പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pallippuram Basilica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എട്ടാമത്തെ കത്തോലിക്ക ബസിലിക്കയാണ് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക. ലത്തീൻ കത്തോലിക്കാ സഭയിലെ കോട്ടപ്പുറം രൂപതയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ 2012 ഓഗസ്റ്റ് 25-നാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബസിലിക്കയായി ഉയർത്തിയത്. ഒക്ടോബർ 7-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുന്നത്.[1]

ഇന്ത്യയിലെ ഇരുപതാമത്തെ മൈനർ ബസിലിക്കയും എറണാകുളം ജില്ലയിലെ അഞ്ചാമത്തെ ബസിലിക്കയും രൂപതയിലെ പ്രഥമ ബസിലിക്കയുമാണ് മഞ്ഞുമാതാ പള്ളി[2]. 1503-ൽ പോർച്ചുഗീസുകാർ പള്ളിപ്പുറം കോട്ട നിർമ്മിച്ചപ്പോൾ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു ദേവാലയവും സ്ഥാപിച്ചു[3]. 1577-ൽ ഇതു ഇടവകദേവാലയമായി. 1931-ലാണ് ഈ ദേവാലയം പുനർനിർമ്മിച്ചത്. 2006-ൽ ഇതു വീണ്ടും നവീകരിച്ചു.

1791-ൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കോട്ടപ്പുറം, കുര്യാപ്പള്ളി കോട്ടകൾ തകർക്കപ്പെടുകയും പള്ളിപ്പുറം കോട്ടയും പള്ളിയും ടിപ്പുവിന്റെ സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ മഞ്ഞുകൊണ്ടു മൂടപ്പെട്ടുപോയി എന്നും കരുതുന്നു. അതിനാൽ ദൈവമാതാവിന്റെ പള്ളി മഞ്ഞുമാതാവിന്റെ ദൈവാലയമായി അറിയപ്പെട്ടു[4].

ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ ഇരുവശത്തുമായി വിശുദ്ധരായ ഇഗ്നേഷ്യസ് ലയോളയും ഫ്രാൻസിസ് സേവ്യറും നിൽക്കുന്ന ചിത്രം അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ ചിത്രം പോർച്ചുഗലിൽനിന്നു കൊണ്ടുവന്നു സ്ഥാപിച്ചതാണ്[4].

അവലംബം[തിരുത്തുക]

  1. "അത്യുന്നതങ്ങളിൽ പള്ളിപ്പുറം പള്ളി". Archived from the original on 2012-08-26. Retrieved 2012-08-26.
  2. "പള്ളിപ്പുറം മഞ്ഞുമാതാ പള്ളി ബസിലിക്കയാകുന്നു". Archived from the original on 2016-03-04. Retrieved 2012-08-26.
  3. മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2012 ഓഗസ്റ്റ് 26, ഭാഗം രണ്ട്, പേജ് 4
  4. 4.0 4.1 "പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയം ബസിലിക്കയാക്കുന്നു". Archived from the original on 2012-08-26. Retrieved 2012-08-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]