കാതറീൻ ബ്രഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Katharine Brush എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാതറീൻ ബ്രഷ്: 1933 ൽ ലിയോൺ ഗോർഡൻ രചിച്ച ഒരു ഛായാചിത്രം

കാതറീൻ ബ്രഷ് (ജീവിതകാലം: ആഗസ്റ്റ് 15, 1902 മുതൽ ജൂൺ 10, 1952 വരെ) ഒരു അമേരിക്കൻ പത്ര പംക്തിയെഴുത്തുകാരിയും, ചെറുകഥാകാരിയും നോവലിസ്റ്റുമായിരുന്നു. 1920 കളിലും 1930 കളിലും രാജ്യത്തെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൽപ്പിതകഥകളുടെ രചയിതാവ്[1] എന്നതുപോലെതന്നെ അക്കാലത്തെ ഏറ്റവും ഉയർന്ന വരുമാനമുള്ള വനിതാ എഴുത്തുകാരികളിലൊരാളുമായി അവർ കണക്കാക്കപ്പെടുന്നു.[2] അവരുടെ പല പുസ്തകങ്ങളും ചുടപ്പം പോലെ വിറ്റു പോയിരുന്നതിനൊപ്പം മറ്റനേകം പുസ്തകങ്ങൾ നിരവധി സിനിമകളുടെ പ്രമേയങ്ങളുമായിരുന്നു.

ആദ്യകാലം[തിരുത്തുക]

കാതറൈൻ ലൂയിസ് ഇൻഗ്ഗാം എന്ന പേരിൽ കണക്ടിക്കട്ടിലെ മിഡിൽ‌ടൌണിലാണ് കാതറീൻ ബ്രഷ് ജനിച്ചത്. ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനായിരുന്ന ഡോ. ചാൾസ് എസ്. ഇൻഗ്ഗാം,[3] അദ്ദേഹത്തിന്റ പത്നി ക്ലാര എന്നിവായിരുന്നു കാതറീന്റെ മാതാപിതാക്കൾ. ബാലികയായ കാതറീൻ കോളജ് പഠനം നടത്തിയിരുന്നില്ല. തന്റെ 16 ആമത്തെ വയസിൽ ഒരു ന്യൂ ജേഴ്സി ബോർഡിംഗ് സ്കൂളായിരുന്ന സെന്റിനറി കോളജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്[4] ബിരുദപഠനം പൂർത്തിയാക്കിയതിനുശേഷം നേരിട്ട് ബോസ്റ്റൺ ഈവനിംഗ് ട്രാവലർ എന്ന പത്രത്തിലെ ചലച്ചിത്ര പംക്തിയുടെ ചുമതല വഹിച്ചു.[5] പതിനെട്ടാമത്തെ വയസ്സിൽ ബ്രഷ്-മൂർ ന്യൂസ്‍പേപ്പേർസ് ഉടമയായിരുന്ന ലൂയിസ് എച്ച് ബ്രഷിന്റെ പുത്രനായിരുന്ന തോമസ് സ്റ്റിവാർട്ട് ബ്രഷിനെ വിവാഹം കഴിച്ചു.[6] വിവാഹത്തിനുശേഷം അവർ ഭർത്താവിനോടൊപ്പം ഒഹായോയിലേയ്ക്കു പോയി.[7]

സാഹിത്യജീവിതം[തിരുത്തുക]

1920-കളിൽ കാതറീൻ ബ്രഷിന്റെ രചനകൾ ജനശ്രദ്ധയാകർഷിച്ചു. ഈ കാലഘട്ടത്തിൽ, കോളജ് ഹ്യുമർ, കോസ്മോപോളിറ്റൻ എന്നിങ്ങനെയുള്ള സീരിയൽ മാഗസീനുകളിൽ അവരുടെ നിരവധി കഥകൾ അച്ചടിച്ചുവന്നിരുന്നു. ഇവയിലെ ഏറ്റവും പ്രസിദ്ധങ്ങളായ ചെറുകഥകളുടെ സമാഹാരം നൈറ്റ് ക്ലബ് (1929) എന്ന തലക്കെട്ടോടെ പുറത്തു വന്നിരുന്നു. ഇതിലെ തലക്കെട്ടായ കഥ 1927 ൽ ഹാർപ്പേർസ് മാഗസിനിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

കാതറീൻ ബ്രഷിന്റെ രചനകൾ അവരുടെ ആഖ്യാന ശൈലിയാലും നർമ്മോക്തിയാലും സവിശേഷമാർന്നതായിരുന്നു.[8] സമകാലിക അമേരിക്കൻ ജീവിതത്തിന്റെ സൂക്ഷ്മ നിരീക്ഷകയെന്ന നിലയിലും ബന്ധങ്ങളിലെ വൈകല്യങ്ങളെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുന്ന ഒരു എഴുത്തുകാരിയെന്ന നിലയിലും അവർ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അവരുടെ കഥയായ “ഹിം ആൻറ് ഹെർ” (1929 മാർച്ച് 16 ന് കൊളിയേർസ് ആഴ്ച്പ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്) 1929 ൽ “മികച്ച ചെറുകഥ” വിഭാഗത്തിൽ ഓ. ഹെൻറ്രി പുരസ്കാരത്തിന് അവരെ അർഹയാക്കിയിരുന്നു.  1932 ൽ വീണ്ടും മികച്ച ചെറുകഥാകാരിയായി ഓ. ഹെൻറ്രി മെമ്മോറിയൽ കമ്മിറ്റി അവരെ നാമനിർദ്ദേശം ചെയ്തിരുന്നു.[9] "നൈറ്റ് ക്ലബ്ബ്" (1927) എന്ന പേരിലുള്ള അവരുടെ ചെറുകഥയ്ക്ക് ഒരു ആദരണീയ പരാമർശം ലഭിക്കുകയും  1931 ലെ കഥയായിരുന്ന "ഗുഡ് വെനസ്ഡേ", 1931 ഒക്ടോബറിൽ  കോളേജ് ഹ്യൂമർ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മറ്റൊരു ചെറുകഥയായ “ഫുട്ബോൾ ഗേൾ” എന്നിവ ഹാർപേർസ് മാഗസിനിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

1920-കളുടെ മധ്യത്തോടെ, ചെറുകഥകളോടൊപ്പം ഒരു നോവൽ എഴുതിത്തുടങ്ങുകയും, ഇതിനു പുറമേ, സിൻഡിക്കേറ്റഡ് പംക്തികളും എഴുതിയിരുന്നു.[10] 1920കളുടെ തുടക്കം മുതൽ മുതൽ മധ്യകാലംവരെ കൈകാര്യം ചെയ്ത പംക്തികളിൽ കായിക വിഷയങ്ങൾ, ബോക്സിംഗ്, കോളജ് ഫുട്ബോൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു സാന്ദർഭികമായി രചിച്ചവ ഉൾപ്പെടുന്നു.[11] 1925-ലും 1926-ലും ഒഹായോയിലെ നിരവധി പത്രങ്ങൾക്കായി ആഗോള പരമ്പരകൾ അവതരിപ്പിച്ചിരുന്നു.[12]

കാതറീൻ ബ്രഷിന്റെ ആദ്യ നോവൽ 1926 ൽ ‘ഗ്ളിറ്റർ’ എന്ന പേരിൽ പുറത്തിറങ്ങുകയും അനുകൂല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു.[13] അവരുടെ നോവലായ ‘യങ് മാൻ ഓഫ് മൻഹാട്ടൻ’ പബ്ലിഷേർസ് വീക്കിലിയുടെ 1930 ലെ ഏറ്റവും വിൽപ്പനയുള്ള ഒമ്പതാമത്തെ നോവലായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ആ വർഷംതന്നെ ക്ലോഡെറ്റ് കോൾബർട്ട്, നോർമൻ ഫോസ്റ്റർ, ജിഞ്ചർ റോജേർസ് എന്നിവർ അഭിനയിച്ച സിനിമയുടെ ഇതിവൃത്തമായി മാറുകയും ചെയ്തു. എന്നിരുന്നാലും, അന്തരം പുറത്തിറങ്ങിയ നോവലായ ‘റെഡ്-ഹെഡഡ് വുമൺ’ എന്ന നോവലിന്റെ പേരിലാണ് ഇക്കാലത്ത് അവർ കൂടുതൽ അറിയപ്പെടുന്നത്.  ഈ നോവലിന്റെ ചലച്ചിത്ര ഭാഷ്യം 1932 ൽ ജീൻ ഹാർലോ അഭിനയിച്ചു പുറത്തിറങ്ങുകയും ഇതിലെ എരിവുള്ള ഹാസ്യം കാരണമായി ഇതൊരു പ്രീ-കോഡ് ക്ലാസിക്ക് ചിത്രമായി പരിഗണിക്കപ്പെടുകയും ചെയ്തു.  നാടകകൃത്ത് അനിത ലൂസ് ആണ് നോവലിന്റെ ചലച്ചിത്രഭാഷ്യത്തിനു തിരക്കഥ രചിച്ചത്.[14]

തെരഞ്ഞെടുത്ത രചനകൾ[15][തിരുത്തുക]

  • ഗ്ലിറ്റർ (1926)
  • ലിറ്റിൽ സിൻസ് (1927)
  • നൈറ്റ് ക്ലബ്ബ് (1929)
  • യങ് മാൻ ഓഫ് മൻഹാട്ടൻ (1930)
  • റെഡ്-ഹെഡഡ് വുമൺ, (1931), നോവലിൽനിന്ന് ജീൻ ഹാർലോ അഭിനയിച്ച ചിത്രം നിർമ്മിക്കപ്പെട്ടു.
  • അദർ വിമൻ (1933)
  • ഡോണ്ട് എവർ ലീവ് മീ (1935)
  • ഫ്രീ വുമൺ (1936) ഹണിമൂൺ ഇൻ ബാലി (1939) എന്ന പേരിൽ സിനിമയായി.
  • മാന്നെക്വിൻ (1937 ലെ "മാരി ഫോര് മണി" എന്ന കഥയിൽനിന്ന്) [16]
  • ദിസ് ഈസ് ഓൺ മീ (1940) (a mostly non-fiction autobiography with unconventional structure)
  • യു ഗോ യുവർ വേ (novel) (1941)
  • ദ ബോയ് ഫ്രം മെയ്ൻ (1942)
  • ഔട്ട് ഓഫ് മൈ മൈൻഡ് (1943)
  • ദി മാൻ ആൻറ് ദിസ് വുമൺ (1944)
  • വെൻ ഷീ വാസ് ബാഡ് (1948) ('യു ഗോ യുവർ വേ'യുടെ പുനപ്രസിദ്ധീകരണം)

അവലംബം[തിരുത്തുക]

  1. "Novelist Katharine Brush Dies, Ill Several Months." Boston Globe, June 11, 1952, p. 32.
  2. "Books: Success Story." Time Magazine, May 13, 1940. [1]
  3. "Death Takes Noted Woman Writer at 49." Pittsburgh Post-Gazette, June 12, 1952, p. 4.
  4. "Novelist Katharine Brush Dies, Ill Several Months." Boston Globe, June 11, 1952, p. 32.
  5. "Katharine Brush, Noted Author, Dies in New York City." Marion (OH) Star, June 11, 1952, p. 1.
  6. THOMAS STEWART BRUSH; Director of Newspaper Chain in Ohio Dies in Tucson at 42, The New York Times, October 31, 1938
  7. "Death Takes Noted Woman Writer at 49." Pittsburgh Post-Gazette, June 12, 1952, p. 4.
  8. Basil Davenport. "Bright Surface of Two Worlds." Saturday Review of Literature, April 27, 1935, p. 649.
  9. "Year's Best Short Stories Selected." Salt Lake City Tribune, November 27, 1932, p. 18.
  10. "Novelist Katharine Rush Dies, Ill Several Months." Boston Globe, June 11, 1952, p. 32.
  11. Elizabeth and Juliet Daingerfield. "Book Reviews and Literary Notes." Lexington (KY) Herald, January 19, 1930, p. 5.
  12. "What Does a Woman Know About Baseball?" Akron Beacon Journal, October 2, 1926, p. 21.
  13. "Glitter Newest Book of Younger Generation." Marysville (OH) Journal-Tribune, February 27, 1926, p. 4.
  14. "Red-Headed Woman On Screen at Lowe's." Reading (PA) Times, July 12, 1932, p. 7.
  15. "Katharine Brush". The New Yorker (in ഇംഗ്ലീഷ്). Retrieved 2018-05-01.
  16. James Combs. American Political Movies: An Annotated Filmography of Feature Films. New York: Routledge, 2014, p. 152.
"https://ml.wikipedia.org/w/index.php?title=കാതറീൻ_ബ്രഷ്&oldid=3341741" എന്ന താളിൽനിന്ന് ശേഖരിച്ചത്