കാദംബിനി ഗാംഗുലി
കാദംബിനി ഗാംഗുലി | |
---|---|
ജനനം | കാദംബിനി ബസു 18 ജൂലൈ 1861 |
മരണം | 3 ഒക്റ്റോബർ 1923 |
തൊഴിൽ | ഭിഷഗ്വര, സ്ത്രീ വിമോചനം |
ജീവിതപങ്കാളി(കൾ) | ദ്വാരകാനാഥ് ഗാംഗുലി |
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ രണ്ടു വനിതാ ബിരുദധാരികളിൽ ഒരാളായിരുന്നു കാദംബിനി ഗാംഗുലി (18 ജൂലൈ 1861 – 3 ഒക്റ്റോബർ 1923).
ആദ്യകാല ജീവിതം
[തിരുത്തുക]ബ്രഹ്മസമാജം പ്രവർത്തകനായ ബ്രജകിഷോർ ബസുവിന്റെ മകളായി ബിഹാറിലെ ഭഗൽപൂരിൽ ജനിച്ചു. ഭഗൽപൂർ സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന ഇദ്ദേഹവും അഭയ് ചരൺ മല്ലിക്കും ചേർന്ന് 1863-ൽ ഭഗൽപൂർ മഹിളാ സമിതി എന്ന സ്ത്രീവിമോചനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
ബംഗ മഹിളാ വിദ്യാലയത്തിൽ പഠനമാരംഭിച്ച കാദംബിനി 1878-ൽ കൽക്കട്ടാ യൂണിവേഴ്സിറ്റിയുടെ പ്രവേശനപരീക്ഷയിൽ വിജയം നേടിയ ആദ്യവനിതയായി. ബെതൂൺ കോളേജിൽ നിന്ന് ഒരുമിച്ച് ബിരുദമെടുത്ത കാദംബിനി, ചന്ദ്രമുഖി ബസു എന്നിവർ ഇംഗ്ലണ്ടിനു പുറത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ തന്നെ ബിരുദധാരികളായ ആദ്യത്തെ വനിതകളായി[1].
വൈദ്യശാസ്ത്രപഠനം
[തിരുത്തുക]1883-ൽ വൈദ്യശാസ്ത്രപഠനത്തിനായി കൽക്കട്ട മെഡിക്കൽ കോളേജിൽ ചേർന്നു. ഇതേ വർഷം തന്നെ ബ്രഹ്മസമാജം പ്രവർത്തകനും സാമൂഹ്യപരിഷ്ക്കർത്താവുമായ ദ്വാരകാനാഥ് ഗാംഗുലിയുമായി അവരുടെ വിവാഹം നടന്നു. 1884-ൽ സർക്കാർ സ്കോളർഷിപ്പ്(പ്രതിമാസം 20 രൂപ) നേടി. പ്രാക്റ്റിക്കൽ പരീക്ഷകളിലൊന്നിൽ വിജയം നേടാനായില്ലെങ്കിലും എല്ലാ എഴുത്തുപരീക്ഷകളിലും വിജയിച്ച് 1886-ൽ 'ഗ്രാജുവേറ്റ് ഓഫ് ബംഗാൾ മെഡിക്കൽ കോളേജ്' ബിരുദം നേടിയ കാദംബിനി പാശ്ചാത്യവൈദ്യശാസ്ത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാഭിഷഗ്വരയായി. വിജയകരമായി സ്വകാര്യപ്രാക്റ്റീസ് നടത്തിവന്ന അവർ 1888-ൽ 'ലേഡി ഡഫറിൻ വിമൻസ് ഹോസ്പിറ്റലിൽ' 300 രൂപ പ്രതിമാസശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ചു. 1892-ൽ യു.കെയിലെത്തുകയും LRCP (എഡിൻബർഗ്), LRCS (ഗ്ലാസ്ഗോ), GFPS (ഡബ്ലിൻ) ബിരുദങ്ങൾ നേടി ഇന്ത്യയിൽ മടങ്ങിയെത്തുകയും ചെയ്തു.
സാമൂഹ്യപ്രവർത്തനം
[തിരുത്തുക]മെഡിക്കൽ പ്രാക്റ്റീസിനൊപ്പം തന്നെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും കാദംബിനി ക്രിയാത്മകമായി പ്രവർത്തിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തുടക്കം മുതൽ തന്നെ ദ്വാരകാനാഥ് ഗാംഗുലി, അതിന്റെ വാർഷിക സെഷനുകളിൽ സ്ത്രീപ്രാതിനിധ്യത്തിനു വേണ്ടി വാദിച്ചിരുന്നു. തത്ഫലമായി 1889-ലെ വാർഷികയോഗത്തിൽ പങ്കെടുത്ത ആറ് വനിതാപ്രതിനിധികളിൽ ഒരാളായിരുന്നു കാദംബിനി.
മാതാവ്, കുടുംബിനി എന്നീ ചുമതലകളും അവർ നിറവേറ്റിയിരുന്നുവെങ്കിലും യാതാസ്ഥിതികസമൂഹം അവർക്കെതിരെ പ്രചരണങ്ങൾ നടത്തിയിരുന്നു[2]. 1891-ൽ, തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രസിദ്ധീകരിച്ച ബംഗബസി എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന മോഹേഷ് ചന്ദ്ര പാലിനെതിരെ അവർ നിയമനടപടി സ്വീകരിച്ചു. അയാൾക്ക് 100 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കുകയുണ്ടായി.
1906-ൽ ബംഗാൾ വിഭജനത്തെത്തുടർന്ന് അവർ കൽക്കട്ടയിൽ ഒരു വിമൻസ് കോൺഫ്രൻസ് സംഘടിപ്പിച്ചു. 1908-ൽ സൗത്ത് ആഫ്രിക്കയിൽ സത്യാഗ്രഹസമരം നടത്തിയ ഇന്ത്യൻ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൽക്കട്ടയിൽ ഒരു സമ്മേളനം വിളിച്ചു ചേർക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. അവർക്ക് സാമ്പത്തികസഹായത്തിനായി പണം സ്വരൂപിക്കുവാനും അവർ പ്രയത്നിച്ചു. അസമിലെ തേയിലത്തോട്ടം തൊഴിലാളികൾ നേരിട്ട ചൂഷണത്തിനെതിരെ ദ്വാരകാനാഥ് ഗാംഗുലിയുടെ പ്രവർത്തനങ്ങൾക്ക് അവർ പിന്തുണ നൽകി. 1922-ൽ സർക്കാർ നിയോഗിച്ച അന്വേഷണക്കമ്മീഷന്റെ ഭാഗമായി ബിഹാർ, ഒറീസ എന്നിവിടങ്ങളിലെ കൽക്കരിഖനിത്തൊഴിലാളികളായ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുവാൻ കാമിനി റോയിയോടൊത്ത് സഞ്ചരിച്ചു.
1923 ഒക്റ്റോബർ 3-ന് നിര്യാതയായി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൺഫ്ലുവൻസ്, www.confluence.org.uk Archived 2013-03-01 at the Wayback Machine.
- ഫസ്റ്റ് ഇന്ത്യൻ വിമൻ, www.successstories.co.in
കുറിപ്പുകൾ
[തിരുത്തുക]- Kopf, David (1979), The Brahmo Samaj and the Shaping of the Modern Indian Mind, Princeton University Press, ISBN 0-691-03125-8
- Sengupta, Subodh Chandra and Bose, Anjali (editors), (1976/1998), Sansad Bangali Charitabhidhan (Biographical dictionary) in Bengali, pp 79–80, ISBN 81-85626-65-0
- Murshid, Ghulam (2012). "Ganguly, Kadambini". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
അവലംബം
[തിരുത്തുക]- ↑ http://articles.timesofindia.indiatimes.com/2011-07-18/kolkata/29786744_1_trinamool-congress-brigade-rallies-first-indian-woman Archived 2013-02-28 at the Wayback Machine. ടൈംസ് ഓഫ് ഇന്ത്യ, 18 ജൂലൈ 2011
- ↑ "ഗാംഗുലി കാദംബിനി, ബംഗ്ലാപീഡിയ". Archived from the original on 2013-04-10. Retrieved 2013-03-10.