ജയറാം പടിക്കൽ
ജയറാം പടിക്കൽ ഐ.പി.എസ്. | |
|---|---|
| ജനനം | 1937 മെയ് 1 പെരുവമ്പ, പാലക്കാട് ജില്ല |
| മരണം | ജൂലൈ 15, 1997 (60 വയസ്സ്) എറണാകുളം |
പോലീസ് ജീവിതം | |
| നിലവിലെ സ്ഥിതി | സംസ്ഥാന പോലീസ് മേധാവി(റിട്ട.) (1993-1994) |
| വകുപ്പ് | കേരള പോലീസ് |
| ബാഡ്ജ് നമ്പർ | 1960 ബാച്ച് |
| സർവ്വീസ് | ഇന്ത്യൻ പോലീസ് സർവീസ് |
| സർവീസിലിരുന്നത് | 1960-1994 |
| റാങ്ക് | ഡയറക്ടർ ജനറൽ ഓഫ് പോലീസ്(റിട്ട.) |
ജയറാം പടിക്കൽ ഐ.പി.എസ് (1937-1997) കേരള പോലീസിൽ നിന്ന് ഡി.ജി.പി. (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) സ്ഥാനത്തു നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ്. പാലക്കാട് ജില്ലയിലെ പെരുവമ്പ് എന്ന ഗ്രാമത്തിൽ ജനിച്ച ജയറാം പടിക്കൽ മുംബൈയിലെ ഗ്രാൻഡ് കോളേജിൽ എം.ബി.ബി.എസ്സിന് ചേർന്നു. ഇതിനിടയിൽ സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുകയും, ഐ.പി.എസ്. സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കേരള കേഡറിൽ നിയമിതനായ പടിക്കൽ ബ്രിട്ടനിലെ അതി പ്രശസ്തമായ 'സ്കോട്ട്‌ലാൻഡ് യാർഡ്' എന്ന കുറ്റാന്വേഷണ വിഭാഗത്തിൽ പരിശീലനം ലഭിച്ച ആളാണ്.
ജയറാം പടിക്കൽ 'കോർപ്പൊറേഷൻ കേസ്', 'രജനി കേസ്' തുടങ്ങിയ തെളിയിക്കുന്നതിൽ മുഖ്യമായ പങ്ക് വഹിച്ചു എങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഇച്ഛ പ്രകാരം നിരവധി നിയമവിരുദ്ധമായ പ്രവർത്തികളും ചെയ്ത വ്യക്തിയാണെന്ന് പറയപ്പെടുന്നു.[1]
ജീവിതരേഖ
[തിരുത്തുക]പാലക്കാട് ജില്ലയിലെ പെരുവമ്പ എന്ന ഗ്രാമത്തിൽ ഇന്ത്യൻ ആർമി ഓഫീസറായിരുന്ന ആണ്ടയാൽ വിശ്വനാഥൻ്റെയും കുഞ്ഞിലക്ഷ്മിയുടേയും മകനായി 1937 മെയ് ഒന്നിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എംബിബിഎസ് കോഴ്സ് ചെയ്തെങ്കിലും പിന്നീട് അതുപേക്ഷിച്ച് സിവിൽ സർവീസിൽ ചേർന്നു. 1960 ബാച്ച് ഐപിഎസ് ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ച പടിക്കൽ പിന്നീട് പ്രശസ്തനാവുന്നത് 1975-ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴാണ്.
1970 മുതൽ 1977 വരെ നിലവിലിരുന്ന അച്യുതമേനോൻ മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കെ കരുണാകരൻ്റെ വിശ്വസ്ഥനായാണ് പടിക്കൽ അക്കാലത്ത് അറിയപ്പെടുന്നത്.
1975-ൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയായിരിക്കെ നടന്ന കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണം അന്വേഷിച്ച പടിക്കൽ നക്സലിസം കണ്ടെത്തുകയും നക്സൽ പ്രവർത്തകരെ മുഴുവൻ അന്വേഷിച്ച് അറസ്റ്റ് ചെയ്തു കക്കയം ഡാമിന് അടുത്തുള്ള ഗവ ഗസ്റ്റ് ഹൗസിൽ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
1976-ൽ ക്രൈം ബ്രാഞ്ച് ഡിഐജിയായിരുന്ന പടിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്ന രാജനെ നക്സലിസത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്തു കക്കയത്ത് എത്തിച്ച് ഉരുട്ടി കൊന്ന കേസ് കുപ്രസിദ്ധമാണ്.
1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചതോടെ സംസ്ഥാന പോലീസിലെ അറിയപ്പെടുന്ന ഐപിഎസ് ഓഫീസറായി മാറിയ പടിക്കൽ 1982-ൽ സീനിയർ ഡി.ഐ.ജിയായിരുന്നു.
ആക്കാലത്ത് സംസ്ഥാനത്തെ പ്രായം കുറഞ്ഞ ഡി.ഐ.ജി ഉദ്യേഗസ്ഥനായി പ്രശസ്തനായ പടിക്കൽ 1982 മുതൽ 1987 വരെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ്റെ വിശ്വസ്ഥനായി 1985-ൽ ഇൻസ്പെക്ടർ ജനറൽ റാങ്കിൽ ഉന്നത പദവികളിൽ ഇരുന്നെങ്കിലും 1987-ൽ അധികാരത്തിലെത്തിയ നായനാർ സർക്കാർ പ്രധാന പദവികളിലൊന്നിലും പടിക്കലിനെ നിയമിച്ചില്ല.
പിന്നീട് 1991-ൽ കെ കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായതോടെയാണ് 1993-ൽ പടിക്കൽ ഡിജിപിയായത്. 1994 ഏപ്രിൽ 30-ന് 34 വർഷത്തെ ഐ.പി.എസ് ജീവിതത്തിന് ഒടുവിൽ 57-മത്തെ വയസിൽ സർവീസിൽ നിന്ന് വിരമിച്ചു.
മരണം
[തിരുത്തുക]1994-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം ഭയത്തോടെയാണ് പടിക്കൽ ജീവിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് താൻ ചെയ്ത ക്രൂരകൃത്യങ്ങൾ മാനസികമായി കുറ്റബോധമായി മാറിയതിനെ തുടർന്ന് തികഞ്ഞ മദ്യപാനിയായി ജീവിച്ച പടിക്കലിനെ 1997 ജൂലൈയിൽ ഒരു സംഘം ആളുകൾ മർദ്ദിച്ച് അവശനാക്കിയതിനെ തുടർന്ന് ചികിത്സയിൽ തുടരവെ 1997 ജൂലൈ 15ന് അന്തരിച്ചു.
വിമർശനങ്ങൾ
[തിരുത്തുക]അദ്ദേഹം കുപ്രസിദ്ധി ആർജ്ജിച്ചത് ഇന്ദിരാ ഗാന്ധി കൊണ്ടു വന്ന അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്. കേരള പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം ഡി.ഐ.ജി. ആയിരുന്നു അക്കാലാത്ത് ജയറാം പടിക്കൽ. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള എതിർപ്പുകളെ അമർച്ച ചെയ്യുക എന്ന ഉത്തരവാദിത്തം അക്കാലത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന കെ.കരുണാകരൻ ചുമതലപ്പെടുത്തിയത് ജയറാം പടിക്കലിനെയായിരുന്നു. ഇതിനായി നിയമവിരുദ്ധമായ മർദ്ദനക്യാമ്പുകൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു.[അവലംബം ആവശ്യമാണ്] കോഴിക്കോട് ആർ.ഇ.സി(ഇപ്പോൾ എൻ.ഐ.ടി) വിദ്യാർത്ഥിയായിരുന്ന രാജൻ കക്കയത്തെ ക്യാമ്പിലെ മനുഷ്യത്വഹീനമായ മർദ്ദനത്തെ തുടർന്നാണ് കൊല്ലപ്പെട്ടത്.[അവലംബം ആവശ്യമാണ്] സാഡിസത്തിന്റെയും നിയമവിരുദ്ധതയുടെയും സങ്കേതങ്ങളായ അടിയന്തരാവസ്ഥാ കാലത്തെ പോലീസ് ക്യാമ്പുകൾ വ്യാപകമായ വിമർശനത്തിനു വഴിയൊരുക്കിയിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിൽ ധാരാളം രഹസ്യപ്പോലീസുകാരെ നുഴഞ്ഞു കയറാൻ സാധിച്ചു എന്ന് പടിക്കൽ പിൽക്കാലത്ത് പറഞ്ഞിരുന്നു.
രാജൻ കേസ്
[തിരുത്തുക]കായണ്ണ പോലീസ് സ്റ്റേഷൻ അക്രമണം അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ആർ.ഇ.സി. വിദ്യാർത്ഥിയായ രാജനെ പോലീസ് ഹോസ്റ്റലിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി കക്കയം ഡാമിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിലേക്കാണ് കൊണ്ടു പോയത്. അവിടെ വെച്ചു നടന്ന കഠിനമായ മർദ്ദനത്തെ തുടർന്ന് രാജൻ മരിച്ചു.[അവലംബം ആവശ്യമാണ്] നക്സലൈറ്റ് അനുഭാവിയായിരുന്ന രാജന് കായണ്ണ സ്റ്റേഷൻ ആക്രമണത്തിൽ പങ്കൊന്നും ഉണ്ടായിരുന്നില്ല.[അവലംബം ആവശ്യമാണ്] ക്രൈം ബ്രാഞ്ചിൽ പ്രത്യേകം നിയമിതനായ പേരാമ്പ്ര പോലീസ് സബ്-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ ആണ് മർദ്ദനത്തിന് നേത്രത്വം കൊടുത്തത്.[അവലംബം ആവശ്യമാണ്] ഈ ഓഫീസറുടെ കൂടെ, ജയറാം പടിക്കലും പ്രതി സ്ഥാനത്തു വരുന്ന ഒരു കൊല ക്കേസ് എടുത്തിരുന്നു, തെളിവുകളുടെ അഭാവത്തിൽ (പ്രധാനമായും രാജന്റെ ജഡം കിട്ടാതെ പോയത്) പൊലീസ് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു.
നവാബ് രാജേന്ദ്രൻ
[തിരുത്തുക]നവാബ് രാജേന്ദ്രൻ എന്ന പത്ര പ്രവർത്തകനെ മർദ്ദിച്ചു ഒതുക്കിയതിൽ ഈ ഓഫീസർ പ്രധാന പങ്കു വഹിച്ചു. കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി ഇല്ലാതാക്കാവുന്ന ചില കത്തിടപാടുകൾ നവാബ് രാജേന്ദ്രന്റെ കൈവശം ലഭിച്ചു. 'നവാബ്' എന്ന പത്രം നടത്തിയിരുന്ന രാജേന്ദ്രൻ ഈ കത്തുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഗത്യന്തരമില്ലാതെ കരുണാകരൻ ജയറാം പടിക്കലിന്റെ സഹായം തേടി. ഈ സംഭവത്തെ കുറിച്ച് വിശദമായി നവാബ് രാജേന്ദ്രന്റെ ജീവചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
രാജേന്ദ്രന്റെ രീതികൾ സൂക്ഷമമായി നിരീക്ഷിച്ച പടിക്കൽ, രാജേന്ദ്രനെ മദ്യപിപിച്ചാൽ വിവരങ്ങൾ കിട്ടാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കി. അപ്രകാരം തന്നെ തൃശൂർ പട്ടണത്തിൽ വെച്ച് നവാബ് രാജേന്ദ്രനെ കാണുകയും, അയാൾക്ക് ഒരു മദ്യ സൽക്കാരം കൊടുക്കുകയും ചെയ്തു. അതിന്റെ ഒടുവിൽ ആയി, കത്തുകൾ പടിക്കൽ കൈവശം ആക്കി അതു നശിപ്പിച്ചു കളഞ്ഞു. തികച്ചും അധാർമ്മികവും, നിയമവിരുദ്ധവും ആയ ഈ പ്രവൃത്തിയെപ്പറ്റി പടിക്കൽ പിന്നീട് പശ്ചാത്തപിച്ചിരുന്നു.
പോലീസ് സേനയിൽ നിന്നും വിരമിച്ച ശേഷം , എറണാകുളം നോർത്ത് റെയിൽവേ സ്റ്റെഷനിൽ നിന്നും എറണാകുളം നോർത്തിൽ തന്നെയുള്ള സ്വ ഭവനത്തിലേക്ക് പോകുന്ന വഴി അദ്ദേഹത്തെ ചില അജ്ഞാതർ കഠിനമായി മർദിക്കുകയുണ്ടായി. തുടർന്ന് രോഗബാധിതനായ ജയറാം പടിക്കൽ 1997-ൽ അന്തരിച്ചു.