ജോൺ കോട്ടൺ ഡാനാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John Cotton Dana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
John Cotton Dana

പബ്ലിക് ലൈബ്രറി രംഗത്ത് മികച്ച സേവനം കാഴ്ച വച്ച അമേരിക്കൻ ലൈബ്രേറിയൻ ആണ് ജോൺ കോട്ടൺ ഡാനാ . 1856 ആഗ. 19 - നു വെർമോൺടിലെ വുഡ്സ്റ്റോക്കിൽ ജനിച്ചു. 1878 - ൽ ഡാർട്ട്മൗത്തിൽ നിന്ന് ബിരുദം നേടി. അതിനു ശേഷം ഉദ്ദേശം രണ്ടുവർഷക്കാലം ഇദ്ദേഹം നിയമപഠനം നടത്തി. തുടർന്ന് സുഹൃത്തായ ഫ്രാങ്ക് ഗവ്നോടൊപ്പം ഖനികളിൽ സർവേ പ്രവർത്തനത്തിൽ ഏർപ്പെട്ടു. 1882-ൽ ന്യൂയോർക്കിൽ തിരിച്ചെത്തി നിയമപഠനം പൂർത്തിയാക്കി. ഇദ്ദേഹം മിന്നസോട്ടയിൽ അല്പകാലം പത്രപ്രവർത്തനവും നിയമ പരിശീലനവും നടത്തുകയുമുണ്ടായി. ഈ കാലഘട്ടത്തിൽ റോക്കി മൗൺടൺ ന്യൂസ് (Rocky Mountain News), ഡെൻവർ ആർബിട്രേറ്റർ(Denver Arbitrator) തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്ന ഇദ്ദേഹത്തിന്റെ പല രചനകളും വളരെയധികം ശ്രദ്ധ ആകർഷിക്കുവാൻ പര്യാപ്തമായി.


ജീവിതം[തിരുത്തുക]

ഈസ്റ്റ് ഡെൻവർ ഹൈസ്കൂളിൽ ഒരു ലൈബ്രറി ആരംഭിക്കുവാനുള്ള പദ്ധതി രൂപീകരിച്ചിരുന്ന ഡെൻവറിലെ ബോർഡ് ഒഫ് എഡ്യൂക്കേഷൻ ഡാനയുടെ വൈഭവം മനസ്സിലാക്കുകയും ബോർഡിന്റെ സെക്രട്ടറി സ്ഥാനവും പുതിയ ലൈബ്രറിയുടെ ലൈബ്രേറിയൻ പദവിയും നൽകി ഡാനയെ ആദരിക്കുകയും ചെയ്തു. ഈ ലൈബ്രറി തന്നെയാണ് ഡെൻവറിലെ പബ്ലിക് ലൈബ്രറിയായി പ്രവർത്തിച്ചിരുന്നത്. ലൈബ്രറി സംവിധാനത്തിൽ വളരെയധികം പരിഷ്കാരങ്ങൾ വരുത്തുവാൻ ഡാനയ്ക്ക് കഴിഞ്ഞു. റഫറൻസ് ഗ്രന്ഥങ്ങൾ ജനങ്ങൾക്ക് അനായാസം കൈകാര്യം ചെയ്യുന്നതിനായി ഷെൽഫുകൾക്ക് മുൻപിലുണ്ടായിരുന്ന റെയിലിങ്ങുകൾ, ഗേറ്റുകൾ തുടങ്ങിയവ നീക്കം ചെയ്തു. പ്രശസ്ത ചിത്രകാരന്മാരുടെ സൃഷ്ടികൾ ലൈബ്രറിയിൽ പ്രദർശിപ്പിക്കുവാനുള്ള സംവിധാനം ഏർപ്പെടുത്തി. കുട്ടികൾക്കായി ലൈബ്രറിയിൽ ഒരു പ്രത്യേക വിഭാഗം ആരംഭിച്ചു. അമേരിക്കയിൽ ഇത്തരം ഒരു വിഭാഗം ആദ്യമായി ആരംഭിച്ചത് ഡാനയാണ്. അധ്യാപകർക്ക് ക്ലാസ്സ് ആവശ്യങ്ങൾക്കുള്ള പുസ്തകങ്ങൾ എത്ര ദിവസത്തേക്ക് വേണമെങ്കിലും നൽകുവാനുള്ള സംവിധാനമുണ്ടാക്കി. മഹിളാ സമാജങ്ങൾ, മെഡിക്കൽ സൊസൈറ്റികൾ തുടങ്ങിയവയ്ക്ക് ആവശ്യമായ പുസ്തകങ്ങൾ എത്തിച്ചുകൊടുത്തു. തന്റെ ആശയങ്ങൾ ലൈബ്രറി രംഗത്ത് പ്രവർത്തിക്കുന്ന മറ്റു വ്യക്തികളുമായി പങ്കു വയ്ക്കാനും അവരുടെ അഭിപ്രായം ആരായുവാനും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. അമേരിക്കൻ ലൈബ്രറി അസ്സോസ്സിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലൈബ്രറിയിലെ പുസ്തകങ്ങൾ പൊതുജനത്തിനു പരമാവധി പ്രയോജനപ്പെടുത്തുവാൻ സഹായിക്കേത് ഒരു ലൈബ്രേറിയന്റെ കടമയാണ് എന്ന് ഇദ്ദേഹം വിശ്വസിച്ചു. 1898-ൽ ഇദ്ദേഹം സ്പ്രിങ്ങ് ഫീൽഡിലെ സിറ്റി ലൈബ്രറി അസ്സോസ്സിയേഷന്റെ മേധാവി എന്ന സ്ഥാനം ഏറ്റെടുത്തു. ഡെൻവറിൽ വരുത്തിയ പരിഷ്കാരങ്ങൾ പലതും ഇദ്ദേഹം സ്പ്രിങ്ങ് ഫീൽഡിലും നടപ്പാക്കി. 1899-ൽ നാഷണൽ എഡ്യൂക്കേഷൻ അസ്സോസ്സിയേഷൻ പബ്ലിക് ലൈബ്രറികളുമായി അസ്സോസ്സിയേഷന്റെ ബന്ധം വിശകലനം ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചു. ഡാനയായിരുന്നു ഈ കമ്മിറ്റിയുടെ അധ്യക്ഷൻ. ലൈബ്രറി രംഗത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ നേടി. ന്യൂ ആർക്കി(New ark)ലെ പബ്ലിക് ലൈബ്രറിയുടെ ചുമതലയും ഡാനയിൽ വന്നുചേർന്നു. ന്യൂ ആർക്കിലെ ലൈബ്രറിയിലും ഇദ്ദേഹം പല പരിഷ്കാരങ്ങളും ഏർപ്പെടുത്തി. ഇവിടെ ഇദ്ദേഹം ചിത്രങ്ങളുടേയും മറ്റു കലാസൃഷ്ടികളുടേയും മ്യൂസിയം ആരംഭിച്ചു. അമേരിക്കയിൽ ആദ്യമായി ഒരു ലൈബ്രറിയിൽ ബിസിനസ്സ് സംബന്ധമായ പുസ്തകങ്ങളുടെ വിഭാഗം ആരംഭിച്ചത് ന്യൂ ആർക്കിൽ ഡാനയുടെ നേതൃത്വത്തിലാണ്. 1909 - ൽ ഇദ്ദേഹം സ്പെഷ്യൽ ലൈബ്രറീസ് അസ്സോസിയേഷൻ (Special Libraries Association) ആരംഭിച്ചു. ഒന്നാം ലോകയുദ്ധകാലത്ത്, സൈനികർക്ക് പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുവാൻ ഇദ്ദേഹം മുൻകൈയെടുത്തു. യുദ്ധകാലത്ത് ജർമൻ പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തെ ഡാന ശക്തിയായി എതിർത്തു. നല്ല ഗ്രന്ഥങ്ങൾ, അവ ഏതു ഭാഷയിലുള്ളവയായാലും ലൈബ്രറിയിൽ സൂക്ഷിക്കേതാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.

മരണം[തിരുത്തുക]

1929 ജൂലൈ 21-ന് ഇദ്ദേഹം അന്തരിച്ചു. അമേരിക്കൻ ലൈബ്രറി അസ്സോസ്സിയേഷൻ ഇദ്ദേഹത്തിന്റെ പേരിൽ 'ജോൺ കോട്ടൺ ഡാന പബ്ലിസിറ്റി അവാർഡ്' ഏർപ്പെടുത്തിട്ടുണ്ട്. ഒക്ടോബർ 6-ന് 'ജോൺ കോട്ടൺ ഡാന' ദിനമായി ആചരിച്ചു വരുന്നു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജോൺ കോട്ടൺ ഡാനാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_കോട്ടൺ_ഡാനാ&oldid=1698131" എന്ന താളിൽനിന്ന് ശേഖരിച്ചത്