മാർത്താണ്ഡം പരീക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marthandam experiment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1921 ൽ അമേരിക്കൻ മിഷണറിയായിരുന്ന ഡോ. സ്പെൻസർ ഹാച്ച് തെക്കൻ തിരുവിതാംകൂറിലെ മാർത്താണ്ഡം എന്ന സ്ഥലത്ത് ഗ്രാമോദ്ധാരണ പ്രവർത്തനങ്ങൾ‌ സംഘടിപ്പിച്ചു. മാർത്താണ്ഡം വൈ.എം.സി.എ. യുടെ സെക്രട്ടറിയായിരുന്ന കെ.ടി. പോളിന്റെ നേതൃത്ത്വത്തിൽ മാർത്താണ്ഡത്തിനു ചുറ്റുമുള്ള ആറു ഗ്രാമങ്ങളിലായിരുന്നു പ്രവർത്തനം. ജനങ്ങളുടെ മാനസിക - ആത്മീയ - ഭൗതിക - സാമ്പത്തിക - സാമൂഹ്യ - സമഗ്ര പുരോഗതിയായിരുന്നു ലക്ഷ്യം. സാമ്പത്തിക പുരോഗതിക്കായുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനായി കുടിൽ വ്യവസായങ്ങളാരംഭിക്കാൻ സഹായിച്ചു. നെയ്ത്തുകാരുടെ ക്ലബ്ബുകൾ, തേനീച്ച വളർത്തുന്നവരുടെ ക്ലബ്ബുകൾ, കോഴി വളർത്തുന്നവരുടെ ക്ലബ്ബുകൾ, കന്നുകാലി വളർത്തുന്നവരുടെ ക്ലബ്ബുകൾ തുടങ്ങി ഓരോ തൊഴിലിലും ഏർപ്പെടുന്നവരുടെ മേഖലകളുമായി ബന്ധപ്പെട്ട ക്ലബ്ബുകളുണ്ടാക്കി. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സന്നദ്ധ സംഘടനകളുണ്ടാക്കി. ജനങ്ങൾക്ക് വിദഗ്ദ്ധോപദേശമല്ലാതെ ഒന്നും സൗജന്യമായി നൽകിയില്ല. ജനങ്ങളിൽ സ്വാശ്രയ ശീലം വളർത്തി സ്വന്തം കഴിവുകളുപയോഗിച്ച് സാമ്പത്തിക നില ഉയർത്തുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം നിശാ പാഠശാലകൾ മുഖേന സാമാന്യ വിദ്യാഭ്യാസം, ലൈബ്രറികൾ മുഖേന വിജ്ഞാന വ്യാപനം, സ്പോർട്സ് ക്ലബ്ബുകൾ, സ്കൗട്ട് പ്രസ്ഥാനം മുഖേന യുവജനങ്ങൾക്കും ബാലൻമാർക്കും കായിക പരിശീലനത്തിനും സ്വഭാവ രൂപീകരണത്തിനും അവസരങ്ങളൊരുക്കി. വൈ. എം.സി.എ. സംഘടിപ്പിച്ചിരുന്ന വിപണന മേളകൾ വഴി ഉല്പന്നങ്ങൾ വിറ്റഴിക്കാൻ അവസരം നൽകി.

പ്രാധാന്യം[തിരുത്തുക]

  • വ്യാപന വിദ്യാഭ്യാസത്തിന്റെ അനുപേക്ഷണീയതയും സഹകരണ രംഗത്ത് വായ്പ - ഉത്പാദനം - വിപണനം എന്നിവയുടെ ഏകോപനത്തിന്റെയും ആവശ്യകത തെളിയിക്കുവാൻ ഈ പരീക്ഷണം വഴി വെച്ചു.
  • വികസന പ്രവർത്തകർക്കു വിപുലമായ പരിശീലന സൗകര്യങ്ങൾ നൽകി. ഭാരത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്ന ഗ്രാമസേവകർക്ക് ഗ്രാമോദ്ദാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി. തൊഴിലിനോടൊപ്പം വിനോദം, സഹകരണം, സംസ്കാരം, സാമ്പത്തികം, സാമൂഹ്യം തുടങ്ങിയ മേഖലകളിലും വലിയ വിജയം വരിക്കാൻ ഈ പരീക്ഷണത്തിനായി. സ്പെൻസർ ഹാച്ചിന്റെ ഭാര്യ എമിലി ഗിൽക്രിസ്റ്റ് ഹാച്ച് ഗ്രാമീണ നാടകങ്ങളിലൂടെയും മറ്റും മദ്യപാനം പോലെയുള്ള സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായി പ്രതികരിച്ചു.

സന്ദർശകർ[തിരുത്തുക]

നിരവവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ മാർത്താണ്ഡം വൈ.എം.സി.എ. യും പരിശീലന കേന്ദ്രങ്ങളും സന്ദർശിച്ചു. സിലോൺ പ്രധാനമന്ത്രിയായിരുന്ന ബാരൺ ജയതിലകെ ഇവിടുത്തെ തേനീച്ച വളർത്തൽകാരുടെ ഒരു യോഗത്തിൽ പങ്കെടുത്തു.[1] ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും ഇവിടം സന്ദർശിച്ചിട്ടുണ്ട്.

വിമർശനങ്ങൾ[തിരുത്തുക]

ക്രിസ്തീയ മത പ്രവർത്തകരുടെ പദ്ധതിയായതിനാൽ മാർത്താണ്ഡം പ്രദേശത്തുള്ള മുപ്പതു ശതമാനം വരുന്ന ക്രൈസ്തവ വിഭാഗത്തിനാണ് പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിച്ചത്. ഇവരിൽ ഭൂരിഭാഗവും ഭൂരഹിതരായതിനാൽ കാർഷിക രംഗത്ത് മുന്നേറ്റമുണ്ടാക്കാനായില്ല.[2]

അവലംബം[തിരുത്തുക]

  1. സി. നാരായണപിള്ള (1117). ചങ്ങനാശേരി(ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ ജീവചരിത്രം). ജി. രാമചന്ദ്രൻ. p. 477.
  2. ഗ്രാമ വികസനവും പഞ്ചായത്ത് രാജും, എൻ. അയ്യപ്പൻ നായർ
"https://ml.wikipedia.org/w/index.php?title=മാർത്താണ്ഡം_പരീക്ഷണം&oldid=3340782" എന്ന താളിൽനിന്ന് ശേഖരിച്ചത്