കുറ്റായി ദേശീയോദ്യാനം
കുറ്റായി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കിഴക്കൻ കലിമന്താൻ, ഇന്തോനേഷ്യ |
Nearest city | സമരിൻഡ |
Coordinates | 0°22′N 117°16′E / 0.367°N 117.267°E |
Area | 1,986 km2 (767 sq mi) |
Established | 1982 |
Governing body | Ministry of Forestry |
ഇന്തോനേഷ്യയിലെ കിഴക്കൻ കാലിമന്തൻ പ്രവിശ്യയിലെ കുറ്റായി ദേശീയോദ്യാനം ഒരു സംരക്ഷിത വനമേഖലയായി 1936-ൽ സ്ഥാപിതമായി[1]. ഈ വനപ്രദേശം ഏകദേശം 198,629 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ബോർണിയോ ദ്വീപിന്റെ കിഴക്കൻതീരത്ത് ഭൂമധ്യരേഖയിൽനിന്ന് വടക്ക് മാറി 10-50 കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം ഉഷ്ണമേഖലാ മഴക്കാടുകൾ നിറഞ്ഞ ഒരു താഴ്ന്ന ഭൂപ്രദേശമാണ്. ഈ ദേശീയോദ്യാനത്തിന്റെ വടക്കേ അതിർത്തിയിൽ സൻഗട്ട നദിയും മഹകം നദിയും സ്ഥിതിചെയ്യുന്നു. സൻഗട്ട നദി മെൻറൊകോയിലൂടെ കവിഞ്ഞൊഴുകുന്നു. സിരപൻ, ബേസർ, സൻതൻ, ധനൗമൗ എന്നീ തടാകങ്ങളും ഉദ്യാനത്തിൽ കാണപ്പെടുന്നു. ബുഗിസ് ഗോത്രവർഗ്ഗത്തിൽപ്പെട്ട ജനങ്ങൾ പരമ്പരാഗതമായി ഇവിടെ പാർത്തുവരുന്നു ഒറാങ്ങ്ഉട്ടാൻ ഈ ഉദ്യാനത്തിൽ മാത്രം കാണപ്പെടുന്ന സവിശേഷതയാണ്. മെൻറൊകോ, ഇന്തോനേഷ്യയിലെ ആദ്യത്തെ റോഡ്മാന്റെ (1970-71) ഒറാങ്ങ്ഉട്ടാൻ റിസേർച്ച് ഏരിയയായി പ്രവർത്തിക്കുന്നു. ഇന്ന് ഒറാങ്ങ്ഉട്ടാൻറെ സംരക്ഷണമേഖല കൂടിയാണ് കുറ്റായി ദേശീയോദ്യാനം. ഒറാങ്ങ്ഉട്ടാൻ കുറ്റായി പ്രൊജക്ട് 2006-ൽ ഡോ.ആനീ റസ്സന്റെ നേതൃത്വത്തിൽ കുറ്റായി ദേശീയോദ്യാനത്തിൽ നടത്തിവരുന്നു. ഒറാൻഗുട്ടന്റെ ബോർണിയൻ വനത്തിലെ സ്വഭാവത്തെകുറിച്ചുള്ള പഠനത്തിൽ ഡോ.ആനീ റസ്സന് (ഒറാൻഗുട്ടൻ കൺസർവൻസി ബോർഡ് മെമ്പർ) 25 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്[2].
ചരിത്രം
[തിരുത്തുക]കുറ്റായി ദേശീയോദ്യാനത്തിന് ക്ഷോഭിപ്പിക്കുന്ന ഒരു ചരിത്രമുണ്ട്. എഴുപതുകളുടെ ആരംഭത്തിൽ 300,000 ഹെക്ടർ പ്രദേശം സംരക്ഷിക്കുകയും ആ പ്രദേശത്തിന് "കുറ്റായി ഗെയിം റിസർവ് " എന്ന് നാമകരണവും ചെയ്തു. സംരക്ഷിതഭാഗമായിരുന്നിട്ടും ഏതാനും വർഷങ്ങൾക്കകം ഈ പ്രദേശം മൂന്നിലൊരു ഭാഗമായി കുറഞ്ഞു. വനനശീകരണം തടയാനായി 1982-ൽ ഉദ്യാനം പരിഷ്ക്കരിക്കുകയും അതിന്റെ ഭാഗമായി ഉദ്യാനത്തിനകത്തെ പ്രവേശനം തടഞ്ഞിരുന്നു. 1982-83-ലെ ബോർണിയോയിലെ വൻതീപിടിത്തത്തെ തുടർന്ന് വനത്തിന്റെ ഭൂരിഭാഗം (60%) നശിക്കുകയുണ്ടായി. സ്ഥിരമായി വനം കയ്യേറ്റക്കാരുടെ കടന്നുകയറ്റം കാരണം ഉദ്യാനത്തിന്റെ കിഴക്കൻ അതിരിന്റെ വിസ്തീർണ്ണം കുറഞ്ഞുവരുന്നു. ഏകദേശം ഇപ്പോൾ ആദ്യം ഉണ്ടായിരുന്ന വനത്തിന്റെ 30% മാത്രമേ നിലനിൽക്കുന്നുള്ളൂ. ഈ ദേശീയോദ്യാനം ഇപ്പോൾ വിനോദസഞ്ചാരികൾക്ക് സന്ദർശനത്തിന് അനുയോജ്യമാണ്[3].
കാലാവസ്ഥ
[തിരുത്തുക]ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. 1453 മി.മീ. മഴയാണ് ഇവിടെ വർഷപാതമായി ലഭിക്കുന്നത്. താപനില 27 ° C മുതൽ മൈനസ് 33 ° C വരെ കാണപ്പെടുന്നു. ഏപ്രിൽ-ഒക്ടോംബർ വരെയാണ് ഉദ്യാനം സന്ദർശിക്കാൻ ഏറ്റവും അനുകൂലമായ സമയം[4].
സസ്യമൃഗജാലങ്ങൾ
[തിരുത്തുക]കിഴക്കൻ കാലിമന്തൻ പ്രവിശ്യയിലെ എല്ലാ സസ്യമൃഗജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയാണ് ഉഷ്ണമേഖലാമഴക്കാടുകൾ നിറഞ്ഞ വനപ്രദേശം ഉൾക്കൊള്ളുന്ന കുറ്റായി ദേശീയോദ്യാനം. ഇവിടെ ചതുപ്പു പ്രദേശങ്ങളും കണ്ടുവരുന്നു. ഇവിടത്തെ സസ്യജാലങ്ങളെ രണ്ടായി വിഭജിച്ചിരിക്കുന്നു. ശുദ്ധജലചതുപ്പിൽ വളരുന്നവയും, കണ്ടൽക്കാടുകളും. ഈർപ്പം നിറഞ്ഞ വനങ്ങളെ പോലുള്ള കെരൻഗാസ് വനങ്ങൾ (സുന്ദലാൻറ് ഹെൽത്ത് ഫോറസ്റ്റ്) നിറഞ്ഞ പ്രദേശങ്ങളും ഇവിടെ കാണപ്പെടുന്നു. ഡിപ്റ്ററോകാർപസ് ജനുസ്സിൽപ്പെട്ട മരങ്ങൾ, അയേൺ വുഡ് (Acacia estrophiolata), വിലപിടിപ്പുള്ള കരിമരം അഥവാ കരിന്താളി (Ebony), തുടങ്ങിയ മരങ്ങൾ വനത്തിലങ്ങോളമിങ്ങോളം ചിന്നിചിതറിയതുപോലെ കാണപ്പെടുന്നു. റഫ്ളേഷ്യാ ഫ്ളവർ, വിവിധയിനം ഓർക്കിഡുകൾ ഈ പ്രദേശത്ത് കണ്ടുവരുന്നു.
ഒറാങ്ങ്ഉട്ടാൻ, മ്ലാവ് (Rusa unicolor), ബാൻടെങ് (Bos javanicus), മലയൻ സൺ ബിയർ, മേഘപ്പുലി (Neofelis nebulosa), വൈറ്റ് ഫ്രോണ്ടഡ് സുരിലി (Presbytis frontata), മറൂൺ ലീഫ് മങ്കി (Presbytis rubicunda), ഹോസെസ് ലാൻഗുർ (Presbytis hosei), പ്രോബോസ്കിസ് മങ്കി (Nasalis larvatus), മുള്ളേഴ്സ് ഗിബ്ബൻ (Hylobates muelleri), ഓട്ടർ സിവെറ്റ് (Cynogale bennettii), മാർബ്ൾഡ് ക്യാറ്റ് (Pardofelis marmorata), ബ്ലാക്ക് ഫ്ലൈയിങ് സ്ക്വാറൽ (Aeromys tephromelas), ഹിമാലയൻ മാർട്ടെൻ (Martes flavigula), ഫ്ലാറ്റ് ഹെഡഡ് ക്യാറ്റ് (Prionailurus planiceps), നീർനായ (Lutrogale perspicillata) തുടങ്ങിയ സസ്തനികൾ ഈ ഉദ്യാനത്തിലെ ജീവിവർഗ്ഗങ്ങളാണ്.
ഡോൾഫിൻ, ഏഷ്യൻ വാട്ടർ മോണിറ്റർ (Varanus salvator), ഫാൾസ് ഖാരിയൽ (Tomistoma schlegelii), ക്രെസ്റ്റഡ് ജക്കോ (Correlophus ciliatus), കായൽ മുതല (Crocodylus porosus) തുടങ്ങിയവയും ജൈവവൈവിധ്യത്തിൽപ്പെടുന്നു.
പക്ഷിവർഗ്ഗങ്ങൾ
[തിരുത്തുക]600-ൽ പരം പക്ഷിവർഗ്ഗങ്ങളെ ഈ ഉദ്യാനത്തിൽ കണ്ടുവരുന്നു. റീനോസീറോസ് ഹോൺബിൽ (Buceros rhinoceros), സൂചിമുഖികൾ അഥവാ തേൻകിളികൾ, ഫെസെന്റ് (ഫാസിയാനിഡെ കുടുംബത്തിലെ Phasianinae ഉപകുടുംബത്തിലെ നിരവധി പക്ഷികൾ ഉൾപ്പെടുന്നതാണ് ഫെസെന്റ്). കോക്കറ്റൂ (suku Cacatuidae), വേഴാമ്പൽ, ചെമ്പോത്ത് (Crow pheasant) അഥവാ Greater Coucal - Centropus sinensis), ഹെൽമറ്റെഡ് ഹോൺബിൽ (Rhinoplax vigil), ഷോർട്ട്-റ്റോഡ് കൂക്കാൾ (Centropus rectunguis) തുടങ്ങിയ പക്ഷികളും ഈ ഉദ്യാനത്തിൽ പാർക്കുന്നു.
പ്രവേശനം
[തിരുത്തുക]കാലിമന്തനിലെ വളരെ എളുപ്പത്തിൽ പ്രവേശിക്കാൻ പറ്റുന്ന ഒരു ഉദ്യാനമാണ് കുറ്റായി ദേശീയോദ്യാനം. സമരിൻഡയുടെ വടക്കുഭാഗത്തുള്ള വാണിജ്യനഗരമായ ബോണ്ടാങ് വഴി ഈ ഉദ്യാനത്തിലെത്തിച്ചേരാം. ബസ്സിൽ ബോണ്ടാങ് വഴി ലെംപാക്ക് സ്റ്റേഷനിലേക്കും അല്ലെങ്കിൽ സെബരാങ് സ്റ്റേഷനിൽ നിന്ന് ബോട്ടിലും ഉദ്യാനത്തിലെത്താം. വിചിത്രങ്ങളായ സസ്യജാലങ്ങൾ നിറഞ്ഞ ആവാസവ്യവസ്ഥയും, മഴക്കാടുകൾ നിറഞ്ഞ കാടുകളും, കണ്ടൽവനങ്ങളും, ചതുപ്പുനിലങ്ങളും സാഹസികരായ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.cifor.org/publications/pdf_files/SPubs/SP-Kutai.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-15. Retrieved 2017-11-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-27. Retrieved 2009-10-25.
- ↑ http://www.indonesia-tourism.com/forum/showthread.php?1779-Kutai-National-Park-Bontang-East-Kutai-East-Kalimantan
- http://www.icwa.org/wp-content/uploads/2015/09/JHM-13.pdf
- http://www.borneotourgigant.com/Kutai_National_Park.html