പാലാ സഹൃദയ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pala Sahridaya Samithi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാഹിത്യത്തിലും മറ്റുകലകളിലും താല്പര്യമുള്ളവർക്ക് പരസ്പരം പരിചയപ്പെടാനും ആശയവിനിമയം നടത്താനുമുള്ള ഒരു വേദിയാണു പാലാ സഹൃദയ സമിതി. പുലിയന്നൂർ കേന്ദ്രമാക്കി 1967 മാർച്ച് മാസത്തിൽ പ്രവർത്തനമാരംഭിച്ചു[1]. പുലിയന്നൂർ ആസാദ് വായനശാലയിലാണ് ആദ്യകാലത്ത് സമിതിയോഗങ്ങൾ ചേർന്നിരുന്നത്. തുടങ്ങിയ കാലത്തേതു പോലെ തന്നെ സമിതിയുടെ പ്രതിമാസ സമ്മേളനങ്ങൾ എല്ലാ രണ്ടാം ഞായറാഴ്ചകളിലും നടന്നു വരുന്നു. സാഹിത്യ ചർച്ചകൾ, കവിയരങ്ങ്, കഥയരങ്ങ്, എന്നിവയാണ് പ്രതിമാസ പരിപാടിയിൽ ഉൾപ്പെടുത്താറുള്ളത്. സമിതിയുടെ യോഗങ്ങൾ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. താല്പര്യമുള്ളവർക്കും പരിപാടിയിൽ പങ്കെടുക്കാം.

ചരിത്രം[തിരുത്തുക]

കഥാകൃത്തും ഗ്രന്ഥശാലാ പ്രവർത്തകനും ഒക്കെ ആയിരുന്ന വെട്ടൂർ രാമൻ നായർ പ്രസിഡന്റും പ്രൊഫ ആർ എസ് വർമ്മജി സെക്രട്ടറിയുമായാണ് സമിതി പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ ആറു വർഷം പ്രൊഫ ആർ എസ് വർമ്മജി തന്നെയായിരുന്നു സെക്രട്ടറി. തുടർന്ന് ഡോ. എൻ ആർ ഇളയിടം, കെ എൻ സുകുമാരൻ നായർ, പ്രൊഫ ആർ എസ് പൊതുവാൾ എന്നിവർ സെക്രട്ടറിമാരായി പ്രവർത്തിച്ചു. ആദ്യത്തെ ഇരുപത് വർഷം വെട്ടൂർ രാമൻ നായർ തന്നെ ആയിരുന്നു അധ്യക്ഷൻ. വിംശതി ആഘോഷത്തിനു ശേഷം പ്രൊഫ ആർ എസ് പൊതുവാൾ പ്രസിഡന്റും കെ എൻ സുകുമാരൻ നായർ സെക്രട്ടറിയുമായി. ഇരുപത്തിനാല് വർഷം എഴുതപ്പെട്ട ഭരണഘടനയില്ലാതെ തന്നെയാണ് സമിതി പ്രവർത്തിച്ചത്. 1991 നവംബർ മാസം 20-ന് സമിതി രജിസ്റ്റർ ചെയ്യപ്പെട്ടു. ഇപ്പോൾ നൂറ്റി അൻപതോളം പേർ അംഗങ്ങളായുണ്ട്.

സമിതിയുടെ വാർഷിക സമ്മേളനങ്ങൾ കേരളത്തിലാകെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരെല്ലാം തന്നെ ഒന്നിലധികം തവണ സമിതിയുടെ അതിഥികളായി എത്തിയിട്ടുണ്ട്. സമിതി രജിസ്റ്റർ ചെയ്ത ശേഷം വീണ്ടും വെട്ടൂർ രാമൻ നായർ സമിതിയുടെ പ്രസിഡന്റായി.രജതജൂബിലി വർഷത്തിൽ 1993 മേയ് മാസം അൻപതിൽ പരം സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സഹൃദയ സദസ്സ് രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്. 2003 ആഗസ്റ്റിൽ വെട്ടൂരിന്റെ നിര്യാണത്തെ തുടർന്ന് കെ എൻ സുകുമാരൻ നായർ അധ്യക്ഷനും രവി പുലിയന്നൂർ കാര്യദർശിയുമായുള്ള ഭരണസമിതി നിലവിൽ വന്നു[2]. 2006 ഇൽ സുകുമാരൻ നായരുടെ നിര്യാണത്തെ തുടർന്ന് പി ആർ രവീന്ദ്രൻ നായർ അധ്യക്ഷനും രവി പുലിയന്നൂർ സെക്രട്ടറിയുമായി പ്രവർത്തിച്ചു വരുന്നു[3].

പ്രസിദ്ധീകരണ വിഭാഗം[തിരുത്തുക]

സമിതിയുടെ കീഴിൽ ഒരു പ്രസിദ്ധീകരണ വിഭാഗം പ്രവർത്തിച്ചു വരുന്നു[4]. അംഗങ്ങളുടെ പുസ്തകങ്ങൾക്കാണ് പ്രാമുഖ്യം. സമിതി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഇവയാണ്:

  1. ബോധധാരയും വെട്ടൂരും പിന്നെ പോഞ്ഞിക്കര റാഫിയും (സാഹിത്യ പഠന ഗ്രന്ഥം) - പി ജി സോമനാഥൻ നായർ
  2. പച്ചച്ചിരിയും കൂരമ്പുകളും (ഹാസ്യ കഥകൾ) - രവി പുലിയന്നൂർ
  3. ഭഗവതിമാരുടെ വസ്ത്രങ്ങൾ (ചെറുകഥകൾ) - ഡി ശ്രീദേവി
  4. ഇന്നലെകളുടെ പാദമുദ്രകൾ (നോവലൈറ്റ്) - വി ജെ വടാച്ചേരി
  5. ഓർമ്മയിൽ സൂക്ഷിക്കാൻ (ബ്ലോഗ്‌ രചനകൾ) - ഡോ ആർ ശ്രീനിവാസൻ

സഹൃദയ ഫിലിം ക്ലബ്[തിരുത്തുക]

സഹൃദയ സമിതിയുടെ ഭാഗമായി ഒരു ഫിലിം ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. എല്ലാ മാസം പതിനേഴാം തീയതി വൈകിട്ട് അഞ്ചു മുതൽ എട്ടു വരെയാണ് ഫിലിം പ്രദർശനം.

പാലാ നർമ്മവേദി[തിരുത്തുക]

സമിതിയുടെ സഹോദര സംഘടന. ഡോ. കെ എൻ മുരളീധരൻ നായർ പ്രസിഡന്റൂം രവി പുലിയന്നൂർ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. "പാലാ സഹൃദയ സമിതി 45-ാം വർഷത്തിലേക്ക്". Archived from the original on 2012-06-09. Retrieved 2012-10-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-02. Retrieved 2012-10-08.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-02. Retrieved 2012-10-08.
  4. http://www.deepika.com/Archives/Cat2_sub.asp?ccode=Cat2&hcode=139520[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാലാ_സഹൃദയ_സമിതി&oldid=3636533" എന്ന താളിൽനിന്ന് ശേഖരിച്ചത്