എം. ബാലൻ പണ്ഡിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. Balan pandit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. ബാലൻ പണ്ഡിറ്റ്
എം. ബാലൻ പണ്ഡിറ്റ്
ജനനം1926 ജൂൺ 16
മരണം2013 ജൂൺ 5
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ക്രിക്കറ്റ് താരം

കേരളീയനായ പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു എം. ബാലൻ പണ്ഡിറ്റ് (ജനനം :16 ജൂൺ 1926 - 5 ജൂൺ 2013). 1951ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി കളിച്ചപ്പോൾ(അന്നത്തെ തിരുകൊച്ചി ടീം) കേരളത്തിന്റെ മുഖ്യ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു. കേരളത്തിനുവേണ്ടി അഞ്ചു സെഞ്ചുറികളും[1] ഒരു ഡബിൾ സെഞ്ചുറിയുമടക്കം[2] രഞ്ജി ക്രിക്കറ്റിൽ 2240 റൺസ് നേടിയിട്ടുണ്ട്. ആദ്യമായി ഒരു രാജ്യാന്തര ടീമിനെതിരേ (ന്യൂസിലാൻഡ്) കളിച്ച മലയാളി പണ്ഡിറ്റാണ്.[3][4]

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് തറവാടെങ്കിലും ജനിച്ചതും വളർന്നതും ക്രിക്കറ്റിൽ പ്രാവീണ്യം നേടിയതുമെല്ലാം മുംബൈയിലായിരുന്നു. ആയുർവേദ ഡോക്ടറായിരുന്നു അച്ഛൻ. ദാദർ യൂണിയൻ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങി. 1947-ൽ ആദ്യ രഞ്ജി മാച്ച് കളിച്ചു. അഹമ്മദാബാദിൽ ഗുജറാത്തിനെതിരെ പശ്ചിമ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ടീമിനു വേണ്ടിയായിരുന്നു അത്. മൂന്നുനാലുവർഷം വിക്കറ്റ്കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായി അവർക്കുവേണ്ടി രഞ്ജിയിൽ കളിച്ചു. 1951-ൽ ബോംബെയിലേക്ക് തിരിച്ചുപോന്നു. ബോംബെ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള സ്ഥാപനമായ ബി.ഇ.എസ്.ടി.യിൽ (ബോംബെ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട്) ട്രാഫിക് അസിസ്റ്റന്റായി ജോലി കിട്ടിയതോടെ അവരുടെ ടീമിലെ പ്രധാന കളിക്കാരനായി. പാട്യാലയിലെ രാജകുമാരി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് (പിന്നീട് എൻ.ഐ.എസ്) കോച്ചിങ് ബിരുദം നേടി.

ട്രാവൻകൂർ-കൊച്ചിൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഗോദവർമരാജയുടെ പ്രത്യേക താത്പര്യ പ്രകാരം തിരുവിതാംകൂറിലെയും കൊച്ചിയിലെയും യുവതാരങ്ങളെ ക്രിക്കറ്റ് പരിശീലിപ്പിക്കാനായി കേരളത്തിലെത്തി. ആദ്യം തിരു- കൊച്ചിയുടെയും പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കോച്ചായി. 1952-ൽ ആദ്യ രഞ്ജി മാച്ച് കളിക്കാനിറങ്ങിയ തിരുകൊച്ചി ടീമിൽ അംഗമായിരുന്നു. തിരുകൊച്ചി ടീമിനും കേരള ടീമിനും വേണ്ടി 1967 വരെ രഞ്ജി കളിച്ചു. 1952 മുതൽ 65 വരെ ക്രിക്കറ്റ് കോച്ചായും പ്രവർത്തിച്ചു. രണ്ടുതവണ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ട്രയൽസിന് വിളിച്ചെങ്കിലും രണ്ടുതവണയും ടീമിലേക്ക് പരിഗണിച്ചില്ല. 1955 മുതൽ 1960 വരെ ഇംഗ്ലണ്ടിൽ പോയി ഇംഗ്ലീഷ് ലീഗിലും കളിച്ചു. വിവിധ കാറ്റഗറികളിലായി കേരളത്തിന്റെ സെലക്ടറായും പ്രവർത്തിച്ചു. 17 വർഷത്തോളം സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു. രണ്ടുവർഷം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ജൂനിയർ സെലക്ടറുമായും പ്രവർത്തിച്ചു. 1960-61ൽ പാലക്കാട്ട് ആന്ധ്രയ്‌ക്കെതിരെ നേടിയ 262 നോട്ടൗട്ട് ആണ് രഞ്ജി ട്രോഫിയിൽ ഇദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ.[5] ബാംഗ്ലൂരിൽ ന്യൂസിലൻഡിനെതിരെ കളിച്ച ദക്ഷിണമേഖലാ ടീമിലും അംഗമായിരുന്നു. ദാദർ യൂണിയൻ, വെസ്റ്റേൺ ഇന്ത്യ സ്റ്റേറ്റ്‌സ്, ബി.ഇ.എസ്.ടി., സൗത്ത് സോൺ, കേരളം എന്നീ ടീമുകൾക്കുവേണ്ടി വിക്കറ്റ് കീപ്പ് ചെയ്തു.[6]

ഫാക്ടിൽ ഉദ്യോഗം സ്വീകരിച്ചതോടെ അദ്ദേഹം കോച്ചിങ് രംഗത്തു നിന്നു പിന്മാറി. മദൻ മോഹൻ, കെ. കേളപ്പൻ, ഒ.കെ. രാംദാസ്, അശോക് ശേഖർ, ജെ.കെ. മഹേന്ദ്ര തുടങ്ങി 1960കളിൽ കേരള ക്രിക്കറ്റിലെ പ്രമുഖ താരങ്ങളെല്ലാംതന്നെ പണ്ഡിറ്റ് ശിഷ്യന്മാരാണ്.

അവലംബം[തിരുത്തുക]

  1. http://www.espncricinfo.com/india/content/player/27207.html
  2. http://articles.timesofindia.indiatimes.com/2010-03-27/top-stories/28141814_1_kerala-cricketers-board-president-s-xi[പ്രവർത്തിക്കാത്ത കണ്ണി]
  3. പി. ബാലചന്ദ്രൻ (11 മെയ് 2013). "എന്തരോ മഹാനു ഭാവുലു". മനോരമ. Archived from the original on 2013-05-11. Retrieved 11 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://www.zoominfo.com/#!search/profile/person?personId=1232971725&targetid=profile
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-05-11.
  6. കെ. വിശ്വനാഥ്. "ഗുരു". മാതൃഭൂമി സ്‌പോർട്‌സ് മാസിക. Archived from the original on 2013-03-01. Retrieved 11 മെയ് 2013. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._ബാലൻ_പണ്ഡിറ്റ്&oldid=3801978" എന്ന താളിൽനിന്ന് ശേഖരിച്ചത്