ഇസ്ലാം മതം കേരളത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Islam in Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കേരളത്തിലെ മതങ്ങൾ
മതം ശതമാനം
ഹിന്ദുമതം
56.2%
ഇസ്ലാം
24.7%
ക്രിസ്തുമതം
19.0%
മറ്റുള്ളവർ
1.1%

കേരളത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. 2001-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ 24.7% പേർ ഇസ്ലാം മതവിശ്വാസികളാണ്.[1] ഉത്തരേന്ത്യയിൽ മദ്ധ്യേഷ്യൻ ഗോത്രങ്ങളിലൂടെ ഈ മതം എത്തിപ്പെടുന്നതിനു മുൻപുതന്നെ കേരളത്തിന്റെ തീരങ്ങളിൽ അറബ് വ്യാപാരികളിലൂടെ ഇസ്ലാം എത്തിപ്പെട്ടിരുന്നു.

പ്രവാചകൻ മുഹമ്മദിന്റെ കാലത്തിനു മുൻപുതന്നെ അറേബ്യയും കേരളവും തമ്മിൽ വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. എ.ഡി. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ അറബ് വ്യാപാരികൾ ഈ പ്രദേശത്ത് ഇസ്ലാം മതം എത്തിച്ചിട്ടുണ്ടാവാം. ജൂതന്മാരെയും ക്രിസ്ത്യാനികളെയും പോലെ അറബികളും കൊടുങ്ങല്ലൂരിൽ താമസമുറപ്പിക്കുകയും പട്ടണത്തിന്റെ ഒരു ഭാഗത്ത് ത‌ങ്ങളുടെ കോളനി സ്ഥാപിക്കുകയും ചെയ്തു. പാരമ്പര്യവിശ്വാസമനുസരിച്ച് ചേര രാജാക്കന്മാരിൽ അവസാനത്തെയാളായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജ് കർമ്മം അനുഷ്ടിക്കുകയും ചെയ്തത് ഇസ്ലാം മതത്തിന്റെ പ്രചാരത്തിന് കാരണമായി.[2]

കോഴിക്കോട് സാമൂതിരിമാരുടെ സംരക്ഷണവും കേരളത്തിൽ ഇസ്ലാം മതത്തിന് പ്രചാരം ലഭിക്കുന്നതിന് കാരണമായി.[2] മുസ്ലീങ്ങൾക്ക് രാജ്യത്തിൽ പ്രബലമായ ശക്തിയുണ്ടായിരുന്നു. സാമൂതിരിയുടെ സഭയിലും അവർക്ക് വലിയ സ്ഥാനമാണുണ്ടായിരുന്നത്. 1498-ൽ പോർച്ചുഗീസുകാരുടെ വരവ് മുസ്ലീം സമുദായത്തിന്റെ സ്വാധീനം കുറയാൻ കാരണമായി. പിന്നീടുള്ള കോളനിഭരണകാലത്ത് "കീഴ്ജാതി" ഹിന്ദു വിഭാഗങ്ങൾ ഇസ്ലാം മതത്തിൽ ചേർന്നത് ഇസ്ലാമിന്റെ വളർച്ചയ്ക്ക് കാരണമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിപക്ഷവും ഭൂരഹിതരായ തൊഴിലാളികളും ദരിദ്രരായ മീൻപിടുത്തക്കാരും ചെറുകിട കച്ചവടക്കാരുമായിരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ രാജ്യം നടത്തിയ ആക്രമണങ്ങളോടെയാണ്. 1766-നു ശേഷം കാൽ നൂറ്റാണ്ടോളം മുസ്ലീങ്ങളായിരുന്നു മലബാർ പ്രദേശത്തെ പ്രബല വിഭാഗം. ബ്രിട്ടീഷുകാരുടെയും ഹിന്ദു രാജാക്കന്മാരുടെയും സഖ്യം 1792-ൽ വിജയം നേടിയത് മുസ്ലീങ്ങൾ ഒരിക്കൽക്കൂടി സാമൂഹികമായി കീഴ്പ്പെടുന്നതിന് കാരണമായി.[3]

ഈ സാഹചര്യങ്ങൾ മാപ്പിള കലാപങ്ങൾ (1836-1919), മാപ്പിള ലഹള (1921-2) എന്നിങ്ങനെയുള്ള കലാപങ്ങൾക്ക് കാരണമായി.[3] കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ മുസ്ലീം സമുദായത്തിൽ കാര്യമായ സാമൂഹിക മാറ്റങ്ങളുണ്ടായിട്ടുണ്ട്.[4]

1930-കളിൽ അറേബ്യൻ മുനമ്പിൽ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതും 1950-കളുടെ ആദ്യം മുതൽ വൻതോതിൽ ഇത് കുഴിച്ചെടുക്കപ്പെടാൻ തുടങ്ങിയതും ഈ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് വൻ മാറ്റങ്ങളുണ്ടാക്കി. 1972-1983 കാലഘട്ടത്തിൽ കേരള മുസ്ലീങ്ങളും മറ്റു മതവിഭാഗത്തിൽ പെട്ടവരും വൻതോതിൽ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് തൊഴിൽ തേടി പോകാൻ തുടങ്ങി. ഈ കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. ഇവർ തൊഴിലാളികളായും, വീട്ടുപണിക്കാരായും, അവിദഗ്ദ്ധജോലിക്കാരായും മറ്റുമാണ് അധികവും ജോലി ചെയ്യുന്നത്. 2008-ൽ ഗ‌ൾഫ് രാജ്യങ്ങളിൽ 25 ലക്ഷത്തിലധികം മലയാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. വർഷം തോറും 6.81 ബില്യൺ ഡോളറാണ് ഇവർ നാട്ടിലേയ്ക്കയക്കുന്നത്. 2008-ൽ ഇന്ത്യയ്ക്ക് ഇത്തരത്തിൽ ലഭിച്ച വിദേശനാണ്യത്തിന്റെ 15% വരും ഇത്.

അവലംബം[തിരുത്തുക]

  1. "Census of India". ശേഖരിച്ചത് 2009-04-12.
  2. 2.0 2.1 The Legacy of Kerla - A. Sreedhara Menon - Google Books. Books.google.co.in. ശേഖരിച്ചത് 2012-11-16.
  3. 3.0 3.1 Communism in Kerala: A Study in Political Adaptation - Thomas Johnson Nossiter - Google Books. Books.google.co.in. ശേഖരിച്ചത് 2012-11-15.
  4. Cultural heritage of Kerala - A Sreedhara Menon - Google Books. Books.google.co.in. ശേഖരിച്ചത് 2012-11-16.
"https://ml.wikipedia.org/w/index.php?title=ഇസ്ലാം_മതം_കേരളത്തിൽ&oldid=2917676" എന്ന താളിൽനിന്ന് ശേഖരിച്ചത്