നാദിയ ജില്ല
നാദിയ ജില്ല പശ്ചിമബംഗാൾ സംസ്ഥാനത്തിലെ ഒരു ജില്ലയാണ്. ബംഗാൾ ഡെൽറ്റയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു
- വിസ്തീർണം: 3927 ച.കി.മീ.
- ജനസംഖ്യ: 4,603,756 (2001),
- ജനസാന്ദ്രത: 1172/ച.കി.മീ. (2001);
- ആസ്ഥാനം: കൃഷ്ണനഗർ
- അതിരുകൾ: വടക്കും വടക്കു പടിഞ്ഞാറും മൂർഷിദാബാദ് ജില്ല, കിഴക്ക് ബംഗ്ലാദേശ്, തെക്ക് നോർത്ത് 24 പർഗാനാസ് ജില്ല, പടിഞ്ഞാറ് വർധമാൻ, ഹൂഗ്ലി ജില്ലകൾ.
ഭൂമിശസ്ത്രം
[തിരുത്തുക]ഗംഗയുടെയും പോഷകനദികളുടെയും എക്കൽ സമതലത്തിലാണ് നാദിയ ജില്ല വ്യാപിച്ചിരിക്കുന്നത്. വനങ്ങൾ ജില്ലയിൽ താരതമ്യേന കുറവാണ്. പദ്‌മയുടെയും ഗംഗയുടെയും പോഷകനദികൾ നാദിയ ജില്ലയെ ജലസിക്തമാക്കുന്നു. മുഖ്യവിളയായ നെല്ലിനു പുറമേ ചണം, കരിമ്പ്, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്.
കാർഷിക വിളകൾ
[തിരുത്തുക]മാന്തോട്ടങ്ങൾ ജില്ലയിൽ ധാരാളമായി കാണുന്നുണ്ട്. കന്നുകാലി വളർത്തലാണ് തദ്ദേശീയരുടെ മറ്റൊരു പ്രധാന ഉപജീവനമാർഗം. ഘനവ്യവസായങ്ങളൊന്നും ഇല്ലാത്ത ഈ ജില്ലയിൽ യന്ത്രസാമഗ്രികൾ, സൈക്കിൾ ഭാഗങ്ങൾ, നൂൽ, സ്റ്റീൽ ദണ്ഡുകൾ, സ്റ്റീൽ ഫാബ്രിക്കേഷൻ സാമഗ്രികൾ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഏതാനും വൻകിട വ്യവസായശാലകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ റാണാഘട്ട് ഒരു പ്രധാന കമ്പോളമാണ്. ജില്ലാ ആസ്ഥാനമായ കൃഷ്ണനഗർ കളിമൺപാവകൾക്കും, ക്ഷീര-മധുരപലഹാരങ്ങൾക്കും സനിത്പൂർ കൈത്തറിസാരികളുടെ ഉത്പാദനത്തിനും പ്രശസ്തമാണ്.
ഗതാഗതം
[തിരുത്തുക]ജില്ലയിലെ ഗതാഗതമേഖല വികസിതമാണ്. റോഡ്-റെയിൽ ഗതാഗതമാർഗങ്ങൾ ഇവിടെ പുരോഗമിച്ചിട്ടുണ്ട്. ദേശീയപാത-34-ഉം കൊൽക്കത്ത-ഡാർജിലിങ് റോഡും പല പ്രധാന റെയിൽപ്പാതകളും ജില്ലയിലൂടെ കടന്നുപോകുന്നു. കൃഷ്ണനഗറും, റാണാഘട്ടുമാണ് ജില്ലയിലെ പ്രധാന ഗതാഗതകേന്ദ്രങ്ങൾ.
ജനങ്ങൾ
[തിരുത്തുക]നാദിയ ജില്ലയിലെ ജനങ്ങളിലധികവും ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവരാകുന്നു; ബംഗാളിയും ഹിന്ദിയും മുഖ്യവ്യവഹാരഭാഷകളും. അക്കാദമി ഒഫ് വിഷ്വൽ ആർട്ട് ആൻഡ് ഡ്രാമ, ദിദാൻ ചന്ദ്ര കൃഷി മഹാ വിദ്യാലയം, വിദ്യാസാഗർ കോളജ്, ശാന്തിപൂർ കോളജ് തുടങ്ങിയവയാണു ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വൈഷ്ണവ വിഭാഗങ്ങളുടെ പ്രധാന ആരാധനാകേന്ദ്രമായ നവദ്വീപും (Nabadwip) ഹൈന്ദവതീർഥാടനകേന്ദ്രമായ മായാപൂരും ജില്ലയിലെ പ്രമുഖതീർഥാടനകേന്ദ്രങ്ങൾ എന്ന നിലയിൽ ശ്രദ്ധേയങ്ങളാണ്. കല്യാണി, ഹാറിങ്ഘേട്ട് (Haringhate) എന്നീ സ്ഥലങ്ങൾക്ക് വിനോദസഞ്ചാരപ്രാധാന്യമുണ്ട്.
അവലംബം
[തിരുത്തുക]- NADIA DISTRICT PRIMARY SCHOOL COUNCIL
- Nadia, Nadia District
- Map of the district of Nadia Archived 2010-12-01 at the Wayback Machine.
- Nadia district, Profile
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നാദിയ ജില്ല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |