Jump to content

മുകുന്ദ് വരദരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Major Mukund Varadarajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മേജർ മുകുന്ദ് വരദരാജൻ
(1983-04-12)ഏപ്രിൽ 12, 1983 – ഏപ്രിൽ 25, 2014(2014-04-25) (പ്രായം 31)

ജനനസ്ഥലം താംബരം, ചെന്നൈ, തമിഴ് നാട്
മരണസ്ഥലം ഷോപിയാൻ ജില്ല, ജമ്മു കാശ്മീർ
Allegiance  India
Service/branch ഇന്ത്യൻ കരസേന
പദവി മേജർ
Unit രാജപുത്ര റെജിമെന്റ്
ബഹുമതികൾ അശോക് ചക്ര

ഇന്ത്യൻ കരസേനയുടെ രാജപുത്ര റെജിമെന്റിൽ സൈനികനായിരുന്നു മേജർ മുകുന്ദ് വരദരാജൻ (12 ഏപ്രിൽ 1983 – 25 ഏപ്രിൽ 2014). 2014 ഏപ്രിൽ 25നു ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി ധീരമൃത്യു വരിച്ച മുകുന്ദിനു, അതേ വർഷം തന്നെ മരണാനന്ദര ബഹുമതി ആയി അശോക് ചക്ര നൽകി രാജ്യം ആദരിച്ചു.

2014 ഏപ്രിൽ 26, രാവിലെ ആറു മണി. ബെംഗളൂരുവിലെ ഓഫിസേഴ്സ് ക്വാർട്ടേഴ്സിൽ കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഇന്ദു മുകുന്ദ് ഉണർന്നത്. കതകു തുറന്ന ഇന്ദു കണ്ടത് സഹോദരൻ ഡോ. വിജു ഡാനിയലിനെ.

വെല്ലൂർ മെഡിക്കൽ കോളജിലെ ഓർത്തോപീഡിക് സർജനായ ഡോ. വിജു, വെല്ലൂരിൽനിന്നു കാർ ഓടിച്ചു പുലർച്ചെ ബെംഗളൂരുവിൽ എത്തിയതാണ്. മൊബൈലിൽ പലതവണ വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടാത്തതു കൊണ്ടാണ് സഹോദരിയെത്തേടി വീട്ടിലെത്തിയത്. ഡോ. വിജു കൈമാറിയ സന്ദേശം ഞെട്ടിക്കുന്നതായിരുന്നു: ‘‘കശ്മീരിൽ ജോലി ചെയ്യുന്ന ഇന്ദുവിന്റെ ഭർത്താവ് മേജർ മുകുന്ദ് വരദരാജൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു’’.

ദുബായിലുള്ള ഇവരുടെ മൂത്ത സഹോദരൻ ദീപുവാണ് ഡോ. വിജുവിന് ആ ദുഃഖവാർത്ത കൈമാറിയത്. തലേന്ന് രാവിലെയും മുകുന്ദുമായി ഇന്ദു ഫോണിൽ സംസാരിച്ചിരുന്നു. അന്നു വൈകുന്നേരമാണ്, ഷോപിയാനിലെ ഒരു കെട്ടിടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരരുമായി മേജർ മുകുന്ദ് വരദരാജന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഏറ്റുമുട്ടിയത്.

മുകുന്ദിന്റെ വീരമൃത്യു

2014 ഏപ്രിൽ. രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുന്ന സമയം. കശ്മീരിലെ ഷോപിയാനിൽ ബൂത്തുകൾക്കു നേരെ ഭീകരാക്രമണം ഉണ്ടായി. വോട്ടെടുപ്പു തടസ്സപ്പെട്ടു. ആക്രമണത്തിനു നേതൃത്വം നൽകിയത് ഹിസ്ബുൽ മുജാഹിദീൻ ഭീകരർ. ഇവരിൽ ചിലർ ഷോപിയാനിലെ ഖാസിപത്രി ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ ഒളിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് മേജർ മുകുന്ദ് വരദരാജന്റെ നേതൃത്വത്തിലുള്ള സംഘം 2014 ഏപ്രിൽ 25ന് ഉച്ചകഴിഞ്ഞ് ഇവിടം വളഞ്ഞത്.

വൈകുന്നേരം നാലിന് ആരംഭിച്ച ഏറ്റുമുട്ടൽ സന്ധ്യ മയങ്ങും വരെ തുടർന്നു. ആക്രമണത്തിൽ രണ്ടു ഭീകരരെ വകവരുത്തി. ഏറ്റുമുട്ടലിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്ന ഭീകരരിലെ മൂന്നാമനുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ മേജർ മുകുന്ദ് വീരമൃത്യു വരിക്കുകയായിരുന്നു. ഇതിനിടയിൽ മൂന്നാമനെ വകവരുത്താനും മുകുന്ദിനായി. സൈനിക ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ചായിരുന്നു മുകുന്ദിന്റെ അന്ത്യം.

അവസാന വാക്കുകൾ

അവസാന ഭീകരനെയും വധിക്കുന്നതിനിടെ വയറിന്റെ വലതുവശത്തേറ്റ വെടിയുണ്ട കരളിൽ തുളച്ചുകയറിയതാണ് മുകുന്ദിന്റെ ജീവൻ അപഹരിച്ചത്. ‘‘എനിക്ക് മൂന്നു വയസ്സുള്ള മോളുണ്ട്, അമ്മയുണ്ട്. എനിക്കു ജീവിക്കണം.’’ ഇങ്ങനെ മുകുന്ദ് പറഞ്ഞതായി ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയത് ബന്ധുക്കൾ ഓർക്കുന്നു. മരണത്തിനു രണ്ടു ദിവസം മുൻപ് ഷോപിയാനിൽ ഭീകരർ ഇലക്‌ഷൻ ബൂത്ത് തകർത്ത കാര്യം മുകുന്ദിനോട് ഇന്ദു ചോദിച്ചിരുന്നു. ‘‘ഇത്തരം വാർത്തകളൊന്നും നീ വായിക്കേണ്ട എന്നായിരുന്നു മുകുന്ദിന്റെ ഉപദേശം’’.


ചെന്നൈയിൽ അന്ത്യവിശ്രമം

കശ്മീരിൽനിന്നു പ്രത്യേക വിമാനത്തിൽ ന്യൂഡൽഹിയിൽ എത്തിച്ച മൃതദേഹം തുടർന്ന് അച്ഛൻ വരദരാജന്റെ നാടായ ചെന്നൈ താംബരത്ത് എത്തിക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ ബസന്ത് നഗർ ശ്മശാനത്തിലായിരുന്നു സംസ്കാരം. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

രാജ്യത്തിന്റെ ആദരം

രാജ്യസുരക്ഷയ്ക്കായി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജനെ 2015ലെ റിപ്പബ്ലിക് ദിനത്തിൽ ‘അശോകചക്ര’ നൽകി ആദരിച്ചു. ന്യൂഡൽഹിയിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് ഇന്ദുവാണു ബഹുമതി ഏറ്റുവാങ്ങിയത്. മുകുന്ദിന്റെ പിതാവ് വരദരാജൻ, ഇന്ദുവിന്റെ മാതാപിതാക്കളായ ഡോ. ജോർജ് വർഗീസ്, അക്കാമ്മ (മണി) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിന്റെ പ്രിയപുത്രൻ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥനായ വരദരാജന്റെയും ഗീതയുടെയും മകനായി 1983 ഏപ്രിൽ 12ന് കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു മുകുന്ദിന്റെ ജനനം.

മുകുന്ദിന്റെ അമ്മയുടെ അച്ഛൻ പരേതനായ എസ്.രാജഗോപാൽ മാവൂർ ഗ്വാളിയർ റയോൺസിൽ പഴ്സനേൽ മാനേജരായിരുന്നു. അദ്ദേഹം പുനലൂർ പേപ്പർ മില്ലിലും ജോലി ചെയ്തിരുന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ പഴ്സനേൽ മാനേജരായിരിക്കെ ട്രിവാൻഡ്രം റബർ വർക്സ്, ട്രാവൻകൂർ പ്ലൈവുഡ്സ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും വഹിച്ചിരുന്നു. അമ്മയുടെ അമ്മ കമല തിരുവനന്തപുരം കരമന വിനായക നഗറിലാണ് ഇപ്പോഴും താമസം. മുകുന്ദിന്റെ അമ്മയുടെ സഹോദരങ്ങളായ ആർ.എസ്. രാജൻ, ആർ.എസ്.വാസൻ, ശ്രീവിദ്യ എന്നിവരും തിരുവനന്തപുരത്തു തന്നെ താമസിക്കുന്നു.

ഗുരുവായൂരപ്പന്റെ പേരായതിനാലാണ് മുകുന്ദ് എന്ന പേര് സഹോദരിയുടെ മകന് ഇട്ടതെന്നു അമ്മാവനും എസ്ബിഐ ചീഫ് മാനേജരുമായ ആർ.എസ്.വാസൻ ഓർക്കുന്നു. വരദരാജൻ ആലപ്പുഴയിൽ ജോലി ചെയ്തിരുന്നതു കൊണ്ട് മുകുന്ദിന്റെ പ്രാഥമിക വിദ്യാഭ്യാസം അവിടെയായിരുന്നു. തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ ഒൻപത്, പത്ത് ക്ലാസുകളിൽ പഠിച്ചു. പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു. പിതാവ് തമിഴ്നാട്ടിലേക്കു സ്ഥലം മാറിയതോടെ മുകുന്ദിന്റെ പഠനവും അവിടെയായി.

പത്തനംതിട്ട മാരാമൺ സ്വദേശിയും തിരുവനന്തപുരം പേരൂർക്കട കോലത്ത് ഹോസ്പിറ്റലിന്റെ ഡയറക്ടറുമായ ഡോ.ജോർജ് വർഗീസിന്റെയും അക്കാമ്മയുടെയും മകളായ ഇന്ദു, ബെംഗളൂരുവിലെ ഡിഗ്രി പഠനത്തിനു ശേഷമാണു മാസ് കമ്യൂണിക്കേഷനിൽ പിജി പഠിക്കാൻ 2004‌ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ (എംസിസി) എത്തുന്നത്. എംസിസിയിൽ ജേണലിസത്തിൽ പിജി ഡിപ്ലോമ പഠിക്കുകയായിരുന്നു മുകുന്ദ്. ഇരുവരുടെയും സൗഹൃദം വിവാഹത്തിലെത്തി.

2009 ഓഗസ്റ്റ് 28നായിരുന്നു വിവാഹം. 2005ലാണ് മുകുന്ദിന് ഓഫിസറായി പട്ടാളത്തിൽ ജോലി ലഭിക്കുന്നത്. ചെന്നൈയിലായിരുന്നു പരിശീലനം. രജ്പുത്ത് റജിമെന്റിൽ ലഫ്റ്റനന്റായി ചേർന്ന മുകുന്ദ്, 2006 മുതൽ 2008 വരെ കശ്മീരിൽ ജോലി ചെയ്തു. 2011 വരെ മധ്യപ്രദേശിലെ മാവോയിലും 2011–12ൽ യുഎൻ സമാധാന സേനയുടെ ഭാഗമായി ലബനനിലും ജോലി നോക്കി. 2012 ലാണ് കശ്മീരിലെ ഷോപിയാനിൽ പോസ്റ്റിങ് ലഭിക്കുന്നത്.

ഇന്ദുവിന്റെ സ്വന്തം മുകുന്ദ്

മുകുന്ദിന്റെ കുടുംബാംഗങ്ങൾക്ക് പഠിക്കുന്ന സമയത്തുതന്നെ ഇന്ദുവിനെ അറിയാമായിരുന്നു. കാരണം കോളജിന്റെ അടുത്തു തന്നെയായിരുന്നു മുകുന്ദിന്റെ വീട്. എന്നാൽ, ഡോ. ജോർജ് വർഗീസിന്റെ കുടുംബത്തിന് മുകുന്ദുമായുള്ള ബന്ധം ‘ഒരു സർപ്രൈസ്’ ആയിരുന്നു. 2011 മാർച്ച് 17നാണ് മുകുന്ദ്–ഇന്ദു ദമ്പതികൾക്ക് മകൾ ആർഷ്യ ജനിക്കുന്നത്.


ഭർത്താവിന്റെ മരണശേഷം 2014 മുതൽ 2017 വരെ ബെംഗളൂരുവിലെ ആർമി സ്കൂളിൽ അധ്യാപികയായി ജോലി നോക്കിയ ഇന്ദു, 2017ലാണ് എജ്യുക്കേഷനിൽ പിജി ചെയ്യാൻ ഓസ്ട്രേലിയയിൽ പോയത്. കോഴ്സിനു ശേഷം അവിടെ ജോലി ചെയ്ത ഇന്ദു, മകളുമൊത്ത് കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തി. മകൾക്ക് സ്വന്തം നാടിനോടുള്ള ഇഷ്ടം ഊട്ടിയുറപ്പിക്കുന്നതിനാണ് ഓസ്ട്രേലിയയിൽ നിന്നു തിരികെ നാട്ടിലെത്തിയതെന്ന് ഇന്ദു പറയുന്നു.

ഇപ്പോൾ തിരുവനന്തപുരം ഇന്റർ നാഷനൽ സ്കൂളിൽ അധ്യാപികയാണ് ഇന്ദു. മകളെയും അവിടെ മൂന്നാം ക്ലാസിൽ ചേർത്തു. അധ്യാപികയായി ജോലി ചെയ്യുന്നതിനൊപ്പം, ചിത്രരചനയിലും എഴുത്തിലും മുഴുകിയാണ് ഇന്ദുവിന്റെ ഇപ്പോഴത്തെ ജീവിതം.


മരണവിവരം അറിഞ്ഞ 2014 ഏപ്രിൽ 26നു രാത്രി മുകുന്ദിനെക്കുറിച്ച് ഇന്ദു എഴുതിയ കവിത ദേശീയമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. ദേശഭക്തിയും സൈനി കനായ ഭർത്താവിനോടുള്ള സ്നേഹവും തുളുമ്പുന്ന കവിത ഇങ്ങനെയായിരുന്നു.

There lived a man who loved me with all his heart...

There lived a man who fathered my child..

There lived a man who believed in integrity..

There lived a man who loved his profession..

There lived a man who never feigned to be a hero...

There lived a man who was my soul...

There lived a man with a heart full of generosity.

There lived a man who revealed all to me...

There lived a man who loved me with his life..

But now I wait... for he is with God... I know for sure...

One day I will meet him... I know for sure...

And he will give me that warm strong hug of his... I know for sure...

And I will not complain that I can’t breathe...

You can hug me... Hug me all you want...’

"https://ml.wikipedia.org/w/index.php?title=മുകുന്ദ്_വരദരാജൻ&oldid=3317297" എന്ന താളിൽനിന്ന് ശേഖരിച്ചത്