂർ പടയോട്ടം 250 വർഷങ്ങൾ. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം.
  4. Logan (1887). Malabar (2 vols). Madras.
"https://ml.wikipedia.org/w/index.php?title=പട്ടാമ്പി&oldid=3778310" എന്ന താളിൽനിന്ന് ശേഖരിച്ചത്