ഇന്ത്യൻ നാഷണൽ കൗൺസിൽ
1941 ഡിസംബറിൽ ബാങ്കോക്കിൽ വച്ച് തായ്‌ലന്റിൽ താമസിച്ചിരുന്ന ഇന്ത്യൻ ദേശീയവാദികൾ രൂപീകരിച്ച ഒരു സംഘടനയാണ് ഇന്ത്യൻ നാഷണൽ കൗൺസിൽ. [1] 1941 ഡിസംബർ 22-ന് തായ് - ഭാരത് കൾച്ചർ ലീഗ് എന്ന പ്രസ്ഥാനത്തിൽ നിന്നുമാണ് ഈ സംഘടന രൂപീകൃതമായത്. [2] ആദ്യ യോഗത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായി സ്വാമി സത്യാനന്ദ പുരിയും സ്ഥാപക സെക്രട്ടറിയായി ദേബ്നാഥ് ദാസും തിരഞ്ഞെടുക്കപ്പെട്ടു. [2][3] ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിനോടൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായുള്ള ജാപ്പനീസ് സഹകരണം ഉറപ്പാക്കുന്നതിനു വേണ്ടിയും ഇന്ത്യൻ നാഷണൽ കൗൺസിൽ പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. ഈ രണ്ട് സംഘടനകൾ കൂടാതെ മേജർ ഫ്യൂജിവാറ ഇവൈച്ചി നേതത്വം നൽകിക്കൊണ്ടിരുന്ന എഫ് കികാൻ എന്ന സേനയും ജാപ്പനീസ് പിന്തുണ ഉറപ്പാക്കുന്നതിനായി പ്രവർത്തിച്ചിരുന്നു. [3][4]
എന്നിരുന്നാലും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ദൃഡമായ ബന്ധം ഇന്ത്യൻ നാഷണൽ കൗൺസിൽ സ്ഥാപിച്ചിരുന്നു. ജാപ്പനീസ് സഹകരണത്തിനുവേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സഹായവും ഈ സമയങ്ങളിൽ ഇന്ത്യൻ നാഷണൽ കൗൺസിൽ തേടിയിട്ടുണ്ടായിരുന്നു. [5] എന്നാൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗുമായി ഇന്ത്യൻ നാഷണൽ കൗൺസിൽ പല അഭിപ്രായഭിന്നതകളും പ്രകടിപ്പിച്ചിരുന്നു. സ്വാമി സത്യാനന്ദ പുരി, കൊറിയയിലെയും ചൈനയിലെയും ടോക്കിയോയുടെ ആന്റി - ഇംപീരിയലിസ്റ്റ് നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ചോദ്യം ചെയ്തിരുന്നു. [6] 1942-ൽ ടോക്കിയോയിൽ വച്ച് നടന്ന ടോക്കിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി യാത്രചെയ്യവേ ഉണ്ടായ വിമാനാപകടത്തിൽ സ്വാമി സത്യാനന്ദ പുരിയും ഗ്യാനി പ്രീതം സിങ്ങും കൊല്ലപ്പെട്ടു. ഇതിനെത്തുടർന്ന് ടോക്കിയോ കോൺഫറൻസിൽ വച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ നേതൃത്വം, റാഷ് ബിഹാരി ബോസ് ഏറ്റെടുക്കുകയുണ്ടായി. ഇതിനുശേഷം നടന്ന ബാങ്കോക്ക് കോൺഫറൻസിലും ഇന്ത്യൻ നാഷണൽ കൗൺസിൽ തങ്ങളുടെ പ്രതിനിധി സംഘത്തെ അയച്ചിരുന്നു. [7]
കുറിപ്പുകൾ
[തിരുത്തുക]- ↑ Bhargava 1982, പുറം. 210
- ↑ 2.0 2.1 Corr 1975, പുറം. 105,106
- ↑ 3.0 3.1 Kratoska 2002, പുറം. 173
- ↑ Ghosh 1969, പുറം. 41,42
- ↑ Bose 1975, പുറം. 289
- ↑ Kratoska 2002, പുറം. 174
- ↑ Kratoska 2002, പുറം. 175,176
അവലംബം
[തിരുത്തുക]- Bhargava, M.L. (1982), Netaji Subhas Chandra Bose in South-East Asia and India's Liberation War.
- Bose, Sisir (1975), Netaji and India's Freedom: Proceedings of the International Netaji Seminar., Netaji Research Bureau.
- Corr, Gerald H (1975), The War of the Springing Tiger, Osprey, ISBN 0-85045-069-1.
- Ghosh, K.K. (1969), The Indian National Army: Second Front of the Indian Independence Movement., Meerut, Meenakshi Prakashan.
- Kratoska, Paul H (2002), Southeast Asian Minorities in the Wartime Japanese Empire., Routledge., ISBN 0-7007-1488-X.