അന്താരാഷ്ട്ര നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International law എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Providing a constitution for public international law, the United Nations system was agreed during World War II

നിയമത്തിന്റെ പ്രധാന തരംതിരുവുകളാണ് രാഷ്ടാന്തരവ്യവഹാര സംബന്ധിയായ അന്തർദേശീയ നിയമവും അതത് രാജ്യങ്ങളിലെ വ്യക്തി-സമൂഹക്രമം സംബന്ധിച്ച തദ്ദേശീയ നിയമവും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും ഇടപാടുകളെയും സമാധാനകാലത്തും യുദ്ധകാലത്തും യുദ്ധപരിതഃസ്ഥിതിയിലും നിയന്ത്രിക്കുന്ന നിയമവ്യവസ്ഥയാണ് അന്താരാഷ്ട്ര നിയമം അഥവാ അന്തർദ്ദേശീയ നിയമം (International Law). സാധാരണനിയമത്തിൽ വ്യക്തികൾക്കുള്ള സ്ഥാനം അന്താരാഷ്ട്രനിയമത്തിൽ രാഷ്ട്രങ്ങൾക്കാണ്. രണ്ടാംലോകയുദ്ധത്തിനുമുൻപ് നിലവിലിരുന്ന പരിതഃസ്ഥിതികൾക്കനുയോജ്യമായി അന്താരാഷ്ട്രനിയമത്തെ നിർവചിച്ചിരുന്നത് നാഗരികത കൈവന്നിട്ടുള്ള രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകളെ സംബന്ധിച്ച ആചാരങ്ങളും കീഴ്വഴക്കങ്ങളും അടങ്ങിയ ഒരു സംഹിതയായിട്ടാണ്. എന്നാൽ അതിനുശേഷം അന്താരാഷ്ട്രസ്ഥാപനങ്ങളുടെയും സംഘടനയുടെയും സംവിധാനക്രമങ്ങളും, പ്രസ്തുത സംഘടനയുടെ അധികാരപരിധികളും അവയ്ക്ക് രാഷ്ട്രങ്ങളോടും വ്യക്തികളോടും ഉള്ള ബന്ധങ്ങളും അന്താരാഷ്ട്രനിയമത്തിന്റെ പരിധിയിൽ പെടുത്താവുന്നതാണെന്നു വന്നു.

ചരിത്രപശ്ചാത്തലം[തിരുത്തുക]

ഇന്നറിയപ്പെടുന്ന തരത്തിലുള്ള അന്താരാഷ്ട്രനിയമത്തിന് ഏകദേശം 400 വർഷത്തെ പഴക്കംവരും. ജെറമി ബന്താം (1748-1832) എന്ന ബ്രിട്ടിഷ് നിയമജ്ഞനാണ് 'ഇന്റർനാഷണൽ' (International) എന്ന പദം ആദ്യമായി പ്രയോഗത്തിൽ വരുത്തിയതെന്ന് കരുതപ്പെടുന്നു. എന്നാൽ ഡച്ചുരാഷ്ട്രതന്ത്രജ്ഞനായ ഹ്യൂഗോഗ്രോഷിയസ് (1583-1645) ആണ് അന്താരാഷ്ട്രനിയമസംബന്ധമായ ആദ്യകാലഗ്രന്ഥകാരൻമാരിൽ പ്രമുഖനായി പരിഗണിക്കപ്പെടുന്നത്. 1625-ൽ പ്രസിദ്ധീകരിക്കപ്പെട്ട യുദ്ധത്തെയും സമാധാനത്തെയും സംബന്ധിക്കുന്ന നിയമം ( De jure belli ac pacis) എന്ന അദ്ദേഹത്തിന്റെ കൃതിയാണ് ഇതെപ്പറ്റിയുള്ള ആദ്യത്തെ സുപ്രധാനഗ്രന്ഥം. അന്താരാഷ്ട്ര നിയമത്തിന്റെ പിതാവെന്നു പരിഗണിക്കപ്പെട്ടു വരുന്ന ഗ്രോഷിയസ്, ഡച്ചുനിയമജ്ഞനും ദാർശനികനും നയതന്ത്രജ്ഞനും ആയിരുന്നു. ഇതിനുമുൻപ് അന്താരാഷ്ട്രനിയമത്തിന്റെ വിവിധവശങ്ങളെപ്പറ്റി പലരും പരാമർശിച്ചിരുന്നുവെങ്കിലും ഗ്രോഷിയസിന്റെ മുൻചൊന്ന ഗ്രന്ഥമാണ് പ്രസ്തുതനിയമസംഹിതയെ ആധികാരികമായി വ്യവസ്ഥാപിച്ചത്.

1648-ലെ വെസ്റ്റ്ഫേലിയ ഉടമ്പടി യൂറോപ്യൻ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. അത് 30 വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുകയും യൂറോപ്പിൽ ഒരു നവീന രാഷ്ട്രസംവിധാനത്തിനു വഴിതെളിക്കുകയും ചെയ്തു. ഇതോടുകൂടി പുതിയ വഴക്കങ്ങളും ആചാരമുറകളും നടപ്പിൽവന്നു. ഈ കാലഘട്ടത്തിൽ തന്നെ പലനിയമപണ്ഡിതൻമാരും അന്താരാഷ്ട്രനിയമത്തിന്റെ വിവിധവശങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഗ്രന്ഥാവലികൾ പ്രസിദ്ധീകരിച്ചുതുടങ്ങി. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു പേരാണ് സ്വിസ് നിയമപണ്ഡിതനും നയതന്ത്രജ്ഞനും ആയ എമേർ ഡേ വാറ്റലിന്റേത് (1714-67).

നവോത്ഥാനകാലഘട്ടത്തിനും മതപരിഷ്കരണത്തിനും ശേഷമാണ് അന്താരാഷ്ട്രനിയമത്തിന്റെ ശരിയായ തുടക്കം. 18-ാം ശ.-ത്തിൽ ആചാരമുറകളിലും ഉടമ്പടിവ്യവസ്ഥകളിലും അധിഷ്ഠിതമായി അന്താരാഷ്ട്രനിയമം വ്യക്തമായ രൂപംകൊള്ളാൻ തുടങ്ങി. പ്രാചീനഗ്രീസിലെയും റോമിലെയും നിയമങ്ങളുടെ അടിസ്ഥാനതത്ത്വമായിരുന്ന സ്വാഭാവികനിയമം (Natural Law) ആണ് അന്താരാഷ്ട്രനിയമത്തിന്റെ ആധാരമായി ആദ്യം പരിഗണിച്ചുവന്നത്. നാച്ച്വറലിസ്റ്റുകൾ (Naturalists) സ്വാഭാവികനിയമവും പോസിറ്റിവിസ്റ്റുകൾ (Positivists) ആചാരവും അന്താരാഷ്ട്രക്കരാറുകളും ഗ്രോഷിയസിന്റെ അനുയായികൾ മേല്പറഞ്ഞവ രണ്ടും അന്താരാഷ്ട്രനിയമസംഹിതയുടെ ആധാരശിലകളെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവന്നു.

19-ാം ശ.-ത്തിൽ അന്താരാഷ്ട്രനിയമത്തിന് ഗണനീയമായ വികാസം ഉണ്ടായി. ലോകരാഷ്ട്രസമുച്ചയത്തിൽ അന്യോന്യബന്ധങ്ങൾക്കുണ്ടായ പുരോഗതിയും മറ്റു രാജ്യങ്ങളിലേക്കുള്ള യൂറോപ്യൻ സംസ്കാരവ്യാപനവും ഗതാഗതസൌകര്യങ്ങളുടെ വികാസവും യുദ്ധമുറകളുടെ വിനാശകത്വവും നൂതന കണ്ടുപിടിത്തങ്ങളുടെ വർധമാനമായ സ്വാധീനതയും അന്താരാഷ്ട്രബന്ധങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ട പുതിയ ആചാരമുറകൾ ആവശ്യമാക്കിത്തീർത്തു. യുദ്ധത്തെയും നിഷ്പക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു. 1872-ലെ 'അലബാമാ ക്ളെയിംസ് അവാർഡ്' അന്താരാഷ്ട്രനിയമത്തിൽ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറന്നു. അന്താരാഷ്ട്രമധ്യസ്ഥത മുഖേന തർക്കങ്ങൾ തീർക്കുന്നതിന് ട്രൈബ്യൂണലുകളും അവയുടെ വിധിന്യായങ്ങളിൽനിന്ന് പുതിയ ചട്ടങ്ങളും സിദ്ധാന്തങ്ങളും രൂപംകൊണ്ടു. അന്യോന്യചർച്ചകൾ മുഖാന്തരം തർക്കങ്ങൾ തീർക്കുന്നതിനു സ്വീകാര്യമായ ഒരു നീക്കം സാർവത്രികമായി കണ്ടുതുടങ്ങി. ജെയിംസ് കെന്റ് (1763-1847- യു.എസ്.), വിറ്റൺ (യു.എസ്.), ഫില്ലിമോർ (ഇംഗ്ളണ്ട്), കാൽവോ (ആർജന്റീന), ഹാൾ (ഇംഗ്ളണ്ട്) തുടങ്ങി പല സുപ്രസിദ്ധ നിയമജ്ഞൻമാരും 19-ാം ശ.-ത്തിൽ അന്താരാഷ്ട്രനിയമത്തിന്റെ പുരോഗതിക്കു സഹായകരമായ പല ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ പ്രായോഗിക ചട്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കുകയും സ്വാഭാവികനിയമത്തിന് മുമ്പുണ്ടായിരുന്നത്ര പ്രാധാന്യം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഗ്രന്ഥകാരൻമാർ ആവിഷ്കരിക്കുന്നതായിക്കാണാം. കീഴ്നടപ്പുകളുടെയും കരാറുകളുടെയും അഭാവത്തിൽ സാർവലൌകികനിയമവും രാഷ്ട്രാന്തരീയ ബന്ധങ്ങളും എന്തടിസ്ഥാനത്തിലായിരിക്കണമെന്നും മേല്പറഞ്ഞ ഗ്രന്ഥകാരൻമാർ തന്നെ നിർദ്ദേശിക്കാനും തുടങ്ങി. ഇപ്രകാരം നിയമജ്ഞൻമാർ നല്കിയ നിർദ്ദേശങ്ങൾ പ്രാമാണികസ്വഭാവത്തോടുകൂടിയ ചട്ടങ്ങളായി രൂപാന്തരപ്പെട്ടു.

19-ാം ശ.-ത്തിന്റെ മറ്റൊരു സംഭാവനയാണ് അന്താരാഷ്ട്രസമ്മേളനങ്ങൾ. അന്താരാഷ്ട്രനിയമത്തിന്റെ തുടക്കം കുറിച്ചതുതന്നെ 'വിയന്നാ കോൺഗ്രസ്' (1850) ആണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധങ്ങളെയും അന്താരാഷ്ട്രനദികളിലൂടെയുള്ള ഗതാഗതത്തെയും സംബന്ധിച്ച് പല ചട്ടങ്ങളും പ്രസ്തുത കോൺഗ്രസ് ക്രോഡീകരിച്ചു. 1856-ലെ 'പാരീസ് സമ്മേളനം' സമുദ്രത്തിൽ വച്ചുള്ള യുദ്ധമുറകളെ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ ചിട്ടപ്പെടുത്തി. 1864-ലെ 'ജനീവാ കൺവെൻഷൻ' കരയിൽവച്ചുള്ള യുദ്ധത്തിൽ മുറിവേല്ക്കുന്നവരെയും രോഗികളാകുന്നവരെയും ശുശ്രൂഷിക്കുന്നതിനുവേണ്ട നിബന്ധനകൾ നിർദ്ദേശിച്ചു. കൂടാതെ, സാമൂഹികവും സാമ്പത്തികവും ആയ പല പൊതുപ്രശ്നങ്ങളും ഇത്തരത്തിലുള്ള അന്താരാഷ്ട്രസമ്മേളനങ്ങളും കൺവെൻഷനുകളും കൈകാര്യം ചെയ്യുകയുണ്ടായി. 1899-ലെ 'ഹേഗ് സമ്മേളനം' രാഷ്ട്രങ്ങളുടെ ആയുധ സംഭരണത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ ശ്രദ്ധചെലുത്തി.

20-ാം ശ.-ത്തിൽ അന്താരാഷ്ട്രനിയമസങ്കല്പത്തിന് വളരെ പ്രധാനമായ പുതിയ മൂല്യകല്പനകൾ പലതും കൈവന്നു. 1907-ലെ ഹേഗ്സമ്മേളനം യുദ്ധത്തിന്റെ നിഷ്ഠുരതയെ കുറയ്ക്കാനാണ് പ്രധാനമായി ശ്രമിച്ചതെങ്കിലും സ്ഥിരമായി 'ലോക ആർബിട്രേഷൻ കോടതി' ഹേഗിൽ സ്ഥാപിച്ചതാണ് അതിന്റെ മുഖ്യമായ നേട്ടം. ഒന്നാം ലോകയുദ്ധത്തിനുശേഷം 'വാഴ്സയിൽ ഉടമ്പടി' (1919), സർവരാജ്യസഖ്യം (League of Nations) എന്ന ലോകസംഘടനയുടെ സൃഷ്ടിക്കു വഴിതെളിച്ചു. ലോകസമാധാനം കൈവരുത്തുകയും ലോകരാഷ്ട്രങ്ങൾക്കിടയിൽ കൂടുതൽ സഹകരണമനോഭാവം സഞ്ജാതമാക്കുകയും ആയിരുന്നു പ്രസ്തുതസംഘടനയുടെ ലക്ഷ്യം. (permanent Court of International Justice) എന്ന പേരിൽ ഒരു അന്താരാഷ്ട്രനീതിന്യായക്കോടതി 1921-ൽ സ്ഥാപിതമായി. ഇത് 1946-ൽ നിലവിൽവന്ന ലോകകോടതി(International Court of Justice)യുടെ മുന്നോടിയായിരുന്നു. ലീഗ് ഓഫ് നേഷൻസ് പരാജയപ്പെട്ടു. എന്നാൽ രണ്ടാം ലോകയുദ്ധത്തിനുശേഷം സ്ഥാപിതമായ ഐക്യരാഷ്ട്രസംഘടന മറ്റൊരു ലോകയുദ്ധത്തിൽ നിന്നും ലോകത്തെ രക്ഷിക്കാനുള്ള അന്താരാഷ്ട്രയത്നങ്ങളുടെ അടിത്തറ പാകി.

ആധുനിക കാലഘട്ടത്തിൽ ഗ്രന്ഥങ്ങളിൽ ഉപപാദിതമായ സിദ്ധാന്തങ്ങളെക്കാൾ രാഷ്ട്രാന്തരീയ ആചാരക്രമങ്ങളും കരാറുകളും ലോകകോടതിയുടെയും മറ്റും വിധിന്യായങ്ങളുമാണ് കൂടുതൽ പ്രസക്തമായി കണ്ടുവരുന്നത്. പ്രാചീനവും പുറംതള്ളപ്പെട്ടവയുമായ സിദ്ധാന്തങ്ങളുടെ സ്ഥാനം ആധുനിക കാലഘട്ടത്തിനനുയോജ്യമായ നൂതന പ്രവണതകളും സിദ്ധാന്തങ്ങളും രാഷ്ട്രീയ സ്ഥിതിവിശേഷങ്ങളും പിടിച്ചുപറ്റിക്കഴിഞ്ഞു. സർവോപരി അണുശക്തിയുടെ ഉപയോഗവും ബഹിരാകാശസഞ്ചാരവും പുതിയ പരിതഃസ്ഥിതികളും വിരുദ്ധ താത്പര്യങ്ങളും സൃഷ്ടിക്കുകയും അവ അന്താരാഷ്ട്രനിയമസംഹിതയുടെ ഒരു പുനരാവിഷ്കരണം നിർബന്ധമാക്കിത്തീർക്കുകയും ചെയ്യുന്നു.

ആധുനിക പ്രാധാന്യം[തിരുത്തുക]

അന്താരാഷ്ട്രനിയമം രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമായ ചട്ടങ്ങളുടെ സംഹിതയാണ്. ക്രമീകൃതവും വ്യവസ്ഥാപിതവുമായ ഒരു അന്താരാഷ്ട്രനിയമസംഹിതയില്ലെങ്കിൽ ലോകരാഷ്ട്രസമുച്ചയത്തിൽ ജനതയ്ക്ക് വ്യാപാരം, വിജ്ഞാനവിനിമയം തുടങ്ങിയവയെ സംബന്ധിച്ച പ്രയോജനങ്ങൾ കൈവരുത്തുക അസാധ്യമായിത്തീരും. ലോകചരിത്രത്തിൽ മറ്റേതൊരു കാലഘട്ടത്തെയും അപേക്ഷിച്ച് കഴിഞ്ഞ അര ശ.-ത്തിലാണ് അന്താരാഷ്ട്രനിയമത്തിന് വികാസവും ക്രമവത്കരണവും വന്നിട്ടുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള അനുപേക്ഷണീയമായ പരസ്പരാശ്രയത്വവും സമയം, ദൂരം, ആശയവിനിമയം എന്നിവയിലുള്ള വൈഷമ്യങ്ങളെ അതിജീവിച്ചുകൊണ്ടുണ്ടായിട്ടുള്ള പുതിയ കണ്ടുപിടിത്തങ്ങളും അന്താരാഷ്ട്രനിയമത്തിന്റെ പുരോഗതിക്കു കാരണമായി. 1947-ൽ അന്താരാഷ്ട്രനിയമക്കമ്മിഷന്റെ (Interna-tional Law Commission) നിയമനം ഇക്കാര്യത്തിൽ ശ്രദ്ധേയമായ ഒരു കാല്വയ്പാണ്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രനിയമത്തെ ക്രോഡീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് പ്രസ്തുത കമ്മിഷൻ ആവിർഭവിച്ചത്. 1949 മുതൽ ഈ കമ്മിഷൻ അതിന്റെ പ്രവൃത്തി ആരംഭിച്ചു. 'സ്റ്റേറ്റുകളുടെ മൌലികമായ ബാദ്ധ്യതകളും അവകാശങ്ങളും', 'മനുഷ്യസമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷിതത്ത്വത്തിനും എതിരായുള്ള കുറ്റകൃത്യങ്ങൾ', 'അന്താരാഷ്ട്രക്കരാറുകളിൽ ഏർപ്പെടുത്താവുന്ന നിബന്ധനകൾ', 'പുറംകടലുകളിലുള്ള അവകാശങ്ങൾ', 'ആർബിട്രേഷൻ നടപടിക്രമങ്ങൾ', 'അന്താരാഷ്ട്ര ക്രിമിനൽ നടപടികൾ സംബന്ധിച്ച അധികാര പരിധികൾ', 'നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച കാര്യങ്ങൾ', 'സ്റ്റേറ്റുകളും അന്താരാഷ്ട്രസംഘടനകളും തമ്മിലുള്ള ബന്ധം' തുടങ്ങിയവ കമ്മിഷന്റെ പരിഗണനയ്ക്കു വിധേയമായി. നിയമത്തിന്റെ നിഷ്കൃഷ്ടമായ അർഥത്തിൽ അന്താരാഷ്ട്രനിയമത്തെ അതിൽപ്പെടുത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അന്താരാഷ്ട്രനിയമത്തിന് നിലനില്പുതന്നെയുണ്ടോ എന്ന് ഒരു ചോദ്യവും ഉയർന്നിട്ടുണ്ട്. ഇതിനു പ്രധാന കാരണം അന്താരാഷ്ട്ര നിയമത്തിന്റെ മുഖ്യോദ്ദേശ്യം സമാധാനസംരക്ഷണമാണെന്നതും അന്താരാഷ്ട്രനിയമത്തിന്റെ നൂതനവശങ്ങൾക്ക് ശരിയായ പ്രസിദ്ധീകരണം സിദ്ധിച്ചിട്ടില്ലെന്നതും ആണ്. എന്നാൽ യുദ്ധവും സമാധാനവും സംബന്ധിച്ച പ്രശ്നങ്ങളോടൊപ്പം അന്താരാഷ്ട്രപ്രാധാന്യമുള്ള പല കാര്യങ്ങളും ആധുനിക അന്താരാഷ്ട്രനിയമത്തിൽ ഉൾപ്പെടുന്നു. പുറംനാടുകളിലുള്ള പൌരൻമാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളും നാടുകടത്തൽ, പൌരത്വം, ദേശീയത തുടങ്ങിയവ സംബന്ധിച്ച പ്രശ്നങ്ങളും കുറ്റവാളികളുടെ കൈമാറ്റവും, അന്താരാഷ്ട്രക്കരാറുകളുടെ വ്യാഖ്യാനവും, വ്യാപാരം, വാണിജ്യം, ഗതാഗതം തുടങ്ങിയവ സംബന്ധിച്ച ഏർപ്പാടുകളും അന്താരാഷ്ട്രനിയമം ഇന്നു കൈകാര്യം ചെയ്യുന്നുണ്ട്. ചില സന്ദർഭങ്ങളിൽ അന്താരാഷ്ട്രനിയമത്തിന്റെ നിഷേധം യുദ്ധത്തിലേക്കു രാജ്യങ്ങളെ നയിക്കുകയും അത് അന്താരാഷ്ട്രനിയമത്തിന്റെ പരാജയമായി പരിഗണിക്കപ്പെടുകയും ചെയ്യാറുണ്ട്.

എന്നാൽ ഇത് എത്രമാത്രം ശരിയാണെന്ന് തീർത്തുപറഞ്ഞുകൂടാ. യുദ്ധകാലത്ത് അന്താരാഷ്ട്രനിയമം തകർന്നു പോകുന്നു എന്നുപറയുന്നത് ഒട്ടും ശരിയല്ല. യുദ്ധകാല പരിതഃസ്ഥിതിയിലും രാജ്യങ്ങൾ അനുഷ്ഠിക്കേണ്ട പല അന്താരാഷ്ട്രനിയമതത്ത്വങ്ങളും ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചേരിചേരാനയം സംബന്ധിച്ചും ഇത് പ്രസക്തമാണ്. ഒരു രാജ്യത്തിലെ സാധാരണനിയമത്തിന്റെ കാര്യമെടുത്താലും നിയമം ലംഘിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് നിയമത്തിന്റെ അസ്തിത്വം നിഷേധിക്കാവുന്നതല്ല. ഒരു രാജ്യത്തിലെ സാധാരണനിയമംകൊണ്ടുദ്ദേശിക്കുന്ന ശാശ്വതമായ ആഭ്യന്തരസമാധാനവും സുഗമവും സുലഭവും ചെലവുകുറഞ്ഞതുമായ നീതിനിർവഹണവും ഫലപ്രദമായില്ലെങ്കിൽ അവിടെ നിയമമില്ലെന്ന് കരുതാൻ സാധിക്കില്ല. അന്താരാഷ്ട്രസമാധാനം നിലനിർത്തി യുദ്ധവും കിടമത്സരങ്ങളും തുടച്ചുനീക്കണമെന്നുള്ളതാണ് അന്താരാഷ്ട്രനിയമത്തിന്റെ പരമോന്നതമായ ഉദ്ദേശ്യമെങ്കിലും അത് സാധിതപ്രായമായിട്ടുണ്ടെന്ന് പ്രസ്തുത നിയമവിഭാഗം തന്നെ അവകാശപ്പെടുന്നില്ല. ബ്രിട്ടിഷ് നിയമ ശാസ്ത്രജ്ഞനായിരുന്ന ജോൺ ആസ്റ്റിൻ (1830-1920) അഭിപ്രായപ്പെട്ടത്, അന്താരാഷ്ട്രനിയമം ശരിയായ അർഥത്തിൽ ഒരു നിയമമല്ല, ചില ക്ളബ്ബുകളെയും സൊസൈറ്റികളെയും നിയന്ത്രിക്കുന്ന നിർദ്ദേശകതത്ത്വങ്ങൾപോലെയുള്ള ചില വ്യവസ്ഥകൾ മാത്രമാണെന്നാണ്. അദ്ദേഹത്തിന്റെ ഭാഷയിൽ, അതിനു പരമാവധി നല്കാവുന്ന പേര് 'അനിഷേധ്യമായ അന്താരാഷ്ട്രസദാചാരം' (Positive International morality) എന്നാണ്. നിയമം നിയമമാകുന്നതിന് ഒരു പരമാധികാരനിയമനിർമ്മാണ സ്ഥാപനത്തിന്റെ ആവശ്യകത നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ആസ്റ്റിന്റെ പ്രമാണങ്ങൾക്ക് പ്രസക്തിയുണ്ടായിരുന്നത്. അതിനാൽ ആസ്റ്റിൻ തന്നെ പറഞ്ഞത് അന്താരാഷ്ട്രനിയമം രാഷ്ട്രങ്ങൾക്കിടയിൽ നിലനിന്നിരുന്ന ചില അഭിപ്രായഗതികളും ധാരണകളും മാത്രമാണെന്നാണ്. അന്താരാഷ്ട്രനിയമനിർമ്മാണത്തിന് പരമാധികാരസമിതിയോ സഭയോ ഇല്ലെന്നതും ഉള്ള നിയമങ്ങൾ തന്നെ പരമാധികാരയുക്തമല്ലെന്നതും അന്താരാഷ്ട്രനിയമത്തിന് നിയമപ്രാബല്യം ഇല്ലെന്നതിന് ഉപോദ്ബലകമായ തെളിവുകളാണ്.

എന്നാൽ, ആസ്റ്റിന്റെ കാലത്ത് പ്രാബല്യത്തിലിരുന്ന പല സിദ്ധാന്തങ്ങളും ഇന്ന് കാലഹരണപ്പെട്ടു തുടങ്ങിയിരിക്കുന്നു. പല സമയത്തും സന്ദർഭങ്ങളിലും നിയമനിർമ്മാണസഭകളുടെ അഭാവത്തിൽ നിയമവ്യവസ്ഥകൾ പല ജനസമൂഹങ്ങളുടെയിടയിലും അംഗീകരിച്ച് നടപ്പിൽ വരുത്തിയിരുന്നതായി കാണാം. അതുപോലെതന്നെ കഴിഞ്ഞ 50 വർഷങ്ങളിൽ അന്താരാഷ്ട്രനിയമനിർമ്മാണം വിപുലമായ തോതിൽ നടന്നിട്ടുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. അന്താരാഷ്ട്രസമ്മേളനങ്ങളും കൺവെൻഷനുകളും അംഗീകരിച്ച ആചാരങ്ങളും മര്യാദകളും അന്താരാഷ്ട്രനിയമത്തിന്റെ സുപ്രധാനഭാഗമായിത്തീർന്നിട്ടുണ്ട്. ഉദാ. 1958-ലെ 'ജനീവാ കൺവെൻഷൻ', 1961-ലെ 'വീയന്നാ കൺവെൻഷൻ' തുടങ്ങിയവ. രണ്ടാമത്തെ കൺവെൻഷൻ ബന്ധപ്പെട്ട കക്ഷികളുടെ സമ്മതപ്രകാരം നയതന്ത്രബന്ധങ്ങളും നയതന്ത്രപ്രതിനിധികൾക്കു നല്കേണ്ട സംരക്ഷണങ്ങളും പ്രത്യേക അവകാശങ്ങളും ക്രോഡീകരിച്ചു.

നിയമപ്രാബല്യം[തിരുത്തുക]

മിക്കരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെ തീരുമാനങ്ങൾ ആദരിക്കുന്നു. അന്താരാഷ്ട്രസമിതികൾ, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അന്താരാഷ്ട്രനിയമം അടിസ്ഥാനമാക്കിത്തന്നെയാണ് പരിഗണിക്കുന്നത്. പല രാജ്യങ്ങളിലും കോടതികൾ അന്താരാഷ്ട്രനിയമത്തെ അംഗീകരിച്ചുകഴിഞ്ഞിരിക്കുകയാണ്. ഉദാ. യു.എസ്. സുപ്രീംകോടതി പലപ്പോഴും അന്താരാഷ്ട്രനിയമങ്ങളെ ആദരിച്ചിട്ടുണ്ട്. 'അന്താരാഷ്ട്രനിയമത്തെ ലംഘിക്കുംവിധം അമേരിക്കൻ നിയമത്തെ വ്യാഖ്യാനിക്കുവാൻ പാടില്ല' എന്ന് യു.എസ്. ചീഫ് ജസ്റ്റിസ് ജോൺ മാർഷൽ (1755-1835) അഭിപ്രായപ്പെട്ടിട്ടുണ്ട്. യു.എസ്. ഭരണഘടനയിലെ ആറാം ഖണ്ഡികയിൽ അന്താരാഷ്ട്രക്കരാറുകൾക്ക് മാന്യസ്ഥാനമാണ് കല്പിച്ചിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശകതത്ത്വങ്ങളുടെ കൂട്ടത്തിൽ അന്താരാഷ്ട്രനിയമത്തിന്റെ പ്രസക്തി പ്രത്യേകം ചൂണ്ടിക്കാണിച്ചിരിക്കുന്നു. രാഷ്ട്രാന്തരങ്ങളിൽ സമാധാനവും സുരക്ഷിതത്ത്വവും അഭിവൃദ്ധിപ്പെടുത്തുന്നതിനും രാഷ്ട്രങ്ങൾ തമ്മിൽ ന്യായവും മാന്യവുമായ ബന്ധങ്ങൾ നിലനിർത്തുന്നതിനും അന്താരാഷ്ട്രതർക്കങ്ങളെ മധ്യസ്ഥതീരുമാനംവഴി പരിഹരിക്കുന്നതിനും ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നു (51-ാം വകുപ്പ്). ഇതിലെ 'സി' ഉപവകുപ്പ് അന്താരാഷ്ട്രനിയമത്തെ മാനിക്കുവാനും അന്താരാഷ്ട്രബന്ധങ്ങളിൽ കരാർബാദ്ധ്യതകൾ പാലിക്കുവാനും സ്റ്റേറ്റിനോടു നിർദ്ദേശിക്കുന്നു.

1945-ലെ 'സാൻഫ്രാൻസിസ്കോ സമ്മേളനം' അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ചുളള അന്താരാഷ്ട്രനിയമം സാർവലൌകികമായി അംഗീകരിക്കപ്പെടുകയും പ്രസ്തുത ചാർട്ടറിനാൽ തന്നെ രൂപവത്കരിക്കപ്പെട്ട ലോകകോടതി മുഖാന്തരം നടപ്പിലാക്കേണ്ട നിയമമായി സ്റ്റാറ്റ്യൂട്ടുകളിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും അന്താരാഷ്ട്രനിയമം വിശദാംശങ്ങളിൽ പലപ്പോഴും അസന്നിഗ്ധമോ നിർണീതമോ അല്ലാതെയാണിരിക്കുന്നത്. പല അന്താരാഷ്ട്രസമ്മേളനങ്ങളും പരാജയപ്പെട്ടിട്ടുള്ളതിന് ദൃഷ്ടാന്തങ്ങളുണ്ട്.

രണ്ടു സിദ്ധാന്തങ്ങൾ[തിരുത്തുക]

അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തെപ്പറ്റി രണ്ടു സിദ്ധാന്തങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

സ്വാഭാവികനിയമം[തിരുത്തുക]

സ്റ്റേറ്റുകൾ സ്വാഭാവികനിയമാധിഷ്ഠിതങ്ങളാകയാൽ അവ അന്താരാഷ്ട്രനിയമം അനുസരിക്കുന്നത് ഒരുതരത്തിൽ ഓരോ പ്രത്യേകസാഹചര്യത്തിലും സ്വാഭാവികനിയമം അനുസരിച്ചും മാത്രമാണ്. ഈ സിദ്ധാന്തപ്രകാരം അന്താരാഷ്ട്രനിയമം അതിലും ഉപരിയായ സ്വാഭാവികനിയമത്തിന്റെ ഒരു ഭാഗം മാത്രമാണ്. 'രാഷ്ട്രങ്ങളുടെ നിയമം' അതായത്, 'അന്താരാഷ്ട്രനിയമം' എന്നത് രാഷ്ട്രങ്ങളിൽ പ്രയോഗിക്കുന്ന സ്വാഭാവികനിയമം മാത്രമാണ് എന്ന് വാറ്റൽ പറഞ്ഞിട്ടുണ്ട്. വ്യക്തികളെ ഉൾക്കൊള്ളുന്നവയാണ് സ്റ്റേറ്റുകൾ. വ്യക്തികൾ എപ്രകാരം സ്വാഭാവികനിയമം അനുസരിക്കണമോ അതുപോലെ വിവിധ വ്യക്തികളടങ്ങിയ സ്റ്റേറ്റുകളും പ്രസ്തുത നിയമം അനുസരിക്കണം. പല നിയമപണ്ഡിതൻമാരും രാഷ്ട്രങ്ങൾക്കുള്ള സ്വാഭാവികനിയമമായിട്ടാണ് അന്താരാഷ്ട്രനിയമത്തെ വിവക്ഷിച്ചിട്ടുള്ളത്. സ്വാഭാവികനിയമത്തിന് വിവിധ വ്യാഖ്യാനങ്ങൾ ആകാമെന്നുള്ളതുകൊണ്ട് ഈ സിദ്ധാന്തത്തിന് ഇന്നു പ്രാബല്യം കുറഞ്ഞുവരുന്നു. 1949-ൽ അന്താരാഷ്ട്രനിയമക്കമ്മിഷൻ തയ്യാറാക്കിയ രാഷ്ട്രങ്ങളുടെ അവകാശങ്ങളെയും ബാദ്ധ്യതകളെയും സംബന്ധിച്ച പ്രഖ്യാപനത്തിൽ സ്വാഭാവികനിയമതത്ത്വങ്ങളുടെ സ്വാധീനശക്തി കാണാം.

പോസിറ്റിവിസം[തിരുത്തുക]

മറ്റൊരു സിദ്ധാന്തം പോസിറ്റിവിസം (Positivism) എന്ന പേരിൽ അറിയപ്പെടുന്നു. ഇതനുസരിച്ച് അന്താരാഷ്ട്രനിയമവും ഒരു രാഷ്ട്രത്തിലെ നിയമവും ഒരേ അടിസ്ഥാനത്തിലും ഒരേ രീതിയിലും നിലനില്ക്കുന്നവയാണ്. അന്താരാഷ്ട്രനിയമവും രാഷ്ട്രനിയമത്തിന്റെ ഭാഗമായിത്തന്നെ കരുതപ്പെടുന്നു. അന്താരാഷ്ട്രനിയമത്തിന്റെ അംഗീകാര്യതയും പ്രായോഗികതയും പരമമായ മറ്റു ചില തത്ത്വങ്ങളിൽ അധിഷ്ഠിതമാണെന്ന് ഈ സിദ്ധാന്തം വ്യവസ്ഥ ചെയ്യുന്നു. രാഷ്ട്രങ്ങളുടെ സമ്മതം ഒരു തരത്തിൽ അന്താരാഷ്ട്ര ഉടമ്പടിയായി മാറുകയും ഉടമ്പടിയിൽ ബന്ധപ്പെട്ട കക്ഷികൾ കരാർ വ്യവസ്ഥകൾ പാലിക്കുന്നതിന് ബാധ്യസ്ഥരായിത്തീരുകയും ചെയ്യുന്നു. ഈ രണ്ടു സിദ്ധാന്തങ്ങളും അന്താരാഷ്ട്രനിയമത്തെ ശരിയായി വ്യാഖ്യാനിക്കുന്നില്ലെന്നും, രണ്ടുംകൂടി സമന്വിതമായ ശക്തികൊണ്ടും രാഷ്ട്രീയസിദ്ധാന്തവികസനഫലമായും ആണ് അന്താരാഷ്ട്രനിയമം അംഗീകരിക്കപ്പെട്ടിട്ടുള്ളതും പ്രയോഗക്ഷമമായിട്ടുള്ളതും എന്നും പൊതുവേ പറയാം.

അടിസ്ഥാന ഘടകങ്ങൾ[തിരുത്തുക]

അന്താരാഷ്ട്രനിയമത്തിന് ആധാരമായി താഴെപ്പറയുന്ന വസ്തുതകൾ ലോകകോടതി അംഗീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്രക്കരാറുകൾ[തിരുത്തുക]

ഐക്യരാഷ്ട്രസംഘടനയുടെ അംഗത്വം സ്വീകരിച്ചുകൊണ്ട് രാഷ്ട്രങ്ങൾ തമ്മിലുണ്ടാക്കുന്ന ഉടമ്പടികൾ നിയമനിർമ്മാണക്കരാറുകൾക്ക് ഉദാഹരണമാണ്. ഐക്യരാഷ്ട്രസഭയുടെ പ്രമാണം തന്നെ ബന്ധപ്പെട്ട കക്ഷികളെ സംബന്ധിച്ചിടത്തോളം നിയമാധിഷ്ഠിതക്കരാറിനു തുല്യമാണ്. യുദ്ധകാലത്ത് പല കരാറുകളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഉദാ. റെഡ്ക്രോസ്, അടിമവ്യാപാരം, വ്യോമയാനം, അന്താരാഷ്ട്ര നദികളിലൂടെയുള്ള ഗതാഗതം തുടങ്ങിയവ സംബന്ധിച്ച കരാറുകൾ. പൊതുപ്രാധാന്യമുള്ളവയും പൊതുവേ രാഷ്ട്രങ്ങളെ ബാധിക്കുന്നവയും ആയ ഇത്തരം കരാറുകൾ കൂടാതെ ബന്ധപ്പെട്ട കക്ഷികളെ മാത്രം ബാധിക്കുന്ന ഉഭയകക്ഷിക്കരാറുകളും ഉണ്ടാകാം.ക്രിമിനൽ കുറ്റവാളികളുടെ കൈമാറ്റം സംബന്ധിച്ച് 19-ാം ശ.-ത്തിലുണ്ടായ പല ഉടമ്പടികളും അത്തരത്തിലുള്ള കാര്യങ്ങൾക്കു പൊതുവായ വ്യവസ്ഥകൾ നല്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെ ഉദ്ഭൂതമാകുന്ന കീഴ്നടപ്പുകൾ കൂടുതൽ രാഷ്ട്രങ്ങൾ നടപ്പിലാക്കുമ്പോൾ അവ പൊതുവിലുള്ള ചട്ടങ്ങളായി മാറുന്നു.

ആചാരമര്യാദകൾ[തിരുത്തുക]

രാഷ്ട്രങ്ങളുടെ ആചാരമര്യാദകൾക്ക് കാലക്രമേണ നിയമപ്രാബല്യം സിദ്ധിക്കുന്നു. രാഷ്ട്രങ്ങൾ സാധാരണഗതിയിൽ പിൻതുടരുന്ന ആചാരങ്ങൾ പ്രധാനമായും നയതന്ത്രപ്രതിനിധികളുടെ കാര്യത്തിലും അന്താരാഷ്ട്രസ്ഥാപനങ്ങളുടെ കാര്യത്തിലും ധാരാളം പ്രതിഫലിച്ചുകണ്ടിട്ടുണ്ട്. ആധുനിക അന്താരാഷ്ട്രനിയമജ്ഞനായ സ്റ്റാർകെയുടെ അഭിപ്രായത്തിൽ ഒരു ആചാരത്തിന് നിയമപ്രാബല്യം സിദ്ധിക്കണമെങ്കിൽ അതു രണ്ടു നിബന്ധനകൾക്കു വിധേയമായിരിക്കണം. ഒന്നാമതായി പ്രസ്തുത ആചാരം പല തവണയും ആവർത്തിക്കപ്പെട്ടിരിക്കണം. മറ്റൊന്ന് പ്രസ്തുത ആചാരം അനുസരിക്കുമ്പോൾ ഒരു ബാധ്യസ്ഥതാമനോഭാവം (opinio juris sive necessitatis) ഉണ്ടായിരിക്കണം. വിവിധ പരിതഃസ്ഥിതികൾക്കനുസൃതമായി ആചാരങ്ങൾക്ക് നിയമപ്രാബല്യം കിട്ടുന്നതിന് പഴക്കം ആവശ്യമാണ്. 1927-ൽ അന്താരാഷ്ട്രകോടതി 'ലോട്ടസ്കേസി'ൽ മേല്പറഞ്ഞ ബാധ്യസ്ഥതാമനോഭാവത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയുണ്ടായി. 1947-ൽ ഐക്യരാഷ്ട്രസഭയ്ക്ക് അന്താരാഷ്ട്രനിയമക്കമ്മിഷൻ നല്കിയ നിർദ്ദേശമനുസരിച്ച് അന്താരാഷ്ട്ര ആചാരമര്യാദകൾ നിഷ്പ്രയാസം മനസ്സിലാക്കുന്നതിനുവേണ്ടി ഉപാധികൾ സൃഷ്ടിക്കേണ്ടതുണ്ട്.

സാധാരണ നിയമതത്ത്വങ്ങൾ[തിരുത്തുക]

ലോകകോടതിയുടെ ഭരണഘടനയിൽ (38-ാം ഖണ്ഡിക) അന്താരാഷ്ട്രനിയമത്തിന്റെ ഭാഗമായി പരിഷ്കൃത രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള പൊതു നിയമതത്ത്വങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകോടതിയുടെ പല തീരുമാനങ്ങളിലും മേല്പറഞ്ഞ സാധാരണ നിയമതത്ത്വങ്ങൾ പരാമർശിച്ചുകാണും.

മധ്യസ്ഥ തീരുമാനങ്ങൾ[തിരുത്തുക]

അന്താരാഷ്ട്രനിയമത്തിന്റെ മറ്റൊരു ഭാഗമായി സാധാരണ ലഭിക്കുന്നത് കോടതികളുടെ വിധിന്യായങ്ങളും നിയമപരമായ വിശദീകരണങ്ങളുമാണ്. ലോകകോടതി തീരുമാനങ്ങൾ ബന്ധപ്പെട്ട കക്ഷികൾക്കല്ലാതെ മറ്റു രാഷ്ട്രങ്ങൾക്ക് ബാധകമല്ലെന്ന് വാദിക്കാമെങ്കിലും, പ്രസ്തുത തീരുമാനങ്ങളും പ്രസ്താവങ്ങളും മറ്റു കേസുകളിലും അംഗീകരിച്ചുവരുന്നതുകൊണ്ട് അവ വിലപ്പെട്ട പ്രമാണങ്ങളായിത്തന്നെ കരുതപ്പെടുന്നു. തർക്കങ്ങൾ മധ്യസ്ഥ തീരുമാനത്തിനു വിടുമ്പോഴും അതിൽവരുന്ന പ്രയോജനപ്രദമായ വാദഗതികളും ചർച്ചകളും പരാമർശങ്ങളും അവയുടെ ആകെക്കൂടിയുള്ള സ്വാധീനശക്തിയും അന്താരാഷ്ട്രനിയമത്തെ വളരാനേ സഹായിച്ചിട്ടുള്ളൂ. ഉദാ. അലബാമാ ക്ളെയിം അർബിട്രേഷൻ, നോർത്ത് അത്ലാന്തിക് ഫിഷറീസ് കേസ് തുടങ്ങിയവ. ചില സ്റ്റേറ്റ് കോടതികളുടെ വിധികളും അന്താരാഷ്ട്രനിയമത്തിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട്. സുപ്രസിദ്ധ ബ്രിട്ടിഷ് പ്രൈസ്കോർട്ട് (prize court-പുറംകടലിൽനിന്ന് കപ്പലുകളും മറ്റും പിടിച്ചെടുത്തതിന്റെ നിയമസാധുതയെ സംബന്ധിച്ച് തീരുമാനിക്കാനുള്ള കോടതി.) തീരുമാനങ്ങൾ ഇതിന് ദൃഷ്ടാന്തങ്ങളാണ്.

നിയമപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ[തിരുത്തുക]

അന്താരാഷ്ട്രനിയമത്തിന്റെ പുരോഗതിക്കും അതു കൈവരിച്ചിട്ടുള്ള പദവിക്കും ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് നിയമശാസ്ത്രപണ്ഡിതൻമാരുടെ കൃതികളും വിദഗ്ദ്ധാഭിപ്രായവും ആണ്. ഇക്കാര്യത്തിൽ വിവിധരാജ്യങ്ങൾ അവയുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്രപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ കോടതികളും മറ്റും സ്ഥാപിതമാകുന്നതുവരെ പണ്ഡിതാഭിപ്രായം തന്നെയായിരുന്നു അന്താരാഷ്ട്രനിയമത്തിനുള്ള മുഖ്യാധാരം. അന്താരാഷ്ട്ര നീതിന്യായക്കോടതി സ്ഥാപിതമായതിനുശേഷവും നിയമശാസ്ത്രവിശാരദൻമാരുടെ അഭിപ്രായങ്ങളെ മാനിക്കണമെന്ന് വ്യവസ്ഥയുണ്ട്.

അന്താരാഷ്ട്രസ്ഥാപനങ്ങളുടെ തീരുമാനങ്ങൾ[തിരുത്തുക]

ആധുനികകാലത്തെ രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ചും പിന്നോക്കം നില്ക്കുന്ന രാഷ്ട്രങ്ങളിൽ വികസിതരാഷ്ട്രങ്ങൾക്കുള്ള താത്പര്യം പ്രമാണിച്ചും പല അന്താരാഷ്ട്രസംഘടനകളുടേയും സ്ഥാപനങ്ങളുടേയും തീരുമാനങ്ങൾക്ക് ഗണ്യമായ പ്രാധാന്യം സിദ്ധിച്ചിട്ടുണ്ട്. ഇവയുടെ തീരുമാനങ്ങളും വ്യാഖ്യാനങ്ങളും അന്താരാഷ്ട്രനിയമത്തിന്റെ തന്നെ ഭാഗമായിത്തീർന്നു. രാഷ്ട്രങ്ങളെ അംഗീകരിക്കുന്നതിനും, രാഷ്ട്രങ്ങൾ തമ്മിലുള്ള പെരുമാറ്റച്ചട്ടങ്ങളെ നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്രനിയമത്തിൽ പ്രത്യേക ഉടമ്പടികളും കീഴ്വഴക്കങ്ങളും ഉണ്ട്. അന്താരാഷ്ട്രനിയമതത്ത്വങ്ങൾ യുദ്ധകാലപരിതഃസ്ഥിതിയിലും നടപ്പിലാക്കുന്നു. ചേരിചേരാനയവും അന്താരാഷ്ട്രസാമ്പത്തിക ബന്ധങ്ങളിലുണ്ടാകുന്ന പ്രത്യേക ബന്ധങ്ങളും തത്സംബന്ധമായി ഏർപ്പെടുത്താവുന്ന പ്രത്യേക നിബന്ധനകളും അന്താരാഷ്ട്രനിയമത്തിന്റെ ഭാഗമായിത്തീരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനത്തോടുകൂടി പുതിയ അന്താരാഷ്ട്രസ്ഥാപനങ്ങൾ ഉടലെടുക്കുകയും മുൻപ് നിലവിലിരുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ വ്യാപ്തിയും അർഥവും കൈവരികയും ചെയ്തു.

ബാദ്ധ്യതകളും അവകാശങ്ങളും[തിരുത്തുക]

രാഷ്ട്രങ്ങൾ ആണ് അന്താരാഷ്ട്രനിയമത്തിലെ മുഖ്യഘടകങ്ങളെങ്കിലും പരോക്ഷമായി വ്യക്തികൾക്കും അതിൽ സ്ഥാനമില്ലാതില്ല. അടിമകളുടേയും കപ്പൽകൊള്ളക്കാരുടേയും കാര്യം എക്കാലവും അന്താരാഷ്ട്രപ്രാധാന്യം കൈവരിച്ചിട്ടുണ്ട്. സാധാരണയായി ഒരു രാഷ്ട്രം എന്ന നില കൈവരുന്നതിന് ഒരു പ്രത്യേക വിഭാഗവും അവിടെ വസിക്കുന്ന ജനതയും ആ ജനതയ്ക്ക് ഒരു വ്യവസ്ഥാപിതഭരണരീതിയും വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും ഉണ്ടായിരിക്കേണ്ടതാണ്. രാഷ്ട്രങ്ങൾക്കുതമ്മിൽ സമത്വം ഉണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും പ്രായോഗിക തലത്തിൽ ഇത് പൂർണമായും ശരിയല്ല. വൻശക്തികളെന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങളോടൊപ്പംതന്നെ, അടുത്തകാലത്ത് സ്വാതന്ത്യ്രം നേടിയിട്ടുള്ള ചെറിയ രാഷ്ട്രങ്ങൾക്കും ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നതിന് അർഹതയുണ്ടെങ്കിലും ചില രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ ഘടന അനുസരിച്ചുതന്നെ 'നിഷേധാധികാരം' (Veto) പ്രയോഗിക്കാൻ പ്രത്യേക അവകാശങ്ങൾ നല്കിയിരിക്കുന്നതായി കാണാം. പുതിയ രാഷ്ട്രങ്ങൾ നിലവിൽ വരുന്നതോടുകൂടി അവയ്ക്ക് മറ്റു രാഷ്ട്രങ്ങൾ അംഗീകാരം നല്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തിൽ 'അംഗീകാരം' (Recognition) എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഒരു പുതിയ രാഷ്ട്രീയഘടനയോടുകൂടിയ ഭൂവിഭാഗത്തേയും അതിലെ ജനങ്ങളേയും ഒന്നോ അതിൽ കൂടുതലോ രാഷ്ട്രങ്ങൾ മറ്റെല്ലാ രാഷ്ട്രങ്ങളിൽനിന്നും വ്യത്യസ്തമായി സ്വീകരിക്കുകയും അതിനോട് സ്വതന്ത്രമായ ബന്ധങ്ങൾ പുലർത്തുകയും ചെയ്യുമ്പോഴാണ് പ്രസ്തുത രാഷ്ട്രം അംഗീകരിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നത്. ചരിത്രപരമായ വ്യതിയാനങ്ങൾക്കനുസൃതമായി ചില രാജ്യങ്ങൾ ഇല്ലാതാകുകയും ചിലത് പുതുതായി ഉണ്ടാകുകയും നിലവിലുള്ളത് പലതായി വിഭജിക്കപ്പെടുകയും ഒന്നിലധികം എണ്ണം കൂടിച്ചേർന്ന് പുതിയ രാജ്യം നിലവിൽവരികയും ചെയ്തേക്കാം. അംഗീകാരം സിദ്ധിച്ചിട്ടുള്ള രാഷ്ട്രങ്ങൾക്കുമാത്രമേ അന്താരാഷ്ട്രനിയമപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും പ്രത്യേക പരിരക്ഷകളും സിദ്ധിക്കുകയുള്ളു. അംഗീകാരം സിദ്ധിച്ച ഒരു രാഷ്ട്രത്തിന് മറ്റു രാഷ്ട്രങ്ങളുമായി കരാറുകളിൽ ഏർപ്പെടുന്നതിനും മറ്റു രാഷ്ട്രങ്ങളിൽ നയതന്ത്രപ്രതിനിധികളെ നിയമിക്കുന്നതിനും സാധിക്കും. പ്രസ്തുത അവകാശങ്ങൾ സിദ്ധിക്കുന്നതോടുകൂടിതന്നെ അന്താരാഷ്ട്ര ബാദ്ധ്യതകൾക്കും അവ വിധേയമാകുന്നു.

പരമാധികാരസങ്കല്പം[തിരുത്തുക]

ആഭ്യന്തര പരമാധികാരം ഓരോ രാഷ്ട്രത്തിനുമുണ്ട്. ഭൂവിഭാഗങ്ങളിൽ രാഷ്ട്രങ്ങൾക്കു പരമാധികാരം ലഭിക്കുന്നത് പലവിധത്തിലാകാം, കൈവശപ്പെടുത്തൽ (Occupation), കൂട്ടിച്ചേർക്കൽ (Annexation), കാലപ്പഴക്കംകൊണ്ട് സിദ്ധിക്കുന്ന അവകാശം (Prescription), രാഷ്ട്രങ്ങൾ തമ്മിലുള്ള കൈമാറ്റം (Cession), ഇങ്ങനെ പലവിധത്തിലും ദേശീയമായ പരമാധികാരം രാഷ്ട്രങ്ങൾക്ക് ലഭിക്കുന്നു. കൂടാതെ, വാഴ്സായി സമാധാനസമ്മേളനംകൊണ്ട് ഭൂവിഭാഗങ്ങളിലുള്ള അധികാരം ഒരു രാഷ്ട്രത്തിനു കിട്ടിയെന്നുവരാം. ആധുനികകാലത്ത് അന്താരാഷ്ട്രവ്യോമയാനത്തിൽ ഉണ്ടായിട്ടുള്ള വമ്പിച്ച പുരോഗതിക്കനുസൃതമായി ദേശീയ പരമാധികാരത്തിൽ ചില വിട്ടുവീഴ്ചകൾക്ക് രാഷ്ട്രങ്ങൾ സമ്മതിച്ചിട്ടുണ്ട്. 1944-ൽ ചിക്കാഗോയിൽ ചേർന്ന 'അന്താരാഷ്ട്ര സിവിൽവ്യോമയാനസമ്മേളനം' പല സുപ്രധാനതത്ത്വങ്ങളും ആവിഷ്കരിച്ചു. വ്യോമയാനം സംബന്ധിച്ച സ്വാതന്ത്യ്രത്തിനും ഉപരി ബഹിരാകാശസഞ്ചാരത്തിന്റേയും മറ്റും ഫലമായി അന്താരാഷ്ട്ര നിയമത്തിന് നൂതനമായ സരണികളിൽകൂടി പ്രവഹിക്കേണ്ടതായിവന്നിട്ടുണ്ട്. ബഹിരാകാശം ഒരു രാജ്യത്തിനും സ്വന്തമാക്കാൻ പാടില്ല എന്നും, ബഹിരാകാശ പര്യവേക്ഷണങ്ങൾ എല്ലാ രാജ്യങ്ങളുടെയും പൊതുനന്മയെ മുൻനിർത്തി ആയിരിക്കണമെന്നും ബഹിരാകാശത്ത് ഒരു രാജ്യം നടത്തുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഹാനികരമാകാൻ പാടില്ല എന്നും സമാധാനപരമായ ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ ബഹിരാകാശവും അന്യഗോളങ്ങളും ഉപയോഗപ്പെടുത്താൻ പാടുള്ളൂ എന്നും 1967-ലെ ബഹിരാകാശ ഉടമ്പടി അനുശാസിക്കുന്നു. ടെലി-കമ്മ്യൂണിക്കേഷൻ മേഖലയിൽ ഉണ്ടായ വമ്പിച്ച ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ പ്രയോജനം എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുന്നതിനുവേണ്ടി 1973-ൽ ഒരു അന്താരാഷ്ട്ര കൺവെൻഷൻ നിലവിൽ വന്നു. ഉപഗ്രഹങ്ങൾ വഴിയുള്ള സംപ്രേഷണം, ഇന്റർനെറ്റ്, റിമോട്ട് സെൻസിങ് തുടങ്ങിയ നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ അന്താരാഷ്ട്ര നിയമത്തിനു മുന്നിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. ബഹിരാകാശത്തിന്റെ സമാധാനപരമായ പ്രയോജനപ്പെടുത്തൽ സംബന്ധിച്ച് അന്താരാഷ്ട്രനിയമത്തിനു വിധേയമായി രാഷ്ട്രങ്ങൾ തമ്മിൽ ഉണ്ടായിരിക്കേണ്ട ധാരണയെ 1961-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസ്സാക്കിയ പ്രമേയം അനുശാസിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ ഭൂപരിധി നിർണയിക്കുന്നതു സംബന്ധിച്ച് 1958-ലെ 'ജനീവാ കൺവെൻഷൻ' അന്താരാഷ്ട്രനിയമക്കമ്മിഷന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ചില തത്ത്വങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കരയോടു ചേർന്നുള്ള സമുദ്രവിഭാഗത്തിൽ 3 മുതൽ 12 മൈൽ വരെ ദൂരം ബന്ധപ്പെട്ട രാഷ്ട്രത്തിന്റെ അധികാരപരിധിയിൽപ്പെടുന്നതാണ്. അതുപോലതന്നെ കരയോടുതൊട്ടു കിടക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടുകൾ സംബന്ധിച്ചും വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്. 1973 മുതൽ 1982 വരെ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചകളുടെ പരിണത ഫലമായി ഉരുത്തിരിഞ്ഞ 1982-ലെ സമുദ്ര നിയമങ്ങളെപ്പറ്റിയുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ ഈ വിഷയത്തെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര നിയമങ്ങൾ നവീകരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു.

സിവിൽ-ക്രിമിനൽ അധികാരങ്ങൾ[തിരുത്തുക]

അന്താരാഷ്ട്രനിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ ഒരു രാജ്യത്തിലെ സിവിൽ കോടതികൾക്കും ക്രിമിനൽ കോടതികൾക്കും എത്രമാത്രം പരിഗണിക്കാമെന്നതിനെക്കുറിച്ചും പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒരു സുപ്രധാന ഇംഗ്ളീഷ് വിധിയിൽ (Franconia Case) ഇംഗ്ളീഷ് കടൽതീരത്തിനു സമീപംവച്ച് ഒരു വിദേശീയ കപ്പൽ നടത്തിയ കുറ്റകൃത്യം വിചാരണ ചെയ്യുന്നതിന് ഇംഗ്ളീഷ് കോടതിക്കധികാരമില്ലെന്ന് വിധിച്ചത് ഒരു പുതിയനിയമം പാസ്സാക്കുന്നതിന് പാർലമെന്റിന് അവസരം നല്കി (Territorial water Jurisdiction Act, 1878). എന്നാൽ 1958-ലെ 'ജനീവാ കൺവെൻഷൻ' രാഷ്ട്രങ്ങളുടെ തീരസമുദ്ര ഗതാഗതത്തിൽ എത്രയും ചുരുങ്ങിയ ഇടപെടൽ മാത്രമേ അനുവദിക്കുന്നുള്ളൂ. ഏറ്റവും അടുത്തകാലത്ത് ചന്ദ്രമണ്ഡലത്തിലേക്ക് വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള യാത്ര പല നിയമപ്രശ്നങ്ങളും ഉന്നയിക്കുന്നതിന് കാരണമായി. 1967 ജനു. 27-നു ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഒപ്പിട്ട ബാഹ്യാകാശ ഗവേഷണ ഉടമ്പടിയിൽ ചന്ദ്രനെയോ മറ്റു ഗ്രഹങ്ങളെയോ ഏതെങ്കിലും രാഷ്ട്രം സ്വന്തമാക്കുന്നത് നിരോധിച്ചിട്ടുണ്ട്.

പിന്തുടർച്ചാവകാശം[തിരുത്തുക]

അന്താരാഷ്ട്രനിയമത്തിന് കൈകാര്യം ചെയ്യേണ്ടിവരുന്ന മറ്റൊരു പ്രശ്നം ഒരു രാജ്യത്തിനുണ്ടായിരുന്ന അവകാശങ്ങൾ മറ്റൊരു രാജ്യത്തിനു പിന്തുടർച്ചയായി ലഭിക്കുന്നതു സംബന്ധിച്ചുള്ളതാണ്. പുതിയ രാജ്യം അന്താരാഷ്ട്രനിയമത്തിന്റെ വെളിച്ചത്തിൽ എത്രമാത്രം അവകാശങ്ങൾക്ക് അർഹവും ബാദ്ധ്യതകൾക്കു വിധേയവും ആകുന്നുവെന്നുള്ളതാണ് മുഖ്യപ്രശ്നം. അന്താരാഷ്ട്രനിയമത്തിലെ മുഖ്യഘടകം എന്ന നിലയിൽ ഒരു രാഷ്ട്രത്തിന് പല ചുമതലകളും നിർവഹിക്കേണ്ടതായുണ്ട്. മുഖ്യമായും ഉടമ്പടികളെയും മറ്റു കരാറുകളേയും വസ്തുവിന്റെ ഉപയോഗത്തേയും അന്താരാഷ്ട്ര കുറ്റങ്ങളേയും സംബന്ധിച്ചവ ആയിരിക്കും പ്രസ്തുത ചുമതലകൾ. സുപ്രസിദ്ധമായ 'ആംഗ്ളോ-ഇറാനിയൻ ഓയിൽ കമ്പനി കേസി'ൽ ഇവ വിശദമായി വിശകലനം ചെയ്തിട്ടുണ്ട്. കോടതികളുടെ അധികാരപരിധി, രാഷ്ട്രങ്ങൾക്ക് വസ്തുവിൻമേലും വ്യക്തികളിൻമേലും നടപടികളിലും സംഭവങ്ങളിലും ഉള്ള അധികാരപരിധി എന്നിവയാണ് അന്താരാഷ്ട്രനിയമത്തിന്റെ മറ്റൊരു സുപ്രധാനവശം. അന്താരാഷ്ട്രനിയമമനുസരിച്ച്, ഒരു രാഷ്ട്രത്തിന്റെ സ്വത്തുക്കളും രാഷ്ട്രത്തലവനും തന്ത്രപ്രതിനിധികളും മറ്റൊരു രാഷ്ട്രത്തിന്റെ സിവിൽ-ക്രിമിനൽ നടപടികൾക്കു വിധേയമല്ല; സ്വമനസാലേ വിധേയമാകുന്നതിന് ഈ തത്ത്വം എതിരല്ല. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിലേക്ക് നയതന്ത്രപ്രതിനിധികളെ അയയ്ക്കുകയെന്നത് രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് സുഗമമായ സൌകര്യം നല്കുന്നതിന് സഹായകരമാണ്. 1961-ലെ 'വിയന്നാ കൺവെൻഷൻ' നയതന്ത്രപ്രതിനിധികളുടെ തരംതിരിക്കലും അധികാരാവകാശങ്ങളുടെ ക്രമവത്കരണവും നടത്തുകയുണ്ടായി. അംബാസഡർമാർക്കും മറ്റു നയതന്ത്രപ്രതിനിധികൾക്കും അത് പ്രത്യേക പരിഗണനകളും സുരക്ഷിതത്വവും നല്കിയിരിക്കുന്നു.

അന്താരാഷ്ട്ര നിയമവും വ്യക്തികളും[തിരുത്തുക]

അന്താരാഷ്ട്ര നിയമം രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ പ്രതിപാദിക്കുന്ന ഒന്നായതിനാൽ വ്യക്തികൾക്ക് അന്താരാഷ്ട്ര നിയമത്തിനു മുന്നിൽ സ്ഥാനമില്ല എന്ന ചിന്താഗതിക്ക് ഏറെക്കാലം പ്രാമുഖ്യം ലഭിച്ചിരുന്നു. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വ്യക്തികളുടെ അധികാരങ്ങളും അവകാശങ്ങളും അന്താരാഷ്ട്ര നിയമത്തിന് കൈകാര്യം ചെയ്യേണ്ടി വരുമെന്നുള്ള കാര്യം നിസ്തർക്കമാണ്. വ്യക്തികളുടെ ദേശീയത, നയതന്ത്രജ്ഞന്മാരുടെ പ്രത്യേക അവകാശങ്ങൾ, കുറ്റവാളികളുടെ കൈമാറ്റം, അഭയാർഥി പ്രശ്നം എന്നിവയിലൊക്കെ അന്താരാഷ്ട്ര നിയമം വ്യക്തികളുടെ അവകാശമാണ് പ്രധാനമായും പരിഗണിക്കുന്നത്. മനുഷ്യാവകാശങ്ങൾ കൂടുതൽ പ്രസക്തി ആർജിക്കുന്നതോടെ മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര നിയമത്തിന്റെ ഇടപെടൽ അനിവാര്യമായി തീരുന്നു. 1948-ലെ മനുഷ്യാവകാശ പ്രഖ്യാപനം, 1967-ലെ സിവിൽ-രാഷ്ട്രീയ അവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ, സാമൂഹിക, സാമ്പത്തിക സാംസ്കാരിക അവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ, എന്നീ സുപ്രധാന രേഖകൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ആധാര ശിലകളായി കണക്കാക്കപ്പെടുന്നു. സ്ത്രീകളുടെയും, കുട്ടികളുടെയും, മറ്റു ദുർബല വിഭാഗങ്ങളുടെയും അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കൺവെൻഷനുകൾ ലോകരാഷ്ട്രങ്ങളുടെ നിയമ സംഹിതകളെ ഗണ്യമായി സ്വാധീനിക്കുന്നു.

അന്താരാഷ്ട്ര സ്ഥാപനങ്ങൾ[തിരുത്തുക]

അന്താരാഷ്ട്ര നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടണമെങ്കിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം മെച്ചപ്പെടുകയും പരസ്പര സഹകരണത്തിനും, സമാധാനപരമായ തർക്ക പരിഹാരത്തിനും വേണ്ട വേദികൾ രൂപപ്പെടുകയും ചെയ്യേണ്ടത് ആവശ്യമാണ്. രാഷ്ട്രങ്ങളുടെ പരമാധികാരവും, തുല്യതയും അംഗീകരിച്ചുകൊണ്ടു തന്നെ ഒരു അന്താരാഷ്ട്ര സംഘടനയുടെ കീഴിൽ അണിനിരക്കാനുള്ള സന്നദ്ധത ആദ്യമായി പ്രകടമായത് 1919-ൽ ലീഗ് ഒഫ് നേഷൻസ് രൂപീകൃതമായപ്പോഴാണ്. ലീഗിന് അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനായില്ലെങ്കിലും രാജ്യങ്ങളുടെ കൂട്ടായ്മ എന്ന ആശയം അംഗീകരിക്കപ്പെട്ടു. പിൽക്കാലത്ത് ഐക്യരാഷ്ട്ര സഭ നിലവിൽ വരുന്നതിന് ഇത് പ്രചോദനമായി. 1945-ൽ ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന പ്രമാണവും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിയമവും അംഗീകരിക്കപ്പെട്ടത് അന്താരാഷ്ട്ര നിയമത്തിന്റെ വളർച്ചയുടെ പാതയിലെ സുപ്രധാന നാഴികക്കല്ലായി കണക്കാക്കാം. എല്ലാ അംഗരാഷ്ട്രങ്ങളും ഉൾപ്പെടുന്ന ജനറൽ അസംബ്ളി, അഞ്ച് സ്ഥിര അംഗങ്ങളും 10 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അടങ്ങുന്ന സെക്യൂരിറ്റി കൌൺസിൽ, സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ്, സാമ്പത്തിക സാമൂഹിക കൌൺസിൽ, ട്രസ്റ്റിഷിപ് കൌൺസിൽ എന്നിവയാണ് ഐക്യ രാഷ്ട്രസഭയുടെ പ്രധാന ഘടകങ്ങൾ. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള വേദിയായ അന്താരാഷ്ട്ര നീതിന്യായകോടതി (ICJ) യാണ് ഐക്യരാഷ്ട്ര സഭയുടെ മറ്റൊരു പ്രധാന ഘടകം. കൂടാതെ പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO), ലോകാരോഗ്യ സംഘടന (WHO), ഭക്ഷ്യകാർഷിക സംഘടന (FAO), സാമ്പത്തിക സാമൂഹിക സാംസ്കാരിക സംഘടന (UNESCO) തുടങ്ങിയവ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉൽക്കർഷത്തിനും, പുരോഗതിക്കും, രക്ഷയ്ക്കും, സമാധാനത്തിനും വേണ്ടി പരിശ്രമിക്കുന്നു. പ്രസ്തുത സംഘടനകളുടെ ഘടനയും, അധികാര പരിധിയും, അന്യോന്യ സമ്പർക്ക സ്ഥിതി വിശേഷങ്ങളും, വ്യക്തികളോടും രാഷ്ട്രങ്ങളോടും അവയ്ക്കുള്ള ബന്ധങ്ങളും അന്താരാഷ്ട്ര നിയമത്തിന്റെ വ്യാപ്തിയിൽപെടും.

ആഗോളവത്ക്കരണത്തിന്റെയും, സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെയും ഫലമായി ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള സാമ്പത്തിക വ്യാപാര ബന്ധങ്ങൾ വളരെയേറെ വർധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി അന്താരാഷ്ട്ര നാണയനിധി (IMF), ലോകബാങ്ക് (IBRD) എന്നീ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയും, സ്വാധീനവും വർധിച്ചു. 1947-ൽ രൂപം കൊണ്ട ലോകവ്യാപാര കരാറിന്റെ തുടർച്ചയായി, 1994-ൽ സ്ഥാപിക്കപ്പെട്ട ലോക വ്യാപാര സംഘടന (WTO) ആഗോളതലത്തിൽ നിർണായക സ്വാധീനമുള്ള അന്താരാഷ്ട്ര സംഘടനയാണ്. അന്താരാഷ്ട്ര വാണിജ്യ സേവന രംഗങ്ങളിൽ സുഗമമായ പ്രവർത്തനത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനുവേണ്ടി സ്വീകരിക്കപ്പെട്ട നടപടികൾ എല്ലാ രാഷ്ട്രങ്ങളെയും നിയമ ഭേദഗതികൾക്ക് നിർബന്ധിതരാക്കി. ബൌദ്ധിക സ്വത്തവകാശങ്ങളെ സംബന്ധിക്കുന്ന നിയമങ്ങൾക്ക് ഇപ്പോൾ ആഗോളതലത്തിൽ ഏകീകൃത സ്വഭാവം ഉണ്ടായത് ഇതിനുദാഹരണമാണ്. ഇത്തരം മാറ്റങ്ങൾ അന്താരാഷ്ട്ര നിയമവും, രാഷ്ട്രനിയമവും തമ്മിലുള്ള വേർതിരിവ് ക്രമേണ കുറഞ്ഞു വരുന്നതിന്റെ സൂചനകളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അന്താരാഷ്ട്ര ക്രിമിനൽ കോടതി[തിരുത്തുക]

അന്താരാഷ്ട്ര തലത്തിൽ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനുള്ള ഒരു സംവിധാനം ആവശ്യമാണെന്നുള്ള വാദം ദീർഘകാലമായി ഉന്നയിക്കപ്പെടുന്നുണ്ട്. യുദ്ധ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട ന്യൂറംബർഗ് ട്രൈബ്യൂണൽ, യൂഗോസ്ളേവിയയിലും റുവാൻഡയിലും നടന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചന്വേഷിക്കാൻ 1993-94-ൽ രൂപീകൃതമായ ട്രൈബ്യൂണലുകൾ എന്നീ താത്ക്കാലിക സംവിധാനങ്ങൾക്ക് തികച്ചും തൃപ്തികരമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ ക്രിമിനൽ നീതിനിർവഹണത്തിനുള്ള ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്നുള്ള ഐക്യ രാഷ്ട്രസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നിയമ കമ്മിഷൻ ഈ വിഷയം പരിഗണിക്കുകയും 1994-ൽ ഇതിനാവശ്യമായ നിയമത്തിന്റെ കരടു രൂപം തയ്യാറാക്കുകയും ചെയ്തു. 1998-ലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നിയമം (Rome Statue) 2002 ജൂല. 1-ന് പ്രാബല്യത്തിൽ വന്നു. ഗുരുതരമായ അന്താരാഷ്ട്ര കുറ്റങ്ങളാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാര പരിധിയിൽ വരുന്നത്. എന്നാൽ വിമാന റാഞ്ചൽ, ഭീകര പ്രവർത്തനങ്ങൾ തുടങ്ങിയവയെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ നിർവചനത്തിൽ പെടുത്തിയിട്ടില്ല. യു.എസ്. ഉൾപ്പെടെ പല പ്രധാന രാഷ്ട്രങ്ങളും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ അംഗീകരിക്കാൻ തയ്യാറാകാത്തത്, ഈ സ്ഥാപനത്തിന്റെ വിജയകരമായ പ്രവർത്തനത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നു.

തർക്കപരിഹാരം[തിരുത്തുക]

അന്താരാഷ്ട്രതർക്കങ്ങൾ പരിഹരിക്കുന്നത് മധ്യസ്ഥതീരുമാനം മുഖേനയോ നീതിന്യായക്കോടതികൾ മുഖേനയോ ആണ്. ഹേഗിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നീതിന്യായക്കോടതി പല സുപ്രധാന വിധികളും ഇതിനകം തന്നെ നല്കിയിട്ടുണ്ട്. സാധാരണയായി ഉടമ്പടികളുടെ വ്യാഖ്യാനവും അന്താരാഷ്ട്രനിയമപ്രശ്നങ്ങൾക്ക് ഉത്തരം നല്കലും അന്താരാഷ്ട്രബാദ്ധ്യതകൾ ലംഘിച്ചിട്ടുണ്ടോയെന്ന പരിശോധനയും അപ്രകാരമുണ്ടെങ്കിൽ അതിനുള്ള പരിഹാരനിർദ്ദേശവുമാണ് അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ നടപടികൾ. മേല്പറഞ്ഞ തീരുമാനങ്ങളല്ലാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കവിഷയങ്ങൾക്ക് മറ്റു രാഷ്ട്രങ്ങളുടെ സഹകരണത്തോടുകൂടി ഒത്തുതീർപ്പിലെത്താം. ഐക്യരാഷ്ട്രസഭ നിലവിൽ വന്നതിനുശേഷം അന്താരാഷ്ട്രപ്രശ്നങ്ങൾ കൈകാര്യംചെയ്തു തീരുമാനിക്കുന്നതിനുള്ള അധികാരം പ്രസ്തുത സഭയ്ക്കു കൈവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്നത് രക്ഷാസമിതി (Security Council) ആണ്.

ആധുനികകാലത്ത് അന്താരാഷ്ട്രനിയമത്തിൽ വന്നിട്ടുള്ള ഒരു മുഖ്യഘടകമാണ്, അന്താരാഷ്ട്ര സാമ്പത്തികോന്നമനത്തിൽ രാഷ്ട്രങ്ങൾ യോജിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം. അന്താരാഷ്ട്രപ്രാധാന്യമുള്ള പല സംഘടനകളും തദനുസരണം രൂപവത്കൃതമായിട്ടുണ്ട്. ഉദാ. അന്താരാഷ്ട്രനാണയനിധി (International Monetary Fund), യൂറോപ്യൻ എക്കണോമിക് കമ്യൂണിറ്റി, ലോക വ്യാപാര സംഘടന, (WTO) ഭക്ഷ്യകാർഷികസംഘടന (Food and Agricultural Organization) തുടങ്ങിയവ.

യുദ്ധപരിതഃസ്ഥിതികൾ നിയന്ത്രിക്കുന്നതിനുവേണ്ട ചട്ടങ്ങൾ കൂടി അടങ്ങിയതാണ് അന്താരാഷ്ട്രനിയമസംഹിത. ശരിയായി നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും, ഒരു യുദ്ധപ്രഖ്യാപനം, ആരെയെല്ലാം ശത്രുക്കളായി കണക്കാക്കുമെന്ന് പ്രഖ്യാപിക്കുന്നതും ശത്രുരാജ്യങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതും, ശത്രുരാജ്യങ്ങളിലെ ജനങ്ങളുടെമേൽ നിയന്ത്രണോപാധികൾ ഏർപ്പെടുത്തുന്നതുമാണ്. യുദ്ധപ്രഖ്യാപനംകൊണ്ട് നിലവിലുള്ള ഉടമ്പടികൾ ദുർബലപ്പെടുന്നു. 1856-ലെ പാരിസ് പ്രഖ്യാപനം തുടങ്ങി 1928-ലെ പാരിസ് ഉടമ്പടി വരെ പല നിയന്ത്രണങ്ങളും നിബന്ധനകളും യുദ്ധവും യുദ്ധപ്രഖ്യാപനവും ആക്രമണ മനോഭാവവും സംബന്ധിച്ചുണ്ടായിട്ടുണ്ട്. യുദ്ധകാലഘട്ടത്തിൽ നിഷ്പക്ഷരാജ്യങ്ങൾക്കും ചില അധികാരങ്ങളും പ്രത്യേക ചുമതലകളും സിദ്ധിക്കുന്നു. യുദ്ധത്തടവുകാരേയും അവരോടുള്ള പെരുമാറ്റത്തേയും സംബന്ധിച്ച് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

1949-ലെ ജനീവാ (Red Cross) കൺവെൻഷൻ ഈ സന്ദർഭത്തിൽ സ്മരണീയമാണ്. ന്യൂറംബർഗിലേയും ടോക്കിയോയിലേയും യുദ്ധക്കുറ്റവാളികളുടെ വിചാരണകൾ പല സിദ്ധാന്തങ്ങളും അന്താരാഷ്ട്രനിയമത്തിന് നല്കിയിട്ടുണ്ട്. അടുത്തകാലത്ത് ശാശ്വതപ്രതിഷ്ഠനേടിയ ഒന്നാണ് സാമ്പത്തികാടിസ്ഥാനത്തിലുള്ള മത്സരമാർഗങ്ങൾ. വാണിജ്യമാർഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുക, നിരോധനം ലംഘിക്കുന്ന കപ്പലുകളെ തടഞ്ഞുവയ്ക്കുക, വ്യാപാരച്ചരക്കുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുക തുടങ്ങിയവ ഇതിൽപെടുന്നു. നിഷ്പക്ഷരാജ്യങ്ങളുടേതായി തടഞ്ഞുവയ്ക്കുന്ന സാധനങ്ങൾ യുദ്ധത്തിനുശേഷം പ്രത്യേക കോടതികൾ മുഖേന വിചാരണ ചെയ്തു കണ്ടുകെട്ടുകയോ വിട്ടുകൊടുക്കുകയോ ചെയ്യുന്നു.

ആധുനിക കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ള പുരോഗതിക്കനുസൃതമായി അന്താരാഷ്ട്രനിയമവും വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്രസംഘടനകളുടേയും സ്ഥാപനങ്ങളുടേയും വർധനവിനനുസരണമായി അന്താരാഷ്ട്രതലത്തിൽ ഭരണാധികാരികളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധമായ ഭരണകാര്യനിയമവും വികാസം പ്രാപിക്കുവാനുള്ള സാധ്യതയുണ്ട്.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര നിയമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്താരാഷ്ട്ര_നിയമം&oldid=2280043" എന്ന താളിൽനിന്ന് ശേഖരിച്ചത്