കേണോത്ത് ജി. അടിയോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kenoth G. Adiyodi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ജി. അടിയോടി
ജനനം
കേണോത്ത് ഗോവിന്ദൻ അടിയോടി

(1937-02-18)ഫെബ്രുവരി 18, 1937
മരണംമേയ് 28, 2001(2001-05-28) (പ്രായം 64)
ദേശീയതഇന്ത്യൻ
തൊഴിൽജന്തുശാസ്ത്രജ്ഞൻ, ശാസ്ത്രസാഹിത്യകാരൻ

കേരളത്തിലെ പ്രമുഖനായ ജന്തുശാസ്ത്രജ്ഞനും, ശാസ്ത്രസാഹിത്യകാരനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു ഡോ. കെ.ജി അടിയോടി (1937 ഫെബ്രുവരി 18 – 2001 മേയ് 28). കേണോത്ത് ഗോവിന്ദൻ അടിയോടി എന്ന് പൂർണ്ണനാമം.UPSCയിലെ ആദ്യ മലയാളി മെബറുമാണ്‌ കെ.ജി. അടിയോടി.

ജീവിതരേഖ[തിരുത്തുക]

തൃക്കരിപ്പൂരിൽ കാവിൽ കാമ്പ്രത്ത് ഗോവിന്ദ പൊതുവാളുടെയും കേണോത്ത് ലക്ഷ്മിപ്പിള്ളയാതിരി അമ്മയുടെയും മകനായി കണ്ണൂർ ജില്ലയിലെ പെരളത്ത് ജനിച്ചു. ഭാര്യ ഗവേഷകയായ ഡോ. റീത്ത. യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗമായിരിക്കെ, 2001 മെയ് 28ന് ന്യൂഡൽഹിയിൽവെച്ചാണ് അദ്ദേഹം അന്തരിച്ചത്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

മംഗലാപുരം സെന്റ് ആഗ്നസ് കോളജ്, കോഴിക്കോടു ദേവഗിരി സെന്റ് ജോസഫ്സ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി നോക്കി. 1964-70 വരെ കേരള സർവകലാശാലാ ജന്തുശാസ്ത്രവകുപ്പിൽ ഫോർഡ് ഫൌണ്ടേഷന്റെ ഗവേഷണ പ്രോജക്ടിൽ റിസർച്ച് അസിസ്റ്റന്റായിരുന്നു. കീടങ്ങളുടെ ന്യൂറോ എൻഡോക്രൈനോളജിയിൽ ഇദ്ദേഹം നടത്തിയ ഗവേഷണങ്ങൾക്ക് 1970-ൽ പി.എച്ച്.ഡി. ബിരുദം ലഭിച്ചു. ഇതിനുശേഷം മലയാളം എൻസൈക്ളോപീഡിയയിൽ ആറുമാസക്കാലം ശാസ്ത്രവിഭാഗം എഡിറ്ററായിരുന്നു. തുടർന്ന് കോഴിക്കോടു സർവകലാശാലാജന്തുശാസ്ത്ര വിഭാഗത്തിൽ റീഡറായി ചേർന്ന അടിയോടി 1977-ൽ പ്രൊഫസറും പിന്നീട് ജന്തുശാസ്ത്രവകുപ്പു മേധാവിയും സയൻസ്ഫാക്കൽറ്റിഡീനും ആയി.

1977-78-ൽ ബ്രിട്ടനിലും പിന്നീട് ജർമനിയിലെ കോൺ(Kohn) സർവകലാശാലയിലും ഫ്രാൻസിലെ പാരീസ് സർവകലാശാലയിലും അടിയോടി ഗവേഷണം നടത്തി. ക്രസ്റ്റേഷ്യൻ പ്രത്യുത്പാദന ഫിസിയോളജിയിലാണ് പിന്നീട് ഇദ്ദേഹം ഗവേഷണം തുടർന്നത്. 1994-96-ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ആയി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു

ശാസ്ത്രപ്രചരണം[തിരുത്തുക]

ഇന്റർനാഷണൽ സൊസൈറ്റി ഒഫ് ഇൻവെർട്ടിബ്രേറ്റ് റിപ്രൊഡക്ഷൻ (ISIR) എന്ന സംഘടന രൂപീകരിച്ച അടിയോടിതന്നെയായിരുന്നു 1986 വരെ അതിന്റെ സെക്രട്ടറി ജനറൽ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ പ്രമുഖനായ അടിയോടി ദേശീയ ശാസ്ത്രവേദിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു.

പ്രധാന കൃതികൾ[തിരുത്തുക]

ദേശീയ-അന്തർദേശീയ ജേർണലുകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇംഗ്ളീഷിലും മലയാളത്തിലും 300-ൽ അധികം ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • തെയ്യവും തിറയും,
  • ജീവന്റെ ഉദ്ഭവവും ഭാവിയും (1965-ലെ എം.പി.പോൾ പുരസ്കാരം)
  • കേരളത്തിലെ വിഷപ്പാമ്പുകൾ,
  • പ്രാഥമിക ജന്തുശാസ്ത്രം

എന്നിവയാണ് പ്രധാന കൃതികൾ.

പുരസ്തകാരങ്ങൾ[തിരുത്തുക]

  • വിക്രം സാരഭായ് മെമ്മോറിയൽ അവാർഡ് (1980),
  • വൃക്ഷമിത്ര അവാർഡ് (1986),
  • ഇന്ദിരാഗാന്ധി പര്യവരൺ അവാർഡ് (1989) എന്നീ ദേശീയ പുരസ്കാരങ്ങളും
  • 1990-ൽ ഗ്ളോബൽ 500 അവാർഡ്,
  • യുനെസ്ക്കോ സമ്മാനം (1989),
  • റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് എന്നീ അന്തർദേശീയ പുരസ്കാരങ്ങളും അടിയോടിക്ക് ലഭിച്ചിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജി. അടിയോടി കേണോത്ത് ജി. അടിയോടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കേണോത്ത്_ജി._അടിയോടി&oldid=3814673" എന്ന താളിൽനിന്ന് ശേഖരിച്ചത്