വിവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marriage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വിവാഹം(Marriage) എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ സമൂഹത്തിന്റെയും ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധു ജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് വിവാഹം. മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവുമായ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്. ഇന്ത്യയിൽ 'സ്പെഷ്യൽ മാര്യേജ് ആക്റ്റ്' പ്രകാരം മതാചാരങ്ങളോ മറ്റു ചെലവുകളോ ഒന്നുമില്ലാതെ പ്രായപൂർത്തിയായവർക്ക് വിവാഹം 'രജിസ്റ്റർ' ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി നിശ്ചിത ദിവസങ്ങൾക്ക് മുൻപ് വ്യക്തികൾക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാവുന്നതാണ്. യാഥാസ്ഥിക സമൂഹങ്ങളിൽ ഒന്നിച്ചു ജീവിക്കാനും, ലൈംഗികബന്ധത്തിൽ ഏർപ്പെടാനും അതുവഴി അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും പങ്കാളികൾക്ക് മതപരമായും ഗോത്രപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു എന്ന്‌ പറയാം. മിക്കരാജ്യങ്ങളിലും മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്.

വ്യക്തികൾ പരസ്പരം ഇഷ്ട്ടപ്പെട്ടു നടത്തുന്ന വിവാഹങ്ങളെ 'പ്രണയവിവാഹം' (ലവ് മാര്യേജ്) എന്നറിയപ്പെടുന്നു. എന്നാൽ പലപ്പോഴും ജാതി, മതം, സാമ്പത്തികം, തൊലിയുടെ നിറം തുടങ്ങിയവ പ്രണയ വിവാഹങ്ങൾക്ക് ഒരു തടസമാകാറുണ്ട്.

എന്നാൽ പ്രായപൂർത്തിയായ വ്യക്തികൾക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കുവാനും ഇന്ത്യയിൽ നിയമം അനുവദിക്കുന്നുണ്ട്.

പല രാജ്യങ്ങളിലും സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡറുകളും നിയമപരമായി വിവാഹം ചെയ്യാറുണ്ട്. ഇതിനെ വിവാഹ സമത്വം (Marriage equality) എന്നറിയപ്പെടുന്നു. അത്തരം രാജ്യങ്ങളിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് (LGBTIQ) എതിർലിംഗാനുരാഗികളെ (Heterosexuals) പോലെ കുഞ്ഞുങ്ങളെ ദത്തെടുക്കാനും വാടക ഗർഭപാത്രം വഴി പുതുതലമുറയ്ക്ക് ജന്മം കൊടുക്കാനും തുടങ്ങിയ എല്ലാവിധ അവകാശങ്ങളും ലഭ്യമാണ്.

വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തിക ബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേർപ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും അത് വ്യക്തമാക്കുന്നുണ്ട്. സ്ത്രീധനം, മഹർ തുടങ്ങിയവ ഇതിന്‌ ഉദാഹരണമാണ്. സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ ആധുനികകാലത്തെന്ന പോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്. ജാതിയും മതവും ഗോത്രവും ഇതിൽ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. സംബന്ധം, പുടവകൊട തുടങ്ങിയ ചടങ്ങുകൾക്കായിരുന്നു പഴയ കാലത്ത് കേരളത്തിൽ പ്രാധാന്യം. ചില രാജ്യങ്ങളിൽ ഇതൊരു ഉടമ്പടിയായും അംഗീകരിച്ചിരിക്കുന്നു.

എന്നാൽ ആധുനിക സമൂഹങ്ങളിൽ, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളിൽ, വ്യക്തികൾ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു. ഇതിനെ സഹജീവനം (Living Together, Cohabitation) എന്ന് പറയുന്നു. ഇന്ത്യയിലും ധാരാളം മനുഷ്യർ ലിവിങ് ടുഗെതർ തുടങ്ങിയ രീതികൾ അവലംബിക്കാറുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിയുടെ സങ്കീർണതകളും ന്യൂനതകളും ബാദ്ധ്യതകളും, മതത്തിനും ജാതിക്കും കൊടുക്കുന്ന അമിതപ്രാധാന്യം, വ്യക്തിയുടെ അവകാശങ്ങൾക്ക് മേൽ ഉള്ള കടന്നുകയറ്റം, സാമ്പത്തിക ചെലവുകൾ, സ്ത്രീധനവും മഹറും, ലിംഗസമത്വമില്ലായ്മ തുടങ്ങിയവയും മറ്റുമാണ് പരമ്പരാഗത വിവാഹം ഒഴിവാക്കുവാനായി അവർ ചൂണ്ടിക്കാട്ടുന്നത്.

ഒരേസമയം ഒന്നിലധികം ഭാര്യമാരെയും ഭർത്താക്കന്മാരേയും അംഗീകരിക്കുന്ന ഗോത്രങ്ങളും മതങ്ങളും നിലവിലുണ്ട്. ഉദാഹരണത്തിന് ഇസ്ലാം മതത്തിൽ പുരുഷന് ഒരേസമയം നാല് സ്‌ത്രീകളെ വരെ വിവാഹം ചെയ്യാവുന്നതാണ്.

പ്രായപൂർത്തി ആകാത്ത കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ ശൈശവ വിവാഹം (Child marriage) എന്നറിയപ്പെടുന്നു. ബാലവിവാഹവും, നിർബന്ധിത വിവാഹവും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ശൈശവവിവാഹം നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ശൈശവവിവാഹത്തിന് ഇരയായ കുട്ടിയുമായി പങ്കാളി നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗം അല്ലെങ്കിൽ ബാലപീഡനത്തിന്റെ വകുപ്പിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രായപൂർത്തിയായ വ്യക്തികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം വിവാഹജീവിതത്തിന് പുറമെ അനുവദിക്കാത്ത രാഷ്ട്രങ്ങളും നിലവിലുണ്ട്. അത്തരം സമൂഹങ്ങളിൽ വിവാഹപൂർവബന്ധം വലിയ പാപവും നിഷിദ്ധവുമാണ്.

വിവാഹപ്രായം[തിരുത്തുക]

ഓരോ രാജ്യത്തും വിവിധ മതവിഭാഗങ്ങൾക്കിടയിലും വ്യത്യസ്തപ്രായമാണ് വിവാഹത്തിനായി നിശ്ചയിച്ചിട്ടുള്ളത്. പൊതുവേ മിക്ക രാജ്യങ്ങളിലും വിവാഹം കഴിക്കുവാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. ഇന്ത്യയിൽ സ്ത്രീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് കുറഞ്ഞ വിവാഹപ്രായം. എങ്കിലും 18 വയസ് കഴിഞ്ഞ സ്ത്രീപുരുഷ -ട്രാൻസ്ജെൻഡറുകൾക്ക് വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുവാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ 18 വയസിൽ താഴെ ഉള്ളവരെ വിവാഹം ചെയ്യുന്നത് കുറ്റകരമാണ്.

വിവിധതരം വിവാഹങ്ങൾ[തിരുത്തുക]

  • സ്പെഷൽ മാരേജ് ആക്ട് 1954 - എല്ലാ പ്രായപൂർത്തിയായ ഇന്ത്യക്കാർക്കും, അവരുടെ മതം, ജാതി, ബന്ധുമിത്രാതികളുടെ അനുവാദം തുടങ്ങിയ യാതൊരു വിധ നിയന്ത്രങ്ങളുമില്ലാതെ, പൂർണ്ണമായും സർക്കാർ സംവിധാനത്തിലൂടെ വിവാഹം കഴിക്കുന്നതിനായി 1954 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് സ്പെഷൽ മാരേജ് ആക്റ്റ് 1954.
  • ഹിന്ദു വിവാഹം
  • മുസ്ലീം വിവാഹം - നിക്കാഹ്
  • ക്രിസ്ത്യൻ വിവാഹം

അവലംബം[തിരുത്തുക]

ചിത്രസഞ്ചയം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ വിവാഹം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വിവാഹം&oldid=3392791" എന്ന താളിൽനിന്ന് ശേഖരിച്ചത്