Jump to content

ഓടനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Odanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Odanad

ഓടനാട്
11 മുതൽ 18 വരെ നൂറ്റാണ്ട്
തലസ്ഥാനംകായംകുളം
(15-ാം നൂറ്റാണ്ടിനു ശേഷം)
മാവേലിക്കര
(15-ാം നൂറ്റാണ്ടിനു മുൻപ്)
പൊതുവായ ഭാഷകൾമലയാളം
മതം
ഹിന്ദു
ഗവൺമെൻ്റ്രാജവാഴ്ച
കായംകുളം രാജാവ്
 
മുൻപ്
ശേഷം
ചേരസാമ്രാജ്യം
തിരുവിതാംകൂർ
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: ഇന്ത്യ, കേരളം

കൊല്ലത്തിനു (ദേശിങ്ങനാടിന്) വടക്കുണ്ടായിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്. കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഇതിന്റെ ഭരണം. ഇന്നത്തെ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നതാണ് ഈ രാജ്യം. കായംകുളത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് ഭരണം നടത്തിയിരുന്ന രാമൻ കോതവർമ്മ, രാമൻ ആതിച്ചവർമ്മ, രവിവർമ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് കണ്ടിയൂർ, ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിഞ്ചാം ശതകത്തിൽ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാൻ തുടങ്ങിയത്. നീണ്ടകടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം. പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും ഈ രാജ്യത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്ത് കായംകുളത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മയ്ക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. കായംകുളത്തു രാജ്യത്തിന്റെ സുരക്ഷക്കായി പോരാടിയിരുന്ന പോരാളികളുടെ പരിശീലനകേന്ദ്രങ്ങൾ കീർത്തിയേറിയതു ആയിരുന്നു പുതിയവിള വട്ടപ്പറമ്പ് ,ഏവൂർ കണ്ണമ്പള്ളിൽ ,ഇലങ്കം ,കാർത്തികപ്പള്ളി ഇവയൊക്കെ ആയിരുന്നു ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് .രാജപ്രധാന്യം ഉണ്ടായിരുന്നതിനാൽ രാജാവ് കൽപ്പിച്ചു കൊടുത്ത വലിയതാൻ(വല്യത്താൻ) എന്ന വിശേഷണങ്ങൾ കൊണ്ട് പുതിയവിള വട്ടപ്പറമ്പ്, ഏവൂർ കണ്ണമ്പള്ളിൽ വാരണ പള്ളി,കളരി കണിയാമുറി കളരി എന്നീ യുദ്ധ പരിശീലന കേന്ദ്രങ്ങൾ വേറിട്ട് നിന്നിരുന്നു ഇപ്പോഴും അതിന്റെ അവശേഷിക്കുന്നത് കാണാൻ കഴിയും.പടവെട്ടും പത്തിനാഥപണിക്കർ ലോകനാഥ പണിക്കർ തുടങ്ങിയവർ കായംകുളത്തിന്റെ സർവ സൈനാധിപർ ആയിരുന്നു. കായംകുളം അഥവാ ഓണാട്ടുകര കീഴടക്കാൻ മാർത്താണ്ഡവർമ്മ ശ്രമിച്ചെങ്കിലും ആദ്യം കാലങ്ങളിൽ കായംകുളം വേണാടിനെ പരാചയ പെടുത്തുകയായിരുന്നു. തിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ്മ എ.ഡി. 1746-ൽ ഈ പ്രദേശം പിടിച്ചടക്കി വേണാട്ടിനോടു ചേർത്തു. കായംകുളം അഥവാ ഓണാട്ടുകരക്കാർ ആണ് ശുദ്ധമായ മലയാളം സംസാരിക്കുന്നത്.

.[1]. [2]

വിസ്തൃതി

[തിരുത്തുക]

ഓടനാട് പ്രദേശത്തെ ഇപ്പോൾ അറിയപ്പെടുന്നത് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു. ഇവിടെ തിരുവോണ മഹോത്സവവും ഓണപ്പടയും പഴയകാലത്ത് രാജാക്കന്മാരുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. ഓടങ്ങളുടെ നാട് (സഞ്ചാരത്തിനും മറ്റും വള്ളങ്ങൾ അധികമായി ഉപയോഗിച്ചിരുന്ന നാട്) എന്ന അർത്ഥത്തിലാണ് ഓടനാടിൻ ഈ പേരു വന്നതെന്ന് കരുതപ്പെടുന്നു (വഞ്ചിനാട് എന്ന പേരുമായി താരതമ്യപ്പെടുത്തുക). ഓണാട്ടുകരയിലെ ഒരു പ്രധാന സ്ഥലമായ മാവേലിക്കരക്ക് ഓണവുമായുള്ള ബന്ധത്തെ പിൻതാങ്ങുകയും ചെയ്യുന്നു. ഓണത്തപ്പനായ മഹാബലിയെ പരാമർശിക്കുന്നതാണ് ആ നാമം എന്നൊരു അഭിപ്രായമുണ്ട്. സംസ്കൃത മയൂരസന്ദേശത്തിൽ (സ്ലോകം57) ഓടനാടിനെ ഓടൽ വള്ളികളുള്ള നാട് എന്നർഥത്തിൽ ഇംഗുദി ഭൂവിഭാഗാഃ എന്നു പരാമർശിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

ഇപ്പോഴത്തെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളും മറ്റു ചില ദേശങ്ങളും ചേർന്നിരുന്ന ഓടനാടിന്റെ അതിർത്തികൾ തെക്കു കന്നേറ്റി, വടക്കു തൃക്കുന്നപ്പുഴ, പടിഞ്ഞാറു സമുദ്രം, കിഴക്ക് ഇളയെടത്തു സ്വരൂപം എന്നിങ്ങനെയായിരുന്നു. എ. ഡി. 1743-ൽ കൊച്ചിലെ ഡച്ചു കമാൻഡർ വാൻ ഗോളനേസ് (Julius Valentyan Stein Van Gollenesse) രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് പന്തളം, തെക്കുംകൂർ, ഇളയെടത്തു, മാടത്തുംകൂർ, പുറക്കാട്, തൃക്കുന്നപ്പുഴ എന്നിവയായിരുന്നു ഓടനാടിന്റെ അയൽ രാജ്യങ്ങൾ.[3]

കന്നേറ്റി തെക്കേ അതിർത്തിയായ കരുനാഗപ്പള്ളി (മരുതൂർ കുളങ്ങര)യും മടത്തൂംകൂറും മാവേലിക്കരയും ഓടനാടു സ്വരൂപത്തിൽ നിന്ന് പിന്നീട് പിരിഞ്ഞുപോയതായിരിക്കണം [കർണാപൊളി (Carnapoli) എന്നും മാർത്ത (Marta, മരുതൂർകുളങ്ങര) എന്നുമാണ് പോർച്ചുഗീസുകാരും ഡച്ചുകാരും കരുനാഗപ്പള്ളിയെ പരാമർശിച്ചിട്ടുള്ളത്; മാടത്തുംകൂർ ഡച്ചുകാരുടെ മാർത്തെൻകൂർ (Martencur) ആണ് ]. ഈ രണ്ടു സ്വരൂപങ്ങളുടെയും ഓടനാടിന്റെയും അതിർത്തികൾ വ്യക്തമായി മനസ്സിലാക്കാൻ രേഖകളില്ല.

കണ്ടിയൂർ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിൽ നിന്നും തെക്കോട്ടുള്ള പാതയാണ് ഓടനാടിനെ മാടത്തുംകൂറിൽനിന്നും വേർതിരിക്കുന്നത്; പാതയുടെ കിഴക്കുവശം മാടത്തുംകൂർ, പടിഞ്ഞാറുവശം ഓടനാട് (കായംകുളം). ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിന്റെ കിഴക്കേപകുതി ഭാഗം മാടത്തിൻകൂറിലേക്കും പടിഞ്ഞാറേപകുതി ഭാഗം ഓടനാടിലേക്കും അവകാശപ്പെട്ടിരുന്നു. ഓടനാട്ടുരാജാവും മാടത്തുംകൂർരജാവും കണ്ടിയൂർ ക്ഷേത്രത്തിൽ അധികാരം നടത്തിയിരുന്നതായിട്ടാണ് പില്ക്കാലത്തെ ചരിത്രം.

മറ്റു പേരുകൾ

[തിരുത്തുക]

കായംകുളം,ചിറവാ എന്നീ പേരുകളിലും ഓടനാട് പ്രസിദ്ധമാണ്. കായംകുളം ഈ നാട്ടിലെ ഏറ്റവും പ്രധനപ്പെട്ട ഒരു വാണിജ്യകേന്ദ്രമായിരുന്നു. കായംകുളത്തിന് 3 കി. മീ. തെക്ക് കൃഷ്ണപുരം കൊട്ടാരവും അല്പം വടക്ക് എരുവയിൽ കൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം വേറൊരു കൊട്ടാരവും ഈ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഈ പ്രാധാന്യം മൂലം കായംകുളം എന്ന പ്രദേശനാമം ഓടനാടിന്റെ മറ്ററ്റൊരു പേരായിതീർന്നു.

ചിറവാ (ചിറവാസ്വരൂപം, ശ്രായിസ്വരൂപം, ശ്രായിക്കൂർ) എന്ന പേരും ഓടനാടിനുണ്ട്. ഓടനാട് എന്ന പേര് ക്രമേണ ലുപ്തപ്രചാരമാവുകയും പകരം ഓണാട്ടുകര എന്ന പേരിൽ ഇത് അറിയപ്പെടുകയും ചെയ്തു. 1743-ൽ ഗോളനേസു ഓണാട്ടുകര എന്നാണ് ഉപയോഗിച്ചിരുന്നത്. കുഞ്ചൻനമ്പ്യാരും (18-ം ശ.) കൃഷ്ണലീല യിൽ ഓണാട്ടുകര വാഴുമീശ്വരന്മാരും എന്നു പ്രയോഗിച്ചിട്ടുണ്ട്. [4]

പഴയപരാമർശങ്ങൾ

[തിരുത്തുക]

ചരിത്രപഠനത്തിൽ പ്രധാനപ്പെട്ട പല പരാമർശങ്ങളും ഓടനാടിനെപ്പറ്റിയുണ്ട്. തിരുവല്ലാചെപ്പേടിൽ (11-ം ശ.) ഓടനാടിനേയും അവിടത്തെ ഒരു പ്രധാന സ്ഥലമായ മറ്റത്തെയും പരാമർശിച്ചിട്ടുണ്ട്. (ടി.എ.എസ്.II 166;171) ഓടനാട്ടു വരിയൈയാൽ ചെല്ലും തിരുവിളക്കൊന്റിനു കൊള്ളും പാട്ടനെൽനൂറ്റെമ്പതു പറൈ (ടി.എ.എസ്.II 182) മറ്റത്തിൽ പരമേച്ചുവരൻ ചോമൻ തന്നുടയ ചിറക്കരൈപ്പുരൈയിടം തിരുവല്ല വാഴപ്പനു അട്ടികൊടുത്താൻ(ടി.എ.എസ്.III 204).

പ്രസ്തുത താമ്രപ്ത്രരേഖയിൽ മറ്റത്തിനടുത്തുള്ള ചെന്നിത്തലയെപ്പറ്റി വേറൊരു പരാമർശമുള്ളത് കൂടുതൽ ശ്രദ്ധേയമാണ്. ചെന്തിത്തലൈ അടികൾ ഇരായ ചേകരൻ അമൈച്ച തിരുവിളക്കൊന്റിനും........പാട്ടനെല്ലു നൂറുപറൈ (ടി.എ.എസ്. II 178). ഈ ചെന്നിത്തല അടികൾ ഓടനാട്ടിൽ അധികാരം വഹിച്ചിരുന്നതായി കരുതാം. ചെന്നിത്തല കണ്ടിയൂരിന്റെ മദകരിയാണെന്നു ഉണ്ണുനീലി സന്ദേശത്തിലും പരാമർശമുണ്ട്.

ഓടനാടു രാജാക്കന്മാരെപ്പറ്റിയുള്ള പ്രാചീനരേഖകൾ കണ്ടിയൂർ ക്ഷേത്രത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. കൊ. വ. 393ലെ (എ. ഡി. 1218) ഒരു ശിലാരേഖയിൽ ഓടനാട് വാഴ്ന്നരുളിന്റെ ഉതൈ ചിരമംഗലത്തു ശ്രീവീരപെരുമറ്റത്തു ഇരാമൻ കോതവർമ തിരുവടിയെ സ്മരിച്ചിട്ടുണ്ട് (ടി. എ. എസ്. I 290). കാലനിർണയം ചെയ്യാൻ തെളിവില്ലാത്ത അരിപ്പാട്ടേ ശിലാരേഖകളിലും ഓടനാടു പ്രത്യക്ഷപ്പെടുന്നു; ഓടനാട്ടു വണ്ണരുളിയ ഇരവികേരളൻ തിരുവടിക്കമൈത്ത് അതികാരർ ഹരിപ്പായ തേവർക്ക് കല്പിച്ച ചെലവു (ടി. എ. എസ്. VI 39). 14-15 ശ. ങ്ങളിൽ ഉണ്ടായ സാഹിത്യകൃതികളിലും ഓടനാടിനെപ്പറ്റി കാണാം ഇടിക്കൂടും നിഖിലവിഭവം മുമ്പിലേതോടനാട്(ഉ. സ. I 92) ഓടനാടെന്നൊരു മണ്ഡല പ്രവരം വിരാജതി (ഉണ്ണിയാടി ഗദ്യം 16) പദ്യരത്നം, ചന്ദ്രോത്സവം എന്നിവയിലെ പരാമർശങ്ങൾ; ഉത്പന്നോദയമോടനാട്ടു ചിറവായില്ലാത്തൊരേണാക്ഷിപ്പോളുത്തര ചന്ദ്രികേതി നിറമാർന്നസ്ത്രം മലർച്ചെഞ്ചരാ! (പദ്യരത്നം. 3); ഓടനാട്ടുകര വീടമാർന്ന വരവാരവാമനയനാജനം ഗാഢ കൗതുകമണിഞ്ഞു വന്നു തറയേറിനാരഥ വിധൂത്സവേ (ചന്ദ്രോത്സവം: 4.38).

ഇനി ഹര്യക്ഷമാസ്സമരോത്സവത്തിൽ ഓടനാട്, വേണാട്, മാടത്തിൻകൂറ്, ചിറവാസ്വരൂപം എന്നീ നാടുകളെ പരാമർശിച്ചിരിക്കുന്നത് അവയുടെ ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലാണ്. കേരളോത്പത്തിയിൽ ഓടനാടിന്റെ ഭാഗമായ കായംകുളത്തെകുറിച്ച് അപര്യാപ്തങ്ങളായ പരാമർശങ്ങളുണ്ട്. ടി. എ. ഗോപിനാഥറാവു കണ്ടിയൂർ ശിവക്ഷേത്രത്തിൽ നിന്നു കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ ചില രേഖകളിൽ നിന്ന് കണ്ടിയൂർ വർഷത്തെപ്പറ്റി ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്. അതനുസരിച്ച് കണ്ടിയൂർ വർഷം ആരംഭിക്കുന്നത് കൊല്ലവർഷത്തിനു 2 കൊല്ലം മുമ്പാണ്. ക്ഷേത്രത്തിന്റെ സ്ഥാപനത്തെയോ നവീകരണത്തെയോ ആസ്പദമാക്കി ആരംഭിച്ചിട്ടുള്ള കണ്ടിയൂർ വർഷം ഓടനാടിന്റെ അക്കാലത്തെ പ്രാധാന്യത്തിനു തെളിവാണ്. [5]

ഏവൂർ കണ്ണമ്പള്ളിൽ ക്ഷേത്രത്തിൽ കിണറ്റുകല്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിപികളും രാജവാഴ്ചയെ പറ്റി സൂചിപ്പിക്കുന്ന തെളിവ് ആണ്

കലാസമ്പത്ത്.

[തിരുത്തുക]

ധനധാന്യ സമൃദ്ധികൊണ്ടെന്നപോലെ കലാസമ്പത്തു കൊണ്ടും ഓടനാട് അന്ന് ശോഭിച്ചിരുന്നു എന്നതിനു വടിവുറ്റ കലാസുസമ്മതനാം-മധുരേഗീതവിധൗവിചക്ഷണാനാം- ധനധാന്യവതാം മഹാജനാനാം നിലയാ യത്ര നിരന്തരം വിഭാന്തി (ഉണ്ണിയാടിചരിതം ശ്ലോകം 38) എന്നും ആടകം കൊണ്ട് നിർമ്മിച്ചഴകെഴും അരങ്ങത്തേറി നാടകമാടിമേവും നടികുലം പൊടിയുമേടം (ഉ. ച. ഗദ്യം 22) എന്നും നക്തം കോവിട നർത്തകീ വിരചിതം നാട്യം....... (കണ്ടിയൂരെ കൊട്ടാരത്തിൽ രാത്രികാലങ്ങളിൽ നർത്തകികൾ നടത്തിയിരുന്ന നൃത്തം കാണാൻ വന്ന ദേവന്മാർ രാത്രികഴിഞ്ഞിട്ടും തിരിച്ചു പോകാൻ മറന്ന് അവിടെത്തന്നെ നിർന്നിമേഷരായി നിൽക്കയാണോ എന്നു തോന്നും അവിടത്തെ ഭിത്തിയിലെ ദേവചിത്രങ്ങൾ കണ്ടാൽ) (ശിവവിലാസം 1.9) എന്നും മറ്റുമുള്ള സാഹിത്യഗ്രന്ഥ പരാമർശങ്ങൾ തെളിവാണ്. സാഹിത്യം, നൃത്തം, ഗീതം, ശില്പം, ചിതം മുതലായ കലകൾക്ക് അവിടെ പ്രോത്സാഹനം സിദ്ധിച്ചിരുന്നു എന്ന് ഇതിൽ നിന്നു ധരിക്കാം. കണ്ടിയൂരെയും ഹരിപ്പാട്ടെയും ചാക്യാർകൂത്തും മഹാഭാരത പാരായണവും ഈ സന്ദർഭത്തിൽ പ്രസ്താവ്യങ്ങളാണ്.ഇപ്പൊൾ തന്നെ കെ പി എ സിയുടെ ആസ്ഥാനം കൂടി കായംകുളത്ത് ആണ് [6]

ഓടനാടും കൂടൽമാണിക്യംക്ഷേത്രവും.

[തിരുത്തുക]

കൊ. വ. 517 (എ. ഡി. 1342)-മാണ്ട് അജ്ഞാത നാമാവായ ഒരു ഓടനാട്ടു രാജാവ് കൊച്ചിയിലെ ഇരിങ്ങാലക്കുട ക്ഷേത്രത്തിലേക്ക് ഒരു മാണിക്യം സംഭാവന ചെയ്തതായി ഐതിഹ്യമുണ്ട്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠാബിംബത്തിൽ കണ്ട വിശേഷ പ്രഭയുടെ സാദൃശ്യം പരിശോധിക്കാൻ വേണ്ടിയായിരുന്നു ക്ഷേത്രാധികാരികൾ ഓടനാട്ടിൽ നിന്ന് മാണിക്യം ആവശ്യപ്പെട്ടത്. മാണിക്യം ബിംബത്തിൽ വച്ചപ്പോൾ അതിൽ ലയിച്ചുപോയി എന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇരിങ്ങാലക്കുട ക്ഷേത്രത്തിന് കൂടൽമാണിക്യം എന്ന പേരു വന്നത്. (ഉള്ളൂർ വീ. ദി. IV) ആ അവകാശത്തെ ആസ്പദമാക്കി പ്രസ്തുത ക്ഷേത്രത്തിൽ തച്ചുടയകൈമളെ നിയമിക്കാനുള്ള അവകാശം ഓടനാടിനു കിട്ടി. ഓടനാടു തിരുവിതാംകൂറിൽ ലയിച്ചതിനുശേഷം ഈ അവകാശം തിരുവിതാംകൂർ മഹാരാജാവിന് സിദ്ധിച്ചു. ഇപ്പോഴത്തെ (കൊ. വ. 1154) തച്ചുടയകൈമളെയും ഈ പാരമ്പര്യാവകാശമനുസരിച്ച് തിരുവിതാംകൂർ മഹാരാജാവുതന്നെ നിയമിച്ചിട്ടുള്ളതാണ്. [7]

മാർത്താണ്ഡവർമയും മാന്നാർ സന്ധിയും

[തിരുത്തുക]

മാർത്താണ്ഡവർമയുടെ നേരിട്ടുള്ള നേതൃത്വത്തിൽ 68 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ വേണാട്ടുസൈന്യം രാമയ്യൻ ദളവായുടെ നേതൃത്വവത്തിൽ കായംകുളത്തെ ആക്രമിച്ചു. തെക്കുംകൂറിൽനിന്നും മറ്റും പ്രതീക്ഷിച്ച സഹായം കായംകുളത്തിനു യഥാസമയം ലഭിച്ചില്ല. കായംകുളം രാജാവ് ഒളിച്ചോടാൻ നിർബ്ദന്ധിതനായി. കുടുബാംഗങ്ങളെ രഹസ്യമായി തൃശ്ശൂരിലേക്ക് അയച്ചു. വിലപിടിപ്പുള്ള ജംഗമ വസ്തുക്കൾ ഗൂഢമായി നീണ്ടകരയിൽ കൊണ്ടുപോയി അഷ്ടമുടിക്കായലിൽ താഴ്ത്തിയിട്ട് രജാവും രജ്യം വിട്ടു (കൊ. വ. 921/1746). ഓടനാട്ടിലെ വീരയോദ്ധാക്കൾ കുറേനാൾ കൂടെ യുദ്ധം തുടർന്നു. ഒടുവിൽ വേണാട്ടുസൈന്യം അവരെ അടിച്ചമർത്തി. കൊട്ടാരം പിടിച്ചു. രാജഭണ്ഡാരങ്ങളും നിധിനിക്ഷേപങ്ങളും പിടിച്ചെടുക്കാൻ ചെന്ന വേണാട്ടുസൈന്യം കണ്ടത് ഒഴിഞ്ഞകൊട്ടാരവും അതിനകത്ത് അമ്പലപ്പുഴ ദേവനാരായണന്റെ നാമം കൊത്തിയ യുദ്ധസാമഗ്രികളും മത്രമായിരുന്നു. അമ്പലപ്പുഴ ഒരു ശത്രുരാജ്യമായി പരിഗണിക്കുവാനും മാർത്താണ്ഡവർമയുടെ ആക്രമണത്തിനു പിന്നീടു വിധേയമാകുവാനും ഇതു വഴി തെളിച്ചു. ഓടനാട് വേണാടിന്റെ ഭാഗമായിത്തീരുകയും ചെയ്തു.

ഓടനാട്ടിലെ ബുദ്ധമതാവശിഷ്ടങ്ങൾ

[തിരുത്തുക]

കണ്ടിയൂർ,ഹരിപ്പാട് മുതലായ മഹാക്ഷേത്രങ്ങളും ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും പള്ളികളുംകൊണ്ട് ശോഭിച്ചിരുന്ന ഓടനാട്ടിൽ പണ്ടത്തെ ബുദ്ധമതാവശിഷ്ടങ്ങൾകൂടി കാണാം. കരുനാഗപ്പള്ളി, കാർതികപ്പള്ളി, മൈനാഗപ്പള്ളി, പുതുപ്പള്ളി മുതലായ സ്ഥലനാമങ്ങളിലെ പള്ളിതന്നെ ബുദ്ധമതാനുസ്മാരകങ്ങളാണ്. കരുനാഗപ്പള്ളിയിലും മാവേലിക്കരയിലും ഇന്നും കാണാവുന്ന പ്രാചീന ബുദ്ധവിഗ്രഹങ്ങൾ ഈ വിഷയത്തിൽ കൂടുതൽ തെളിവു നൽകുന്നു. കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര ദേവീ ക്ഷേത്രത്തിലെയും മാവേലിക്കര ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെയും കുതിരകെട്ടുകാഴ്ചയും ബൗദ്ധമതത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്.

അവലംബം.

[തിരുത്തുക]
  1. S.N. Sadasivan, A Social History of India, APH, 2007).
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. A. Galletti, The Dutch in Malabar.
  4. K. P. P. Menon, History of Kerala (1924).
  5. ജി. കൃഷ്ണപിള്ള, കണ്ടിയൂർ; ഉണ്ണുനീലി സന്ദേശം; ഉണ്ണിയാടി ചരിതം; ഹരികൃഷ്ണമാസ സമരോത്സവം.
  6. Kerala Society Papers; Travancore Archaeological Series.
  7. ടി. കെ. വേലുപ്പിള്ള, തിരുവിതാംകൂർ സ്റ്റേറ്റു മാനുവൽ (1940).
"https://ml.wikipedia.org/w/index.php?title=ഓടനാട്&oldid=4088105" എന്ന താളിൽനിന്ന് ശേഖരിച്ചത്