Jump to content

ഓഷ്യൻസാറ്റ്-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oceansat-2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Oceansat-2
സംഘടനIndian Space Research Organisation
BusIRS
ഉപയോഗലക്ഷ്യംOceanography
വിക്ഷേപണ തീയതി23 September, 2009
വിക്ഷേപണ വാഹനംPSLV-C14
വിക്ഷേപണസ്ഥലംSatish Dhawan Space Centre
പിണ്ഡം1,050 kilograms (2,310 lb)
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംSun-Synchronous Circular orbit
Inclination98.280o
Apoapsis720 കിലോമീറ്ററുകൾ (447 മൈ.)
Periapsis720 കിലോമീറ്ററുകൾ (447 മൈ.)
Orbital period99.31 minutes

ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ സമുദ്രനിരീക്ഷണ ഉപഗ്രഹമാണ് ഓഷ്യൻസാറ്റ്-2. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ഗണത്തിൽ പെടുന്ന ഓഷ്യൻസാറ്റ്-2 വികസിപ്പിച്ചതും വിക്ഷേപിച്ചതും ഐ.എസ്.ആർ.ഒ. ആണ്. പി.എസ്.എൽ.വി. സി-13 എന്ന വിക്ഷേപണ വാഹനമുപയോഗിച്ചു വിക്ഷേപിച്ച ഈ ഉപഗ്രഹത്തിനൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള മറ്റ് ആറു ചെറു ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചിരുന്നു. പി.എസ്.എൽ.വി. യുടെ വിജയകരമായ പതിനാറാമതു വിക്ഷേപണമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2009 സെപ്റ്റംബർ 23-നു ആണ് ഓഷ്യൻ‌‌സാറ്റ് 2 വിക്ഷേപിച്ചത്. 952 കിലോഗ്രാം ഭാരമുള്ള ഓഷ്യൻസാറ്റിന്റെ ചെലവ് 70 കോടി രൂപയാണ്[1]. ഭൗമോപരിതലത്തിൽ നിന്നു 720 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്നാണു ഓഷ്യൻസാറ്റ്-2 നിരീക്ഷണങ്ങൾ നടത്തുക. രാജ്യത്തിന്റെ പതിനാറാമതു വിദൂരസംവേദനോപഗ്രഹമാണിത്[2].

ലക്ഷ്യങ്ങൾ

[തിരുത്തുക]

സമുദ്രത്തിൽ മത്സ്യസമൃദ്ധമായ ഭാഗങ്ങൾ കണ്ടെത്തുക, കടലിന്റെയും സമുദ്രതീരത്തിന്റേയും പഠനം, കാലാവസ്ഥാ പ്രവചനവും പഠനവും തുടങ്ങിയവയാണ് ഓഷ്യൻസാറ്റ്-2ന്റെ പ്രധാനലക്ഷ്യങ്ങൾ. സമുദ്രത്തിലുണ്ടാകുന്ന വർണ്ണവ്യതിയാനം, കാലാവസ്ഥാമാറ്റങ്ങളിൽ സമുദ്രങ്ങൾ വഹിക്കുന്ന പങ്ക്, സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള ബന്ധം, സമുദ്രതീര അന്തരീക്ഷത്തിലെ ആർദ്രത തുടങ്ങിയവയും ഓഷ്യൻസാറ്റിന്റെ പഠനലക്ഷ്യങ്ങളാണ്[3]. 1999 മെയിൽ ഇന്ത്യ അതിന്റെ ആദ്യ സമുദ്ര നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ഓഷ്യൻസാറ്റ്-1 എന്നു വിളിക്കപ്പെട്ട ആ ഉപഗ്രഹത്തിന്റെ സേവന കാലാവധിയായ പത്ത് വർഷം അവസാനിക്കാറായ സാഹചര്യത്തിൽ തുടർന്നുള്ളതും കൂടുതൽ മെച്ചപ്പെട്ടതുമായ പഠനമാണ് ഓഷ്യൻസാറ്റ്-2-ന്റെ ലക്ഷ്യം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിന്റെ ആഗമനം, തുടർന്നുള്ള പുരോഗതി എന്നിവ പ്രവചിക്കുന്നതിൽ ഈ ഉപഗ്രഹം സുപ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു[4]. അഞ്ച് വർഷമാണ് സേവന കാലാവധി.

സാങ്കേതികവിദ്യ

[തിരുത്തുക]

പ്രധാനമായും മൂന്നുപകരണങ്ങളാണ് ഓഷ്യൻസാറ്റ്-2ൽ ഉള്ളത്[5]. സമുദ്രവർണ്ണ നിരീക്ഷണോപകരണം (Ocean Colour Monitor - OCM) എന്ന ഉപകരണം വൈദ്യുതകാന്തിക വർണരാജിയിലെ ഏഴ് മേഖലകളുപയോഗിച്ച് നിരീക്ഷണം സാധ്യമാക്കുന്ന ഒന്നാണ്. കു ബാൻഡ് പെൻസിൽ ബീം സ്കാറ്റെറോമീറ്റർ അഥവാ സ്കാറ്റ് (SCAT) എന്ന ഉപകരണം മൈക്രോവേവ് തരംഗങ്ങൾ ഉപയോഗിച്ച് പഠനങ്ങൾ നടത്താനുള്ളവയാണ്. ഇവ രണ്ടും പ്രാദേശികമായി വികസിപ്പിച്ചെടുത്തവയാണ്. ഇറ്റാലിയൻ സ്പേസ് ഏജൻസി വികസിപ്പിച്ച റേഡിയോ ഒക്യുലേഷൻ സൗണ്ടർ ഫോർ അറ്റ്മോസ്ഫിയർ അഥവാ റോസ (Radio Occultation Sounder for Atmosphere - ROSA) എന്ന ഉപകരണം അന്തരീക്ഷത്തിന്റെ താഴ്ന വിതാനത്തെക്കുറിച്ചും, അയണോസ്ഫിയറിനെ കുറിച്ചും പഠിക്കാനുള്ളതാണ്. ഭൂമദ്ധ്യരേഖയ്ക്ക് കുറുകെ ധ്രുവപ്രദേശങ്ങളിലൂടെയാണ് ഓഷ്യൻസാറ്റ് ഭ്രമണം ചെയ്യുക. 15 ചതുരശ്രമീറ്റർ വിസ്താരമുള്ള സൗരപാനലുകൾ സൃഷ്ടിക്കുന്ന 1360w വൈദ്യുതിയ്ക്കു പുറമേ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് നിക്കൽ-കാഡ്മിയം ബാറ്ററികളും ഉപഗ്രഹത്തിനാവശ്യമുള്ള ഊർജ്ജം നൽകുന്നു[5].

അവലംബം

[തിരുത്തുക]
  1. "ISRO launches Oceansat-2, nano satellites from Sriharikota" (in ഇംഗ്ലീഷ്). The Times of India. 23 Sep 2009. Retrieved 24 സെപ്റ്റംബർ 2009.
  2. "ഓഷ്യൻസാറ്റ് -2 വിക്ഷേപണം വിജയകരം". മാതൃഭൂമി. 23 Sep 2009. Archived from the original on 2009-09-26. Retrieved 24 സെപ്റ്റംബർ 2009.
  3. "ഓഷ്യൻസാറ്റ്-2: സമുദ്രപഠനത്തിന് ഇന്ത്യൻ കുതിപ്പ്‌". മാതൃഭൂമി. 23 Sep 2009. Archived from the original on 2009-09-28. Retrieved 24 സെപ്റ്റംബർ 2009.
  4. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
  5. 5.0 5.1 "Earth observation satellites, Oceansat-2" (in ഇംഗ്ലീഷ്). ഐ.എസ്.ആർ.ഒ. Archived from the original on 2009-09-26. Retrieved 24 സെപ്റ്റംബർ 2009.


"https://ml.wikipedia.org/w/index.php?title=ഓഷ്യൻസാറ്റ്-2&oldid=3802547" എന്ന താളിൽനിന്ന് ശേഖരിച്ചത്