Jump to content

അരശുഞണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Limulus polyphemus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരശുഞണ്ട്
Temporal range: 445–0 Ma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Family:
Genus:
Limulus
Species:
L. polyphemus
Binomial name
Limulus polyphemus
Linnaeus, 1758

ആർത്രോപോഡ (Arthropoda) ഫൈലത്തിലെ മീറോസ്റ്റൊമേറ്റ (Merostomata) വർഗത്തിൽ ഉൾപ്പെടുന്ന സമുദ്രജീവി. അരശുഞണ്ട് വർഗങ്ങളെയെല്ലാം അരാക്നിഡ (Arachnida) വർഗത്തിലാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നതെങ്കിലും പിൽക്കാലത്ത് ഇവയ്ക്കു പ്രത്യേകപദവി നൽകി. ഇവയിൽ അഞ്ചു സ്പീഷീസേ നിലവിലുള്ളു. മെക്സിക്കൻ ഉൾക്കടലിന്റെ തീരങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കിഴക്കൻ തീരങ്ങളിലും ഇവ കാണപ്പെടുന്നു. സൈലൂറിയൻ കാലഘട്ടത്തിനുശേഷം ഇവയുടെ ശരീരഘടനയിൽ പ്രത്യേക വ്യതിയാനങ്ങളൊന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
ഒരു സമുദ്രോത്പന്നം എന്ന നിലയ്ക്ക് അരശു ഞണ്ടിന് വലിയ സാമ്പത്തിക പ്രാധാന്യം ഇല്ല.

ശരീരഘടന

[തിരുത്തുക]
ഒരു പെൺ അരശുഞണ്ടിന്റെ അടിഭാഗം

ശരീരത്തിന്റെ ഉപരിതലത്തിന് പരന്ന ലാടത്തിന്റെ രൂപമാണുള്ളത്. ശരീരാഗ്രത്തിൽ നീണ്ടു ബലിഷ്ഠമായ ഒരു മുള്ളുണ്ട്. ഇതു ഗതിനിയന്ത്രണത്തിന് സഹായകമാണ്. ശരീരത്തിന് പ്രോസോമ എന്നും ഓപ്പിസ്തോസോമ എന്നും രണ്ടു ഘടകങ്ങളുണ്ട്. ശരീരത്തിന്റെ മധ്യത്തായി കുറുകെ കാണുന്ന ചേർപ്പ് ഈ രണ്ടു ഭാഗങ്ങളെ തമ്മിൽ വേർതിരിക്കുന്നു. പ്രോസോമയുടെ മുകൾഭാഗത്ത് ബലമുള്ള ഒരു പുറംതോട് കാണാം. അതിന്റെ പുറത്ത് ഒരുജോഡി സംയുക്തനേത്രങ്ങളുണ്ട്. പ്രോസോമയുടെ അടിവശത്ത് ആറുജോഡി കീലേറ്റ് കാലുകൾ കാണാം. വളരെ ചെറുതായ ആദ്യജോഡിക്ക് കീലിസെറ എന്നു പറയുന്നു. രണ്ടാംജോഡിയായ പെഡിപ്പാൽപ്പുകൾ മറ്റു മൂന്നുജോഡികളിൽ നിന്നും ഘടനയിൽ വ്യത്യസ്തമല്ല. എന്നാൽ ആൺഞണ്ടിൽ ഇവ വ്യത്യസ്തമായിരിക്കും. അവസാനജോഡിക്ക് പങ്കായത്തിന്റെ ആകൃതിയാണ്. ചെളിയിൽ ചവിട്ടിത്തള്ളി മുന്നോട്ടുപോകാൻ ഇവ സഹായിക്കുന്നു.

ഷഡ്ഭുജീയ-ഓപ്പിസ്തോസോമയുടെ ഇരുവശങ്ങളിലും ചലിപ്പിക്കാവുന്ന ആറു മുള്ളുകൾ വീതമുണ്ട്. ആറ് ജോഡി ഉപാംഗങ്ങളുള്ളതിൽ ആദ്യജോഡി ജനനാംഗപ്രഛദമായും, ശേഷിച്ച അഞ്ച്ജോഡി ചെകിളകളായും വർത്തിക്കുന്നു. കാലിന്റെ ആദ്യഖണ്ഡമായ നാതോബേസിസിൽ മൂർച്ചയുള്ള ധാരാളം മുള്ളുകളുണ്ടാകും

പൂർണവളർച്ചയെത്തിയ അരശുഞണ്ടുകൾ കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്നു. ജന്തുക്കളുടെയും സസ്യങ്ങളുടെയും അവശിഷ്ടങ്ങളാണ് ഇവയുടെ ഭക്ഷണം. ആഹാരസാധനങ്ങൾ കീലേറ്റ് ഉപാംഗങ്ങൾ ശേഖരിച്ച് നാതോബേസിസിലാക്കുന്നു. അവിടെ ഒന്നു മയപ്പെടുത്തിയശേഷമേ വായിലെത്തിക്കുന്നുള്ളു.

ജീവിത ചക്രം

[തിരുത്തുക]

അരശുഞണ്ടുകളിൽ ആൺ-പെൺ ജീവികളുണ്ട്. പെൺ ഞണ്ട് മണ്ണിലുണ്ടാക്കുന്ന ചെറിയ കുഴികളിൽ മുട്ടയിടുന്നു. 'ബാഹ്യബീജസങ്കലന'ത്തിനുശേഷം മുട്ടകൾ മണ്ണിട്ട് മൂടിവയ്ക്കും. മാതാവ് മുട്ടകൾ സൂക്ഷിച്ചിരിക്കാറില്ല. മുട്ട വിരിഞ്ഞ് ഏകദേശം ഒരു സെ.മീ. നീളമുള്ള 'ട്രൈലോബൈറ്റ്' ലാർവ പുറത്തുവരുന്നു. ഈ ലാർവയ്ക്ക് അസ്തമിതജന്തുവർഗമായ ട്രൈലോബൈറ്റയോട് ബാഹ്യസാദൃശ്യമുണ്ട്. ഇവയുടെ വളർച്ച വളരെ മന്ദഗതിയിലാണ്. മൂന്നു വർഷത്തിനുള്ളിൽ പന്ത്രണ്ടിലേറെ പ്രാവശ്യം പടംപൊഴിക്കും. അതിനുശേഷമാണ് പൂർണവളർച്ചയെത്തുന്നത്.

അവലംബം

[തിരുത്തുക]
  1. World Conservation Monitoring Centre (1996) Limulus polyphemus In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on February 25, 2010.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരശുഞണ്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരശുഞണ്ട്&oldid=3315583" എന്ന താളിൽനിന്ന് ശേഖരിച്ചത്