സവാള അവധിവ്യാപാര നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Onion Futures Act എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിൽ സവാളയുടെ അവധിവ്യാപാരം നിരോധിക്കാനുദ്ദേശിച്ചു നിർമിച്ച നിയമമാണ് ഒണിയൻ ഫ്യൂച്ചേഴ്സ് ആക്ട് (ഇംഗ്ലീഷ്: Onion Futures Act‌) അഥവാ സവാള അവധിവ്യാപാര നിയമം. [1] 1955ൽ സവാള ഊഹക്കച്ചവടത്തിലേർപ്പെട്ടിരുന്ന സാം സീഗൽ, വിൻസെന്റ് കൊസുഗ എന്നിവർ ചേർന്ന് ഷിക്കാഗോ കമ്പോളവ്യാപാര മാർക്കറ്റിലെ സവാള അവധിവ്യാപാരം കൈയ്യടക്കിയതിനെത്തുടർന്നുണ്ടായ വിലവ്യതിയാനങ്ങളാണ് ഈ നിയമം കൊണ്ടുവരാൻ കാരണമായത്. 1958 ഓഗസ്റ്റ് 28ന് പാസാക്കിയ നിയമം ഇന്നും നിലവിലുണ്ട്.[2]

വ്യാപാരകൗശലം[തിരുത്തുക]

1955ന്റെ അവസാനം സീഗലും കൊസുഗയും ഷിക്കാഗായിൽ ലഭ്യമായിരുന്ന 98% സവാളയും ഉത്പന്നമായും ഉടമ്പടിയായും വാങ്ങിക്കൂട്ടി.[3] 1955 അവസാനമായപ്പോഴേയ്ക്കും ഏതാണ്ട് 30,000,000 pound (14,000,000 കി.ഗ്രാം) സവാള ഇവർ സംഭരിച്ചിരുന്നു.[4] അതിനുശേഷം, സവാളകർകർഷകരോട് തങ്ങൾ സംഭരിച്ച സവാളയിൽനിന്ന് കുറെ വാങ്ങണമെന്നും അല്ലെങ്കിൽ ഈ സവാളയെല്ലാം ഒറ്റയടിയ്ക്ക് മാർക്കറ്റിലെത്തിച്ച് സവാളയുടെ വിലയിടിയ്ക്കുമെന്നും സീഗലും കൊസുഗയും ഭീഷണിപ്പെടുത്തി.[4] കർഷകർ വാങ്ങിച്ചശേഷം തങ്ങളുടെ കൈയിൽ മിച്ചം വരുന്ന സവാള വില കൂട്ടി നിർത്താനായി കൈവശം വച്ചുകൊള്ളാമെന്ന് വാക്കും നൽകി.[5]

സവാളകർഷകർ സവാള വാങ്ങിച്ചുകൂട്ടാൻ തുടങ്ങിയപ്പോഴേയ്ക്കും സീഗലും കൊസുഗയും രഹസ്യമായി അപ്പോൾ നിലവിലിരുന്ന ഉയർന്നവിലയിൽ സവാള വിൽക്കാനുള്ള അവകാശഉടമ്പടികൾ(short positions) വാങ്ങിച്ചുകൂട്ടി.[4] ഇതിനിടെ തങ്ങളുടെ കൈവശമുള്ള സവാള ചീയാൻ തുടങ്ങിയതിനാൽ സീഗലും കൊസുഗയും അവ രഹസ്യമായി ഷിക്കാഗോയ്ക്ക് പുറത്തെത്തിച്ച്, വൃത്തിയാക്കി, വീണ്ടും പാക്കേജ് ചെയ്ത് ഷിക്കാഗോയ്ക്കു തന്നെ അയച്ചു. ഷിക്കാഗോയിൽ വീണ്ടും വീണ്ടും സവാളയെത്താൻ തുടങ്ങിയപ്പോൾ സവാള അധികമുണ്ടെന്ന് മറ്റ് അവധിവ്യാപാരികൾ നിനയ്ക്കുകയും സവാള വില കുത്തനെ ഇടിയുകയും ചെയ്തു. 1955 ഓഗസ്റ്റിൽ 50 pound (23 കി.ഗ്രാം) തൂക്കമുള്ള ഒരു ചാക്ക് സവാളയ്ക്ക് $2.75 വിലയുണ്ടായിരുന്ന സ്ഥാനത്ത്[5] 1956 മാർച്ചിൽ സീസണിന്റെ അവസാനത്തോടുകൂടി വെറും 10 സെന്റ് മാത്രം വിലയായി.[4] ഒരുവേള ഒരു ചാക്ക് സവോളയുടെ വില അത് സൂക്ഷിച്ചിരുന്ന ചാക്കിന്റെ വിലയേക്കാൾ താഴെപ്പോയി.

തുടർഫലങ്ങൾ[തിരുത്തുക]

വിൽപ്പന ഉടമ്പടികളിൽനിന്ന് സീഗലും കൊസുഗയും ദശലക്ഷക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയപ്പോൾ അനേകം സവാള കർഷകർ പാപ്പരായി.[3] പലരുടെയും കൈവശം കെട്ടുകണക്കിനു സവാള കുമിഞ്ഞുകൂടി.[6] ഇവരിൽ മിക്കവരും തങ്ങളുടെ കൈവശം മിച്ചമുള്ള ചീഞ്ഞ സവാള കളയാൻ കാശുമുടക്കേണ്ട ഗതികേടിലുമായി.[7]

തുടർന്ന് കർഷകരുടെ ശക്തമായ പ്രതിഷേധഫലമായി സവാളയുടെ അവധിവ്യാപാരം നിരോധിച്ചുകൊണ്ടുള്ള നിയമം പ്രസിഡന്റ് ഐസനോവർ ഒപ്പുവച്ചു.

അവലംബം[തിരുത്തുക]

  1. Title 7 of the United States Code, Chapter 1, § 13-1. Retrieved from http://www4.law.cornell.edu/uscode/html/uscode07/usc_sec_07_00000013----001-.html.
  2. See 7 U.S.C. § 13-1 (2013).
  3. 3.0 3.1 Lambert 2010, p. 42
  4. 4.0 4.1 4.2 4.3 Greising & Morse 1991, p. 81
  5. 5.0 5.1 Time Staff (July 2, 1956). "COMMODITIES: Odorous Onions". Time. മൂലതാളിൽ നിന്നും 2013-08-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-02.
  6. Greising & Morse 1991, p. 82
  7. Lambert 2010, p. 43
"https://ml.wikipedia.org/w/index.php?title=സവാള_അവധിവ്യാപാര_നിയമം&oldid=3646919" എന്ന താളിൽനിന്ന് ശേഖരിച്ചത്