പരവൂർ വി. കേശവനാശാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paravoor V. Kesavanasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരവൂർ വി. കേശവനാശാൻ

മലയാളത്തിലെ ഒരു സമുദായ പരിഷ്കർത്താവും പണ്ഡിതകവി, ചികിത്സകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന വ്യക്തിയാണ് പരവൂർ വി. കേശവനാശാൻ .[1] ചെറുപ്രായത്തിൽ തന്നെ പാണ്ഡിത്യം തെളിയിച്ച കേശവൻ കേശവനാശാൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ചികിത്സാവൃത്തിയിലും അദ്ധ്യാപനത്തിലും ഇദ്ദേഹം വിദഗ്ദ്ധനായിരുന്നു.[1] സുജനാനന്ദിനി എന്ന പത്രം ആരംഭിച്ചത് കേശവനാശാനായിരുന്നു.

ജീവിതരേഖ[തിരുത്തുക]

കൊല്ലവർഷം 1034 കുംഭം 17-ന് (1859) കൊല്ലം താലൂക്കിൽ പരവൂരിൽ കൊച്ചമ്പാളി ആശാൻ എന്ന ഭാഷാകവിയുടെ ഭാഗിനേയനായ വൈരവൻ വൈദ്യന്റെയും തയ്യിൽ കുറുമ്പയമ്മയുടെയും മകനായി ജനിച്ചു.[2]

പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ, ഇലത്തൂർ കൃഷ്ണസ്വാമിശാസ്ത്രികൾ, അദ്ദേഹത്തിന്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രികൾ എന്നിവരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു് വ്യുത്പത്തി നേടി. കൂടാതെ ആയുർവേദവും ജ്യോതിഷവും പഠിച്ചു പ്രാവീണ്യം സമ്പാദിച്ചു. കവി എന്ന നിലയിലും ആശാൻ പ്രശസ്തി നേടി. പ്രസിദ്ധകവിയായ കെ.സി. കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ്.

അവർണരെ അടിമകളാക്കി വിദ്യാഭ്യാസം നിഷേധിച്ച രീതിയായിരുന്നു രാജഭരണമായിരുന്ന തിരുവിതാംകൂറിൽ നിലനിന്നിരുന്നത്. അവശരും മർദ്ദിതരും ചൂഷിതരുമായി മാറിയ താനുൾപ്പെടുന്ന സമൂഹത്തിന്റെ ശോചനീയാവസ്ഥ കേശവനാശന്റെ ദുഃഖമായിരുന്നു. എന്നാൽ 1888-ൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു മറ്റൊരു സംഭവത്തിനു തുടക്കമിട്ടു. ഈ സംഭവത്തൊടെ കേശവനും ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യനായി മാറി. ഇങ്ങനെ കേശവൻ പത്രപ്രവർത്തനത്തോടൊപ്പം സാമൂഹ്യപ്രവർത്തകനുമായി.[1] ശ്രീമൂലം പ്രജാസഭാ മെമ്പറായും പ്രവർത്തിച്ചു

സംസ്‌കൃതത്തിലും ഭാഷയിലും കവനം ചെയ്യാനുള്ള ആശാന്റെ സാമർത്ഥ്യത്തെ കേരള കാളിദാസൻപോലും പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലൊന്നായിരുന്നു കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു. സംസ്‌കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു. ആശാന്റെ ആദ്യകാല കൃതികളിലൊന്നാണ് കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പ്രസിദ്ധമായ മാധവനിദാനത്തിനു സാരചന്ദ്രികയെന്ന പേരിൽ വ്യാഖ്യാനവും വൈദ്യസംഗ്രഹവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.[3] ശാർങ്ധര സംഹിത, ഭൈഷജ്യരത്‌നാവലി, ഭാവപ്രകാശം മുതലായവയ്ക്കും എഴുതിയിട്ടുണ്ടെങ്കിലും ഇവയൊന്നും പൂർത്തീകരിക്കപ്പെട്ടില്ല. ഒരു നിഘണ്ടുവും ആശാൻ എഴുതി പൂർത്തീകരിച്ചിരുന്നെങ്കിലും അതും പ്രസിദ്ധീകരിച്ചില്ല. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജനനത്തെ ആസ്പദമാക്കി 'രാജകുമാര സംഭവം' എന്ന പേരിലുള്ള ഒരു മഹാകാവ്യ നിർമ്മാണത്തിലാണ് ആശാൻ അവസാനമായി ഏർപ്പെട്ടിരുന്നത്.

1897-ൽ സർക്കാർ ഗ്രാന്റ് ഏർപ്പെടുത്തി ആശാനെ പരവൂരിലെ ആദ്യത്തെ സർക്കാർ വൈദ്യനായി നിയമിച്ചു. ആരോഗ്യ സന്ദായിനി എന്ന പേരിൽ ആശാൻ അവിടെ ഒരു വൈദ്യശാലയുടെ ആരംഭിച്ചു. തിരുവനന്തപുരത്തെ ആയുർവേദ പാഠശാലയിൽ ഈഴവർക്ക് പ്രവേശനം ലഭ്യമാക്കാനായി ശ്രീമൂലം പ്രജാസഭാ മെമ്പർ എന്ന നിലയിൽ ആശാൻ ഏറെ വാദിച്ചിരുന്നു. സ്വന്തമായി ഒരു ആയുർവേദ കോളേജ് തുടങ്ങാനും ആശാൻ ആലോചിച്ചിരുന്നു.

കൊ.വ. 1065-ൽ കണ്ടത്തിൽ വർഗീസ് മാപ്പിള മലയാളമനോരമക്കമ്പനി സ്ഥാപിച്ച് പത്രം പുറത്തിറക്കിയ മാതൃക പിന്തുടർന്ന് കേശവനാശാനും കേരളഭൂഷണക്കമ്പനി ക്ളിപ്തം എന്ന പേരിൽ കൊ.വ. 1066-ൽ 10,000 ഉറുപ്പിക മൂലധനത്തിൽ ഒരു കമ്പനി ആരംഭിച്ചു. അതിലൂടെ 1067-ൽ സുജനാനന്ദിനി എന്നൊരു പ്രതിവാര വൃത്താന്തപത്രം പ്രസിദ്ധീകരണം ആരംഭിച്ചു. അതോടൊപ്പം സാഹിത്യാഭിവൃദ്ധി ലക്ഷ്യമാക്കി ഒരു പ്രത്യേക കോളവും ആരംഭിച്ചു.[1] വലിയ കോയിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണിത്തമ്പുരാൻ, കുണ്ടൂർ നാരായണമേനോൻ, സി.എസ്. സുബ്രഹ്മണ്യൻപോറ്റി, മൂലൂർ എസ്. പദ്മനാഭപ്പണിക്കർ എന്നിവർ അതിലെ എഴുത്തുകാരായിരുന്നു. പത്രം പിന്നീട് നിന്നുപോയി. 1078-ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും മൂന്നുകൊല്ലത്തിനുള്ളിൽ വീണ്ടും പ്രവർത്തനം നിന്നു. 1080-ൽ നടന്ന നായർ-ഈഴവ ലഹളക്കാലത്ത് കേരളഭൂഷണം പ്രസ് തീവച്ചു നശിപ്പിക്കപ്പെട്ടു. ഈഴവരുടെ ആദ്യപത്രമായതിനാൽ ഇത് ഈഴവപത്രം എന്നും അറിയപ്പെട്ടിരുന്നു.[1]

ഈ സംഭവത്തെ കുമാരനാശാൻ തന്റെ കവിതയിൽ ഇങ്ങനെ സൂചിപ്പിച്ചു.

1903-ൽ എസ്.എൻ.ഡി.പി. യോഗം തുടങ്ങിയതു മുതൽ കേശവനാശാൻ അതിന്റെ പ്രവർത്തകനും സേവകനും ഡയറക്ടറുമൊക്കെയായി സേവനം അനുഷ്ഠിച്ചിരുന്നു.

സന്യാസം സ്വീകരിച്ച് ശ്രീനാരായണഗുരുവിനൊപ്പം ലോകസേവനം മനസ്സിൽ ലക്ഷ്യമാക്കിയിരുന്നെങ്കിലും 50-ആം വയസ്സിൽ 1917 ജനുവരി 10-ന് കേശവനാശാൻ അന്തരിച്ചു.[1]

കുറിപ്പ്[തിരുത്തുക]

  • പന്തളത്തു കേരള വർമ്മത്തമ്പുരാൻ അയച്ച സന്ദേശത്തിൽ ആശാനെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു:- സൽക്കവിയും സഹൃദയാഗ്രേസരനുമായ ആശാനവർകൾ സാഹിത്യ ലോകത്തിൽ ചിരപരിചിതനായിട്ടുള്ളതിനാൽ ആ പണ്ഡിതാഗ്രേസരന്റെ വിയോഗം അസ്മാദൃശന്മാർക്ക് ഹൃദയശല്യമാണ്.
  • സവർണ്ണ കവിയായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ആശാന്റെ വിയോഗത്തെക്കുറിച്ച് ഇങ്ങനെ എഴുതി:- വിദ്വാനും സാഹിത്യകലാകുശലനും ഉത്സാഹിയും ആയിരുന്ന ആ മഹാപുരുഷന്റെ നിര്യാണം കേരള സാഹിത്യ ലോകത്തിനും കേരളത്തിനു തന്നെയും ഒരു വലിയ നഷ്ടമാണെന്നുള്ളതിനു സംശയമില്ല.
  • മാധവനിദാനത്തിന്റെ സാരചന്ദ്രികയെന്ന പേരിൽ ആശാൻ എഴുതിയ വ്യാഖ്യാനം കൊല്ലം വിദ്യാഭിവർദ്ധിനി അച്ചൂകൂടത്തിൽ അച്ചടിപ്പിച്ച് 1921-ൽ (കൊ.വ.-1097) എസ്.ടി. റെഡ്ഢ്യാർ ആൻറ് സൺസ് ആണ് പ്രസിദ്ധീകരിച്ചത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "ചരി​ത്രത്തൂലി​കയി​ൽ കേശവമാറ്റൊലി​". കേരളകുമുദി. Archived from the original on 2016-02-03. Retrieved 3 ഫെബ്രുവരി 2016. {{cite web}}: zero width space character in |title= at position 4 (help)CS1 maint: bot: original URL status unknown (link)
  2. http://www.geni.com/people/Paravoor-Kesavan-Asan/6000000008770628059
  3. Madhava Nidanam by Dr. V. Keasavanasan Published 1921
"https://ml.wikipedia.org/w/index.php?title=പരവൂർ_വി._കേശവനാശാൻ&oldid=3970288" എന്ന താളിൽനിന്ന് ശേഖരിച്ചത്