കെ.ഇ. ഈപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.E. Eapen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ഇ. ഈപ്പൻ
ദേശീയത ഇന്ത്യ

ഇന്ത്യയിലെ ജേർണലിസം അദ്ധ്യാപകനാണ് കെ.ഇ. ഈപ്പൻ.ജേർണലിസത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനുമാണ്[1]. അമേരിക്കയിലെ സിറാക്യൂസ് സർവകലാശാലയിൽനിന്ന് ജേർണലിസത്തിൽ എം.എസ്സും വിസ്‌കോൺസിൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ ഇദ്ദേഹമാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ ജേർണലിസം പഠനകേന്ദ്രം തുടങ്ങിയത്.

ജീവിതരേഖ[തിരുത്തുക]

തിരുവല്ല തലവടി കടമാട്ട് പത്തിൽ കാഞ്ഞിരപ്പള്ളി കുടുംബാംഗമാണ് കെ.ഇ. ഈപ്പൻ. പരേതയായ എലിസബത്താണ് ഭാര്യ. മക്കളില്ല. പഠനവും ജോലിയുമായി അമ്പതു വർഷം മുൻപുതന്നെ സ്വദേശം വിട്ട ഡോ. കെ.ഇ. ഈപ്പൻ മൂന്നു പതിറ്റാണ്ടായി ബാംഗ്ലൂർ കോക്‌സ്ടൗണിലുള്ള ഫ്‌ളാറ്റിൽ ആയിരുന്നു താമസം. 2009ൽ രോഗശയ്യയിലായതോടെ ബാംഗ്ലൂരിലെ ഡോംലൂരിലുള്ള അഡ്വാന്റേജ് ഓൾഡ് ഏജ് ഹോം എന്ന വൃദ്ധസദനത്തിലേക്കു മാറ്റി. ഒരു വർഷമായി വൃദ്ധസദനത്തിലായിരുന്നു താമസവും ചികിത്സയും. 2010 ഒക്ടോബർ‌ 23 ശനിയാഴ്ച പുലർച്ചെ അന്തരിച്ചു.[1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ദേശീയ, അന്തർദേശീയ മാധ്യമ മേഖലയിൽ വിപുലമായ ശിഷ്യസമ്പത്തിനുടമ. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.മാധ്യമപഠന മേഖലയിൽ ഒട്ടേറെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. നാഗ്പുർ സർവകലാശാലയ്ക്കു കീഴിലുള്ള ഹിസ്‌ലോപ് കോളേജിൽ 1952-1964 കാലത്ത് ജോലി ചെയ്തു. 1964-ൽ ഹിസ്‌ലോപ് കോളേജ് വിട്ട് വിസ്‌കോൺസിൻ സർവകലാശാലയിലേക്ക് അധ്യാപകനായി മടങ്ങിയ അദ്ദേഹം കർണാടക സർക്കാറിന്റെ ക്ഷണമനുസരിച്ച് 1973-ൽ തിരികെ ഇന്ത്യയിലെത്തുകയും ബാംഗ്ലൂർ സർവകലാശാലയിൽ ജേർണലിസം വകുപ്പിനു തുടക്കമിടുകയും ചെയ്തു. 1979-ൽ കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ചേർന്നു. 1984-ൽ ഡോ. ജോൺവർഗീസ് വിളനിലം ചുമതലയേൽക്കുംവരെ അവിടെ വകുപ്പു മേധാവിയായിരു‍ന്നു. ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള ടെലിവിഷൻ സംപ്രേഷണത്തെക്കുറിച്ച് 1975-1976ൽ ഇന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയ സാറ്റലൈറ്റ് ഇൻസ്ട്രക്ഷണൽ ടെലിവിഷൻ എക്‌സ്‌പെരിമെന്റിന് (സൈറ്റ്) കർണാടക മേഖലയിൽ നേതൃത്വം നല്കിയതും ഡോ. ഈപ്പനാണ്. യു.ജി.സി. അംഗം, യു.ജി.സി. ദേശീയ ലക്ചറർ ഫെലോ, കേന്ദ്ര വാർത്താവിനിമയ വകുപ്പിന്റെയും മാനവശേഷി വികസന വകുപ്പിന്റെയും ഉപദേശകൻ, ഫോർഡ് ഫൗണ്ടേഷൻ ഉപദേശകൻ, ഇംഗ്ലണ്ടിലെ ലിസെസ്റ്റർ സർവകലാശാലയിലെ സീനിയർ വിസിറ്റിങ് ഫെലോ, ഇന്ത്യൻ കൗൺസിൽ ഫോർ കമ്യൂണിക്കേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് പ്രസിഡന്റ്, കോമൺവെൽത്ത് ജേർണലിസം എജ്യുക്കേഷൻ വൈസ് പ്രസിഡന്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (ഡൽഹി) അംഗം, യുനെസ്‌കോ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "http://www.mathrubhumi.com/online/malayalam/news/story/585093/2010-10-24/india". Archived from the original on 2010-11-26. Retrieved 2010-10-24. {{cite web}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=കെ.ഇ._ഈപ്പൻ&oldid=3628975" എന്ന താളിൽനിന്ന് ശേഖരിച്ചത്