കേകി എൻ. ദരുവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Keki N. Daruwalla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേകി എൻ. ദരുവാല
Keki N. Daruwalla
തൊഴിൽകവി, എഴുത്തുകാരൻ
ഭാഷഇംഗ്ലീഷ്
ദേശീയത ഇന്ത്യ
Period1957-present
അവാർഡുകൾസാഹിത്യ അക്കാദമി അവാർഡ് (1984)

ഇന്തോ-ആംഗ്ലിയൻ കവിയും ചെറുകഥാകൃത്തുമാണ് കേകി എൻ. ദരുവാല. ഇംഗ്ലീഷ് സാഹിത്യാധ്യാപകനായ എൻ.സി. ദരുവാലയുടെ പുത്രനാണ്.

ജീവിതരേഖ[തിരുത്തുക]

1937-ൽ ജനിച്ചു[1]. പഞ്ചാബ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ.ബിരുദം നേടി. 1958-ൽ സർക്കാർ സർവീസ്സിൽ പ്രവേശിച്ചു. പൊലീസ് ഓഫീസർ എന്ന നിലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചു. 1980-ൽ ഫെലോഷിപ് നേടി ഓക്സ്ഫഡിൽ പോയി.

ദരുവാലയുടെ ആദ്യ കവിതാസമാഹാരം അണ്ടർ ഒറയോൺ എന്ന പേരിൽ 1970-ൽ പ്രസിദ്ധീകരിച്ചു. ബിംബവിധാനത്തിന്റെ പുതുമയും ഓജസ്സുംകൊണ്ട് ഈ കവിതകൾ ആസ്വാദകരുടെയും ഒപ്പം വിമർശകരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായി. അപ്പാരിഷൻ ഇൻ ഏപ്രിൽ (1971), ക്രോസിങ് ഒഫ് റിവേഴ്സ് (1970), വിന്റർ പോയംസ്, ദ് കീപ്പർ ഒഫ് ദ് ഡെഡ് എന്നിവയാണ് തുടർന്നു വന്ന കവിതാസമാഹാരങ്ങളിൽ പ്രധാനം. ദ് കീപ്പർ ഓഫ് ദ് ഡെഡ് എന്ന കൃതി 1984-ലെ സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കി.

ക്ലേശകരമായ സ്കൂൾ വിദ്യാഭ്യാസവും പൊലീസ് ഓഫീസർ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതവും ദരുവാലയിൽ സംശയാലുത്വസഹിതമായ ജീവിത വീക്ഷണം നാമ്പിടാൻ കാരണമായി. ഈ വീക്ഷണം കവിതകളിൽ നിഴലിച്ചുകാണാം. സമൂഹത്തിലെ ഇല്ലായ്മകളും വല്ലായ്മകളും ദുരിതങ്ങളുമെല്ലാം പലപ്പോഴും ഇദ്ദേഹത്തിന്റെ കവിതകൾക്കു വിഷയമാകാറുണ്ട്. ദ് നൈറ്റ് ഒഫ് ദ് ജക്കാൾ, ഫയർ ഹിം എന്നീ കവിതകളിലെ ബിംബകല്പനകൾ ഉദാഹരണങ്ങളാണ്. ജന്മംകൊണ്ട് പാഴ്സിയായ ദരുവാല ചാർവാക വധത്തെ വിഷയമാക്കി രചിച്ച കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

സ്വോഡ് ആൻഡ് ആബിസ് എന്നൊരു ചെറുകഥാ സമാഹാരം കൂടി ദരുവാലയുടെ സംഭാവനയായുണ്ട്. നിരവധി നിരൂപണ ലേഖനങ്ങളുടെ കർത്താവുകൂടിയാണിദ്ദേഹം. ആന്തോളജി ഒഫ് ഇന്ത്യൻ പോയട്രി ഇൻ ഇംഗ്ലീഷ് എന്നൊരു കവിതാസമാഹാരത്തിന്റെ സംശോധനവും ദരുവാല നിർവഹിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കേകി എൻ. ദരുവാല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേകി_എൻ._ദരുവാല&oldid=3629217" എന്ന താളിൽനിന്ന് ശേഖരിച്ചത്