Jump to content

കൽപ്പായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lichen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
"Lichenes" from Ernst Haeckel's Artforms of Nature, 1904
Lichen-covered tree: Grey, leafy Parmotrema perlatum on upper half of trunk; yellowy-green Flavoparmelia caperata on middle and lower half and running up the extreme right side; and the fruticose Ramalina farinacea. Tresco, Isles of Scilly, UK

കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമത്തെയാണ് കൽപായൽ അഥവാ ലൈക്കനുകൾ (ലിച്ചനുകൾ - ബ്രിട്ടീഷ് ഇംഗ്ലീഷ്) എന്നുവിളിക്കുന്നത്. ശിലാശൈലം, കല്പാശി (തമിഴ്) डागर् का फूल् (മറാഠി), डागर् फूल्(പഞ്ചാബി) , രാത്തിപൂവു (തെലുഗു) കല്ലുപൂവു (കന്നഡ) jhula, mukkum makka. पथर् का फूल् (ഹിന്ദി) എന്നെല്ലാം ഇതിനുപേരുണ്ട്. ആസ്കോമൈസെറ്റ്സ് എന്ന കുമിൾ വർഗ്ഗജീവിയും ഹരിത ആൽഗയോ നീല-പച്ച ആൽഗയോ ചേർന്നുള്ള കൂട്ടുകെട്ടാണ് സർവ്വസാധാരണം. ഇതരജീവികൾക്ക് വാസയോഗ്യമല്ലാത്ത ചുറ്റുപാടുകളിൽ, പ്രത്യേകിച്ച് കരിംപാറകൾ, മരത്തൊലിപ്പുറം, ലാവ തണുത്തത് എന്നിങ്ങനെ ഏത് പദാർത്ഥോപരിതലത്തിലും മറ്റുജീവികൾക്ക് വാസയോഗ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് ഇവ ചെയ്യുന്നത്.

വിഭാഗങ്ങൾ

[തിരുത്തുക]

ഫോളിയോസ് ഇനത്തിൽപ്പെട്ടവയ്ക്ക് ചാരനിറവും ഇലയുടെ ആകൃതിയുമാണുള്ളത്. ഫ്രൂട്ടിക്കോസ് വിഭാഗത്തിന് റിബൺ പോലെ വലിപ്പമുള്ള ശരീരമുണ്ട്. ക്രസ്റ്റോസിന് ശരീരഭാഗമായ താലസ് സാധാരണഗതിയിൽ തിരിച്ചറിയാനാകില്ല.

പ്രത്യേകതകൾ

[തിരുത്തുക]

കുമിൾവർഗ്ഗസസ്യത്തിന്റെ ഹൈഫകൾ ചുറ്റുപിണഞ്ഞുരൂപപ്പെടുന്ന പ്രതലത്തിൽ പായൽസസ്യത്തെ കുടിരുത്തിയിരിക്കുന്ന വിധത്തിലുള്ള ഗൊണീഡിയൽ പാളി ശരീരക്രമമാണ് സാധാരണയായുള്ളത്. ആൽഗകൾ എന്ന് പൊതുവേ അറിയപ്പെടുന്ന പായലുകൾക്ക് ആഹാരനിർമ്മാണശേഷിയുണ്ട്. ഫംഗസ്സ് എന്നറിയപ്പെടുന്ന കുമിളിന്റെ ശരീരതന്തുക്കൾ പ്രകാശസംശ്ലേഷണത്തിനാവശ്യമായ ജലവും കാർബൺഡൈഓക്സൈഡും എത്തിക്കുന്നു. ഇത്തരത്തിൽ സംഘജീവിതം നയിക്കുന്നതിന് ജീവശാസ്ത്രത്തിൽ സിംബയോട്ടിക് ജീവിതക്രമം എന്ന് വിളിക്കുന്നു[1].

മസാലക്കൂട്ട്[2]

[തിരുത്തുക]

കൽപ്പായൽ നമ്മുടെ ക്ലാസിക്കൽ സുഗന്ധവ്യഞ്ജനങ്ങളിൽ വരുന്നില്ലെങ്കിലും മിക്ക കറിപൗഡറുകളിലും ഇറച്ചിമസാലകളിലും മുഖ്യചേരുവയാണ്. കൽപ്പായൽ ചേർത്ത ആഹാരസാധനങ്ങൾക്ക് ഒരു പ്രത്യേക മണവും ഗാഢതയും നിഗൂഢമായ ഒരു പരിവേഷവും പ്രദാനം ചെയ്യുന്നു. എന്നാൽ ഒരു രുചിത്വരകം പോലെ പ്രവർത്തിക്കുന്ന ഈ ചേരുവയ്ക്ക് തനതായ രുചി ഇല്ലെന്നതാണ് സത്യം. കരിമ്പാറപ്പൂവ് (ബ്ലാക്സ്റ്റോൺ ഫ്ലവർ)(Parmotrema perlatum) മിക്ക ചെട്ടിനാട്, മറാത്ത പാചകക്കൂട്ടുകളിലേയും ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ്. മരത്തിന്റെ മണവും കറുപ്പ് കലർന്ന പർപ്പിൾ നിരവും ഉള്ള കരിമ്പാറപ്പൂവ് ബോബെ ബിരിയാണി, ഗോവയിലെ ഇറച്ചി സ്റ്റ്യൂ, സൂപ്പുകൾ, മീൻ എന്നിവയുടെ രുചിയും പൊലിമയും കൂട്ടുന്നു.

വാണിജ്യം

[തിരുത്തുക]

ഉത്തരാഖണ്ഡ്, ഹിമാചൽ, കർണാടക, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ നിന്നും സെപ്റ്റംബർ, മാർച്ച് വരെയുള്ള കാലങ്ങളിൽ കൽപ്പായൽ സേഖരിക്കുന്നു. ഒട്ടനവധി കുടുംബങ്ങളുടെ ജീവനോപാധിയാണ് ഈ കൽപ്പായൽ ശേഖരണം. ഉദ്ദേശം 800 മെട്രിക് ടൺ കൽപ്പായൽ ആണ് ഒരു വർഷം ശേഖരിക്കുന്നത്. കൂടുതലും ആഭ്യന്തര ഉപയോഗമാണെങ്കിലും 50-100 ടൺ കയറ്റി അയക്കുന്നുമുണ്ട്. ഒരു കിലോ കൽപ്പായലിനു 70-300 രൂപവരെ വിലയുണ്ട്. അശാസ്ത്രീയമായ ശേഖരണം, കാലാവസ്ഥ എന്നിവ ഇപ്പോൾ കൽപ്പായലിന്റെ ലഭ്യത കുറക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. സസ്യലോകത്തിലെ വൈചിത്ര്യങ്ങൾ - ഡോ.സാജൻ മാറനാട് എഴുതിയ പുസ്തകം, പേജ് 45, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
  2. മസാലക്കൂട്ടിനു പൊലിമയേകുന്ന കൽപ്പായൽ, ഡോ. ബി. ശശികുമാർ, കേരളകർഷകൻ, ഡിസംബർ 2018, പേജ് 33

ചിത്രജാലകം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൽപ്പായൽ&oldid=3925530" എന്ന താളിൽനിന്ന് ശേഖരിച്ചത്