Jump to content

കെയ്നേഷ്യൻ സൗന്ദര്യമത്സരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Keynesian beauty contest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോൺ മെയ്നാർഡ് കെയ്ൻസ് അദ്ദേഹത്തിന്റെ ദി ജനറൽ തിയറി ഓഫ് എംപ്‌ളോയ്മെന്റ്, ഇന്ററസ്റ്റ് ആൻഡ് മണി (1936) എന്ന കൃതിയുടെ 12ആം അദ്ധ്യായത്തിൽ ഓഹരി വിപണികളുടെ വിലവ്യതിയാനങ്ങൾ വിശദീകരിക്കാൻ രൂപീകരിച്ച ഒരു ആശയമാണ് കെയ്നേഷ്യൻ സൗന്ദര്യമത്സരം. ഒരു ഓഹരി വിൽക്കാൻ ഏറ്റവും ഉയർന്ന തുകയെത്താൻ നോക്കിയിരിക്കുന്നതും ഓഹരി വാങ്ങിക്കാൻ ഏറ്റവും താഴ്ന്ന തുകയെത്താൻ നോക്കിയിരിക്കുന്നതുമുൾപ്പെടെ വിപണിയിൽ ക്രയവിക്രയം ചെയ്യുന്നവരുടെ പ്രവൃത്തികൾ ഇദ്ദേഹം ഈ സാങ്കൽപ്പികമത്സരത്തിൽ പങ്കെടുക്കുന്നവരുടെ പ്രവൃത്തികളോട് ഉപമിച്ചു വിശദീകരിച്ചു.

മത്സരം ഇങ്ങനെയാണ്. ഒരു ദിനപത്രം നടത്തിയതായി സങ്കൽപ്പിച്ച ഒരു മത്സത്തിൽ 100 ചിത്രങ്ങളിൽനിന്നും ആറു ഏറ്റവും സൗന്ദര്യമുള്ള മുഖങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. മത്സരത്തിൽ പങ്കെടുക്കുന്നവർ ഏറ്റവും ജനപ്രിയചിത്രങ്ങളായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ആൾ സമ്മാനാർഹനാകുന്നു.

കെയ്നേഷ്യൻ സൗന്ദര്യമത്സരത്തിൽ പ്രയോഗിക്കാവുന്ന ഏറ്റവും ലളിതമായ തന്ത്രം ഒരാൾ താൻ ഏറ്റവും സുന്ദരമെന്നു കരുതുന്ന മുഖങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്. എന്നാൽ കുറച്ചുകൂടി സങ്കീർണ്ണ തന്ത്രം പിന്തുടരുന്ന ആൾ സൗന്ദര്യത്തെക്കുറിച്ചുള്ള പൊതുധാരണയെന്തെന്ന് ചിന്തിക്കുകയും അദ്ദേഹത്തിന് പൊതുധാരണയെക്കുറിച്ചുള്ള അവബോധത്തിനനുസരിച്ച് മുഖങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യും. എന്നാൽ പല വ്യക്തികൾക്കും പൊതുധാരണയെക്കുറിച്ചുള്ള അവബോധം വിഭിന്നമായിരിക്കും. അങ്ങനെ പൊതുഅവബോധത്തെക്കുറിച്ച് വിശകലനം ചെയ്ത് തന്ത്രരൂപീകരണം അടുത്ത തലത്തിലേയ്ക്ക് കടക്കുന്നു.