ഇനെസ്സാ അർമാന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inessa Armand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇനെസ്സാ അർമാന്ദ്
ഇനെസ്സാ അർമാന്ദ്, 1916
ജനനം(1874-05-08)മേയ് 8, 1874
മരണം24 സെപ്റ്റംബർ 1920(1920-09-24) (പ്രായം 46)
മറ്റ് പേരുകൾഇനെസ്സാ ഫ്യോദോറോവ്ന അർമാന്ദ്
എലേന ബ്ലോനിന
പ്രസ്ഥാനംബോൾഷെവിക് പാർട്ടി

ഫ്രഞ്ച്-റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവും, ബോൾഷെവിക്ക് പാർട്ടി അംഗവുമായിരുന്നു ഇനെസ്സാ ഫ്യോദോറോവ്ന അർമാന്ദ് എന്ന ഇനെസ്സാ അർമാന്ദ്(ജനനം മേയ് 8, 1874 – മരണം സെപ്തംബർ 24, 1920).

ആദ്യകാലജീവിതം[തിരുത്തുക]

1874 മേയ് എട്ടാം തീയതി ഫ്രാൻസിലെ പാരീസിലാണ് ഇനെസ്സാ ജനിച്ചത്. തിയഡോർ ഹെർബെൻവില്ലെയും, നതാലീ വൈൽഡുമായിരുന്നു മാതാപിതാക്കൾ. കലാരംഗത്തു പ്രവർത്തിക്കുന്നവരായിരുന്നു ഈ ദമ്പതികൾ.[1] ഇനെസ്സയെക്കൂടാതെ രണ്ടു കുട്ടികൾ കൂടി ഈ ദമ്പതികൾക്കുണ്ടായിരുന്നു. ഇനെസ്സക്ക് അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. മോസ്കോയിൽ അമ്മായിയുടേയും, മുത്തശ്ശിയുടേയും കൂടെയാണ് പിന്നീട് ഇനെസ്സാ വളർന്നത്. ഇരുവരും അധ്യാപകരായിരുന്നു.[2]

ഇനെസ്സാ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ റഷ്യയിലെ സമ്പന്നനായ ഒരു ടെക്സറ്റൈയിൽ മുതലാളിയുടെ മകനെ വിവാഹം കഴിച്ചു. ഇവർക്ക് നാലു മക്കളുണ്ട്. കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി മോസ്കായിൽ ഇരുവരും ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. മറ്റുള്ളവരാൾ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ സഹായിക്കുന്നതിനായുള്ള ഒരു സംഘടനയിൽ ഇക്കാലത്ത് ഇനെസ്സ അംഗമായിരുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

റഷ്യയിൽ നിരോധിക്കപ്പെട്ട ഒരു സംഘടനയായിരുന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്ക് ലേബർ പാർട്ടി എന്ന സംഘടനയിൽ ഇനെസ്സ അംഗമായി ചേർന്നു. സംഘടനയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഇനെസ്സ അറസ്റ്റു ചെയ്യപ്പെടുകയും, ശിക്ഷയുടെ ഭാഗമായി വടക്കൻ റഷ്യയിലുള്ള ഒരു ഗ്രാമത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു.[3] 1908 ൽ ഇവിടെ നിന്നും രക്ഷപ്പെട്ട ഇനെസ്സ, റഷ്യ വിടുകയും പാരീസിലേക്കു കുടിയേറുകയും ചെയ്തു. അവിടെ വെച്ച് ഇനെസ്സ വ്ലാഡിമിർ ലെനിനേയും മറ്റു ബോൾഷെവിക് പാർട്ടി അംഗങ്ങളേയും പരിചയപ്പെട്ടു. പടിഞ്ഞാറൻ യൂറോപ്പിൽ പ്രവർത്തിച്ചിരുന്ന എല്ലാ ബോൾഷെവിക് ഗ്രൂപ്പുകളേയും ഒന്നിച്ചു ചേർത്തു പ്രവർത്തിക്കാൻ രൂപം കൊണ്ട സംഘടനയായ കമ്മറ്റി ഓഫ് ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറിയായി ഇനെസ്സ തിരഞ്ഞെടുക്കപ്പെട്ടു.[4]

1912 ൽ ഇനെസ്സ് തിരികെ റഷ്യയിലേക്കു മടങ്ങിയെത്തി. റഷ്യൻ അസ്സംബ്ലിയായ ഡ്യൂമയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബോൾഷെവിക്ക് പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനു നേതൃത്വം നൽകി. രണ്ടു മാസങ്ങൾക്കുശേഷം വീണ്ടും അറസ്റ്റിലായ ഇനെസ്സ പിന്നീട് ജയിൽമോചിതയാവുന്നത് മാർച്ച് 1913നാണ്. വീണ്ടും റഷ്യയിൽ നിന്നും പലായനം ചെയ്ത ഇനെസ്സ ലെനിൻ താമസിച്ചിരുന്ന ഗാലിഷ്യയിൽ അഭയം തേടി. വനിതകൾക്കു വേണ്ടിയുള്ള മാസികയായ റബോട്നിറ്റ്സയുടെ ചുമതലയേറ്റെടുത്തു.

1917 മാർച്ച് രണ്ടിന് നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിഞ്ഞതോടെ രൂപം കൊണ്ട താൽക്കാലിക സർക്കാരിന്റെ പ്രവർത്തനത്തിൽ ആകെ നിരാശരായതീർന്ന , നാടുകടത്തപ്പെട്ടിരുന്ന ബോൾഷെവിക്ക് അംഗങ്ങൾ റഷ്യയിലേക്കു തിരിച്ചുവരാനൊരുങ്ങി. രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങളുടെ സംഭാവനകൾ ആവശ്യമായ സമയമാണിതെന്ന് അവർ കരുതി. ലെനിനും ഇനെസ്സയും ഉൾപ്പെടെ 26 ബോൾഷെവിക് പാർട്ടി അംഗങ്ങൾ പ്രത്യേക ട്രെയിനിർൽ പെട്രോഗ്രാഡിലേക്കു മടങ്ങിയെത്തി.

ഒക്ടോബർ വിപ്ലവത്തിനുശേഷം, ഇനെസ്സ സോവിയറ്റ് കൗൺസിലിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു. കേന്ദ്രീയ ശക്തികളുമായി റഷ്യൻ സർക്കാർ ഒപ്പിട്ട സമാധാന ഉടമ്പടിയെ ഇനെസ്സ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, സോവിയറ്റ് ട്രേഡ് യൂണിയനിലും, സ്ത്രീകൾക്ക് അർഹതപ്പെട്ട സ്ഥാനങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച സംഘനടയായ സെനോത്ഡെലിന്റെ ഡയറക്ടറായി ഇനെസ്സ സ്ഥാനമേറ്റെടുത്തു. 1920 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന വനിതകളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തു.

മരണം[തിരുത്തുക]

1920 സെപ്തംബർ 24 ന് ഇനെസ്സ മരണമടഞ്ഞു. ഒക്ടോബർ വിപ്ലവത്തിലെ രക്തസാക്ഷികളെ അടക്കം ചെയ്ത ക്രെംലിൻ വാൾ നെക്രോപോളിസിലാണ് ഇനെസ്സയുടെ മൃതദേഹവും അടക്കം ചെയ്തിരിക്കുന്നത്.

അവലംബം[തിരുത്തുക]

  • ആർ.സി, എൽവു‍ഡ് (2002). ഇനെസ്സാ അർമാന്ദ്. കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്. ISBN 978-0521894210.
  1. ആർ.സി, എൽവു‍ഡ് (2002). ഇനെസ്സാ അർമാന്ദ്, റെവല്യൂഷണറി ആന്റ് ഫെമിനിസ്റ്റ്. കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്. p. 14. ISBN 978-0521894210.
  2. ഇനെസ്സാ അർമാന്ദ് - എൽവു‍ഡ് പുറം 15
  3. ഇനെസ്സാ അർമാന്ദ് - എൽവു‍ഡ്
  4. ബാർബറ ഇവാൻ ക്ലെമന്റ്സ് , ബോൾഷെവിക് വുമൺ, ന്യൂയോർക്ക് : കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്, 1997.
"https://ml.wikipedia.org/w/index.php?title=ഇനെസ്സാ_അർമാന്ദ്&oldid=2428489" എന്ന താളിൽനിന്ന് ശേഖരിച്ചത്