കണ്ണേറ് പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanneru Pattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ പരക്കെ പ്രചരിക്കപ്പെടുന്നു. മലയസമുദായത്തിൽപ്പെട്ടവരാണ് ഈ കലാപ്രകടനം നടത്തിവരാറുള്ളത്. തികച്ചും അനുഷ്ഠാനപരമാണ് ഈ കല. പ്രായപൂർത്തിവന്നവർക്കെല്ലാം ഈ കലയിൽ പങ്കെടുക്കാം. തെയ്യംകെട്ടൽ, മന്ത്രവാദം എന്നിവയാണ് കലാകാരന്മാരുടെ തൊഴിലുകൾ. ഒൻപതു നൂറ്റാണ്ട് പഴക്കമുണ്ട് ഈ കലയ്ക്കെന്ന് ഊഹിക്കുന്നു. പാട്ടുകാരികളായ സ്ത്രീകളും വാദ്യക്കാരുമടക്കം ഏഴുപേരെങ്കിലും വേണം. കണ്ണൂർ ജില്ലയിലെ മിക്ക ഗ്രാമങ്ങളിലും ഈ കലയുടെ ഗുരുനാഥന്മാർ ഉണ്ട്. കണ്ണേറിന് വേണ്ടി ക്ഷണിക്കപ്പെടുമ്പോൾ ഇവർ ഓരോ സംഘങ്ങളായി മാറും.

ദൃഷ്ടിദോഷം അകറ്റാൻ വേണ്ടി നടത്തപ്പെടുന്ന കലയാണ് കണ്ണേറുപാട്ട്. നാവേറ് പോലെയാണെങ്കിലും വിശ്വാസകേന്ദ്രീകൃതമായൊരു കലാവിരുന്നാണിത്. അരി, അവിൽ, മലര്, ഇളനീർ എന്നിവ കൊണ്ട് മുതിർച്ച വെച്ചതിനു മുമ്പിൽ ദൃഷ്ടിദോഷം ബാധിച്ച വ്യക്തി ഇരിക്കുന്നു. പാട്ടുകാർ പുരാണ സ്തുതിഗീതങ്ങൾ പാടിക്കൊണ്ട് കരിനിച്ചി എന്ന ചെടിയുടെ കമ്പുകൊണ്ട് ആ വ്യക്തിയെ ഉഴിയുന്നു. ദീർഘനേരം നീണ്ടുനിൽക്കുന്ന പാട്ടിൻറെ അവസാനം ഗുളികൻ എന്ന തെയ്യം കെട്ടിയാടന്നു. ചെണ്ടയാണ് പ്രധാന വാദ്യോപകരണം. രാവിലെ എട്ടു മുതൽ പത്തു മണി വരെ ഈ കലാപ്രകടനം നീണ്ടുനിൽക്കും.

അരി, അവൽ, മലർ, തേങ്ങ, ഇളനീർ എന്നിവ ഒരുക്കിവെച്ച വീട്ടിൻറെ ഉമ്മറമാണ് അരങ്ങ്. ഗുളികൻ തെയ്യം വീട്ടുമുറ്റത്ത് വെച്ച് കെട്ടിയാടുന്നു. നിലവിളക്കല്ലാതെ മറ്റു ദീപവിതാനങ്ങളാവശ്യമില്ല. ഗുളികൻ തെയ്യത്തിന് കുരുത്തോലകൊണ്ടുള്ള ഉടുപ്പും ആഭരണങ്ങളും മുഖത്ത് പാളയും പാട്ടുകാർക്കും ദൃഷ്ടിദോഷം ബാധിച്ചവർക്കും സാധാരണ വേഷം തന്നെ. രോഗബാധിതർക്ക് ഒരു ചികിൽസാ സമ്പ്രദായമെന്ന നിലയിൽ പ്രചരിക്കപ്പെട്ട ഈ കല ഒരന്ധവിശ്വാസമായി ജനങ്ങൾ കരുതാൻ തുടങ്ങിയതോടെ പ്രചാരം കുറഞ്ഞുവന്നു. ഉണക്കമുളക് , ഉപ്പ് തുടങ്ങിയവ ഇനി കണ്ണേറ് ഏൽക്കണ്ട എന്ന് കരുതുന്ന ആളിന്റെ തലയ്ക്ക് മൂന്ന് പ്രാവശ്യം ചുറ്റി അടുപ്പിലിടുന്ന രീതി ഇന്നും പല സ്ഥലങ്ങളിലും തുടർന്നു വരുന്നുണ്ട്. മലയസമുദായത്തിൽ തെയ്യം കെട്ടിയാടാനറിയുന്നവരെല്ലാം ഈ കലയിലും പ്രവീണമുള്ളവരാണ്.

"https://ml.wikipedia.org/w/index.php?title=കണ്ണേറ്_പാട്ട്&oldid=3170690" എന്ന താളിൽനിന്ന് ശേഖരിച്ചത്