പി.എം. താജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.M. Taj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.എം. താജ്
ജനനംപുതിയറ മാളിയേക്കൽ താജ്
(1956-01-03)ജനുവരി 3, 1956
കോഴിക്കോട്, കേരളം, ഇന്ത്യ
മരണംജൂലൈ 29, 1990(1990-07-29) (പ്രായം 34)
തൊഴിൽPlaywrite, script writer, Actor, Director
ഭാഷമലയാളം
ദേശീയത ഇന്ത്യ
GenreFiction, Humour, Non-fiction

ജി. ശങ്കരപിള്ളയ്ക്കുശേഷമുള്ള തലമുറയിലെ പ്രമുഖനായ നാടകകൃത്തും സംവിധായകനുമാണ് പി.എം. താജ്' എന്ന പേരിലറിയപ്പെട്ടിരുന്ന പുതിയറ മാളിയേക്കൽ താജ് (1956 -29 ജൂലൈ 1990)

ജീവിതരേഖ[തിരുത്തുക]

പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും പുത്രനായി 1956 ജനു. 3-ന് കോഴിക്കോട്ട് ജനിച്ചു. ഗുജറാത്തി ഹൈസ്കൂളിലും ഗുരുവായൂരപ്പൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. അമ്മാവൻ പ്രശസ്ത നാടകകൃത്തായ കെ.ടി.മുഹമ്മദാണ്. എന്നാൽ അദ്ദേഹത്തിന്റേതിൽ നിന്ന് വ്യത്യസ്തമായ ഒരു നാടക സങ്കല്പമാണ് താജിന് കൗമാരം തൊട്ടുതന്നെ ഉണ്ടായിരുന്നത്.

കലാജീവിതം[തിരുത്തുക]

താജിനെ ഏറെ ശ്രദ്ധേയനാക്കിയ നാടകം അടിയന്തരാവസ്ഥയെത്തുടർന്നെഴുതിയ പെരുമ്പറ(1977)യാണ്. ഇരുപതാം വയസ്സിലെഴുതിയ ആ നാടകം അടിസ്ഥാന ജനവർഗത്തിന്റെ ആകുലതകളുടേയും പ്രതിഷേധത്തിന്റേയും ശക്തമായ വിളംബരമായിരുന്നു. കൊട്ടിയറിയിക്കാൻ പെരുമ്പറ കാണാഞ്ഞ് സ്വന്തം നെഞ്ചത്ത് കൊട്ടി നാടകത്തിനു തുടക്കം കുറിക്കുന്ന സൂത്രധാരനിൽ തുടങ്ങി ഒട്ടേറെ ധീരനൂതനപരീക്ഷണങ്ങൾ ഈ കന്നി നാടകത്തിലുണ്ടായിരുന്നു. തുടർന്ന് കനലാട്ടം എന്ന നാടകമെഴുതി. ബ്രെഹ്തിന്റേയും ഗ്രോട്ടോവ്സ്കിയുടേയും നാടകസങ്കേതങ്ങളോട് ആത്മബന്ധം പുലർത്തുന്ന അതിശക്തനായൊരു നാടകകൃത്തിനെയാണ് കനലാട്ടം മലയാളത്തിന് സമ്മാനിച്ചത്. പെരുമ്പറയും കനലാട്ടവും സംവിധാനം ചെയ്തത് കെ. ആർ. മോഹൻദാസ് ആയിരുന്നു. രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, പാവത്താൻ നാട് എന്നിവയാണ് തുടർന്നുവന്ന അതിശക്തമായ താജ് നാടകങ്ങൾ. തലസ്ഥാനത്തുനിന്ന് ഒരു വാർത്തയുമില്ല, മേരിലോറൻസ്, കുടിപ്പക, കൺകെട്ട്, സ്വകാര്യം എന്നിവയും താജിന്റെ ശ്രദ്ധേയമായ രചനകളാണ്. രാവുണ്ണി കടക്കെണിയിൽ കുടുങ്ങി നരകിക്കുന്നവന്റെ കഥയാണ്. മലയാളത്തിലെ കരുത്തുറ്റ രാഷ്ട്രീയ നാടകങ്ങളിലൊന്നാണിത്. പട്ടിണിയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് എന്നാണ് കുടുക്ക വിളംബരം ചെയ്യുന്നത്.

ഒരു ഭാഗത്ത് പ്രൊഫഷണൽ നാടകങ്ങളും മറുഭാഗത്ത് സാമാന്യജനതയിൽ നിന്നകന്നുനിന്ന തനതു പരീക്ഷണങ്ങളും ശക്തിപ്രാപിച്ചുനിന്ന ഒരു ഘട്ടത്തിലാണ് താജ് മൌലികവും കലാപരമായി ഔന്നത്യം പുലർത്തുന്നതുമായ നാടകങ്ങളുമായി രംഗത്തുവന്നത്. തെരുവുനാടകപ്രസ്ഥാനത്തിന്റെ ശക്തിയും സൌന്ദര്യവും മലയാളനാടകത്തിൽ ഓജസ്സോടെ പകർത്തിയ താജിനെ നാടക ിരൂപകർ 'കേരളത്തിലെ സഫ്ദർഹശ്മി' എന്ന് വിശേഷിപ്പിച്ചട്ടുണ്ട്. സഫ്ദർഹശ്മിയുടെ ഒട്ടേറെ തെരുവുനാടകങ്ങൾ കേരളത്തിൽ അവതരിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തിട്ടുള്ളത് താജ് ആണ്. പില്ക്കാലത്ത് കച്ചവടനാടകങ്ങളിലേക്കും സിനിമയിലേക്കും തിരിഞ്ഞു. ഏഴോളം പ്രൊഫഷണൽ നാടകങ്ങളും എഴുതി. സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. കെ. ടി. മുഹമ്മദിന്റെ സൃഷ്ടി, ഇതു ഭൂമിയാണ് എന്നീ നാടകങ്ങളിലൂടെ നടൻ എന്ന നിലയിലും താജ് തന്റെ കഴിവ് പ്രകടിപ്പിച്ചു. ഉറക്കം, ഓർക്കുന്നുവോ നമ്മൾ, ഒഴിഞ്ഞ ചട്ടിയിൽ ഉണരുന്ന പക തുടങ്ങിയ ചില കവിതകളും ഇദ്ദേഹം രചിച്ചു. ആഹ്വാനം, യുവധാര എന്നീ മാസികകളുടെ വർക്കിങ് എഡിറ്ററുമായിരുന്നു.
1990 ജൂല. 29-ന് മുപ്പത്തിനാലാമത്തെ വയസ്സിൽ അന്തരിച്ചു. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റേയും പുരോഗമന കലാസാഹിത്യസംഘത്തിന്റേയും സജീവ പ്രവർത്തകനുമായിരുന്നു.

നാടകങ്ങൾ[തിരുത്തുക]

  • പെരുമ്പറ
  • കനലാട്ടം
  • രാവുണ്ണി
  • കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം
  • പാവത്താൻ നാട്
  • തലസ്ഥാനത്തുനിന്ന് ഒരു വാർത്തയുമില്ല
  • മേരിലോറൻസ്
  • കുടിപ്പക
  • കൺകെട്ട്
  • സ്വകാര്യം

പി എം താജ് സംഭാഷണം എഴുതിയ മലയാളം സിനിമകളുടെ പട്ടിക[തിരുത്തുക]

  • ഉയരും ഞാൻ നാടാകെ (1985)
  • പി സി 369 (1987)

പുരസ്കാരങ്ങൾ[തിരുത്തുക]

കനലാട്ടം എന്ന നാടകം ഇദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം (1979) നേടിക്കൊടുത്തു. കുടുക്കയ്ക്ക് 1983-ലെ ചെറുകാട് ശക്തി സ്മാരക അവാർഡ് ലഭിച്ചു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.എം._താജ്&oldid=3636696" എന്ന താളിൽനിന്ന് ശേഖരിച്ചത്