നരസിംഹവർമൻ ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Narasimhavarman I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


എ. ഡി 630 - 668 കാലഘട്ടത്തിൽ ദക്ഷിണേന്ത്യ ഭരിച്ച പ്രമുഖ പല്ലവരാജാവായിരുന്നു നരസിംഹവർമൻ ഒന്നാമൻ . പല്ലവ രാജാവായ മഹേന്ദ്രവർമന്റെ (ഭരണകാലം 600-630) പുത്രനായ ഇദ്ദേഹം പല്ലവ വംശത്തിലെ ഏറ്റവും പ്രഗല്ഭനായ ഭരണാധികാരിയായിരുന്നു. നരസിംഹവർമന്റെ കാലത്താണ് പല്ലവരാജ്യം പ്രൗഢിയുടെയും പ്രതാപത്തിന്റെയും ഔന്നത്യങ്ങളിൽ എത്തിച്ചേർന്നത്.

ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ചാലൂക്യരായിരുന്നു പല്ലവന്മാരുടെ പ്രധാന പ്രതിയോഗികൾ. ചാലൂക്യരാജാവായ പുലകേശി II പല്ലവരാജ്യത്തെ ആക്രമിച്ചുകൊണ്ടിരുന്നകാലത്താണ് നരസിംഹവർമൻ രാജ്യഭാരമേറ്റത്. കാഞ്ചിപുരത്തിന് സമീപത്തുള്ള മണിമംഗലത്തുവച്ച് പുലകേശിയെ പരാജയപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടു. ശ്രീലങ്കൻ രാജകുമാരനായ മാനവർമന്റെ സഹായം ഈ യുദ്ധത്തിൽ നരസിംഹവർമന് ലഭിച്ചിരുന്നു. ഈ വിജയത്തെത്തുടർന്ന് ഇദ്ദേഹം ചാലൂക്യ തലസ്ഥാനമായ വാതാപി പിടിച്ചെടുക്കുകയുണ്ടായി (642-43). വാതാപികൊണ്ടനരസിംഹവർമൻ എന്ന സ്ഥാനപ്പേര് ഈ വിജയത്തിന്റെ ഓർമയ്ക്കായി സ്വീകരിച്ചതാണെന്നു ചരിത്രരേഖകളിൽ കാണുന്നു. വാതാപിയിലെ മല്ലികാർജുനക്ഷേത്രത്തിനു പിന്നിലെ ഒരു പാറയിൽ കൊത്തിവച്ചിട്ടുള്ളതും, നരസിംഹവർമന്റെ പതിമൂന്നാം ഭരണവർഷത്തിലെ തീയതി കൊത്തിയിട്ടുള്ളതുമായ ഒരു ലിഖിതവും ഇദ്ദേഹം ചാലൂക്യരെ പരാജയപ്പെടുത്തിയതിന്റെ തെളിവാണ്.

അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട മാനവർമനെ സഹായിക്കുന്നതിനായി ലങ്കയിലേക്ക് നരസിംഹവർമൻ നയിച്ച യുദ്ധപര്യടനവും വിജയമായിരുന്നു; മാനവർമന്റെ പ്രതിയോഗിയെ വധിക്കുവാനും മാനവർമനെ വീണ്ടും രാജാവായി വാഴിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

മഹാമല്ലൻ എന്ന സ്ഥാനപ്പേരിനുടമയായ നരസിംഹവർമൻ ദക്ഷിണേന്ത്യയിലെ പ്രബലശക്തികളായ ചേര-ചോള-കളഭ്രരെയും പരാജയപ്പെടുത്തി എന്നാണ് അനുമാനം.

ജനക്ഷേമതത്പരനായിരുന്ന നരസിംഹവർമൻ രാജ്യത്ത് പല പരിഷ്കാരങ്ങളും പ്രാബല്യത്തിൽ വരുത്തി. പ്രധാന തുറമുഖമായ മാമല്ലാപുരം (മഹാബലിപുരം) വിപുലീകരിച്ചതും പല സൗകര്യങ്ങളും ഏർപ്പെടുത്തിയതും ഇദ്ദേഹമാണ്. നവീനമായ ഒരു വാസ്തുവിദ്യാ ശൈലിയുടെ ആവിഷ്കർത്താവ് എന്ന നിലയിലും നരസിംഹവർമൻ ശ്രദ്ധേയനായി. ഇദ്ദേഹത്തിന്റെ കാലത്ത് ക്ഷേത്രനിർമ്മാണകല വളരെ പുരോഗമിച്ചിരുന്നു. നരസിംഹവർമന്റെ രക്ഷാധികാരത്തിൽ നിർമ്മിക്കപ്പെട്ട മഹാബലിപുരത്തെ ഗുഹാക്ഷേത്രങ്ങളിലെ വ്യാളീസ്തംഭങ്ങൾ പഴയ ശൈലിയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ഭംഗിയായി കൊത്തിയെടുത്തിരുന്നു. ഒറ്റപ്പാറയിൽ കൊത്തിയുണ്ടാക്കിയ മഹാബലിപുരത്തെ ക്ഷേത്രരൂപങ്ങൾ രഥങ്ങൾ എന്ന പേരിലാണറിയപ്പെടുന്നത്. (ഇദ്ദേഹം നിർമിച്ച ഗുഹാക്ഷേത്രങ്ങളിൽ ഗ്രന്ഥാക്ഷരത്തിലും തമിഴ്ലിപിയിലും ഉള്ള ശാസനങ്ങൾ ഉണ്ട്.) കരിങ്കല്ലുകൊണ്ട് ക്ഷേത്രങ്ങൾ നിർമ്മിക്കുന്ന രീതിക്ക് പ്രചാരം നല്കിയത് ഇദ്ദേഹമാണ്. മഹാബലിപുരത്തെ പ്രസിദ്ധമായ എഴ് ക്ഷേത്രഗോപുരങ്ങൾ (പഗോഡകൾ) പണിയിച്ചതുവഴി നരസിംഹവർമന്റെ നാമം എന്നെന്നും സ്മരിക്കപ്പെടുന്നു.

നരസിംഹവർമന്റെ ഭരണകാലത്താണ് പ്രസിദ്ധ ചീനഭിക്ഷുവായ ഹ്യൂൻസാങ് പല്ലവ സാമ്രാജ്യം സന്ദർശിച്ചത് (640). പല്ലവ സാമ്രാജ്യത്തിന്റെ വിസ്തൃതിയും പ്രൗഢിയും വർധിപ്പിച്ച ജനോപകാരതത്പരനായിരുന്ന നരസിംഹവർമൻ 668-ൽ മരണമടയുകയും തുടർന്ന് ഇദ്ദേഹത്തിന്റെ പുത്രൻ മഹേന്ദ്രവർമൻ II ഭരണമേല്ക്കുകയും ചെയ്തു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നരസിംഹവർമ%E0%B4%A8%E0%B5%8D%E2%80%8D_I_(ഭ.കാ._630_-_668) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നരസിംഹവർമൻ_ഒന്നാമൻ&oldid=2283695" എന്ന താളിൽനിന്ന് ശേഖരിച്ചത്